Thursday 10 March 2016

ക്നായ് തൊമ്മന്‍ പട്ടയം ചരിത്രരേഖയോ അതോ വെറും സാങ്കല്‍പ്പിക രേഖ മാത്രമോ?

ക്നായ് തൊമ്മന്‍ പട്ടയം
ചരിത്രരേഖയോ അതോ വെറും സാങ്കല്‍പ്പിക രേഖ മാത്രമോ?
ആമുഖം






“ദൈവ” തുല്യമായ, ഒരു അതിപ്രാചീന കേരളചരിത്ര രേഖയാണ് സി.ഇ 345- ല്‍ നല്‍കപ്പെട്ടു എന്ന് കരുതപ്പെടുന്ന, “കേരള നസ്രാണികളുടെ മാഗ്നാകാര്‍ട്ടാ” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ക്നായിതോമ്മന്‍ ചെപ്പേട് (Thomas Cana Copper Plates ). പലരും അങ്ങനെ ഒരു രേഖ ഉണ്ടെന്നു പറയുന്നു. എന്നാല്‍, ചിലരാകട്ടെ അങ്ങനെ ഒരു രേഖ ഇല്ലേ ഇല്ല എന്ന് തറപ്പിച്ചുതന്നെ പറയുന്നു. പക്ഷെ ഈ വട്ടെഴുത്ത് ചെമ്പോലക്കരണം നേരില്‍ കണ്ടവരാരും ജീവിച്ചിരിക്കുന്നവരില്‍ ഇല്ല.
പ്രാചീനകേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന വട്ടെഴുത്തില്‍,ജൈനര്‍ പ്രചരിപ്പിച്ച നാനം മോനം ) സി.ഇ 345 കാലത്ത്, ചെമ്പോലയില്‍ വരയപ്പെട്ടത് എന്ന് കരുതപ്പെട്ടിരുന്ന ഈ രേഖയുടെ പോര്‍ച്ചുഗീസ് തര്‍ജമയുടെ ഇംഗ്ലീഷ് പരിഭാഷ, എന്ന പേരില്‍ അഞ്ചു രേഖകള്‍ നമുക്ക് ലഭ്യമാണ് ഫ്രാന്‍സിസ് റോസ്(Francis Roz) നല്‍കിയ രേഖ, മക്കന്സിയുടെ (G.T. Mecancy) “തിരുവിതാംകൂറിലെ ക്രിസ്തുമതം” എന്ന പുസ്തകത്തില്‍ വായിക്കാം .”കത്തോലിക്കാ എന്സൈക്ലോപീഡിയാ”യില്‍ ബിഷപ്പ് മെട്ലിക്കോ (Bishop Medlicot)യുടെ പരിഭാഷ കിട്ടും. ദു ക്കൂട്ടോ ( De Coutto) എന്ന പറങ്കി ചരിത്രകാരന്‍ നല്‍കുന്ന പരിഭാഷ കേരള സൊസ്സൈറ്റി പേപ്പര്‍ മൂന്നു-നാല് ഭാഗങ്ങളില്‍ നല്‍കിയിട്ടുണ്ട്.
ഫാം ഹാബിയുടെ ആയി മറ്റൊരു പരിഭാഷ ചാഴിക്കാടന്‍ “തെക്കുംഭാഗം സമുദായ ചരിത്ര”ത്തില്‍ നല്‍കുന്നു. മെക്കന്‍സിയുടെ പ്രബന്ധത്തിലെ ചേപ്പെടു പരിഭാഷ ഇംഗ്ലീഷില്‍ നിന്ന് ടി.കെ ജോസഫ് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് ചാഴിക്കാടന്‍ “തെക്കുംഭാഗം സമുദായചരിത്ര”ത്തില്‍ നല്കിയിട്ടുണ്ട്. വ്യത്യസ്ത ഇംഗ്ലീഷ്-മലയാള തര്‍ജ്ജമകളില്‍ എതാണ് ശരി, അല്ലെങ്കില്‍ ഏതെങ്കിലും ശരിയാണോ എന്ന് സ്ഥാപിക്കപ്പെടണമെങ്കില്‍ വട്ടെഴുത്തിലുള്ള യഥാര്‍ത്ഥ കരണവുമായി താരതമ്യം ചെയ്യണം എന്നാല്‍ വട്ടെഴുത്തിലുള്ള ഒറിജിനല്‍ രേഖ നാളിതുവരെ കേരള ചരിത്രകൃതികളില്‍ ഒന്നില്‍ പോലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ക്നായ്തൊമ്മന്‍ പട്ടയം യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നോ എന്ന് തീര്‍ച്ചപ്പെടുത്തുക സാദ്ധ്യമായിരുന്നില്ല (11).
1758-ല്‍ വാരാപ്പുഴയില്‍ എത്തിയ ആങ്ക്തില്‍ ഡ്യു പെറോ, ക്നായിതൊമ്മന്‍ ചെപ്പെടിന്‍റെ “സംസ്കൃത” പരിഭാഷ കണ്ടു എന്നും അത് അദ്ദേഹം ഫ്രഞ്ചിലേക്ക് മൊഴിമാറ്റം നടത്തി തന്‍റെ കൃതിയില്‍ പ്രസിദ്ധീകരിച്ചു എന്ന് ഇസഡ്.എം പാറെട്ട് തന്‍റെ “മലങ്കര നസ്രാണികള്‍” വാല്യം രണ്ടില്‍ എഴുതിയിട്ടുണ്ട് (3). ഒരു പക്ഷെ, സംസ്കൃതം എന്നതു വട്ടെഴുത്തിനെ തെറ്റിദ്ധരിച്ചതാവാം. 1771-ല്‍ പാരീസില്‍ പ്രസിദ്ധീകരിക്കപ്പെട്ട, സെന്റ്‌ അവസ്ഥ (Zend Avesta) എന്ന കൃതിയില്‍ (1), വട്ടെഴുത്തിലുള്ള മൂന്നു ചെമ്പോല ഭാഗങ്ങള്‍ ആങ്ക്തില്‍ ഡ്യു പെറോ നല്‍കിയിരുന്നതു പക്ഷെ അവ നമ്മുടെ ചരിത്രകാരന്മാരില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ പോയി. സി.ഇ 849 - ലെ തരിസാപ്പള്ളി ചേപ്പേടിലെ തമസ്കരിക്കപ്പെട്ട, ആയ് രാജവംശ ആനമുദ്രയുള്ള പതിനേഴ്‌ നാടന്‍ ധരിയാ വെള്ളാള സാക്ഷികളുടെ പട്ടിക (10,12) വീണ്ടെടുക്കാനുള്ള, വിജയകരമായ പരിശ്രമത്തിനിടയില്‍, ഏബ്രഹാം ഹയാസിന്ത് ആങ്ക്തില്‍ ഡ്യു പെറോ (1731-1805) തന്‍റെ സെന്റ്‌ അവസ്ഥ (1771, Paris ) എന്ന കൃതിയില്‍ വട്ടെഴുത്തിലുള്ള മൂന്നു ചെമ്പോല ഭാഗങ്ങളുടെ ചിത്രം നല്‍കിയത് ഈ പ്രബന്ധകാരന് ലഭിച്ചു. 9+10+9 എന്നിങ്ങനെ മൊത്തം 28 വരികള്‍ വരുന്ന ഈ വട്ടെഴുത്ത് രേഖ “ചേരമാന്‍ പെരുമാള്‍ചക്രവര്‍ത്തി ജൂതര്‍ക്ക് നല്‍കിയ അവകാശങ്ങള്‍” എന്ന തലക്കെട്ടില്‍ നല
ചരിത്രം
പുരാതന കേരളത്തില്‍ കുടിയേറിയ ജൂതക്രിസ്ത്യാനികള്‍ക്ക് ചേരമാന്‍ പെരുമാള്‍ ഇരവിചക്രവര്‍ത്തി മഹാദേവര്‍ പട്ടണത്തില്‍ വടക്കുഭാഗത്ത് 246 ആനക്കോല്‍ കരമൊഴിവായ ഭൂമിയും പഞ്ചനികുതികളില്‍ നിന്നുള്ള ഒഴിവും ചക്രവര്‍ത്തിയുടെ നാമമായ “കൊക്കുരങ്കന്‍ “എന്ന വിളിപ്പേരും “പെരുംചെട്ടി” എന്ന വ്യാപാരകുത്തകയും കൂടാതെ എഴുപത്തിരണ്ട് രാജകീയ പദവികളും ചെമ്പോലയില്‍ എഴുതി, സാമന്തരാജാക്കന്മാരെ സാക്ഷികളാക്കി നല്‍കി എന്നും ക്നായിതോമ്മന്‍ പണിതപള്ളിയെ “തോമ്മാപ്പള്ളി” എന്ന് വിളിച്ചിരുന്നുവെങ്കിലും വിശുദ്ധ മറിയത്തിന്‍റെ നാമത്തിലായിരുന്നു അത് സ്ഥാപിച്ചിരുന്നത് എന്നും പി.യു ലൂക്ക്, തന്‍റെ പുരാതനപാട്ടുകള്‍ (1910) എന്ന രചനയില്‍ രേഖപ്പെടുത്തിവച്ചു(9).
പോര്‍ട്ടുഗീസുകാര്‍ വന്ന കാലത്ത് (സി ഈ 1500) കേരള നസ്രാണികളുടെ കൈവശം ക്നായത്തൊമ്മന്‍ പട്ടയം ഉണ്ടായിരുന്നു. ഇരുവശത്തും എഴുത്തുള്ള രണ്ടോലകള്‍ ഒരുവളയത്താല്‍ ബന്ധിതം ആയിരുന്നു എന്ന് എം.ജി.എസ് എഴുതുന്നു (പെരുമാള്സ് ഓഫ് കേരള പുറം 302). ജേക്കബ് എന്ന അവരുടെ ബിഷപ്പ് അത് പോര്‍ട്ടുഗീസുകാര്‍ക്ക് പണയം വച്ചുവത്രേ. 1349 ല്‍ ബിഷപ്പ് കഥാവശേഷനായി .പോര്‍ട്ടുഗീസ്‌ കോട്ടയിലെ സൂക്ഷിപ്പുകാരന്‍ പെറോ ഡി സെക്വേറിയ (Pero de Sequeira) അത് പോര്‍ട്ടുഗീസ്‌ ഗവര്‍ണര്‍ മാര്‍ട്ടില്‍ അല്‍ഫോന്‍സോ ഡിസൂസായെ കാണിച്ചു. അദ്ദേഹം ഒരു യഹൂദനെ കൊണ്ട് ഫ്രഞ്ചിലേക്ക് തര്‍ജ്ജമ ചെയ്യിച്ചു .പ്രസ്തുത കരണത്തില്‍ കല്‍ദായ ,മലബാര്‍ അറബി വാക്കുകള്‍ ഉണ്ടായിരുന്നു എന്ന്‍ ആ യഹൂദന്‍ പറഞ്ഞുവത്രേ.ഫ്രഞ്ച് തര്‍ജ്ജമയുടെ ഒരു കോപ്പി ഫ്രാന്‍സിലെ രാജാവ് ആയിരുന്ന ഡോണ്‍ ജോവാ മൂന്നാമന് ഗവര്‍ണ്ണര്‍ അയച്ചു കൊടുത്തുവത്രെ. ഡക്കാഡസ്(Decada v11 Liv Cap 11)എന്ന തന്‍റെ കൃതിയില്‍ ദിയോഗോ ഡിക്കൂട്ടോ (Diogo de Couo,) അദ്ദേഹം ക്നായ്തോമ്മന്‍ പട്ടയം നേരില്‍ കണ്ടു എന്ന് രേഖപ്പെടുത്തി. എന്നാല്‍ കൊച്ചിക്കോട്ടയിലെ സൂക്ഷിപ്പുകാരന്‍റെ ശ്രദ്ധക്കുറവിനാല്‍ കേരള ന്സ്രാണികളുടെ മാഗ്നാകാര്‍ട്ടാ നഷ്ടപ്പെട്ട് പോയി(7).
മലയാള പരിഭാഷ
പ്രാചീന വട്ടെഴുത്തില്‍ ചെമ്പോലകളില്‍ എഴുതിയ ഈ രേഖ ആരോ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത് തൊടുപുഴ പശ്ചീക്കര തരകന്‍ തന്‍റെ കുടുംബവീട്ടില്‍ സൂക്ഷിച്ചിരുന്നത് പി.യൂ. ലൂക്ക് തന്‍റെ “പുരാതന പാട്ടി”ല്‍ നല്‍കിയിട്ടുണ്ട് (9) .
“വളരെ വളരെ ബ: രാജശ്രീ രാജന്‍ ആശ്ചര്യത്തോടുകൂടി രാജ്യപരിപാലനം ചെയ്യുന്ന രാജമഹാശ്രീ രാജന്‍ ഇരവി വര്‍മ്മ തിരുവടി പല നൂറായിരത്താണ്ട് രാജ്യപരിപാലനം ചെയ്തിരുന്ന നാള്‍, അതായത് 39 –മത് നേരും ന്യായവും കേട്ടിരുന്നരുളിയ നാള്‍, വളരെ വളരെ പ്രസാദത്തോടു കൂടി അരുളിച്ചെയ്ത പ്രകാരം ആകുന്നത്. പകല്‍ വിളക്കും പാവാടയും നടയും മുടിയും കുഴലും കൊടിയും പടിപ്പുരയും ആലും ആല്‍ത്തറയും മുടിക്കീഴാഭരണങ്ങളും ആനയും തണ്ടും കുതിരയും ഇടുപടിയും പഞ്ചവാദ്യങ്ങളും ഇതിനടുത്ത നായ്കപ്പരിഷയും 72 വീട്ടുകാരെയും രാജഭോഗങ്ങള്‍ മേടിക്കയും അരുത്. ഇവരുടെതായി കല്‍പ്പിച്ച ഏടും വച്ചിരുന്ന സ്ഥലവും കൊടുത്ത നിലക്കൂ ലിയും ഒഴിഞ്ഞു കൊടുത്തുള്ള കമ്പോളങ്ങളില്‍ ഇരിക്കുന്ന കുടികള്‍ രാജാവിന് രാജഭോഗങ്ങള്‍ കൊടുത്തുവരുംവണ്ണം ഇവര്‍ കൊടുക്കാത്ത പ്രകാരവും പെരുംപറയും അടിപ്പിച്ചു ചേപ്പേടും ചെയ്തു കൊടുത്തു, അവന്‍ മക്കള്‍ക്കും പെണ്മക്കളെ കെട്ടിയ മക്കള്‍ക്കും മരുമക്കള്‍ക്കും ഭൂമിയും ചന്ദ്രനും ഉള്ള നാള്‍ അനുഭവിച്ചു കൊള്ളത്തക്കവണ്ണം. ഇതിനു സാക്ഷി തൃപ്പാണി സ്വരൂപവും നെടുവിരപ്പില്‍ സ്വരൂപവും പാലക്കാട്ടില്‍ സ്വരൂപവും. പന്തലില്‍ ചെറിയ കണ്ടന്‍ കന്നപ്പന്‍ അറികെ കിഴുവായില്‍ കേളപ്പന്‍ കയ്യെഴുത്ത് .”
മറ്റൊരു ചെമ്പോലയുടെ പകര്‍പ്പും അതോടൊപ്പം കൊടുത്തിരുന്നു (9):
“മലങ്കര നസ്രാണിയുടെ സ്ഥാനമാനം കൊടുങ്ങല്ലൂര്‍ നകരം തോന്നിയ പരിശാവിത്. പട്ടണത്ത് നകരിയായിരുന്ന കാലത്ത് ദേശം പകുതി അടിയത്തിനു വരണമെന്ന് ക്നായിത്തൊമ്മനിന്ന നസ്രാണി ഉണര്‍ത്തിച്ചാറെ ചേരമാന്‍ കോയില്‍ പെരുമാള്‍ അരുളിച്ചെയ്ത പ്രകാരം ആനക്കോല്‍ 1320 കോല്‍ ഭൂമി സമചതുരത്തില്‍ അളന്നു കൊടുത്തത് കര്‍ക്കിടകമാസം 9- തീയതി ചൊവ്വാഴ്ചയും അഷ്ടമിയും രോഹിണിയും കൂടിയ നാള്‍ ഇരിങ്ങാലക്കുട വാദി മഠവും തിരുവഞ്ചിക്കുളം പെരുങ്കോവിലും കൊടുങ്ങല്ലൂര്‍ പള്ളിയും അന്ന് അസ്തമിച്ച നാള്‍ പകല്‍ വിളക്കും പാവാടയും മുടിയും വടിയും കുഴലും കൊടിയും കൊടുവിതാനവും വേരുകുപുലി കിണറ്റില്‍ പന്നിയും അമ്മൂലം മുംമൂല ചെല്ലി ചെംകൊമ്പും കൊടയും തഴയും വിരുതും വീര ചങ്ങല ആലവട്ടം വെഞ്ചാമരം ഇടംപിരി വലംപിരി ശംഖും പെരുമാളരെയും ഇതിനടുത്ത ചെറുകുടി വെള്ളാളരേയും പൂവും നീരും വീഴ്ത്തി കൊടുത്തിരിക്കുന്നു. ക്നായിത്തൊമ്മന്‍ എന്ന നസ്രാണിക്ക് ഇതിനു അറിവും സാക്ഷിയും ആദിത്യനും രാവുദിക്കുന്ന ചന്ദ്രനും അറികെ അന്നാളില്‍ വാഴും ഇളയ രാജാവും കരുപ്പെമാളര് കയ്യെഴുത്ത്. ഇത് കല്പ്പിച്ചതിനു മറുപകരാന്‍ ചോദ്യമുണ്ടെങ്കില്‍ കൊടുങ്ങല്ലൂര്‍ മുക്കാല്‍ വട്ടത്തിന്റെ വടക്കേനടയില്‍ കിടക്കുന്ന പ്രമാണിക്കരിങ്കല്ല് മറിച്ചു നോക്കിക്കൊള്ള്ക” (പി.യു ലൂക്ക്, പുരാതനപാട്ടുകള്‍, 1910 പേജ് 11-12).
അസ്സല്‍ ചെപ്പേടില്‍ നിന്ന് പതിനാറാം നൂറ്റാണ്ടില്‍ ഒരു യഹൂദന്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തത്തിന്‍റെ പോര്‍ട്ടുഗീസ്‌ പരിഭാഷയുടെ ,ഇംഗ്ലീഷ് വിവരത്തനത്തിന്‍റെ മലയാളം പറഞ്ഞു ടി.കെ ജോസഫും ഒരു മലയാള പരിഭാഷ നല്‍കുന്നുണ്ട് (ജോസ് എന്‍.കെ 5)
വെള്ളാള സാന്നിദ്ധ്യം
സി.ഇ 849 –ഇല്‍ അയ്യനടികള്‍ തരിസാപ്പള്ളി പട്ടയത്തിലൂടെ നെല്ലും തെങ്ങും കുരുമുളക് ,മഞ്ഞള്‍ തുടങ്ങിയ സുഗന്ധ ദ്രവ്യങ്ങളും കൃഷിചെയ്യാന്‍ പൂമിക്ക് കരാളരായ വെള്ളാളര്‍, പിന്നെ ഈഴവര്‍, ഈഴക്കയ്യര്‍ എന്നിവരെയും കെട്ടിടനിര്‍മ്മിതിയ്ക്ക് തച്ചര്‍, ഉപ്പു വിളയിക്കാന്‍ എരുവിയര്‍, അലക്ക് ജോലികള്‍ക്ക് വണ്ണാര്‍, (അല്ലെങ്കില്‍ തേങ്ങയും മറ്റും ആട്ടിയെടുക്കാന്‍ വാണിയര്‍ എന്നിവരെക്കൂടി നല്‍കുന്നതായി പരാമര്‍ശിച്ചിരിക്കുമ്പോള്‍, ഇവിടെ ക്നായ്തൊമ്മന്‍ പട്ടയത്തില്‍ കര്‍ഷകരായ വെള്ളാളര്‍ മാത്രമേ പരാമര്‍ശനവിധേയമാകുന്നുള്ളൂ എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു(9) .
ഇംഗ്ലീഷ് പരിഭാഷകള്‍
ക്നായിതൊമ്മന്‍ ചേപ്പേട്‌ കൊച്ചിക്കോട്ടയില്‍ സൂക്ഷിച്ചിരുന്ന കാലത്ത്, 1604 –ല്‍ ഈശോസഭക്കാരായ പോര്‍ട്ടുഗീസ്‌ മിഷനറിമാര്‍ അതിന്‍റെ കോപ്പി എഴുതിവച്ചത് ബ്രിട്ടീഷ് മ്യൂസിയത്തില്‍ ഉണ്ടെന്നും അതിന്‍റെ കോപ്പി തിരുവിതാംകൂര്‍ സ്റേറ്റ് മാന്വലില്‍ ഏഴാം അദ്ധ്യായം പുറം 139 –ലും മക്കന്‍സിയുടെ Christianity in Travancore എന്ന പുസ്തകത്തിലും ഉണ്ടെന്നും കാട്ടി ജോസഫ് ചാഴിക്കാടന്‍ ആ ഭാഗം തന്‍റെ “തെക്കുംഭാഗം സമുദായ ചരിത്രം” പുറം 152-153- ഭാഗത്ത്‌ നല്‍കുന്നു (2) .
During his reign, in the time of Mercury , on the seventh day of March, before the full moon ,the said King Cocurangan ,being in Carunalloor there landed Thomas Canan a chief man, who arrived in a ship wishing to see the furthest parts of the east. And someone seeing how he arrived told the King. The King himself came and saw for the chief man Thomas and he disembarked and came before the King who spoke graciously to him. To honour him he gave his own name Cocurangan Canan and he received this honour from the King and went to rest in his place. And the King gave him the city of Mgadeavar patina for ever. And the same King being in this great prosperity , went on day to hunt in the forest and the said King enclosed the whole forest .And he hastily called Thomas who came and stood before the King in a propitious hour. And the King consulted the astrologer. And afterwards the King spoke to Thomas that he should build a town in the forest. And he made reverence and answered the King” .I require the forest for myself ”.And the King granted it to him for ever. And forthwith another day he cleared the forest and he cast his eyes upon in the same year on the eleventh of April and in a propitious time and day gave it to Thomas for a heritage in the name of the King who laid the first stone for the church and for the house of Thomas Canan. And he built there a town for all and he entered the church and prayed there on the same day. After these things Thomas himself went to the feet of the King and offered his gifts and after this he asked the King to give the land to him and to his descendants and he measured out 264 elephant cubits and gave them to Thomas and his descendants and ever and jointly sixty two houses which immediately were erected and gardens with their circumferences and their paths and boundaries and inner yards. An dhe granted him seven kinds of musical instruments and all honours and the right of travelling in palanquin and that at wedding his women should whistle with the fingers in the mouth as do the women of Kings and conferred on his dignity and privileges of spreading carpets on the ground and to use sandals and erect a pavilion and to ride on elephants .And beRvsides this he granted five taxes to Thomas and his posterity and to his companions both men and women and for all his relations and to the followers of his faith for ever .The said King gave his name and these princes witness it
കാലം
ക്നായ്തൊമ്മന്‍ പട്ടയം സി.ഇ 345-ല്‍ എഴുതപ്പെട്ടു എന്നാണു പരക്കെ വിശ്വസിക്കപ്പെടുന്നത്.റവ.ദാനിയേല്‍(Rev.Daniel)ആഅഭിപ്രായകാരനാകുമ്പോള്‍ വിഷര്‍ (Visscher) സി.ഇ 745 എന്നെഴുതുന്നു. സി.ഇ 811- ലാണ് ക്നായ്തൊമ്മന്‍ മലബാറില്‍ വന്നെതെന്നു ഡ ക്കൂട്ടോ (Da Couto). സി.ഇ 866 ലെന്നു ഡി ബറോസ് (De Barros). എട്ടാം നൂറ്റാണ്ടില്‍ എന്ന് ഹോസ്ടന്‍ ( Housten).ഒന്‍പതാം നൂറ്റാണ്ടിലെന്നു എം.ജി.എസ് നാരായണന്‍ (7)
എം.ജി.എസ്സിന്റെ നിരീക്ഷണങ്ങള്‍
എം.ജി.എസ് നാരായണന്‍ തന്‍റെ കേരളത്തിലെ പെരുമാക്കള്‍ എന്ന ഗവേഷണഗ്രന്ഥത്തില്‍ (7) എഴുതുന്നു: “കൊക്കുരങ്കന്‍” എന്ന് പറഞ്ഞത് “കോ കോതൈ ഇരാമന്‍” എന്ന പെരുമാളെ കുറിച്ചാവണ൦.എങ്കില്‍ അത് സി.ഇ 800-840 കാലത്ത് ഭരിച്ചിരുന്ന രാമ രാജശേഖരന്‍ എന്ന പെരുമാളിന്‍റെ കാലത്താകണം നല്‍കപ്പെട്ടത്‌ . മാകൊതയര്‍ പട്ടണത്തെ ആവണം “മഹാദേവര്‍ പട്ടണം” എന്ന് പറഞ്ഞത്. മാകോത തലസ്ഥാനമാക്കി വാണിരുന്ന ചേര ഭരണാധികാരികളുടെ കാലത്താവണം അത് എഴുതപ്പെട്ടത് .
നിഗമനങ്ങള്‍
തരിസാപ്പള്ളി-വീരരാഘവ–ജൂതപട്ടയങ്ങളില്‍ വട്ടെഴുത്തിനു പുറമേ ഗ്രന്‍ഥാക്ഷരങ്ങളില്‍ എഴുതിയ ചില വാക്കുകളും പേരുകളും കാണാം. പക്ഷെ പെറോ തന്‍റെ അവസ്ഥയില്‍ നല്‍കുന്ന പട്ടയഭാഗത്തില്‍ വട്ടെഴുത്തല്ലാതെ ഗ്രന്‍ഥാക്ഷരം ഒന്ന് പോലുംഒറ്റ നോട്ടത്തില്‍ കാണപ്പെടുന്നില്ല . അതിനാല്‍ തരിസാപ്പള്ളി പട്ടയം എഴുതുന്നതിനു (സി.ഇ 849) മുമ്പെഴുതിയ കരണം ആണ് പെറോ നല്‍കുന്നതെന്ന് തീര്ച്ചയാക്കാം. ഓലകളിലെ വരികളുടെ എണ്ണം നോക്കിയാല്‍ തരിസാപ്പള്ളി-ജൂതപ്പട്ടയങ്ങളുടെ ഭാഗമല്ല സെന്റ്‌ അവസ്ഥ (Zend Avesta 1771,Paris ) യില്‍ കാണുന്നത്. വീരരാഘവപട്ടയത്തിലെ വരികളും 9+10+9 എന്ന കണക്കിലാണെങ്കിലും അവയില്‍ ഗ്രന്‍ഥാക്ഷര വാക്കുകള്‍ കാണപ്പെടുന്നു
(7 എം.ജി.എസ് നാരായണന്‍).അതിനാല്‍ പെറോ നല്‍കിയ കരണം തരിസാ-വീരരാഘവ-ജൂത പട്ടയഭാഗങ്ങളില്‍ പെടുന്നില്ല എന്ന് ആയിരുന്നു ഈ ലേഖകന്‍റെ ആദ്യനിഗമനം .അതിനാല്‍ ആ ഓലകള്‍ ക്നായ് തൊമ്മന്‍ പട്ടയം ആവണം എന്ന്‍ ആദ്യം കരുതി .പക്ഷെ പിന്നീടുള്ള വിശദപരിശോധനയില്‍ ആ ഓലകള്‍ ജൂതപ്പട്ടയതിന്‍റെ പകര്‍പ്പ് മാത്രമാണെന്ന് കണ്ടെത്തി .ചുരുക്കത്തില്‍ 1750 കാലഘട്ടത്തില്‍ പെറോ കേരളത്തില്‍ വരുന്ന കാലത്ത് ക്നായ്ത്തോമ്മന്‍ പട്ടയം എന്നൊരു രേഖ ഉണ്ടായിരുന്നില്ല .പെറോ തൊമ്മന്‍ പട്ടയം എന്ന് രേഖപ്പെടുത്തിയത് ജൂതശാസത്തെ ആയിരുന്നു .
എം ജി. എസ്സിന്‍റെ ഊഹം(7) ശരി എങ്കില്‍, ക്നായിതൊമ്മന്‍ ചേപ്പെടു എഴുതപ്പെട്ടത്, സി ഇ 800-840 കാലത്ത് ചേരമാന്‍ പെരുമാള്‍ ആയിരുന്ന രാമരാജശേഖരന്‍റെ മുപ്പത്തി ഒന്‍പതാം ഭരണ വര്‍ഷം, സി.ഇ 839 –ല്‍, ആയിരിക്കണം എന്ന് സ്ഥിരീകരിക്കാം. അക്കാലത്തെ കര്‍ഷക സമൂഹം വെള്ളാളര്‍ ആയിരുന്നു എന്നും തെളിയുന്നു. കര്‍ഷകരായ അവരെ ഒഴിവാക്കി വെളിയില്‍ നിന്ന് വന്ന വ്യാപാര സമൂഹത്തിനു കുറെ വെറും ഭൂമിമാത്രം കിട്ടിയിട്ട് കാര്യമില്ലായിരുന്നു എന്ന് വ്യക്തമാവുന്നു .
ഉപസംഹാരം
ഏബ്രഹാം ഹയാസിന്ത് ആങ്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് സഞ്ചാരി 1771-ല്‍ പാരീസില്‍ പ്രസിദ്ധീകരിച്ച സെന്റ്‌ അവസ്ഥ (Zend Avesta) എന്ന കൃതിയില്‍, വട്ടെഴുത്തിലുള്ള മൂന്നു ചെമ്പോല ഭാഗങ്ങള്‍ നല്‍കിയത് ക്നായി തൊമ്മന്‍ ചേപ്പേട് ആണോ എന്ന് പരിശോധിച്ചതില്‍ അല്ല എന്ന് കണ്ടെത്തി .ക്നായ്ത്തൊമ്മന്‍ പട്ടയം സി.ഇ 839 –ല്‍ രാമരാജശേഖരന്‍ എന്ന പെരുമാള്‍ നല്‍കിയതാകാണിട(7) എന്നും സ്ഥാപിക്കുന്നു. പക്ഷേ വട്ടെഴുത്തിലുള്ള ഈ രേഖ കേരള ചരിത്രങ്ങളില്‍ ഒന്നിലും നാളിതു വരെ പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല.അതിനാല്‍ അത് വെറും ഒരു സാങ്കല്‍പ്പിക രേഖ മാത്രമാണെന്ന് പറയേണ്ടി വരുന്നു . (11).
കൃതജ്ഞത
ഫ്രഞ്ച് ഭാഷയിലുള്ള ഓണ്‍ ലൈന്‍ സെന്റ്‌ അവസ്ഥയില്‍ നിന്ന്, വട്ടെഴുത്ത് രേഖകള്‍ ഡൌണ്‍ലോഡ്‌ ചെയ്തു തന്ന അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് കാഞ്ഞിരപ്പള്ളിയിലെ ശ്രീരാഗ് വി. പിള്ളയുടെ സേവനത്തിനു നന്ദി രേഖപ്പെടുത്തുന്നു. ഭരണങ്ങാനം ഇടമറ്റം ഓശാന മൌണ്ടിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ സ്റ്റഡീസ് സ്ഥാപകന്‍ ജോസഫ് പുലിക്കുന്നേല്‍, ആ സ്ഥാപനത്തിലെ ലൈബ്രേറിയന്മാര്‍ എന്നിവര്‍ക്ക് അവിടയുള്ള ഗ്രന്ഥശേഖരം പരിശോധിക്കാനും പകര്‍പ്പെടുക്കാനും അനുവദിച്ചു തന്നതിന് നന്ദി രേഖപ്പെടുത്തുന്നു.
റഫറന്‍സ്
1. ഏബ്രഹാം ഹയാസിന്ത് ആങ്ക്തില്‍ ഡ്യു പെറോ, സെന്റ്‌ അവസ്ഥ, പാരീസ്, 1771 പേജ് 175-178
2. ജോസഫ് ചാഴിക്കാടന്‍, തെക്കുംഭാഗ സമുദായ ചരിത്രം, കാത്തോലിക് മിഷ്യന്‍ പ്രസ്, കോട്ടയം. 1961 പേജ് 152-160
3. ഇസഡ് എം പാറെട്ട്, മലങ്കര നസ്രാണികള്‍, വാല്യം 2 മനോരമ പബ്ലീഷിംഗ് ഹൌസ്, കോട്ടയം. 1966 പേജ് 34-41
4. എം.ഓ ജോസഫ് നെടുംകുന്നം, കേരള ക്രിസ്ത്യാനികള്‍, ജ നതാ ബുക്സ്റാള്‍, കൊച്ചി. 1972 പേജ് 142-143
5. എന്‍.കെ ജോസ്, കേരള താമ്രശാസനങ്ങള്‍, ഹോബി പബ്ലീഷേര്‍സ്,വൈക്കം. 1974 പേജ് 37-64
6. പി.വി മാത്യു, കേരളത്തിലെ ക്രിസ്ത്യാനികള്‍, ജെന്നിവില്ല ബാനര്‍ജി റോഡ്‌, എറണാകുളം. 1988 പേജ്394-395
7. എം.ജി എസ് നാരായണന്‍, പെരുമാള്‍സ് ഓഫ് കേരള, 2nd Edn കോസ്മോ ബുക്സ്, തൃശ്ശൂര്‍. 2013 പേജ് 303-304
8. എം.ആര്‍ രാഘവ വാര്യര്‍ & കേശവന്‍ വെളുത്താട്ട്, തരിസാപ്പള്ളി പട്ടയം, എസ്.പി.സി.എസ്,കോട്ടയം. 2013
9. ടി ഓ ഏലിയാസ്, സിറിയന്‍ മാന്വല്‍, സമഗ്രകേരള ചരിത്രം എസ് .പി.സി.എസ്, കോട്ടയം. 2015 പേജ് 114-121
10. കാനം ശങ്കരപ്പിള്ള ഡോ.തരിസാപ്പള്ളി പട്ടയത്തിലെ ആന മുദ്രയുള്ള നാടന്‍ സാക്ഷിപ്പട്ടിക, 2015 നവംബര്‍ 27നു കോട്ടയം സി.എം.എസ് കോളജില്‍ നടത്തപ്പെട്ട മൂന്നാം അന്തര്‍ദേശീയ കേരള ഹിസ്റ്ററി കൊണ്ഫ്രന്സില്‍ അവതരിപ്പിച്ച പ്രബന്ധം
11. ബോബി തോമസ്‌, ക്രിസ്ത്യാനികള്‍, ഡി.സി ബുക്സ്, കോട്ടയം. 2016 , പേജ് 258-262 (മലയാള ക്രിസ്ത്യാനിയുടെ വിദേശപിതാമഹന്‍)
12. കാനം ശങ്കരപ്പിള്ള ഡോ, തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട സാക്ഷികള്‍, കിളിപ്പാട്ട് മാസിക, തിരുവനന്തപുരം, ജനുവരി ലക്കം പേജ് 11-12

1 comment: