Thursday 19 December 2019


കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി കോവിലും
കേരള ചരിത്രത്തിലെ ഒരജ്ഞാത ശാസനവും
ഡോ .കാനം ശങ്കരപ്പിള്ള (റിട്ട ഡപ്യൂട്ടി ഡയരക്ടര്‍
കേരള ആരോഗ്യസര്‍വ്വീസ്) ,പൊന്‍കുന്നം
Mob: 94470 35416   Email: drkanam@gmail.com  Blog: www.charithravayana.blogspot.in
സഹ്യാദ്രിസാനുക്കളിലെ ഇടുക്കി,പത്തനംതിട്ട ജില്ലകളും കോട്ടയം ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളും ഏറെ സാംസ്കാരികപ്പഴമയുള്ള പ്രദേശങ്ങള്‍ ആണെങ്കിലും ഈ പ്രദേശങ്ങളുടെ ചരിത്രം വളരെ കുറച്ചു ചരിത്രകാരന്മാര്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേരളവും ബുദ്ധമതവും കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്നിവ എഴുതിയ എസ്സ്.ശങ്കു അയ്യര്‍ (1963 എന്‍.ബി.എസ്സ്). ദ്രാവിഡ സംസ്കാരം സഹായാദ്രി സാനുക്കളില്‍ (1987.അഞ്ജലി പബ്ലിക്കെഷന്‍സ് പൊന്‍കുന്നം) എഴുതിയ വീ.ആര്‍.പരമേശ്വരന്‍ പിള്ള, ആനിക്കാട്,കാഞ്ഞിരപ്പള്ളി എന്നിവയുടെ ദേശചരിത്രം എഴുതിയ ആനിക്കാട് പി.കെ(സ്റ്റാലിന്‍) .ശങ്കരപ്പിള്ള എന്നിവരാണ് അവരില്‍ ചിലര്‍. മൂവരും അന്തരിച്ചു. അവരില്‍ എസ്സ്.ശങ്കുഅ യ്യര്‍ ആണ് പ്രാഥസ്മരണീയന്‍.
മാവേലിക്കര എന്ന സ്ഥലനാമം,കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനം എന്ന പ്രാചീന ശിലാരേഖ ,മാവേലി നാടുവാണീടും കാലം എന്ന നാടന്‍പാട്ട് എന്നിവയെ ആധാരമാക്കി കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും മാവേലി വാണാദിരായന്‍ (പിള്ളൈ കുലശെഖര വാണാദിരായന്‍) എന്ന പാണ്ഡ്യരാജാവിന്റെ (രാജാക്കളുടെ) ഭരണത്തിന്‍ കീഴിലായിരുന്നു എന്നും അക്കാലത്താണ്‍്‌ കള്ളപ്പറയും ചെറുനാഴിയും കള്ളത്തരങ്ങളും ഒന്നുമില്ലാതിരുന്ന. മാനുഷരെല്ലാരുമൊന്നു പോലെ ആമോദത്തോടെ വസിച്ചിരുന്ന കാലം ഉണ്ടായിരുന്നതെന്നും സ്ഥാപിച്ചത് എസ്സ്.ശങ്കുഅയ്യര്‍ ആയിരുന്നു. കേരളചരിത്രത്തിലെ ചില അജ്ഞാത ഭാഗങ്ങള്‍ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ അഞ്ചാം അദ്ധ്യായം കാഞ്ഞിരപ്പള്ളി ഭരിച്ചിരുന്ന  മാവേലിരാജാവിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ നല്‍കുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തലുകള്‍ കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന മധുര മീനാക്ഷി കോവിലിലെ വട്ടെഴുത്തില്‍ നിന്നായിരുന്നു



മാവേലി നാട് വാണീടുംകാലം
മാനുഷരെല്ലാമൊ ന്നു പോലെ
കള്ളവുമില്ല ചതിവുമില്ല
എള്ളോളമില്ല പൊളിവചനം
----------------------------------------

വെള്ളിക്കോലാദികള്‍ നാഴികളും
............................................................
കള്ളപ്പറയും ചെറുനാഴിയും
...........................................”

എന്ന പഴയ നാടന്‍ പാട്ടു കേള്‍ക്കാത്ത ,പാടാത്ത, മലയാളി ഉണ്ടാവില്ല..പതിമൂന്നാം നൂറ്റാണ്ടിനു ശേഷം കാഞ്ഞിരപ്പള്ളിക്കാരനായ ഒരു പച്ചമലയാള കര്ഷക കവി രചിച്ച ഈ നാടന്‍ പാട്ട് ഓണപ്പാട്ട് എന്ന് പലരും തെറ്റിദ്ധരിക്കുന്നു പക്ഷെ അതില്‍ ഒരിടത്തും ഓണം എന്നു പരാമര്ശിക്കപ്പെടുന്നില്ല എന്ന കാര്യം ആരും മനസ്സിലാക്കുന്നില്ല .
പുരാണ കഥകളിലെ കുടവയറന്‍, ഓലക്കുട ചൂടും, മഹാബലി ചക്രവര്ത്തിയുമായും ഈ നാടന്‍ പാട്ടിനു ബന്ധമില്ല എന്നതാണ് വാസ്തവം . പക്ഷെ അതറിയാവുന്നവര്‍ മലയാളി വിരളം
.

മാവേലി പാട്ടിലെ മാവേലി രാജാവിന്റെ നാമം നാം കാണുന്നത് മറ്റു രണ്ടിടങ്ങളില്‍ മാത്രമാണ് എ ന്നോര്‍ ക്കുക  . ഒന്ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കര എന്ന സ്ഥല നാമത്തില്‍ .രണ്ടാമത് കാഞ്ഞിരപ്പള്ളിയിലെ അതി പുരാതനമായ,തിഴ്നാട്ടില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലെയ്ക്ക് കുടിയേറിയ  വെള്ളാള പിള്ളമാരാല്‍  നിര്മ്മി തമായ, മധുരമീനാക്ഷി ക്ഷേത്രത്തിലെ മാവേലി ശാസനത്തിലും . ഈ മൂന്നു ഇടങ്ങളില്‍ ഒഴിച്ചു മറ്റൊരിടത്തും 186മാവേലി എന്ന പേര്‍ വരുന്നില്ല

Pandyan Kingdom
(London Luzac & Co 1929) എന്ന അതിപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തില്‍ പ്രൊഫസ്സര്‍
കെ.ഏ.നീലകണ്ട ശാസ്ത്രികള്‍ എഴുതിയത് നമുക്കൊന്ന് നോക്കാം
(പുറം 186-87)
പാണ്ഡ്യരാജാവായിരുന്ന മാരവര്മ്മന്‍  കുലശേഖരന്‍
(
ഏ.ഡി 1268),സമകാലീകന്‍ വീരപാണ്ട്യന്‍ (ഏ.ഡി 1253) എന്നിവരുടെ ശാസനങ്ങളില്‍ മാവേലി വാണാദിരായന്‍ എന്നൊരു രാജാവിനെ നമുക്ക് കാണാം .
ഈ രാജാക്കന്മാരെ പിള്ള”,”മക്കള്‍ എന്നൊക്കെ പരാമര്ശിച്ചിരുന്നതായി
ശാസ്ത്രികള്‍ എഴുതുന്നു .ജടാവര്മ്മന്‍ പാണ്ട്യന്‍ എന്ന ചക്രവര്ത്തിയുടെ ശാസനത്തില്‍ പിള്ളൈകുലശേഖര മാവേലിവാണാദിരായന്‍ എന്ന പേര് കാണാം .കേരളസിംഹ വളനാട് എന്നരാജ്യം ഭരിച്ചിരുന്ന ചിറ്റരചന്‍ ആയിരുന്നു ഈ മാവേലി “.തമിഴ് നാട്ടിലെ രാമനാഥപുരം
ജില്ലയുടെ ഭാഗമായിരുന്നു ഈ കേരളസിംഹവളനാട് എന്നും ശാസ്ത്രികള്‍ തുടര്ന്നെഴുതുന്നു . ഏ.ഡി ആദ്യ ശതകം മുതല്‍ പത്താം നൂറ്റാണ്ടു വരെ പാലാര്‍ നദീതീരത്തുള്ള വിസ്തൃതമായ രാജ്യം ഭരിച്ചിരുന്നവര്‍ ആയിരുന്നു മാവേലി രാജാക്കന്മാര്‍ .മധുരയും രാമനാഥപുരവും ഭരിച്ചിരുന്ന ഒരു മാവേലി രാജാവ് തന്റെ ഭരണം
കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് മാവേലിക്കര വരെ ഒരു കാലത്ത് വ്യാപിച്ചിരിക്കണം എന്ന് എസ്. ശങ്കു അയ്യര്‍ അദ്ദേഹത്തിന്റെ കേരള ചരിത്രത്തിലെ ചില അജ്ഞാതഭാഗങ്ങള്‍” (എന്‍.ബി.എസ് 1963 പേജ് 116 കാണുക ) എന്ന ചരിത്ര പുസ്തകത്തില്‍ എഴുതുന്നു .
ഒരു മാവേലി രാജാവ് മാവേലിക്കരയോ കാഞ്ഞിരപ്പള്ളിയോ തലസ്ഥാനമാക്കിയിരുന്നു എന്നും വരാം .വളനാടുഎന്ന് പറഞ്ഞാല്‍ ചെറു ചെറു നാടുകള്‍ ചേര്ന്നവ പ്രദേശം . അത്കേരളം വരെ വ്യാപിച്ചിരുന്നു എന്നതിന് തെളിവാണ് കേരളസിംഹവളനാട് എന്ന രാജ്യനാമം.
ഏ.ഡി 1100-1300
കാലഘട്ടത്തില്‍ ആയിരുന്നു മാവേലിക്കര വരെ വ്യാപിച്ചിരുന്ന പാണ്ടി നാട് നില നിന്നത് .
മാവേലി പാട്ടിലെ വാണീടും ,ഒന്ന് പോലെ ,ആര്ക്കും ,എള്ളോളം ,ചെറുനാഴി എന്നീ പ്രയോഗങ്ങള്‍ കൊല്ലം ആറാം നൂറ്റാണ്ടിനു മുമ്പുള്ള
സാഹിത്യത്തില്‍ കാണുന്നില്ല .ഈ പദങ്ങള്‍ ക്കാകട്ടെ ,പഴയകാല കോട്ടയം- (തെക്കും കൂര്‍  -കാഞ്ഞിരപ്പള്ളി)ചുവ ഉണ്ടെന്നും എസ്.ശങ്ക് അയ്യര്‍ (പുറം 122). മാവേലിയുടെ ഭരണകാലത്ത് കള്ളപ്പറയും ചെറുനാഴിയും ഇല്ലായിരുന്നു എന്നും തൂക്കം നോക്കാനുപയോഗിച്ചിരുന്ന വെള്ളിക്കോല്‍ കിറുകൃത്യമായിരുന്നു എന്നും എള്ള്”(എള്ളോള മില്ല
പൊളിവചനം എന്ന പ്രയോഗം ശ്രദ്ധിക്കുക )
കൃഷിക്കാരനായ, പുരാതന കാഞ്ഞിരപ്പള്ളിക്കാരന്‍, ശുദ്ധ പച്ചമലയാളം കവി എഴുതിയതാവണം മാവേലി പാട്ട് .അതിനു ഓണവും ആയി ബന്ധമില്ല .
പാണ്ട്യ രാജാക്കന്മാര്‍ ഒരു പ്രദേശം പിടിച്ചടക്കിയാല്‍ ആദ്യം ചെയ്യുന്നത് ആ പ്രദേശത്തെ അളവുകളും തൂക്കങ്ങളും കിറുകൃത്യമാക്കുക എന്നതായിരുന്നു . പരാന്തകപാണ്ട്യന്‍ തിരുവനന്തപുരത്തെ കാന്തളൂര്‍ ശാല പിടിച്ചടക്കിയപ്പോള്‍ ആദ്യം ചെയ്തത് തൂക്കവും അളവും പുതുക്കി അവയില്‍ പാണ്ഡ്യരുടെ മത്സ്യ മുദ്ര കുത്തി എന്നതായിരുന്നു എന്നത് കാണുക.

ചുരുക്കത്തില്‍ ഏ.ഡി 110-1300 കാലത്ത് വേണാട് , ഓടനാട് വെമ്പൊ ലിനാട് എന്നിവയ്ക്ക് പുറമേ, കാഞ്ഞിരപ്പള്ളിയും മാവേലിക്കരയും ഉള്‍ പ്പെട്ട ഒരു രാജ്യം കൂടി, നമ്മുടെ കേരളത്തില്‍ ഉണ്ടായിരുന്നു – “കേരള സിംഹവളനാടുഎന്ന മാവേലി നാട്”.മാവേലി പാട്ടിന്റെ നാട്.
ഈ രാജ്യം ഭരിച്ചിരുന്ന മാവേലിരാജാവിന്‍റെ  വട്ടെഴുത്ത് ശാസനം കാഞ്ഞിരപ്പള്ളിയിലെ മധുരമീനാക്ഷി ക്ഷേത്രത്തില്‍ ഇന്നും കാണപ്പെടുന്നു
സമര കോലാഹല മന്നന്‍ - യുദ്ധതന്ത്രജ്ഞനായ മാവേലി വാണാദിരായന്‍
മധുര തേനി കാഞ്ഞിരപ്പള്ളി വഴി ചങ്ങനാശ്ശേരി വഴി കൊല്ലത്തിനു കൊണ്ടുപോയി കൊണ്ടിരുന്ന  പൊതി മാടുകള്‍ ക്ക്  - ഭാരം വഹിച്ചു കൊണ്ടുപോകുന്ന മാടുകള്‍ ക്ക്  ഏര്പ്പെടുത്തിയ നികുതിയെ കുറിച്ചുള്ള ശാസനം ആണിത് 
ക്ഷേത്രത്തിനു മുമ്പിലൂടെ പോകുമ്പോള്‍ മധുരമീനാക്ഷിയ്ക്ക് നല്കേണ്ടുന്ന കരം എത്ര എന്ന് വ്യക്തമാക്കുന്ന ശിലാശാസനം,വട്ടെഴുത്ത് ശാസനം
(ഏ.ഡി 1100-1300).
ചമര കോലാഹല മന്നന്‍
മാവേലി വാണാദിരായന്‍
പകവതിക്ക് വിചം ഉരു ഒന്നുക്ക് 
--------------
തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വകുപ്പ് കൊല്ലവര്‍ഷം 1099 ല്‍  നമ്പര്‍ 45ആയി  ഈ ശാസനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നു 
Top of Form


Bottom of Form