Thursday 10 November 2016

കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .


കണ്ടവര്‍ ഉണ്ടായിരുന്നു; കേട്ടവരും .
================================
2016-
ഒക്ടോബര്‍ ലക്കം ഭാഷാപോഷിണിയില്‍ “ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രം “ എന്ന പേരില്‍ ഞാന്‍ എഴുതിയ കുറിപ്പിലെ പരാമര്‍ശങ്ങള്‍ “അടിമുടി അസത്യം” എന്ന് പ്രഖ്യാപിക്കുന്ന ജി.പ്രിയദര്‍ശന്‍റെ കത്ത് (നവംബര്‍ ലക്കം പുറം 91-92  )വായിച്ചു .അതിലെ പരിഹാസം നന്നായി ആസ്വദിച്ചു .
1912 –ല്‍ ചെമ്പഴന്തിയില്‍ വച്ച് പില്‍ക്കാലത്ത്, ഡോക്ടര്‍ ആയിത്തീര്‍ന്ന, കെ.ജി ഗോപാലപിള്ള, എഴുതി വായിച്ച ശ്രീനാരായണ ഗുരു ജീവചരിത്രം വായിച്ചതിനും അത് ആശാനെ എല്പ്പിച്ചതിനും തെളിവില്ല എന്ന് പ്രിയ ദര്‍ശന്‍ തറപ്പിച്ചു പറയുന്നു  .പ്രിയദര്‍ശന്‍ അവ കണ്ടിട്ടില്ല എന്നത് ശരി .ഞാനും കണ്ടിട്ടില്ല എന്നതും ശരി .പക്ഷെ അത് കണ്ടവര്‍  ഉണ്ടായിരുന്നു.കേട്ടവരും  .
എന്‍റെ കത്തിലെ വസ്തുതകള്‍ വെറും  “ചരിത്രഭാവന”യോ കെട്ടുകഥയോ  അല്ല , “കപോലകല്‍പ്പിതം”അല്ലേ; അല്ല.
എന്‍റെ പ്രിയ സുഹൃത്ത് ,അന്തരിച്ചു പോയ മലയന്‍കീഴ്‌ മഹേശ്വരന്‍ നായര്‍ (ആര്‍ക്കിയോളജി വകുപ്പ് മേധാവി ആയി റിട്ടയര്‍ ചെയ്ത ചരിത്രകാരന്‍ ), 1974- ല്‍ രചിച്ച “ശ്രീനാരായണഗുരുവിന്റെ ഗുരു”(വിദ്യാധിരാജ അക്കാഡമി ,തിരുവനന്തപുരം 1974 ) എന്ന ജീവചരിത്ര ഗ്രന്ഥത്തിലെ വിവരങ്ങള്‍ വച്ച് എഴുതിയ കുറിപ്പായിരുന്നു എന്റേത് . .മഹേശ്വരന്‍ നായര്‍ സ്വന്തം കയ്യൊപ്പ് ചാര്‍ത്തി,1974 –ല്‍  തന്നെ  സ്നേഹോപഹാരമായി  നല്‍കിയ കോപ്പി എന്‍റെ കൈവശം ഇപ്പോഴും ഉണ്ട് .

അതില്‍ 118-119 പുറങ്ങളിലെ വിവരണം കാണുക .”വിവേകോദയം ഒന്‍പതാം വാല്യം” എന്ന് മാത്രമാണ് പുസ്തകത്തില്‍ .ആണ്ടു-മാസം- തീയതി- പേജ് എന്നിവ അച്ചടിയില്‍ വിട്ടുപോയതാവാം എനിക്കറിയില്ല വിവേകോദയത്തില്‍  വന്ന വാര്‍ത്ത മഹേശ്വരന്‍ നായര്‍ ഉദ്ധരിക്കണമെങ്കില്‍, അദ്ദേഹം അത് വായിച്ചിരിക്കണം .ചിലരെങ്കിലും കേട്ടിരിക്കണം .വ്യാജ വാര്‍ത്ത അദ്ദേഹം സൃഷ്ടിച്ചതാവാന്‍ വഴിയില്ല. റിപ്പോര്‍ട്ടില്‍ “അതില്‍ മാ.രാ.രാ ഉള്ളൂര്‍ ഗോപാലപിള്ള അവര്‍കള്‍ “ എന്നാണു വായിച്ച വ്യക്തിയെ റിപ്പോര്‍ട്ടര്‍ വിശേഷിപ്പിച്ചത് .അതെന്‍റെ വിശേഷണം അല്ല .. 
.
ചെമ്പഴന്തിക്കാരന്‍” എന്ന് ഗോപാലപിള്ളയെ ഞാന്‍ വിശേഷിപ്പിക്കാന്‍ കാരണം, നാണുവിനെ എഴുത്തിനിരുത്തിയ,ചെമ്പഴന്തി ദേശത്തിന്‍റെ ആധിപത്യം ഉണ്ടായിരുന്ന, പിള്ളമാരില്‍ ഒരാളുടെ മകന്‍ ആയിരുന്നു പ്രസ്തുത ഗോപാല പിള്ള എന്നതിനാല്‍ ആണ് .റിപ്പോര്‍ട്ടര്‍ “ഉള്ളൂര്‍” എന്നെഴുതാന്‍
കാരണം ഒരു പക്ഷെ ഗോപാലപിള്ളയുടെ ഭാര്യയുടെ ഉള്ളൂരിലുള്ള വീട്ടില്‍ ആയിരിക്കാം അക്കാലത്ത് അദ്ദേഹം താമസ്സിച്ചിരുന്നത് എന്നതിനാല്‍ ആവാം
(
കൃത്യമായി അറിയില്ല .ഊഹം മാത്രം) .
അതിന്‍റെ പേരില്‍ (ഉള്ളൂര്‍ -ചെമ്പഴഞ്ഞി വ്യത്യാസം)ശ്രീ പ്രിയദര്‍ശന്‍ പരിഹാസം ചൊരിയേണ്ട കാര്യം ഇല്ല .ഞാന്‍ അതില്‍ നിരപരാധി
പരിഹാസം ഞാന്‍ അര്‍ഹിക്കുന്നില്ല ..
1908 ലെ –അയ്യാക്കുട്ടിജഡ്ജിയുടെ  പ്രസംഗം വെറും “വായ്മൊഴി” .വരമൊഴി ആയിരുന്നില്ല .അത്  ആധികാരികമായിരുന്നോ   അല്ലയോ എന്നാര്‍ക്കു കഴിയും വിധികല്പ്പിക്കാന്‍  .പ്രിയദര്‍ശനൊഴികെ ? 1912-ല്‍   ചെമ്പഴന്തി ഗോപാല പിള്ള നടത്തിയത് വായ്മൊഴിയല്ല.എഴുതി വായിക്കല്‍ .”വരമൊഴി” .അത് കുമാരനാശാന്‍ നശിപ്പിച്ചിട്ടീല്ല സൂക്ഷിച്ചു വച്ചിരുന്നു എങ്കില്‍ ആധി കാരികം ആണെന്ന് കാണാന്‍ കഴിഞ്ഞേനെ .കാരണം നാണുവും ഗോപാലനും അയല്‍വാസികള്‍ ആയിരുന്നു,ഒരുപക്ഷെ കളിക്കൂട്ടുകാര്‍ ആയിരുന്നിരിക്കാം  എന്നത് തന്നെ.
ഏതായാലും ശ്രീ പ്രിയദര്‍ശന്‍റെ  കൈവശമുള്ള വിവേകോദയം ഒന്‍പതാം വാല്യം ആദ്യവസാനം പേജുകള്‍ മുഴുവന്‍ ഇരുവശവും ഒന്ന് കൂടി തെരയുക ,ബുദ്ധിമുട്ടായിരിക്കും എങ്കിലും അത് ചെയ്യണം .പേജുകള്‍ ഒന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എങ്കില്‍ വാര്‍ത്ത അതില്‍ കാണും എന്ന് എന്‍റെ “മനസ്സാക്ഷി” (അതാണല്ലോ ഇക്കാലത്ത് എല്ലാം ) പറയുന്നു

ഡോക്ടര്‍ കാനം ശങ്കര പ്പിള്ള ,പൊന്‍കുന്നം
മൊബ-9447035416 ഈ-മെയില്‍-drkanam@gmail.com







No comments:

Post a Comment