Tuesday 7 June 2016

ശൂദ്ര-നായര്‍ രാജാവും ഹിരണ്യഗര്‍ഭവും

വായനക്കാര്‍ എഴുതുന്നു
ശൂദ്ര-നായര്‍ രാജാവും ഹിരണ്യഗര്‍ഭവും
ഹിരണ്യഗര്‍ഭവും തീന്മേശയിലെ പശുവും എന്ന ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ് 2016  ജൂണ്‍ 12-18  പേജ് 60-75) എഴുതിയ അരുണ്‍ അശോകന്‍ നല്‍കുന്ന വിവരണപ്രകാരം സ്വര്‍ണ്ണപ്പശുവിന്‍റെ  വായിലൂടെ ശൂദ്രയുവ രാജാവ് പ്രവേശിച്ചു അതിന്‍റെ  മലദ്വാരത്തിലൂടെ വെളിയില്‍ വന്നാല്‍ മാത്രമേ ക്ഷത്രിയന്‍ ആയിരുന്നുള്ളു.പക്ഷെ, പി ഭാസ്കരനുണ്ണി നല്‍കുന്ന വിവരം (പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം, കേരളസാഹിത്യ അക്കാദമി 1988 പുറം 604& 609) പ്രകാരം താമരയുടെ ആകൃതിയില്‍ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള സ്വര്‍ണ്ണം പൂശിയ പാത്രത്തിലെ പഞ്ചഗവ്യത്തില്‍ അഞ്ചു തവണ മുങ്ങിപ്പൊങ്ങി “പൊന്നുതമ്പുരാന്‍” ആയി മാറിയ ശേഷം ആയിരുന്നു മാര്‍ത്താണ്ടവര്‍മ്മ മുതല്‍ ചിത്തിര തിരുനാള്‍ വരെ കിരീടം തലയില്‍ വച്ചിരുന്നത്.1870 ല്‍ അതിനു ചെലവായത് 1,40,000 ക മാത്രവും (പുറം 609). അരുണ്‍ അശോകന്‍ എഴുതുമ്പോലെ, യുവരാജാവിന് കടന്നുപോകാന്‍ തക്ക വ്യാസം ഉള്ള വായും മലദ്വാരവും ഉള്ള സ്വര്‍ണ്ണപ്പശുവിനെ നിര്‍മ്മിച്ചിരുന്നില്ല എന്ന് വ്യക്തം
.തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ശൂദ്രര്‍/നായര്‍ ആയിരുന്നു എന്നുള്ള ഉദ്ധരണികളും (ഇബ്രാഹിം കുഞ്ഞ്‌,സാമുവല്‍ മേറ്റീര്‍ ,വിന്‍സെന്‍ സോമറിയ) ശരിയല്ല.വേണാട്ടു രാജാക്കന്മാരുടെ പിന്‍ഗാമികള്‍ ആയിരുന്നു തിരുവിതാംകൂര്‍ രാജാക്കന്മാര്‍ .അവര്‍ “ആയ്”(പശു) വംശക്കാര്‍ ആയിരുന്ന വൈശ്യര്‍ (വെള്ളാളര്‍) ആയിരുന്നു .വെള്ളാളര്‍ മൂന്നിനം  വൈശ്യര്‍. ഭൂവൈശ്യര്‍(മുതലിയാര്‍,പിള്ളമാര്‍), ധനവൈശ്യര്‍ (ചെട്ടികള്‍), ഗോവൈശ്യര്‍ അഥവാ ഇടയര്‍ .ഇടയന്‍ /യാദവന്‍ ആയിരുന്ന .ആയ് വേല്‍ (വെള്ളാളന്‍) സ്ഥാപിച്ച രാജ്യം ആയിരുന്നു വേള്‍നാട് .എന്ന വേണാട് .വേണാട് തമ്പുരാട്ടിമാരെ “പിള്ളയാര്‍” എന്ന് വിളിച്ചിരുന്നു എന്ന് ഇളംകുളം കുഞ്ഞന്‍പിള്ള കേരളഭാഷ യുടെ വികാസപരിണാമങ്ങളില്‍ എഴുതിയത് കാണുക.
ആയ്കള്‍ ഇടയര്‍ ആയിരുന്നു . ആയ്  രാജാക്കളെ സംഘ സാഹിത്യത്തില്‍ “ആയ് വേളുകള്‍” എന്നാണു വിളിക്കുന്നത് (ഡോ ആര്‍ ഗോപിനാഥന്‍ കേരളത്തനിമ കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് ജനുവരി 2013   പുറം 332) .വേളീറുകള്‍ സമ്പത്തിലും സ്ഥാനംകൊണ്ടും ഉയര്‍ച്ച പ്രാപിച്ച വെള്ളാളര്‍ ആയിരുന്നു.വേളീര്‍ വിഭാഗത്തില്‍ നിന്നാണ് ക്രമേണ ഭരണ വര്‍ഗ്ഗം രൂപപ്പെട്ടത് (പുറം 432). ഇടയന്‍റെ കോല്‍ പിന്നീട് രാജാവിന്‍റെ ചെങ്കോല്‍ ആയി മാറി.ആയ് രാജാക്കന്മാരും വേണാട് ഭരണ കര്‍ത്താക്കളും ശ്രീപത്മനാഭനെ “യാദവേന്ദ്രകുലദൈവം” എന്ന് വിളിച്ചിരുന്നു (പുറം 333) ആയ്കള്‍ യാദവര്‍ എന്ന് ഇളംകുളം കുഞ്ഞന്‍ പിള്ളയും എഴുതിയിട്ടുണ്ട് .
അതിനാല്‍ തിരുവിതാം കൂര്‍ രാജവംശം ശൂദ്രരോ നായരോ ആയിരുന്നില്ല
പക്ഷെ ക്ഷത്രിയര്‍ ആകാന്‍ വൈശ്യരും ഹിരണ്യഗര്‍ഭത്തില് കടക്കണം എന്ന് ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ വാശി പിടിച്ചു .ഹിരണ്യഗര്‍ഭ ചടങ്ങ് കഴിഞ്ഞു സ്വര്‍ണ്ണപ്പശുവുമായി പോയ തമ്പ്രാക്കളോടു ജീവനില്ലാത്ത,ചത്ത  പശുവിനു പറയന്‍ ആയ തനിക്കാണവകാശം എന്ന് പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാര്‍ പറയുമ്പോള്‍, സ്വര്‍ണ്ണപ്പശുവിനു തമ്പ്രാക്കള്‍ ജീവന്‍ നല്‍കി എന്നൊരു ഐതീഹ്യം ഉണ്ട് കെട്ടുകഥ ആവാം ..
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം

mob: 9447035416 Email:drkanam@gmail.com Blog: www.charithravayana.blogspot.in

1 comment:

  1. ഹിരണ്യം എന്നത് ആനയല്ലേ?
    ഒരാനയുടെ മുൻകാലിലിനടയിലൂടെ നടന്ന് പിൻകാലിനപ്പുറത്തേക്ക് പോകുന്ന ചടങ്ങെന്നാണ് ഉദയ വർമ്മൻ കോലത്തിരി ചരിത്രത്തിലൂടെ മനസ്സിലാവുന്നത്

    ReplyDelete