Friday 5 January 2018

തപസി ഓമലും ആമചാടി കണ്ണന്‍ തേ വനും

തപസി ഓമലും
ആമചാടി കണ്ണന്‍ തേ വനും
--------------------------------------------
കേരളത്തിലെ അധ്വാനിക്കുന്ന ജനസമൂഹങ്ങളില്‍ പ്രധാനികളായ പുലയ സമുദായത്തില്‍ പെട്ടവരുടെ ആധികാരികമായ ചരിത്രം എഴുതിയവര്‍ വിരളം .കുന്നുകുഴി മണി എഴുതിയ പുലയര്‍ നൂറ്റാണ്ടുകളിലൂടെ ,കരിവേലി ബാബുകുട്ടന്‍ എഴുതിയ പുലയര്‍ ചരിത്രവും വര്‍ത്തമാനവും ,പി,കെ കുട്ടപ്പന്‍ എഴുതിയ ദ്രമിളം എന്നിവര്‍ കഴിഞ്ഞാല്‍ പിന്നെ കഴിഞ്ഞവര്‍ഷം ഒര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ പുലയര്‍ ഒരു ചരിത്ര പഠനം (ബുദ്ധ ബുക്സ് അങ്കമാലി )എന്നിവ മാത്രമാണ് നമുക്ക് ലഭ്യമായ പുലയ ചരിത്ര ഗ്രന്ഥങ്ങള്‍ .ഇവയില്‍ ഏറ്റവും സമഗ്രമായ പഠനം ലഭ്യമായിരിക്കുന്നത് ശ്രീ കൃഷ്ണന്‍ കുട്ടിയുടെ ഗ്രന്ഥത്തില്‍ നിന്നാണ് പുലയ സമുദായത്തില്‍ ജനിച്ച അറിയ പ്പെടാത്തവരും അറിയപ്പെടുന്നവൃമായ നാല്‍പ്പതില്‍ പ്പരം വ്യക്തികളുടെ വിശദമായ വിവരങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഓര്‍ ണ കൃഷ്ണന്‍ കുട്ടി നല്‍കുന്നു .അവരില്‍ അറിയപ്പെടാതെ പോയ രണ്ടു പ്രമുഖര്‍ ആണ് തപസി ഓമലും ആമചാടി കണ്ണനും
പത്തനം തിട്ട കുറിയന്നൂരിലെ കരിവെള്ളി എന്ന കുടുംബത്തിലെ അടിയാളര്‍ ആയി 1820 ല്‍ കുട്ടനാട്ടില്‍ നിന്നും അടിമകളായി വിലയ്ക്ക് വാങ്ങിയ പുലയ കുടുംബത്തില്‍ ആയിരുന്നു ഓമല്‍ ജനിച്ചത് .തികച്ചും ഈശ്വരഭക്തനായി ചെറുപ്പം മുതല്‍ ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം കാട്ടിയ വ്യക്തിയായിരുന്നു ആ യുവാവ് .യഥാകാലം വിവാഹം കഴിച്ചു .പിതാവും ആയി .അയിത്തം കൊടി കുത്തിവാനണിരുന്ന അക്കാലത്ത് പുലയര്‍ക്കു ആറന്മുള ഭഗവാനെ ഉത്സവകാലത്ത് ദര്‍ശിക്കണമെങ്കില്‍ ആറ്റിനക്കരെ പരപ്പുഴ മണല്‍ പുറത്ത് നില്‍ക്കണം ,അവിടെ ഒരു പരമ്പ് വിരിച്ചിരിക്കും .അതില്‍ കാണിക്ക ഇടാന്‍ മാത്രമേ പുലയര്‍ക്കു അനുമതി ഉണ്ടായിരുന്നുള്ളൂ .കാണിക്ക ഇട്ടു കണ്ണടച്ചു പ്രാര്‍ഥിച്ചു നിന്നിരുന്ന ഓമല്‍ ദേഹത്ത് എന്തോ വീണപ്പോള്‍ കണ്ണ് തുറന്നു നോക്കി .കാണിക്ക എടുക്കാന്‍ വന്നവര്‍ എറിഞ്ഞ ചാണകം ആയിരുന്നു വീണത് .ആ സംഭവം ഓമലെ ഉറക്കെ ചിന്തിപ്പിച്ചു .തന്‍റെ മകന് ഈ അവസ്ഥ ഉണ്ടാകരുത് .അതിനു ഒരു മാര്‍ഗ്ഗം കണ്ടെത്തണം .
തുടര്‍ന്നു അടുത്തുണ്ടായിരുന്ന മയിലാടും പാറയില്‍ ഓമല്‍ എത്തി .കുറെ ദിവസം അവിടെ ധ്യാന നിരതന്‍ ആയി കഴിഞ്ഞു കൂടി .പാറയുടെ നാല് ദിക്കിലും ഘോരമായ വനം ആയിരുന്നു .കിഴക്ക് കാട്ടാനകള്‍ വിഹരിച്ചിരുന്ന കൊമ്പന്‍ കുഴി .വടക്ക് പുലികള്‍ നിറഞ്ഞ പുലിപ്പാറ (ഇന്നത് രാഷ്ട്രീയ പാരിട്ടികള്‍ രഹസ്യ യോഗം ചേരുന്ന “ചരല്‍കുന്ന്‍ “).തെക്ക് കടുവകള്‍ നിറഞ്ഞ പൊന്മല .വടക്കാകട്ടെ മയിലുകള്‍ നിറഞ്ഞ മയില്‍ക്കുഴി .ഈ നാല് കുഴികളുടെ ഇടയില്‍ ഉയരത്തില്‍ സ്ഥിതി ചെയ്തിരുന്ന മയിലുകള്‍ ആനന്ദ നൃത്തം നടത്തിയിരുന്ന മയിലാടും പാറയിലെ ചെറിയ കാടുകള്‍ വെട്ടി മാറ്റി ഓമല്‍ അവിടെ ഒരു ചെറിയ പുല്‍ക്കൂട്‌ കെട്ടി .അതിനകത്ത് ധ്യാനവും ആരാധനയുമായി അദ്ദേഹം തപസ് തുടങ്ങി .വെള്ളവും ആറ്റിലെ തുളസി ഇലയും മാത്രം ഭക്ഷണം ആയി കുറെ ദിവസം കഴിഞ്ഞു .ഒരു ദിവസം ഉറക്കത്തില്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ ഒരു സന്യാസി എത്തി .നിങ്ങള്‍ ഇവിടെ ഒരു പ്രതിഷ്ട നടത്തണം .അതിനുള്ള കല്ല്‌ ആറ്റില്‍ മുങ്ങിയാല്‍ കിട്ടും എന്നും ഉപദേശിച്ചു ..പരമ ശിവന്‍ സന്യാസി രൂപത്തില്‍ വന്നു എന്ന് ഓമല്‍ കരുതി അടുത്ത തന്നെ കുടുന്ത മൂഴിയ്ക്കടുത്ത് ആറ്റില്‍ മുങ്ങി ആകൃതി ഒത്ത ഒരു കല്ല്‌ അദ്ദേഹം സമ്പാദിച്ചു .അത് പ്രാര്‍ത്ഥന യോട് കൂടി മയിലാടും പാറയില്‍ ഉറപ്പിച്ചു ദിവസവും പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി .വിവരം അറിഞ്ഞു മറ്റു ചില പുലയരും അവിടെ എത്തി .താമസിയാതെ വിവരം ആറന്മുളയിലും എത്തി ക്ഷേത്ര അധികാരികളില്‍ ചിലര്‍ ഓമലെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു .അപ്പോള്‍ ഞാന്‍ എന്‍റെ ശിവനെ ആണ് പ്രതിഷ്ടിച്ചത് എന്നായിരുന്നു മറുപടി .അതിനു നിനക്കെന്തു യോഗ്യത എന്ന് ചോദിച്ചപ്പോള്‍ തപസ് അതാണ്‌ യോഗ്യത എന്ന് സവിനയം അവരെ അറിയിച്ചു .
തുടര്‍ന്നു പുലയ സമുദായത്തില്‍ പെട്ട ചിലര്‍ അവിടെ പോകാന്‍ തുടങ്ങി .ഓമല്‍ തപസി ഓമല്‍ എന്നറിയപ്പെട്ടു .ഈ സംഭവം നടക്കുന്നത് ശ്രീനാരായണ ഗുരു അരുവിക്കരയില്‍ ഈഴവ ശിവനെ പ്രതി ഷ്ടിക്കുന്നതിനു 18 കൊല്ലം മുമ്പ് 1870 –ല്‍‍ ആണ് അക്കാലത്ത് ദീപിക ,മനോരമ തുടങ്ങിയ പത്രങ്ങള്‍ ജന്മം കൊണ്ടിരുന്നില്ല.അതിനാല്‍ കുരിയന്നൂരിനു വെളിയില്‍ ഉള്ളവര്‍ ഇതറിയാന്‍ നിരവധി വര്‍ഷങ്ങള്‍ എടുത്തു ഓമല്‍ വളര്‍ത്തി എടുത്ത ക്ഷേത്രം ഏറ്റെ ടുക്കാന്‍ ആദ്യകാലത്ത് ബന്ധുക്കളോ പുലയ സമുദായമോ മുന്നോട്ടു വന്നില്ല .ആശ്രമത്തിന്റെ കൈവശം ഉണ്ടായിരുന്ന നിരവധി ഏക്കര്‍ വരുന്ന ഭൂമി അങ്ങനെ നഷ്ടമായി എന്നല്‍ ഇപ്പോഴും ഒരേക്കര്‍ ഭൂമി ക്ഷേത്രത്തിനു സ്വന്തം ആയുണ്ട് .പുല്ലുമേഞ്ഞ ക്ഷേത്രം ഇന്ന് ആധുനിക രീതിയില്‍ നിര്‍മ്മിക്കപ്പെട്ടു സ്ഥിരം പൂജാരി ആയി .പുലയര്‍ മാത്രമല്ല എല്ലാ സമുദായത്തില്‍ പെട്ടവരും ഇന്ന് മയിലാടും പാറ മഹാദേവ ക്ഷേത്രത്തില്‍ ആരാധനയ്ക്ക് എത്തുന്നു ക്ഷേത്ര ചുറ്റുമതിലിനു വെളിയില്‍ തപസി ഓമലിന്റെ സമാധി സ്ഥലവും സംരക്ഷിക്കപ്പെട്ടിരിക്കുന്നു ഒരു രൂപയും വെറ്റിലയും ആണ് ഇവിടെ കാണിക്ക
മയിലാടും പാറയിലെ ക്ഷേത്ര സ്ഥാപനത്തിന് ശേഷം ഓമല്‍ റാന്നി വലിയ കുളത്തിന് സമീപം എഴുപതു ഏക്കര്‍ സ്ഥലം കൈവശമാക്കി അവിടെ ഒരു ക്ഷേത്രം സ്ഥാപിച്ചു .ഇപ്പോള്‍ അത് എസ് എന്‍ ഡി പി വക ആയി മാറി
1815 ലാണ് ഓമല്‍ ജനിച്ചത് ശിവലിംഗ പ്രതിഷ്ഠ 1870-ല്‍ പുലയര്‍ കൂട്ടത്തോടെ മതം മാറി മാര്‍ഗ്ഗം കൂടി ക്രിസ്ത്യാനികള്‍ ആകുന്ന വേളയില്‍ ആയിരുന്നു ശിവ പ്രതിഷ്ഠ .മതം മാറ്റം ഒരു പരിധി വരെ തടയാന്‍ തപസി ഓമലിന്റെ പുലയ ശിവ പ്രതിഷ്ടയ്ക്ക് കഴിഞ്ഞു .
2016 സെപ്തംബര്‍ 26 –ലക്കം മാതൃഭൂമി ആ ഴ്ച പ്പതിപ്പില്‍ ഇന്ദു മേനോന്‍ എഴുതിയ “പുലയടി” എന്ന കഥയില്‍(അത് പുസ്തം ആയി എന്ന് തോന്നുന്നു ) ഈ സംഭവം പരാമര്‍ശ വിധേയമാകുന്നു .മറ്റു എഴുത്തുകാരോ രാഷ്ട്രീയ നേതാക്കളോ മാധ്യമ പ്രവര്‍ത്തകരോ ഇക്കാര്യം എഴുതിയതായി കാണുന്നില്ല
കൂടുതല്‍ വിവരം അറിയാന്‍ ഓര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ പുലയരുടെ ചരിത്രം (ബുദ്ധ ബുക്സ് അങ്കമാലി വില രൂപാ 300/- )വായിക്കുക
കൃഷ്ണന്‍ കുട്ടിയുടെ വിലാസം
ചുണ്ടതടം പെര്‍മ്പാവൂര്‍ മൊബൈല്‍
9745073793/8281456773
Email:amalkrishankutty@gmail.com
ആമചാടി കണ്ണന്‍ തേവന്‍
(തുടരും )

No comments:

Post a Comment