Wednesday 18 September 2019

തൈക്കാട്ട് അയ്യാഗുരു തികച്ചും വ്യത്യസ്ഥന്‍



തൈക്കാട്ട് അയ്യാഗുരു തികച്ചും വ്യത്യസ്ഥന്‍
പച്ചക്കുതിര 2019 സെപ്തംബര്‍ ലക്കത്തില്‍ നവോത്ഥാനം എന്ന തലക്കെട്ടിനടിയില്‍ ശ്രീ പനമ്പള്ളി അരവിന്ദാക്ഷ മേനോന്‍  എഴുതിയ യുക്തിവാദികളുടെ കേരളസഞ്ചാരം എന്ന ലേഖനം വായിച്ചു .
.കേരളത്തില്‍  നവോത്ഥാനം കൊണ്ടുവന്ന  മഹാന്മാര്‍ എല്ലാം തന്നെ ഹിന്ദുമതത്തില്‍ ജനിച്ചവര്‍ ആണ് എന്നൊരു തെറ്റായ ധാരണ ആ ലേഖനം വായനക്കാരില്‍ ഉണര്‍ത്തും. തിരുവിതാം കൂറിലെ നസ്രാണികള്‍ക്ക് .മലയാളത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ മാര്‍ത്തോമ്മ എന്ന ആദ്യ വേര്‍പാട് സഭ സ്ഥാപിച്ച  പാലാകുന്നേല്‍ ഏബ്രഹാം മല്പ്പാന്‍, .ആദ്യ തദ്ദേശീയ നസ്രാണി സന്യാസി സഭയും (ക.നി.മൂ.സാ) അച്ചടിയും പത്രവും സംസ്കൃത സ്കൂളും പള്ളിയോടൊപ്പം പള്ളിക്കൂടവും പിരിവിനു കെട്ടുതെങ്ങും പിടിയരിയും മറ്റും നടപ്പിലാക്കുകയും ചെയ്ത ചാവറ അച്ഛന്‍ എന്നീ രണ്ടു പാതിരികളെയും സ്വദേശാഭിമാനി പത്രം ഉടമ വക്കം മൌലവി എന്ന മുസ്ലിമിനെയും വരെ  ശ്രീ മേനോന്‍ തമസ്കരിച്ചു കളഞ്ഞിരിക്കുന്നു .
വൈകുണ്ട സ്വാമികള്‍ മുതല്‍ പൊയ്കയില്‍ അപ്പച്ചന്‍ വരെ ഉള്ള (ഹിന്ദു) നവോത്ഥാന നായകര്‍, എല്ലാവരും ,”സ്വന്തം സമുദായത്തിലെ” യുക്തി ഹീനങ്ങള്‍ ആയ ആചാരങ്ങളേയും അനീതികളെയും അസമത്വങ്ങളെയും ഇല്ലാതാക്കുകയും മറ്റു സമുദായങ്ങളുടെ കടന്നു കയറ്റങ്ങളെ പ്രതിരോധിക്കയും ചെയ്തു എന്ന മേനോന്‍റെ പ്രസ്താവന (പുറം 47). തികച്ചും  വിചിത്രം ആയിരിക്കുന്നു.
അയ്യാ വൈകുണ്ടന്‍ ,ചട്ടമ്പിസ്വാമികള്‍ ,ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ഉള്‍പ്പടെ അന്‍പതില്‍ പരം മഹത്തുക്കള്‍ ശിഷ്യര്‍ ആയുണ്ടായിരുന്ന ശിവരാജ യോഗി   തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) എന്ന മഹാഗുരു ഏതു സമുദായത്തില്‍ ജനിച്ചു എന്ന് അക്കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് മാത്രമല്ല, ഇന്നത്തെ പൊതുസമൂഹത്തിനും അറിയില്ല .അയ്യാവു ഗുരു സമാധി ആയപ്പോള്‍, അത് റിപ്പോര്‍ട്ട് ചെയ്ത മലയാള മനോരമ ദിനപ്പത്രം, അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി .മനോരമ മില്യനിയം പതിപ്പില്‍ തല മുതിര്‍ന്ന കേരള ചരിത്ര പണ്ഡിതന്‍, സാക്ഷാല്‍ എം. ജി.എസ് നാരായണനും, അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി .തെറ്റ് ചൂണ്ടിക്കാട്ടിയപ്പോള്‍, അയ്യാഗുരു ബ്രാഹ്മണന്‍ ആയിരുന്നില്ല എന്ന്‍ എഴുതിയ എം ജി എസ് എന്നാല്‍ അയ്യാഗുരു ഏതു സമുദായത്തില്‍ ജനിച്ചു എന്ന് വെളിപ്പെടുത്താതെ തടി തപ്പി എന്നത് രസാവഹം  .ഉള്ളൂര്‍ മഹാകവി തന്‍റെ  സാഹിത്യ ചരിത്രത്തില്‍ ആ മഹാനെ “ആദി ദ്രാവിഡന്‍” ആയി വിശേഷിപ്പിച്ചു  .അയ്യങ്കാളിയുടെ ജീവചരിത്രം എഴുതിയ ടി എച്ച് പി ചെന്താരശ്ശേരി,കുന്നുകുഴി മണി എന്നിവര്‍ അദ്ദേഹത്തെ തമിഴ് പറയന്‍, പാണ്ടിപ്പറയന്‍  എന്നൊക്കെ  വിശേഷിപ്പിച്ചു .അന്തരിച്ച ഏ..എന്‍ വാസു ഗണകന്‍ (ബുധനൂര്‍ ) ആകട്ടെ, അദ്ദേഹത്തെ ഗണകന്‍ (കണിയാന്‍) ആക്കി അവതരിപ്പിച്ചു .(ഗോചരന്‍റെ  ശൈവ പൈതൃകം ). തെക്കുംകൂര്‍ മോഹന്‍ ആകട്ടെ, അദ്ദേഹത്തെ മണ്ണാന്‍ ആയും അവതരിപ്പിച്ചു (വിദ്യാധിരാജന്‍ എന്ന വെളിച്ചപ്പാട് ,അമ്മ ബുക്സ് കൊല്ലം)
)
ഇനി ചോദിക്കട്ടെ . ശിവരാജ യോഗി ഏതു സമുദായത്തിലെ യുക്തി ഹീനങ്ങള്‍ ആയ ആചാരങ്ങളെ അല്ലെങ്കില്‍ അനീതികളെ ആണ് ഇല്ലാതാക്കാന്‍ ശ്രമിച്ചത്? . ചെറുപ്പത്തില്‍ തന്നെ സച്ചിദാനന്ദന്‍ ,ചട്ടി പരദേശി എന്നീ ഗുരുക്കളുടെ കൂടെ ലോകം ചുറ്റിയ സുബ്ബയ്യന്‍ (അയ്യാ ഗുരുവിന്‍റെ യഥാര്‍ത്ഥ നാമം) ഇംഗീഷ്,  നരഭോജി ഭാഷ എന്നിവ ഉള്‍പ്പടെ പല ഭാഷകള്‍ പഠിച്ചു .ഇംഗ്ലണ്ടിലെ ബെമി൦ഗാം  നഗരിയിലെ “ലൂണാര്‍ സോസ്സൈറ്റി” മാതൃകയില്‍ അയ്യാ ഗുരു, മനോന്മണീയം സുന്ദരന്‍ പിള്ളയുടെ സഹായത്തോടെ അനന്തപുരിയില്‍ രണ്ടു വിദ്വല്‍ സഭകള്‍ സ്ഥാപിച്ചു.തിരു മധുര പേട്ടയിലെ ജ്ഞാനപ്രജാഗരം (1876),ചെന്തിട്ടയിലെ ശൈവ പ്രകാശസഭ (1885).എന്നിങ്ങനെ ജാതിമത സമുദായരഹിത കൂട്ടായ്മകള്‍ . ഏതു മതത്തില്‍ പെട്ടവര്‍ക്കും ഏതു സമുദായത്തില്‍ പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സമ്പന്നര്‍ക്കും ദരിദ്രര്‍ക്കും പങ്കെടുക്കാവുന്ന ചര്‍ച്ചാ വേദികള്‍ .കേരള നവോത്ഥാന നായകരുടെ പിള്ള തൊട്ടിലുകള്‍ അയ്യാഗുരു സ്ഥാപിച്ച ഈ കൂട്ടായ്മകള്‍ ആയിരുന്നു .
പത്തൊന്‍പതാം നൂറ്റാണ്ടില്‍ അനന്തപുരിയില്‍ യോഗവിദ്യ പ്രചരിപ്പിച്ചത് ഈ മലബാര്‍ കാരന്‍ ശിവരാജ യോഗി ആയിരുന്നു അക്കാലത്തെ തിരുവിതാംകൂര്‍ നരേന്ദ്ര മോഡി .തിരുമൂലരുടെ “തിരുമന്ത്രം” ബൈബിള്‍ ആക്കിയവര്‍ ആണ് ശിവരാജ യോഗികള്‍  .മഗ്രിഗര്‍ എന്ന മലബാറിലെ തുക്കിടി സായിപ്പിന്‍റെ തമിഴ് ഗുരു ആയിരുന്നു അയ്യാഗുരു .അദ്ദേഹം കേരള നവോത്ഥാന നായകരുടെ ഊര്‍ജ്ജ ശ്രോതസ് അഥവാ പവര്‍ ഹൌസ് ആയി മാറിയത് തൈക്കാട്ട് രസിഡന്സി സൂപ്രണ്ട് ആയതു മുതല്‍  അദ്ദേഹത്തില്‍ നിന്ന് യോഗപരിശീലനം നേടി ജന്മസിദ്ധകഴിവുകള്‍ വികസിപ്പിച്ചു ലോകപ്രശസ്തര്‍ ആയവര്‍ നിരവധി .സ്വാതിതിരുനാള്‍ ,രാജാരവിവര്‍മ്മ ,കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ ,ഏ,ആര്‍ .രാജരാജവര്‍മ്മ,.മനോന്മണീയം സുന്ദരന്‍ പിള്ള ,ജയ് ഹിന്ദ് ചെമ്പകരാമന്‍പിള്ള ,ഡോ പല്‍പ്പു,ശ്രീനാരായണ ഗുരു ,ചട്ടമ്പിസ്വാമികള്‍ ,അയ്യങ്കാളി തുടങ്ങിയവര്‍  
ഭാരതത്തില്‍ ആദ്യമായി സവര്‍ണ്ണ -അവര്‍ണ്ണ പന്തി ഭോജനം നടപ്പിലാക്കി (1873-1909 ), ഗാന്ധിജിയ്ക്ക് മുമ്പേ, അയിത്തോച്ചാടനം സമാരംഭിച്ച  കേരള നവോത്ഥാനനായകന്‍ ആണദ്ദേഹം  .അദ്ദേഹം ഏതു സമുദായത്തില്‍ ജനിച്ചു എന്നറിയാവുന്നവര്‍ ഇന്നും വിരളം .
ജനിച്ച സമുദായത്തിനു മാത്രമായി അദ്ദേഹം ഒന്നും ചെയ്തില്ല. തൈപ്പൂയ സദ്യകളില്‍ സവര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജനങ്ങളില്‍ അയ്യങ്കാളിയെ ഒപ്പം ഇരുത്തിയതിനാല്‍, അനന്തപുരിയിലെ യാഥാസ്ഥിതികര്‍ അയ്യാഗുരുവിനെ “പാണ്ടി പ്പറയന്‍” എന്ന് വിളിച്ചു .(പില്‍ക്കാലത്ത് 1919 ലെ അവര്‍ണ്ണ –അവര്‍ണ്ണ (ഈഴവ –പുലയ/ചെറുമ ) മിശ്രഭോജനത്തെ തുടര്‍ന്നു സഹോദരന്‍ അയ്യപ്പന് “പുലയന്‍ അയ്യപ്പന്‍” എന്ന പേര്‍ കിട്ടിയതും ഇവിടെ സ്മരിക്കാം ).ശിഷ്യര്‍ ആ വിവരം അറിയിച്ചപ്പോള്‍, അയ്യാ ഗുരുവിന്‍റെ പ്രതികരണം ആയിരുന്നു “ഇന്ത ഉലകത്തിലെ ഒരു ജാതി ,ഒരു മതം ഒരു കടവുള്‍” എന്നത്  .ശിഷ്യര്‍ക്ക് മുദ്രാവാക്യം ആയി പ്രചരിപ്പിക്കാന്‍  പാകത്തില്‍ നല്‍കിയ വാക്യം ആയിരുന്നില്ല അത് .എന്നാല്‍ സമാധിയ്ക്ക് ശേഷം 1914 ല്‍ ശിഷ്യന്‍ ശ്രീനാരായണ ഗുരു ആ വചനം മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തി ജാതിനിര്‍ണയം എന്ന പദ്യം രചിച്ചു .ശിഷ്യര്‍ ആകട്ടെ അത് പ്രയോഗത്തില്‍ വരുത്തി കാണിയ്ക്കാതെ വെറും മുദ്രാവാക്യമാക്കി പ്രചരിപ്പിച്ചു പോരുന്നു
ഇനി അയ്യാഗുരുവിന്‍റെ  സമുദായം ഏതെന്നു അറിയണമെന്ന് താല്‍പ്പര്യം ഉള്ളവര്‍ ഉണ്ടെങ്കില്‍ തിരുവനതപുരം തൈക്കാട്ട് ശാന്തികവാടം എന്ന ചുടല പറമ്പ് ഒരു തവണ സന്ദര്‍ശിക്കുക .അവിടെ ചില സമുദാ യങ്ങള്‍ക്ക് 1880 മുതല്‍ തനതു ചുടലപറമ്പുകള്‍  ഉണ്ട് .ശ്രീമൂലം തിരുനാളിന് മുന്‍പില്‍ കൊട്ടരവളപ്പിലെ  സമാധി വേണ്ടെന്നു പറഞ്ഞ, സമാധി ശ്മശാനത്തില്‍ എന്ന് പ്രഖ്യാപിച്ച, അയ്യാ ഗുരുവിന്‍റെ സമാധി മണ്ഡപം ഏതു സമുദായത്തിന്‍റെ ചുടലയുടെ ഭാഗം എന്ന് സ്വയം കണ്ടെത്തുക .ആ സമുദായത്തിന് മാത്രമായി അയ്യാ ഗുരു ഒന്നും ഒരിക്കലും ചെയ്തിട്ടില്ല .ആ സമുദായത്തില്‍ പെട്ടവര്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രവും പ്രസിദ്ധീകരിച്ചിട്ടില്ല .അടുത്ത കാലത്ത് (2019 സെപ്തംബര്‍ 7 & 8 ) ആ മഹാഗുരുവിനെ കുറിച്ച് ദൂരദര്‍ശനില്‍ ഡോക്കുമെന്ററി പ്രദര്‍ശിപ്പിച്ചത് പോലും ഹിന്ദു മതത്തിനു വെളിയില്‍ ഉള്ള ഒരു സംവിധായകന്‍ ആയിരുന്നു എന്നതും കാണുക
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
mob:94470 35416 Email:drkanam@gmail.com


No comments:

Post a Comment