ചെമ്മനം ചാക്കോ സാറിനൊരു തുറന്ന ചോദ്യാവലി
കഴിഞ്ഞ വര്‍ഷം കോട്ടയത്ത് വച്ച് നടന്ന സി.എം.എസ്
കോളേജ്
ദ്വിശതാബ്ദി ആഘോഷ ഭാഗമായി നടത്തപ്പെട്ട മൂന്നാമത്
അന്തര്‍ദ്ദേശീയ
ചരിത്ര കോണ്ഫ്രന്സില്‍ തരിസാപ്പള്ളി ശാസനത്തെ
കുറിച്ച് ഒരു പ്രബന്ധം അവതരിപ്പിക്കുന്നതിന് വേണ്ടി ചില വിവരങ്ങള്‍ ശേഖരിക്കാന്‍, ചെമ്മനം ചാക്കോ
സാറിനൊരു ചോദ്യാവലി, മറുപടി വാങ്ങാനായി തയാറാക്കിയിരുന്നു .
തരിസാപ്പള്ളി ശാസനത്തെ കുറിച്ച് ആദ്യം വായിച്ചത്
സ്കൂളില്‍ പഠിക്കുന്ന കാലത്ത്(1959) ഇളംകുളം കുഞ്ഞന്‍പിള്ള സാറിന്‍റെ” ചില കേരള
ചരിത്ര പ്രശ്നങ്ങള്‍”, ഭാഗം രണ്ടില്‍ നിന്നായിരുന്നു . ഓര്‍മ്മ പുതുക്കാന്‍
അതൊന്നുകൂടി വായിച്ചു .സാറിന്‍റെ പുസ്തകത്തിന്റെ കോപ്പി സഹൃത്ത് ചിറക്കടവ് തെക്കേത്ത്
കവല ചെറ്റയില്‍ വിജയന്‍ (ഇപ്പോള്‍ താമസം തൃപ്പൂണിത്തുറയില്‍ ) വശം ഭദ്രമായി
ഉണ്ടായിരുന്നു .വീണ്ടും വായിച്ചപ്പോള്‍ കുഞ്ഞന്‍ പിള്ള സാറിനു ശാസനം മലയാളത്തില്‍
പരിഭാഷ ചെയ്തു നല്‍കിയത് അക്കാലത്ത് എം.ഏ വിദ്ധ്യാര്‍ത്തി ആയിരുന്ന ചെമ്മനം സി.ജെ
ചാക്കോ ആണ് എന്നെഴുതിയത് കണ്ടു .
ചില സംശയങ്ങള്‍ തീര്‍ക്കാന്‍ ചാക്കോ സാറിനു കഴിയും
എന്ന് കരുതി ,ചോദ്യാവലി തയാറാക്കി. പോസ്റ്റ് വഴി അയയ്ക്കും മുമ്പ് അന്ന്
നവതിയിലെത്തിയ സാറിനെ വിളിച്ചു വിവരം പറഞ്ഞു “.ഇപ്പോള്‍ അതൊന്നും ഓര്‍മ്മയില്‍
ഇല്ല. അതുവീണ്ടും വായിക്കാന്‍ ഈ വയ്സ്കാലത്ത് താല്‍പ്പര്യം ഇല്ല .ഇനി അധികം നാള്‍
കാണില്ല .അതിനിടയില്‍ ഞാന്‍ പണ്ടെഴുതിയ ഹാസ്യ കവിതകള്‍ ഗദ്യ രൂപത്തില്‍ ആക്കി
പ്രസിദ്ധീകരിക്കണം .അതിനാല്‍ ചോദ്യാവളിയാക്കരുത് .ഞാന്‍ പൊട്ടിച്ചു വായിക്കില്ല “
.
അതിനാല്‍ ഞാന്‍ അതയച്ചു കൊടുത്തില്ല
സാറിന്‍റെ ഹാസ്യ കവിതയില്‍ ഗദ്യരൂപത്തില്‍, ഞാനും
എഴുതാറുള്ള കിളിപ്പാട്ടില്‍ (തിരുവനന്തപുരം) തുടരന്‍ ആയി വന്നുകൊണ്ടിരിക്കുന്നു
കഴിഞ്ഞ ദിവസം ആ ചോദ്യാവലി വീണ്ടും കാണാനിടയായി .മറുപടി
പറയാന്‍ കഴിയുന്നവര്‍ കണ്ടേക്കാം എന്നതിനാല്‍ ആ
പഴയ ചെമ്മനം ചോദ്യാവലി പ്രസിദ്ധീകരിക്കുന്നു .
1.ചെമ്പോലകളില്‍ പേജു നമ്പര്‍ അക്കത്തിലോ
അക്ഷരത്തിലോ ഇടുന്ന രീതി ചിലശാസ്നങ്ങളില്‍ കാണാം (തിരുവല്ലാ ശാസനം ഉദാഹരണം ).എന്താണ്
തരിസാപ്പള്ളി ശാസനത്തില്‍ അത്/അവ കാണാത്തത് ?
2.ഇപ്പോള്‍ ലഭ്യമായ ഓലകള്‍ ശരിക്കുള്ള ശാസനമാണോ അതോ
പകര്‍പ്പാണോ ?
3.തരിസാപ്പള്ളി പട്ടയത്തിലെ അഞ്ചാം ഓല (അവസാന ഓല )
യുടെ വീതി 8.15 cms യും നീളം 22.35cms
യും
ആണെന്ന് കാണുന്നു .എഴുതുന്ന രീതി കുത്തനെ താഴോട്ടു കടലാസ്സില്‍ എഴുത്തും പോലെ പോര്‍ട്രെറ്റ്
(portrate )ശൈലിയില്‍,വിദേശ ഭാഷകളില്‍ .മറ്റു ഓലകള്‍ തിരശ്ചീന തലത്തില്‍ പനയോലയില്‍
ജാതകം എഴുതും പോലെ ലാണ്ട്സ്കേപ് രീതിയില്‍ .വലിപ്പം ആകട്ടെ 20.32 x 7.60
cms എന്ന കണക്കില്‍ വട്ടെഴുത്തില്‍.എന്താണ് ഇങ്ങനെ വ്യത്യാസം വരാന്‍ കാരണം
.അഞ്ചാം ഓല ശാസന ഭാഗം അല്ല .മറ്റേതോ രേഖയില്‍ നിന്നും അടര്‍ത്തി മാറ്റി കൂടെ
വച്ചത് എന്ന് പറഞ്ഞാല്‍ ശരിയല്ല എന്നോ .അങ്ങനെ ആവാം എന്നോ എന്താണ്
പറയുക ?
4.അവസാന (അഞ്ചാം) ഓലയില്‍ ഇരു
പുറത്തും സാക്ഷികള്‍ ഉണ്ട്. .എന്നാല്‍ ആദ്യ ഓലയില്‍ ഒരു വശത്ത് മാത്രമാണ്
എഴുത്ത് .അതിനാല്‍ രണ്ടു വശത്തു മെഴുത്തുള്ള ഓല ഈ ശാസനത്തിന്‍റെ ഭാഗമല്ല.ആയിരുന്നുവെങ്കില്‍ അവസാന ഓലയുടെ അവസാനപുറവും
ശൂന്യമായിരിക്കില്ലേ ?
5. 1758-ല്‍ ഇന്ത്യയില്‍ വന്നപ്പോള്‍ കൊച്ചിയില്‍
വാരാപ്പുഴയിലും എത്തിയ ഫ്രഞ്ച് പൈതൃക പഠന വിദഗ്ദന്‍ അങ്ക്തില്‍ ഡ്യു പെറോ അദ്ദേഹത്തിന്‍റെ സെന്റ് അവസ്ഥ(പാരീസ് 1771 .ഇതിപ്പോള്‍
ഓണ്‍ലൈന്‍ ലൈബ്രറിയില്‍ ലഭിക്കും ) എന്ന കൃതിയില്‍
കൊടുത്തിരിക്കുന്ന പതിനേഴു നാടന്‍ സാക്ഷികളുടെ പട്ടിക അടങ്ങിയ അഞ്ചാം ഓലയ്ക്ക് എന്ത് പറ്റി ?.ആരാണ് ഓലകള്‍ തമ്മില്‍
ബന്ധിപ്പിച്ചിരുന്ന തുല്യ വീതിയും നീളവും ഉള്ള ചത്വരം ഉള്ള മോതിര വലയം /വളയം
നശിപ്പിച്ചു ഓലകളെ അനാതമാക്കിയത് ? നാലാം ഓല വിജയ.... എന്നപൂര്‍ണ്ണമായി
അവസാനിക്കയാനല്ലോ .പെറോ നല്‍കുന്ന അവസാന ഓലയില്‍ അപൂര്‍ണ്ണമായ വിജയ.... നാരായണന്‍
എന്ന രണ്ടാം പാതി നല്‍കി മുഴുവന്‍ പേരും രേഖപ്പെടുത്തുന്നു .പതിനൊന്നാം പേര്‍ കഴിഞ്ഞു
ആയ് രാജാവ് അയ്യനടികളുടെ ആന മുദ്ര ഉള്ളതായും രേഖപ്പെടുത്തുന്നു .ആന മുദ്ര ഉള്ള
നാടന്‍സാക്ഷിപ്പട്ടിക ആണ് ശരിയായ അവസാന ഓല എന്നും ആന മുദ്ര ഇല്ലാത്ത അഞ്ചാം ഓല (വിദേശ
സാക്ഷിപ്പട്ടിക) വ്യാജന്‍ ആണെന്നും കരുകയല്ലേ ശരി ?
6.നേരേറ്റമരുവാന്‍ എന്ന പദം തരിസാപ്പള്ളി
ശാസനത്തില്‍ അല്ലാതെ മറ്റെവിടെ എങ്കിലും ഉള്ളതായി അറിയാമോ ?ഗുണ്ടെര്‍ട്ട് മദ്രാസ്
ജേര്‍ണലില്‍ (1844)പ്രസിദ്ധീകരിച്ച ലേഖനത്തില്‍ “നീരേറ്റമരുവാന്‍”
എന്ന ഒറ്റപ്പദം വട്ടെഴുത്തിലും ചപിരീശോ എന്ന പേര്‍ ഗ്രന്ഥഅക്ഷരത്തിലും ആണെന്നത്
ശ്രദ്ധിച്ചുവോ ? നീരേറ്റമരുവാന്‍ എന്നത് ക്രിയാ വിശേഷണം അല്ലേ ? സായ്പ്പ് അത്
വെട്ടിമുറിച്ച് “മരുവാന്‍” (Maruvan )എന്ന പദം സൃഷ്ടിച്ചു മരുവാന്‍ എന്നാല്‍
മാര്‍ എന്നാണെന്നും മാര്‍ എന്നാല്‍ ബിഷപ് എന്നാണെന്നും എഴുതിയത് യാദൃച്ചികമോ
അത് മനപ്പൂര്‍വ്വം .ചെയ്തതോ ? വേ ള്‍ കുല
സുന്ദരന്‍ എന്നതിനെ വിഷ്ണു എന്ന് തെറ്റായി ധരിച്ച പണ്ഡിതന്‍ ആണല്ലോ ഗുണ്ടെര്‍ട്ട്.
7.എം.ആര്‍ .രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്എന്നിവര്‍
കൂട്ടായി രചിച്ച തരിസാപ്പള്ളി പട്ടയ(എസ്.പി.സി.എസ് 2013)ത്തില്‍ “എരുവിയര്‍
“ എന്ന പദം (ഉപ്പു വിളയിക്കുന്നവര്‍ ) വായിച്ചെടുത്തതോടെ തരിസാപ്പള്ളി ശാസനം
രണ്ടില്ല ഒന്ന് മാത്രം എന്ന് സ്ഥാപിച്ചത് ശ്രദ്ധിച്ചുവോ ?
8.തരിസാ എന്നത് ദരിസാ എന്ന പദത്തില്‍ നിന്നാണെന്നും
സമുദായ ഭ്രഷ്ട് കല്പ്പിക്കപ്പെട്ട കച്ചവടക്കാര്‍ (ചെട്ടികള്‍ )ആയ വെള്ളാളര്‍
ആണെന്ന വാദം ശരിയാണോ ?പായ്ക്കപ്പലുകളില്‍ കടല്‍ കടന്നു ചൈനയിലും മലയായിലും ഫിജിയിലും
പെനാം ഗിലും പോയ ദാരിസാ ചെട്ടികള്‍ വെണ്ണീര്‍ (ഭസ്മം ) എന്ന സമുദായ ചിഹ്നം
ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട വേണാട്ടുകാര്‍ ആയിരുന്നു എന്ന വാദം (ലോഗന്‍
എഴുതിയ മലബാര്‍ മാന്വല്‍ കാണുക ) ശരിയല്ലേ ? പാലിയം ശാസനം(C.E 889
എഴുതിയ തെങ്കനാട്ടു കിഴവന്‍ ആകിന ചാത്തന്‍ മുരുകന്‍ വെണ്ണീര്‍ വെള്ളാ ള ന്‍
എന്നെടുത്ത്പറയുന്നതില്‍ നിന്നും അക്കാലത്ത് വെണ്ണീര്‍ ധരിക്കാത്ത വെള്ളാളരും
ഉണ്ടായിരുന്നു എന്ന് വ്യക്തമല്ലേ ?
അവര്‍ ജൈന മതം (? ബുദ്ധ മതം ) സ്വീകരിച്ചപ്പോള്‍
അവര്‍ക്ക് വേണ്ടി “ശബരീശന്‍” (ചപിരീശോ) നിര്‍മ്മിച്ച പള്ളിയല്ലേ തരിസാപ്പള്ളി എന്ന
ദരിസാ പള്ളി ?കല്ലില്‍ ,തൃക്കണാമതിലകം ,ആലത്തൂര്‍ ,തിരുവന്നൂര്‍ ,കിനാലൂര്‍ ,താഴെക്കാട്
,തിരുക്കുണവായ് ,തുടങ്ങിയ അക്കാലത്തെ പള്ളികള്‍ മുഴുവന്‍ ജൈനപ്പള്ളികള്‍
ആയിരുന്നുവല്ലോ .തിരുച്ചാണ ത്ത് പള്ളി പതിനഞ്ചാം നൂറ്റാണ്ടില്‍ പോലും ജൈനപ്പള്ളി
ആയിരുന്നു എന്ന് നമുക്കറിയാം .
9,വെള്ളാളര്‍ ,ഈഴവര്‍ ,വണ്ണാര്‍ ,താച്ചര്‍ ,എരുവിയര്‍
എന്നിങ്ങനെ അഞ്ചു വിഭാഗം ആള്‍ക്കാര്‍ മാത്രമേ തരിസാപ്പള്ളി പട്ടയത്തില്‍ പരാമര്‍ശിക്ക
പ്പെടുന്നുള്ള് .ക്രിസ്ത്യന്‍ മുസ്ലിം ബ്രാഹ്മണ വിഭാഗങ്ങള്‍ അതില്‍ വരുന്നില്ല .ഒന്‍പതാം
ശതകത്തില്‍ ഈ മൂന്നു കൂട്ടര്‍ കൊല്ലത്ത് ഇല്ലായിരുന്നു എന്നതല്ലേ ശരി ?
10.ഒന്‍പതാം ശതകത്തില്‍ ബ്രഹ്മസ്വം ,ദേവസ്വം ,ചേരിക്കല്‍
ഭൂമികള്‍ ഇല്ലായിരുന്നു എന്നും ഭൂമി കര്‍ഷകര്‍ ആയിരുന്ന വെള്ളാളര്‍ വക മാത്രം
ആയിരുന്നു എന്നും തെളിയിക്കുന്ന രേഖ അല്ലേതരിസാപ്പള്ളി
പട്ടയം .പൂമിക്ക് കാരാലര്‍ വെള്ളാളര്‍ എന്ന പ്രയോഗം അതല്ലേ പറയുന്നത് ?
11.പട്ടയം നല്‍കിയ സ്ഥാണു രവി വെള്ളാളന്‍ ആയിരുന്നു
.(ടി .പളനിയുടെ പി.എച് ഡി തീസ്സിസ് Social History of Vellalas
of Nachlanatu Pen Books )
അയ്യനടികള്‍ വെള്ളാളന്‍ ആയിരുന്നു എന്ന് ശൂരനാട്
കുഞ്ഞന്‍ പിള്ള (കേരളത്തിലെ വെള്ളാളര്‍ ).വെള്ളാളര്‍ വക ഭൂമി ആണ് ദാനം
ചെയ്യപ്പെടുന്നത് .കൂടെ നാല് കുടി വെള്ളാളര്‍ ദാനം ചെയ്യപ്പെടുന്നു .
എഴുതിയത് ആദ്യ സാക്ഷിയായ വേള്‍ കുലത്തില്‍ പിറന്ന
സുന്ദരന്‍ .
ഒളിച്ചു വയ്ക്കപ്പെട്ട യഥാര്‍ത്ഥ അഞ്ചാം ഓലയിലെ
പതിനേഴു നാടന്‍ സാക്ഷികള്‍ “വെണ്ണീര്‍ ധരിക്കാത്ത”(ധാരിയാ, ദരിസാ) വെള്ളാളര്‍ .
ചുരുക്കത്തില്‍ സിറിയന്‍ ക്രിസ്ത്യന്‍ ,ക്രിസ്ത്യന്‍ ചേപ്പെട് എന്ന് ഗുണ്ടെര്‍ട്ട്
കാലം (1844) മുതല്‍ വിളിക്കപ്പെടുന്ന തരിസാപ്പള്ളി ശാസനം “വെള്ളാള ചെപ്പേട്” ,”അയ്യനടികള്‍ ശാസനം” എന്നെല്ലാമല്ലേ
അറിയപ്പെടേണ്ടത് ?
ആശംസകളോടെ
സ്വന്തം
ഡോ .കാനം ശങ്കരപ്പിള്ള
No comments:
Post a Comment