Saturday, 2 December 2017

പ്രതിമ കിട്ടാന്‍ യോഗമില്ലാതെ പോയ, നിര്‍ഭാഗ്യവാന്‍ ആയ, ചില അനന്തപുരിക്കാര്‍

പ്രതിമ കിട്ടാന്‍ യോഗമില്ലാതെ പോയ,
നിര്‍ഭാഗ്യവാന്‍ ആയ, ചില അനന്തപുരിക്കാര്‍
========================================
പണ്ട്, എന്ന് പറഞ്ഞാല്‍ 1960 കാലത്ത്, കോട്ടയം സി.എം.എസ് കോളേജില്‍
പ്രീഡിഗ്രിയ്ക്ക് പഠിക്കും കാലം, കോട്ടയം നഗരത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും മലയാള സാഹിത്യകാരന്മായിരുന്നു .സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്‍റെ ഹെഡ് ഓഫീസ് ഇരുന്നിരുന്ന കളരിക്കല്‍ ബസാറിനു ചുറ്റും സാഹിത്യകാരന്മാരുടെ ബഹളം ആയിരുന്നു .
വൈക്കം വലിയ കവലയില്‍ ഇന്ന് ചെന്നാല്‍, പ്രതിമകളുടെ പടയണി. തിരുവനന്തപുരം നഗരിയും വൈക്കം വലിയ കവല പോലെ ആയി എന്ന് കരുതേണ്ടിയിരിക്കുന്നു .2017 ഡിസംബര്‍ 17 ലക്കം കേരളശബ്ദത്തില്‍ തലസ്ഥാന നഗരിയിലെ പ്രതിമകളെ കുറിച്ച് ഡോ കെ.അശോക്‌ എഴുതിയ വിശദമായ സചിത്ര ലേഖനം കാഴ്ച വയ്ക്കുന്ന വിവരം അതാണ്‌ . കേരളത്തില്‍ ,ഒരു പക്ഷെ ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിമകളും (ജീവചരിത്രങ്ങളും) ഉള്ള ശ്രീനാരായണ ഗുരുവിന്‍റെ പ്രതിമ അവിടെ ഉയരാന്‍ താമസിച്ചു പോയതിനെ കുറിച്ചുള്ള പരാതിയാണ് ലേഖനത്തിന്‍റെ കാതല്‍ . ഇറ്റാലിയന്‍ ശില്‍പ്പിയുടെ മുമ്പാകെ കാട്ടാന്‍ തന്‍റെ പ്രതിമ എങ്ങനെ വേണം ഇരിക്കാന്‍ എന്ന് കാട്ടി ഫോട്ടോയ്ക്ക് വേ ണ്ടി ഫോട്ടോ ഗ്രാഫര്‍ ശേഖരന്റെ മുമ്പില്‍ നാരായണ ഗുരുദേവന്‍ 1927 –ല്‍ സ്വയം ഇരുന്നു കൊടുത്തത്, ഏതോ നല്ല മുഹൂര്‍ത്തത്തില്‍ തന്നെ ആയിരുന്നു .തന്‍റെ ഉപദേശങ്ങള്‍ പ്രവര്‍ത്തിയില്‍ ആക്കാന്‍ തയാറാകുന്നവര്‍ വിരളം എങ്കിലും തന്‍റെ പ്രതിമ സ്ഥാപിക്കുവാന്‍ വരുന്നവര്‍ നിരവധി എന്ന് അദ്ദേഹം മനസ്സില്‍ കരുതി കാണും .അവരെ നിരാശപ്പെടുത്തരുതല്ലോ .രൂപായില്‍ കാണുന്ന വിധം ഒരു വശം തിരിഞ്ഞുള്ള, തെല്ല് കീഴമര്‍ന്നുള്ള, പോസില്‍ അദ്ദേഹം ഇരുന്നു കൊടുത്തു എന്ന് ജീവചരിത്രകാരന്‍ കേരള ബോസ്വേല്‍ കോട്ടുകോ യിക്കല്‍ നാരായണന്‍ (ശ്രീനാരായണ ഗുരു, കറന്റ്‌. മൂന്നാം പതിപ്പ് മാര്‍ച്ച് 2012. പുറം 175കാണുക )
വൈക്കം കവലയില്‍ പ്രതിമകള്‍ നിരവധി .എന്നാല്‍ വൈക്കം എന്ന സ്ഥലനാമം വഴി അറിയപ്പെടുന്ന വൈക്കം പത്മനാഭ പിള്ള ,വൈക്കം മുഹമ്മദ്‌ ബഷീര്‍ ,ചെമ്പില്‍ വലിയ അരയന്‍ എന്നിവര്‍ക്കൊന്നും അവിടെ പ്രതിമകളില്ല .ഉള്ളത് മുഴുവന്‍ വരത്തര്‍ക്ക് മാത്രം .എം.ജി.ആറിന്‍റെ പത്നി ജാനകി മാത്രമാണ് അപവാദം .
അനന്തപുരിയുടെ കഥയും വ്യത്യസ്തമല്ല .അനന്തപുരിയില്‍ ജനിച്ച ചിലര്‍ക്കും വളരെ നാള്‍ അവിടെ പാര്‍ത്ത ചില മഹാന്മാര്‍ക്കും അവിടെ പ്രതിമ ഇല്ല .അവര്‍ക്കതിനു യോഗമില്ല .എന്നാല്‍ നഗരത്തിനു വെളിയില്‍ ജനിച്ച ,നഗരത്തിനു വെളിയില്‍ പ്രവര്‍ത്തിച്ച, പല “വരത്തര്‍ക്കും” അവിടെ പ്രതിമകള്‍ .അവരുടെ ജന്മനാട്ടിലോ പ്രവര്‍ത്തന വേദിയിലോ പോരായിരുന്നോ പ്രതിമ എന്ന് ചോദിക്കുന്നില്ല .കാരണം പലരും വാള്‍ എടുക്കും .എന്നാല്‍ മറ്റു നാട്ടുകാര്‍,അന്യസംസ്ഥാന ക്കാര്‍, പ്രതിമയും സ്മാരക സ്ഥാപനങ്ങളും സ്ഥാപിച്ച ചില തിരുവനന്തപുരിക്കാരെ സ്വന്തം നാട് മറന്നു എന്നത് വിചിത്രം തന്നെ .
തിരുവനന്തപുരത്ത് അക്കൌണ്ട് ജനറല്‍ ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് ജനിച്ച ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള (1891-1934) ആദ്യ ഭാഗ്യ ദോഷി ,ബ്രിട്ടീഷ് കാരെ ഓടിക്കാന്‍,യുദ്ധം എങ്കില്‍ യുദ്ധം എന്ന് പ്രഖ്യാപിച്ചു അങ്ങ് ജര്‍മ്മിനിയില്‍ ചെന്ന് ഒരുക്കം കൂട്ടിയ സാഹസികന്‍ .നേതാജി സുഭാഷാ ചന്ദ്ര ബോസ്സിന്‍റെ രാഷ്ട്രീയ ഗുരു .ആദ്യ സ്വാതന്ത്ര സമര നായകന്‍ .നാസികള്‍ വിഷം കൊടുത്തു സാവധാനം കൊന്ന തിരുവനന്ത പുറം കാരന്‍ .മദ്രാസില്‍ എംഡന്‍ (“എമണ്ടന്‍” എന്ന് പഴമക്കാര്‍ )പടക്കപ്പലില്‍ വന്നു തുറമുഖത്തേക്ക് പീരങ്കി പ്രയോഗം നടത്തിയ സമരവീരന്‍ .അദ്ദേഹത്തിന് തമിഴ് നാട്ടില്‍ പ്രതിമ ഉണ്ട് .തമിഴ്നാട്‌ സര്‍ക്കാര്‍ സ്ഥാപിച്ചത് .ജന്മനാട്ടില്‍ കേരള സര്‍ക്കാരിന് പ്രതിമ സ്ഥാപിക്കാന്‍ ഇത് വരെ തോന്നിയില്ല .വേണ്ട അദ്ദേഹം ഓടിക്കാന്‍ ശ്രമിച്ച ബ്രിട്ടീശുകാരുടെ രാജ്ഞി യുടെ പേരില്‍ അറിയപ്പെടുന്ന വിക്ടോറിയാ ജൂബിലി ഹാളിന്‍റെ പേര്‍ എങ്കിലും “ജയ്ഹിന്ദ്”അതെ അദ്ദേഹമാണ് പണ്ട് ,തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ആ മുദ്രാവാക്യം ആദ്യമായി ഉയര്‍ത്തിയത് ) ചെമ്പക രാമന്‍ പിള്ള എന്ന് മാറ്റാന്‍ ജനായത്ത ഭരണ കൂടങ്ങല്‍ക്കൊന്നും ഇതുവരെ സമയം കിട്ടിയില്ല
ദ്രാവിഡ സംസ്കാരമാണ് പുരാതന ഭാരത സംസ്കാരം എന്ന് ജോണ്‍ മാര്‍ഷല്‍ സിന്ധു ഗംഗാ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വര്ഷം മുമ്പ് തന്നെ പ്രഖ്യാപിച്ച ലോക പ്രസിദ്ധ ചരിത്ര പണ്ഡിതന്‍ ആയിരുന്നു തിരുവിതാം കൂര്‍ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവി മനോന്മാനീയം പി.സുന്ദരന്‍ പിള്ള (1855-1897).ആലപ്പുഴയില്‍ ജനിച്ച അദ്ദേഹം താമസിച്ചിരുന്നത് നഗരത്തില്‍ പുത്തന്‍ ചന്തയിലും പിന്നീട് പെരൂര്‍ക്കടയിലെ ഹാര്‍വി പുരത്തും .കേരള നവോത്ഥാനത്തിനു പിള്ള ഈറ്റില്ലം ആയ പേട്ട ജ്ഞാന പ്രജാഗരം (1876 ) ചെന്തിട്ട ശൈവ പ്രകാശ സഭ 1885 ) എന്നിവയുടെ സ്ഥാപകന്‍ .തിരുവിതാം കൂറിലെ ആദ്യ എം ഏ ക്കാരന്‍ (1880 ) യൂനിവേര്‍സിറ്റി കോളേജിലെ ആദ്യ നാട്ടുകാരന്‍ പ്രഫസ്സര്‍ മാരില്‍ ഒരാള്‍ ,ദക്ഷിണേന്ത്യന്‍ ചരിത്ര പഠന പിതാവ് .അദ്ദേഹത്തിന് കരുണാനിധി സര്‍ക്കാര്‍ പൂര്‍വികരുടെ നാടായ തിരുനെല്‍വേലിയില്‍ സ്മാരകമായി ഒരു സര്‍വ്വകലാശാല (എം എസ് യൂണിവേര്‍‌സിറ്റി )തന്നെ സ്ഥാപിച്ചു .അദ്ദേഹത്തിന്‍റെ ബംഗ്ലാവും ചുറ്റുമുള്ള ആയിരം ഏ ക്കര്‍ വസ്തുവും സര്‍ സി.പി കണ്ടുകെട്ടി .ശേഷിക്കുന്ന വസ്തു ജനായത്ത ഭരണ കൂടം ലോ അക്കാദമിക്കും നല്‍കി .അദ്ദേഹത്തിനും തിരുവനന്ത പുരിയില്‍ പ്രതിമ ഇല്ല
കേരള നവോത്ഥാന നായകര്‍ ആയ അയ്യാ വൈകുണ്ടന്‍ ചട്ടമ്പി സ്വാമികള്‍ ,ശ്രീനാരായണ ഗുരു ,മഹാത്മാ അയ്യങ്കാളി ,തുടങ്ങി അന്‍പത്തിനാലില്‍ പരം പ്രമുഖരുടെ ഗുരു ആയിരുന്നു പത്തൊന്‍പതാം നൂറ്റാണ്ടില്‍ അനന്തപുരിയില്‍ യോഗ പ്രചരിപ്പിച്ച ,ജ്ഞാനപ്രജാഗരം ,ശൈവ പ്രകാശ സഭ എന്നിവയുടെ മറ്റൊരു സ്ഥാപകന്‍ കൂടിയായിരുന്നു ശിവരാജ യോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909).തൈക്കാട് രസിടന്സിയുടെ സുപ്രണ്ട് (1873-1909) .അക്കാലയളവില്‍ തൈക്കാട്ട് ഇടപ്പിറ വിളാ കം വീട്ടില്‍ (എം.ജി ശ്രീകുമാര്‍ .എം.ജി രാധാകൃഷ്ണന്‍ എന്നിവരുടെ ജന്മഗേഹത്തിനു സമീപം ) വച്ച് സവര്‍ണ്ണ അവര്‍ണ്ണ പന്തിഭോജനം വര്ഷം തോറും നടത്തി മഹാത്മാ ഗാന്ധി യ്ക്ക് മുമ്പേ അയിത്തോച്ചാടനം നടത്തി പാണ്ടിപ്പറ യന്‍ എന്ന ബഹുമതി വാങ്ങിയ അവര്‍ണ്ണന്‍ .അദ്ദേഹത്തിനുമില്ല തൈക്കാട്ട് റസ്റ്റ്‌ ഹൌസിനു മുമ്പില്‍ പോലും ഒരു അര്‍ദ്ധ കായ പ്രതിമ പോലും .
തിരുക്കൊച്ചിയില്‍ ഭൂപരിഷ്കരണം നടപ്പിലാക്കാന്‍ ആറു ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച ,വധ ശിക്ഷ നിര്‍ത്തലാക്കിച്ച .സര്‍ക്കാര്‍ ഉദ്യോ ഗസ്തര്‍ക്ക് ടൈം സ്കെയില്‍ നടപ്പിലാക്കിയ തിരുക്കൊച്ചി റവന്യു ധനമന്ത്രി പി.എസ് നടരാജപിള്ള എന്ന തിരുവിതാം കൂര്‍ സ്റേറ്റ് കോണ്ഗ്രസ് സ്ഥാപക നേതാവിനും സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പിതൃസ്വത്തായ ആയിരത്തില്‍ പരം ഏ ക്കാര്‍ സര്‍ക്കാരിന് നല്‍കിയ ,മന്ത്രിയായപ്പോള്‍ അത് വേണമെങ്കില്‍ തിരിച്ചു എടുക്കാമായിരുന്നു എങ്കിലും അങ്ങനെ ചെയ്യാതിരുന്ന പി.എസ് നടരാജപിള്ള യ്ക്കും വേണമെങ്കില്‍ ഒരു പ്രതിമ ആവാം .പക്ഷെ വേണ്ട അദ്ദേഹം പിതാവിന്‍റെ സ്മരണയ്ക്കായി സ്ഥാപിച്ച പെരൂര്‍ക്കടയിലെ സുന്ദരവിലാസം സ്കൂള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പേര്‍ നില നിരത്തുന്നു .അതിനു മുമ്പില്‍ അദ്ദേഹത്തിന്‍റെ അര്‍ദ്ധകായ പ്രതിമയും നാട്ടുകാര്‍ സ്ഥാപിച്ചിരിക്കുന്നു .

No comments:

Post a Comment