Monday, 25 July 2016

മനോന്മണീയത്തെ വീണ്ടും തമസ്കരിക്കപ്പെടുന്നു

ആഗസ്റ്റ്‌ ൧ ലക്കംമാധ്യമം
-----------------------------------------

മനോന്മണീയത്തെ വീണ്ടും തമസ്കരിക്കപ്പെടുന്നു
=======================================
“വിവാഹം,ഗാര്‍ഹസ്ത്ഥ്യം,ഗവേഷണ പ്രശ്നങ്ങള്‍” എന്ന തലക്കെട്ടില്‍ ആത്മകഥാഭാഗം എഴുതിയ എം.ജി.എസ് (മാധ്യമം ആഴ്ചപ്പതിപ്പ് 2016 ആഗസ്റ്റ്‌ 1 പുറം   66-70) താന്‍ ചരിത്രഗവേഷണം തുടങ്ങിയ(1960) കാലത്തിന്‍റെ ചരിത്രപശ്ചാത്തലം ഒരിക്കല്‍ കൂടി അനാവരണം ചെയ്യുന്നു “എം ജി.എസ്സിന്‍റെ ചരിത്ര നിലപാടുകള്‍” (വെളുത്താട്ട് ,ഷിനാസ്‌ ശ്രീജിത്ത് ,എസ.പി.സി.എസ് 2012) എന്ന “എം.ജി.എസ്  മേയ്ക്കീര്‍ത്തി”യിലും ആത്മകഥയില്‍ തന്നെ മുന്നൊരധ്യായത്തിലും ഈ ചരിത്രപശ്ചാത്തലം വായിച്ചു എന്നൊരോര്‍മ്മ .ഔദ്യോഗിക തിരുവിതാം കൂര്‍ ചരിത്രകാരന്‍ പി .ശങ്കുണ്ണി മേനോന്‍റെ മകന്‍, മദിരാശി മരുമക്കത്തായ കമ്മറ്റി അംഗം ഹൈക്കോടതി വക്കീല്‍, കെ.പി പത്മനാഭമേനോന്‍ ശേഖരിച്ച Notes on Vichcher’s Letters on Malabar പദ്മനാഭ മേനോന്‍റെ മരണശേഷം അത്   History of Kerala എന്ന പേരില്‍ പ്രസിദ്ധീകരിച്ച മറ്റൊരു മേനോന്‍ (ടി.കെ കൃഷ്ണമേനോന്‍),ലോഗന്‍ (മലബാര്‍ മാന്വല്‍  ),ടി.എ ഗോപിനാഥ റാവു (1910) എന്നിവരെ ആദരപൂര്‍വ്വം സ്മരിക്കുന്ന എം.ജി.എസ് പക്ഷെ പ്രാതസ്മരണീയര്‍ ആയ വൈക്കം പാച്ചുമൂത്തത്,മനോന്മണീയം സുന്ദരന്‍ പിള്ള എന്ന തിരുവിതാംകൂര്‍ പുരാവസ്തു വിഭാഗം സ്ഥാപക മേധാവി എന്നിവരെ തമസ്കരിക്കുന്നു .എംജിഎസ്മെയ്ക്കീര്‍ത്തിയില്‍ സുന്ദരം പിള്ളയെ കുറിച്ച് ഒരു വാക്യം ഉണ്ട് എന്ന കാര്യം മറക്കുന്നില്ല .എന്നാല്‍
ഇവിടെ, ആത്മകഥയില്‍, ആ  പേര്‍ പോലും പരാമര്‍ശ വിധേയമാകുന്നില്ല .കേരള ചരിത്രം (രണ്ടു ഭാഗം,രാഘവവാര്യര്‍,രാജന്‍ ഗുരുക്കള്‍ വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം 2013) എന്ന പഠനത്തെ  (‘പരീക്ഷാ സഹായി” എന്ന് എം.ജി.എസ്), അതിനിശിതമായി കീറിമുറിച്ചു വിശകലനം ചെയ്യുമ്പോള്‍, (ചരിത്രം ,വ്യവഹാരം ,കറന്റ് ബുക്സ് ഒന്നാം പതിപ്പ് 2015 ജൂണ്‍,), ഗ്രന്ഥകര്‍ത്താക്കള്‍ (രസകരമായ സംഗതി ഒരിടത്തുപോലം രാജന്‍ ഗുരുക്കള്‍ എന്ന പേര്‍ എം.ജി.എസ് വെളിപ്പെടുത്തുന്നില്ല,വാര്യര്‍ എന്ന് രണ്ടിടത്ത് പറയുന്നുമുണ്ട് ) മുക്കാല്‍ ഖണ്ഡിക മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്ക് നല്‍കിയതിനെ പരിഹസിക്കയും ചെയ്തു (“അത്രയൊന്നും പറയാന്‍ ഇല്ലാത്ത പാച്ചു മുത്തും -മൂത്തത് എന്നത് തെറ്റായി അച്ചടിച്ചതാവണം- സുന്ദരം പിള്ളയും നീണ്ട ഖണ്ഡികയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു “എന്ന വാക്യം -പുറം 130- കാണുക )
“ആരായിരുന്നു പി.സുന്ദരന്‍ പിള്ള?” എന്നറിയാന്‍, ആതേ തലക്കെട്ടില്‍
ഡോ.എം.ജി ശശിഭൂഷന്‍ പി.എസ് നടരാജപിള്ള മെമ്മോറിയല്‍ ശതാബ്ദി സോവനീറില്‍ (2008 പേജ് 55-58 ) എഴുതിയ ലേഖനം കാണുക (ഭൂപരിഷ്കരണത്തിനായി 1956 –ല്‍ തിരുക്കൊച്ചി നിയമസഭയില്‍ ആറു ബില്ലുകള്‍ അവതരിപ്പിച്ച പതിനാലു സെന്റിലെ തെങ്ങോലപ്പുരയില്‍ പാര്‍ത്തിരുന്ന ധനകാര്യ മന്ത്രി പി.എസ് നടരാജപിള്ള എന്ന ഏക മകന്‍റെ പിതാവായിരുന്നു പേരൂര്‍ക്കടയിലെ ആയിരം ഏക്കര്‍ വരുന്ന ഹാര്‍വ്വിപുരം ബംഗ്ലാവില്‍ പാര്‍ത്തിരുന്ന മനോന്മണീയം സുന്ദരന്‍പിള്ള എന്ന തമിഴ് ഷെക്സ്പീയര്‍
തിരുവിതാംകൂറില്‍  നവോത്ഥാനം തുടങ്ങിയത് പേരൂര്‍ക്കടയിലെ ഹാര്‍വ്വിപുരം ബന്ലാവില്‍ നിന്നും (മനോന്മണീയം) തൈക്കാട്ടെ ഇടപ്പിറവിളാകം വീട്  വഴി (തൈക്കാട്ട് അയ്യാവു സ്വാമികള്‍ ) ചെന്തിട്ടയിലെ ശൈവപ്രകാശസഭ, പേട്ടയിലെ  ജ്ഞാനപ്രജാഗരം(പേട്ട രാമന്‍പിള്ള ആശാന്‍ ) എന്നിവ  വഴി കണ്ണന്മൂലയിലൂടെ,(ചട്ടമ്പി സ്വാമികള്‍ ) പാളയം വഴി (എംഡന്‍,”ജയ്ഹിന്ദ്” ചെമ്പകരാമന്‍ പിള്ള) ചെമ്പഴന്തി വഴി (ശ്രീനാരായണ ഗുരു) വെങ്ങാനൂരിലേക്കും  (അയ്യങ്കാളി) പിന്നെ പത്തനംതിട്ടയിലെ മല്ലപ്പള്ളി (കാവാരിക്കുളം കണ്ടന്‍ കുമാരന്‍) വഴി കോട്ടയം ജില്ലയിലെ വാഴൂരിലേയ്ക്ക് (തീര്‍ത്ഥപാദരും ശിഷ്യ വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മയും )ആയിരുന്നു എന്നതും  കേരള നവോത്ഥാനത്തെ ക്കുറിച്ച് നാല് സഞ്ചയികകള്‍ (ചിന്തപബ്ലീഷേര്‍സ് )  രചിച്ച പി.ഗോവിന്ദപ്പിള്ള കാണാതെ പോയി .അവിടെ വാഴൂരില്‍ ആണ് കേരളത്തില്‍ ഒരു വനിത നവോത്ഥാന നായിക  അരങ്ങു വാണത്. പിന്നീടവര്‍ തിരുവനന്തപുരം പൂജപ്പുരയിലേക്ക് പ്രവര്‍ത്തന മണ്ഡലം മാറ്റി എന്നതും സന്ദര്‍ഭവശാല്‍ രേഖപ്പെടുത്തട്ടെ .
“മലബാര്‍ (കേരളം എന്ന് വായിക്കുക) ഒരു ഭ്രാന്താലയം” എന്ന് പറഞ്ഞ (അങ്ങിനെ തന്നെയോ പറഞ്ഞത്?) സ്വാമി വിവേകാനന്ദന്‍ 1892 ഡിസംബറില്‍ കേരളത്തില്‍ വന്നത് പേരൂര്‍ക്കടയിലെ ഹാര്‍വ്വിപുരം ബന്ലാവിലെത്തി ലോകപ്രശസ്ത പണ്ഡിതന്‍ മനോന്മണീയം സുന്ദരന്‍ പിള്ളയെ (1885-1892)നേരില്‍  കണ്ടു  ചിക്കാഗോ സമ്മേളനത്തിന് പോകും മുമ്പ് , സംവദിക്കാന്‍വേണ്ടി  ആയിരുന്നു എന്നറിയുന്നവര്‍ വിരളം.അപ്പോഴാണ് “ഞാന്‍ ഒരു ശൈവനും ആക്കാരണ ത്താല്‍ “അഹിന്ദു”വും എന്ന് സുന്ദരന്‍ പിള്ള പറഞ്ഞത്. അദ്ദേഹത്തിന്‍റെ ആയിരം ഏക്കര്‍ ഹാര്‍വ്വിപുരം കുന്നിലെ കാട്ടിന്‍ നടുവിലെ “അടുപ്പ്കൂട്ടാന്‍” പാറ ധ്യാനത്തിന് പറ്റിയ സ്ഥലമോ എന്ന് കയറി നോക്കാനും അദ്ദേഹം തയ്യാറായി .തിരുവിതാംകൂറിലെ ആദ്യ എം.എ ക്കാരനായ സുന്ദരന്‍ പിള്ള “മനോന്മണീയം” എന്ന തമിഴ് നാടകം എഴുതി തമിഴിലെ ഷക്സ്പീയര്‍ എന്ന ബഹുമതി കരസ്ഥമാക്കിയ ഭാവനാശാലി. “തിരുവിതാംകൂറിലെ ചില പ്രാചീന രാജാക്കള്‍” (1891)എന്ന ചരിത്രപ്രബന്ധ രചനവഴി വിക്ടോറിയാ രാജ്ഞിയില്‍ നിന്നും പാരിതോഷികം വാങ്ങി “റാവുബഹദൂര്‍” ബഹുമതി വാങ്ങിയ സാഹിത്യകാരനും ചരിത്രപണ്ടിതനും ,ഡാര്‍വ്വിന്‍,ജോസഫ് പ്രീസ്റ്ലി  തുടങ്ങിയ പാശ്ചാത്യ പണ്ഡിതന്മാരുടെ തൂലികാ സുഹൃത്തും തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വിഭാഗം സ്ഥാപക മേധാവിയും മറ്റുമായിരുന്നു . .ബ്രാഹ്മണര്‍ കേരളത്തില്‍ കുടിയേറിയവര്‍ എന്ന് പുരാതന രേഖകള്‍ വഴി കണ്ടെത്തിയ ആദ്യകാല തിരുവിതാംകൂര്‍  ചരിത്രകാരന്‍ അദ്ദേഹമാണ്. കേരളത്തിലെ ഭൂമി ആദ്യകാല കര്‍ഷകരായിരുന്ന “ഉഴവര്‍” എന്ന തമിഴകകര്‍ഷകരുടെ വകയായിരുന്നു എന്നും (തരിസാപ്പള്ളി ശാസനം സി.ഇ 849  “പൂമിക്ക് കരാളര്‍ വെള്ളാളര്‍”എന്ന ഭാഗം കാണുക) അവരില്‍ നിന്നും ബ്രാഹ്മണര്‍ പല കാരണങ്ങള്‍ വഴി തട്ടിയെടുത്തതാണെന്നും അദ്ദേഹം സ്ഥാപിച്ചു .തന്‍റെ  സുഹൃത്തുക്കളായ ശിവരാജയോഗി തൈക്കാട്ട് അയ്യാ സ്വാമികള്‍, പേട്ടയിലെ കുടിപ്പള്ളിക്കൂടം ആശാന്‍ രാമന്‍പിള്ള എന്നിവരുടെ സഹായത്തോടെ ഇംഗ്ലണ്ടിലെ ബേമിംഗാമില്‍ നടന്നിരുന്ന “ലൂണാര്‍ സൊസ്സൈറ്റി” മാതൃകയില്‍ പേട്ടയില്‍ “ജ്ഞാനപ്രജാഗരം”  (1876) എന്നും ചെന്തിട്ടയില്‍ “ശൈവപ്രകാശ സഭ”  (1885) എന്നും  പേരുള്ള വിദ്വല്‍ സഭകള്‍ സ്ഥാപിച്ചു തുടര്‍ച്ചയായി സംവാദങ്ങളും ചര്‍ച്ചകളും പ്രഭാഷണങ്ങളും പ്രബന്ധ അവതരണങ്ങളും  സംഘടിപ്പിച്ചു.കുടിലില്‍ മുതല്‍ കൊട്ടാരത്തില്‍ വരെ വിവിധ തട്ടുകളില്‍,തലങ്ങളില്‍  താമസ്സിച്ചിരുന്ന വിവിധ മത-ജാതി സമുദായങ്ങളില്‍ പെട്ട അറുപതോളം സ്ത്രീപുരുഷന്മാരെ അവയില്‍ പങ്കെടുപ്പിച്ചിരുന്നു.അതില്‍ കുഞ്ഞനും നാണുവും കാളിയും മറ്റും മറ്റും വരും . സുന്ദരന്‍ പിള്ളയുടെ ഭാര്യ ശിവകാമി കുഞ്ഞന്‍ (പിന്നീട് ചട്ടമ്പി സ്വാമികള്‍ )നാണു (പിന്നീട് ശ്രീനാരായണ ഗുരു )എന്നിവരുടെ പോറ്റമ്മ ആയിരുന്നു എന്നതും സ്മരിക്കുക .
വര്‍ക്കല തുരങ്കം നിര്‍മ്മിക്കുമ്പോള്‍ ലഭിച്ച ഒരു  പുരാതന ലിഖിതം സുന്ദരന്‍ പിള്ളയില്‍  ഗവേഷണ താല്‍പ്പര്യം ഉണര്‍ത്തി .തിരുനെല്‍വേലി ,നാഞ്ചിനാട്‌ പ്രദേശ ങ്ങളിലെ ഭൂമിയെ ജലസേചനം വഴി കൃഷിയോഗ്യമാക്കിയ കര്‍ഷകരും കണക്കപ്പിള്ളമാരും കച്ചവടക്കാരും ദ്വിഭാഷികളും കടല്‍ വ്യാപാരികളും അക്ഷരജ്ഞാനികളും ലിഖിത വിദഗ്ദരും (പാര്ത്തിവ പുരം നാനം മോനത്തില്‍ -വട്ടെഴുത്ത് -ശാസനം എഴുതിയ വെണ്ണീര്‍ വെള്ളാളനെ ഓര്‍മ്മിക്കുക ) അടങ്ങിയ  വെള്ളാള(വേള്‍ )കുലത്തില്‍ ജനിച്ച സുന്ദരന്‍പിള്ള പ.ശങ്കുണ്ണി മേനോന്‍ രചിച്ച ചരിത്രത്തിലെ അശാസ്ത്രീയതിയില്‍ മനം നൊന്താണ് ചരിത്രപഠനം തുടങ്ങിയത്.മണലിക്കര ശാസനവും അതിലെ വെള്ളാള നാട്ടുക്കൂട്ടവും (ഊര്‍ക്കൂട്ടം) അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍ ആയിരുന്നു .
ചരിത്രസംബന്ധിയായി നിരവധി ലേഖനങ്ങള്‍ അദ്ദേഹം രചിച്ചു .ഒരു “മാതാവിന്റെ രോദനം” എന്നൊരു വിലാപകാവ്യവും രചിച്ചു .സംഘകാല കൃതിയായ “പത്തുപ്പാട്ട് “ വിശദമായി  അവലോകനം ചെയ്ത് പ്രബന്ധം രചിച്ചു .തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി. തിരുവിതാം കൂറിലെ പ്രാചീന രാജാക്കന്മാരെ കുറിച്ചു പ്രബന്ധം രചിച്ചു ലണ്ടന്‍ ഹിസ്റൊറിക്കല്‍ സോസ്സൈറ്റിയില്‍ അംഗത്വം നേടി.1888 –ല്‍ രചിക്കപ്പെട്ട നൂറ്റൊകൈ വിളക്കം എന്ന തമിഴ് കൃതി പ്രസിദ്ധമാണ് .1894- ല്‍ അദ്ദേഹത്തിനു റാവു ബഹദൂര്‍  സ്ഥാനം ലഭിച്ചു .മദിരാശി സര്‍വ്വകലാശാല ഫെലോഷിപ്പ് നല്‍കി പിള്ളയെ ആദരിച്ചു .അന്ന് വയസ്സ് 36 മാത്രം .
സുന്ദരം പിള്ളയുടെ പ്രൊഫസ്സര്‍ അവധിയില്‍ പോയപ്പോള്‍,  പിള്ളയെ തിരുവനന്തപുരം മഹാരാജാസ് കോളേജില്‍ പ്രൊഫസ്സര്‍ ആയി നിയമിച്ചു. ഹാര്വ്വി മടങ്ങി വന്നപ്പോള്‍ പിള്ളയെ ഹജൂര്‍ ആഫീസിലെ ശിരസ്തദാര്‍ ആയി മാറ്റി നിയമിച്ചു (1882).
ആയിടയ്ക്കാണ് (1892) സുന്ദരം പിള്ളയെ വീട്ടില്‍ ചെന്നു കാണാനും ഒപ്പം ധ്യാനത്തിനു പറ്റിയ സ്ഥലം കണ്ടെത്താനുമായി സ്വാമി വിവേകാനന്ദന്‍ തിരുവനന്തപുരത്ത് എത്തിയത്. ”ഞാനൊരു ദ്രാവിഡനും ശൈവനും അതിനാല്‍ അഹിന്ദുവും” ആണെന്ന് സ്വാമികളോടു പിള്ള പറയുന്നത് അപ്പോഴാണ്‌ . ഹാര്വ്വി പുറം കുന്നിലെ “അടുപ്പുകൂട്ടാന്‍ പാറ” ധ്യാനമിരിക്കാന്‍ സ്വാമികള്‍ കയറി നോക്കിയെങ്കിലും ഇഷ്ടമായില്ല. അതിനാല്‍, പിന്നീടു ധ്യാനത്തിനായി, കന്യാകുമാരിക്ക് പോയി.
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍, വലിയ മേലെഴുത്ത് പിള്ള ആയിരുന്ന തിരുവിയം പിള്ള, ടി.ലക്ഷ്മണന്‍ പിള്ള എന്നിവരോടൊപ്പം സുന്ദരന്പിള്ള 1885-ല്‍ ചെന്തിട്ടയില്‍ “ശൈവപ്രകാശസഭ “ സ്ഥാപിച്ചു . സി.വി. രാമന്‍പിള്ള, ഗുരു റോസ്സിന്‍റെ  പേരില്‍ “റോസ്കോട്ട്” പണിയും മുമ്പ് സുന്ദരന്‍ പിള്ള, ഗുരു ഹാര്വ്വിയുടെ പേരില്‍ പേരൂര്‍ക്കടയില്‍ ആയിരം ഏക്കര്‍ വരുന്ന കുന്നില്‍ “ഹാര്വ്വിപുരം ബംഗ്ലാവ്” പണിയിച്ചു. ശൈവപ്രകാശ സഭയിലും പബ്ലിക് ലൈബ്രറിയിലും  ,അയ്യാസ്വാമികള്‍ ,പേട്ട രാമന്‍പിള്ള ആശാന്‍ എന്നിവര്‍ 1876-ല്‍ പേട്ടയില്‍ തുടങ്ങിയ “ജ്ഞാനപ്രജാഗരം” എന്ന വിദ്വല്‍ സഭയിലും  മനോമണീയം  പ്രഭാഷണ പരമ്പരകള്‍ നടത്തിയിരുന്നു .ഈ പ്രഭാഷണങ്ങള്‍ മുഴുവന്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് അവയുടെ വിശദമായ നോട്ടുകള്‍ എഴുതിയെടുത്ത കുഞ്ഞന്‍ പില്‍ക്കാലത്ത്, ചട്ടമ്പി സ്വാമികളായപ്പോള്‍, ശിഷ്യര്‍  അവ ഗുരുവിന്‍റെ  പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി, സുന്ദരന്‍ പിള്ളയെ തമസ്കരിച്ചു കളഞ്ഞു വേധാധികാര നിരൂപണം ,കൃസ്തുമതച്ചേദനം   എന്നിവ ഉദാഹരണം .അകാലത്തില്‍ നാല്പത്തി രണ്ടാം വയസ്സില്‍ അന്തരിച്ച (അന്ന് ഏകമകന്‍ നടരാജന് പ്രായം ആറു വയസ്സ് മാത്രം) സുന്ദരന്‍ പിള്ളയ്ക്ക് തന്‍റെ  ഗവേഷണ ഫലങ്ങള്‍ പുസ്തകമാക്കാന്‍ കഴിഞ്ഞുമില്ല .
കേരളത്തിലെ ബ്രാഹ്മണര്‍ ഉത്തര ഇന്ത്യയില്‍ നിന്ന് വന്നവരാണെന്നും
ഇവിടുത്തെ ഭൂമിയുടെ അവകാശികള്‍ അവര്‍ ആയിരുന്നില്ല എന്നും കണ്ടെത്തിയത് കര്‍ഷക കുടുംബത്തില്‍ പിറന്ന ,”വെള്ളാളന്‍” ആയ സുന്ദരന്‍ പിള്ള ആയിരുന്നു .കദംബരാജാവിയായിരുന്ന മയൂരശര്‍മ്മന്‍റെ 
കുടിയേറ്റങ്ങളെ കുറിച്ചുള്ള ശിലാലിഖിതങ്ങള്‍ വിശദമായി പഠിച്ച അദ്ദേഹം  തിരുവിതാംകൂര്‍ ആര്‍ക്കിയോളജി വകുപ്പ് സ്ഥാപകനും സ്ഥാപകമേധാവിയും  ആയിരുന്നു   എന്ന  ചരിത്ര സത്യം. എം.ജി.എസ് വായനക്കാരില്‍ നിന്നും മറച്ചു പിടിക്കുന്നു

കേരളത്തില്‍ മനോന്മാനീയം ജനിച്ച ആലപ്പുഴയിലെ അദ്ദേഹത്തിന്‍റെ കര്‍മ്മമണ്ഡലം ആയിരുന്ന തിരുവനന്തപുരത്തോ അദ്ദേഹം താമസിച്ചിരുന്ന പേ രൂര്‍ക്കടയിലോ അദ്ദേഹത്തിന് സ്മാരകമില്ല .എന്നാല്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വികരുടെ ജന്മനാടായ തിരുനെല്‍വേലിയില്‍ ജയലളിത സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ ഒരുയൂനിവേര്‍ സിറ്റി തന്നെ സ്ഥാപിച്ചു “മനോന്മണീയം സുന്ദരനാര്‍ (എം,എസ് ) യൂണിവേര്‍സിറ്റി. ,കേഴുക മലയാളികളേ ,ചരിത്രകാരന്മാരേ . . 

No comments:

Post a Comment