Saturday, 18 June 2016

തരിസാപ്പള്ളി ശാസനത്തിലെ ഈഴവരും ഈഴവക്കയ്യരും


തരിസാപ്പള്ളി ശാസനത്തിലെ ഈഴവരും ഈഴവക്കയ്യരും
=====================================================
ലഹരിവിരുദ്ധതയാണ് നവോത്ഥാനം എന്ന തലക്കെട്ടില്‍ 20 ജൂണ്‍ 2016  ലക്കം മലയാളം വാരികയില്‍ പ്രിയ പീലിക്കോട് എഴുതിയ ലേഖനം ഏറെ അറിവുകള്‍ പകര്‍ന്നുതന്നു .ലേഖികയക്ക്‌ അനുമോദനങ്ങള്‍.
 തരിസാപ്പള്ളി ശാസനത്തെകുറിച്ചു ഗവേഷണം നടത്തുന്ന വ്യക്തി എന്ന നിലയില്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കട്ടെ .2015  നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജ് ദ്വിശതാബ്ദി ആഘോഷഭാഗമായി നടത്തപ്പെട്ട മൂന്നാം അന്തര്‍ദ്ദേശീയ ചരിത്രകോണ്‍ഫ്രന്‍സില്‍, “തരിസാപ്പള്ളി ശാസനത്തിലെ ഒളിച്ചുവയ്ക്കപ്പെട്ട പതിനേഴു നാടന്‍ സാക്ഷികള്‍” എന്ന ഗവേഷണപ്രബന്ധം അവതരിപ്പിക്കാന്‍ അവസരം കിട്ടിയ ആള്‍ ആണീ കത്ത് എഴുതുന്നത് .സി.ഇ 849 –ല്‍ വേള്‍കുല സുന്ദരനാല്‍ ചെമ്പോലയില്‍ വരയപ്പെട്ട  തരിസാപ്പള്ളി പട്ടയത്തിലാണ് ഭൂമിക്കു കരാളര്‍ ആയ വെള്ളാളര്‍ ,ഈഴവര്‍, ഈഴക്കയ്യര്‍ എന്നിവര്‍ കേരള ചരിത്ര രേഖകളില്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് .ഇംഗ്ലണ്ടിലെ ലസ്ടറില്‍ ദീമോണ്ട് ഫോര്‍ട്ട്‌ യൂണി വേര്സിറ്റിയില്‍ എലിസബത്ത് ലംബോന്‍(Elizabeth Lumbourn) എന്ന പണ്ഡിതയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങളിലെ മുപ്പതു ചരിത്ര ഗവേഷകരെ ഉള്‍പ്പെടുത്തി തരിസാപ്പള്ളി പട്ടയത്തിലെ പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയെ ആധാരമാക്കി ഗവേഷണം നടന്നു വരികയാണ്.ഈ സംഘത്തില്‍ കേരളത്തില്‍ ,മലയാളത്തില്‍, നിന്നും തരിസാപ്പള്ളി പട്ടയം”, (എസ് പി.സി .എസ് കോട്ടയം  2013 എന്ന കൃതിയുടെ കര്‍ത്താക്കളില്‍ ഒരാള്‍ (അപരന്‍ എം.ആര്‍ .രാഘവ വാര്യര്‍ ) ആയ കേശവന്‍ വെളുത്താട്ട് ആണ് പങ്കെടുക്കുന്നത് .വിവരങ്ങള്‍ www.849ce.org.uk എന്ന സൈറ്റില്‍ കിട്ടും .അതില്‍ കേശവന്‍ വെളുത്താട്ട് വെള്ളാളര്‍ എന്നത് faarm workers  ഈഴവര്‍ എന്നത് coconut (palm) vine tappers എന്നും മൊഴിമാറ്റം നടത്തി ലോക പണ്ഡിത ലോകത്തെ  തെറ്റിദ്ധരിപ്പിച്ചു എന്ന അഭിപ്രായക്കാരന്‍ ആണ് ഞാന്‍ .
വെള്ളാളര്‍ എന്ന് പറഞ്ഞാല്‍ കൃഷിക്കാരന്‍ എന്നും ഈഴവന്‍ എന്ന് പറഞ്ഞാല്‍ തെങ്ങ് ചെത്തുകാരന്‍ എന്നും അര്‍ത്ഥം പറഞ്ഞു കൊടുത്താല്‍ ശരിയാകില്ല. ഇരുകൂട്ടരും അക്കാലത്ത് ചെയ്തിരുന്ന മറ്റു പല ജോലികളും ഉണ്ടായിരുന്നു.അവര്‍ ഇരു കൂട്ടരും ജൈനമതം സ്വീകരിച്ചിരുന്നവര്‍ ആയതിനാല്‍ മറ്റു പല ജോലികളും ചെയ്തിരുന്നു .നാനംമോനം (നമോത്ത് ജിനനം = ഞാന്‍ ജിനദേവനെ നമിക്കുന്നു എന്നതിന്‍റെ ചുരുക്കം ) എഴുതാന്‍ പഠിച്ചിരുന്ന വെള്ളാളര്‍ അക്ഷരജ്ഞാ നികളും കണക്കു എഴുതാന്‍ അറിവു നേടിയവരും വസ്തുക്കള്‍ അളന്നു തിരിക്കാന്‍ അറിവുനേടിയവരും ദ്വിഭാഷികളും  മറ്റും ആയിരുന്നു .സി.കേശവന്‍ തന്‍റെ ആത്മകഥയില്‍ അദ്ദേഹത്തിന്‍റെ നാട്ടില്‍ ഈഴവരെ “ചിലന്തികള്‍” എന്ന് പരിഹസിച്ചിരുന്നതായി എഴുതി .നെയ്ത്തുകാര്‍ ആയിരുന്നതിനാല്‍ ആയിരുന്നു അത് .തരിസാപ്പള്ളി പട്ടയത്തില്‍ അങ്ങാടിയില്‍ വാഹനം കൊണ്ടുചെല്ലാന്‍ ഈഴവര്‍ക്ക് അവകാശം നല്‍കുന്നുണ്ട് .അവര്‍ നടേണ്ട വഹകള്‍ നട്ടു പരിപാലിക്കണം എന്നും പറയുന്നു .തെങ്ങുചെത്ത് കാര്‍ മാത്രമല്ല അവര്‍ തെങ്ങ് കൃഷിക്കാര്‍ കൂടി ആയിരുന്നു എന്ന് വ്യക്തം .നാലുകുടി ഈഴക്കയ്യര്‍ കൂടി നല്‍കപ്പെടുന്നു .ഈഴക്കയ്യര്‍ ആരെന്നതിനെ കുറിച്ച് പലരും പല അഭിപ്രായം പറയുന്നു .ഈഴവ സ്ത്രീകള്‍ ആവാം .അവരെ നല്‍കുന്നത് കൃഷിയ്ക്കും തേങ്ങാ - കയര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനം വില്‍ക്കാനും  ആയിരിക്കണം .അവര്‍ അങ്ങാടിയില്‍ പോകുന്നത് മദ്യ വില്‍പ്പനയ്ക്ക് മാത്രം ആവില്ലതെങ്ങായും  .കയറും തേങ്ങാ-കയര്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനും ചൈനാ തുടങ്ങിയ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു കൊടുക്കാനും ആയിരുന്നിരിക്കണം .കുരക്കേണി കൊല്ലത്ത് നിന്നും പായ്ക്കപ്പലില്‍ ചൈനയില്‍ എത്തി കുരുമുളകും മഞ്ഞളും നീലവും അവിടെ നല്‍കി അവിടെ നിന്നും ചീനമുളകും ചീനപ്പട്ടും  ചീന വെടിക്കോപ്പും ചീനവലയും ചീനബ്ഭരണിയും കൊല്ലത്ത്  കൊണ്ടുവന്നു ചീനക്കടയില്‍ (ഇന്നത് ചിന്നക്കട ) വില്‍പ്പന നടത്തിയിരുന്ന കൊല്ലംകാരില്‍ വെള്ളാളര്‍ക്ക് പുറമേ ഈഴവരും ഉണ്ടായിരുന്നിരിക്കണം .ജൈനന്മാരില്‍ നിന്ന് വൈദ്യശാസ്ത്രം പഠിച്ചു അത് പ്രയോഗത്തില്‍ ആക്കിയ ഈഴവവൈദ്യന്മാരും ഉണ്ടായിരുന്നിരിക്കണം .ഒന്‍പതാം നൂറ്റാണ്ടില്‍ താംഗ്  വംശഭരണകാലം  ചൈനയില്‍ കൊല്ലംകാരുടെ കോളനികള്‍ പോലും ഉണ്ടായിരുന്നു എന്നെഴുതി ഇളങ്ങുളം കുഞ്ഞന്‍ പിള്ള .തീര്‍ച്ചയായും അക്കൂട്ടത്തില്‍ ഈഴവരും പെടും .തരിസാപ്പള്ളി പട്ടയപ്രകാരം ഒന്‍പതാം നൂറ്റാണ്ടില്‍ കൊല്ലത്ത് ബ്രാഹ്മണര്‍ ,ക്രിസ്ത്യാനികള്‍ മുസ്ലിമുകള്‍ എന്നിവര്‍ ഉണ്ടായിരുന്നില്ല .വെള്ളാളര്‍ ,ഈഴവര്‍ ,തച്ചര്‍ ,വണ്ണാര്‍,(വാണിയര്‍ എന്ന് രാജന്‍ ഗുരുക്കള്‍ )എരുവിയര്‍ (ഉപ്പളം ജോലിക്കാര്‍)അടിമകള്‍ ,
അറുനൂറ്റവര്‍ എന്ന സൈന്യം ഇത്രയും കൂട്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ .അതില്‍ ഈഴവര്‍ മുഴുവന്‍ പേരും  ചെത്തുകാര്‍ ആയിരുന്നിരിക്കില്ല.
കൂടുതലറിയാന്‍ www.kurakenikollam849ce.blogspot.in എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുക
ദോ.കാനം ശങ്കരപ്പിള്ള പൊന്‍കുന്നം 

മൊബൈല്‍ 9447035416 ഈമെയില്‍ drkanam@gmail.com   . 

No comments:

Post a Comment