Sunday, 10 January 2016

അയ്യപ്പന്‍ തിന്തകത്തോം ,സ്വാമി തിന്തകത്തോം

അയ്യപ്പന്‍ തിന്തകത്തോം ,സ്വാമി തിന്തകത്തോം 
എരുമേലി പേട്ട തുള്ളല്‍ 
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം 9447035416
================================================


കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമാണല്ലോ ശബരിമല .ശബരിമല യാത്രയില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കുന്ന ചടങ്ങാണ് എരുമേലിയിലെ പേട്ട കെട്ടല്‍ .കോട്ടയം ജില്ലയിലെ എരുമേലി എന്ന കൊച്ചുപട്ടണതിലാണ് പേട്ടകെട്ട് അഥവാ പേട്ട തുള്ളല്‍ അരങ്ങേറുന്നത് .എരുമേലിയില്‍ നഗര്‍മദ്ധ്യത്തില്‍,പേട്ട 
കവലയില്‍ കൊച്ചമ്പലം എന്നറിയപ്പെടുന്ന അയ്യപ്പക്ഷേത്രം സ്ഥിതിചെയ്യുന്നു .അരകിലോമീറ്റര്‍ തെക്കുമാറി വലിയമ്പലം എന്ന ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നു.കൊച്ചമ്പലതിനെതിര്‍ വശം വാവരമ്പലം എന്ന് ഒരുകാലത്ത് അറിയപ്പെട്ടിരുന്ന വാവര്‍ പള്ളി സ്ഥിതിചെയ്യുന്നു .പ്രാചീന കാലം മുതല്‍തന്നെ ശബരിമലയ്ക്ക് പോകുന്ന കന്നിക്കാര്‍ എരുമേലിയില്‍ പേട്ട കെട്ടിയിരുന്നു .കാഞ്ഞിരപ്പള്ളിയ്ക്ക് സമീപമുള്ള ചിറക്കടവില്‍ നിന്നും ശബരിമലയ്ക്ക് പോകുന്ന പഴയകാലത്തെ അയ്യപ്പഭക്തന്‍ എരുമേലിയില്‍ പേട്ട കേട്ടിയിരുന്നില്ല .ചിറക്കടവില്‍ മഹാദേവന്‍റെ മക്കള്‍ പേട്ട കെട്ടുവാന്‍ പാടില്ല എന്നായിരുന്നു അക്കാലത്തെ വിശാസം .
എരുമേലിയില്‍ ഭക്തരോടൊപ്പം അയ്യപ്പനും വാവരും പേട്ട കെട്ടുന്നു എന്നായിരുന്നു മറ്റൊരു വിശ്വാസം .
കന്നിക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ആദ്യതവണ മലചവിട്ടുന്ന ഭക്തര്‍എ ല്ലാവരും തന്നെ പേട്ട തുള്ളണം എന്നതും നിര്‍ബന്ധമായിരുന്നു . 
“അത്തലന്യേ ധരണിയിലുള്ളോരു 
മര്‍ത്ത്യരോക്കയുമയ്യനെ കൂപ്പുവാന്‍ 
കൂട്ടമോടെ എരുമേലിയില്‍ ചെന്നിട്ടു 
പേട്ട ....”
കെട്ടുക ആയിരുന്നു പഴയകാല രീതി .എന്നാല്‍ ചാലക്കയം-പെരുനാട് വഴി ഉള്ള ശബരിമല യാത്രയ്ക്ക് പ്രചാരം കൂടിയതോടെ ആ വഴി പോകുന്ന അയ്യപ്പ ഭക്തര്‍ പേട്ട തുള്ളല്‍ ഒഴിവാക്കുന്നു.മുണ്ടക്കയം മൌണ്ട് വഴി പോകുന്ന ഭക്തരും പേട്ട കെട്ടുന്നില്ല .ചുരുക്കത്തില്‍ കന്നി അയ്യപ്പന്മാരില്‍ മൂന്നിലൊന്നു പേര്‍ പേട്ട കെട്ടാറില്ല .എന്നാല്‍ കേരളത്തിനു വെളിയില്‍ നിന്ന് വരുന്ന അയ്യപ്പഭക്തരില്‍ നല്ല പങ്കും വര്‍ഷം തോറും പേട്ട കെട്ടുന്നു .പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വരുന്ന ടൂരിസ്റ്റു കളും പേട്ട കെട്ടാറുണ്ട് . 
പേട്ട തുള്ളാന്‍ ഒരുങ്ങും മുമ്പ് അയ്യപ്പന്മാര്‍ വ്രതകാലത്ത് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകള്‍ സകലതും പൊറുക്കണം എന്ന് മനസ്സില്‍ പ്രാര്‍ ത്തിച്ചു കൊണ്ട് ഒരു നാണയം വെറ്റില പാക്കോടുകൂടി പുന്യപാപച്ചുമടായ ഇരുമുടിക്കെട്ടില്‍ വച്ച് നമസ്കരിക്കുന്നു .”പ്രായശ്ചിത്തം” എന്നാണീ ചടങ്ങിനു പേര്‍.പെരിയസ്വാമിക്ക് ദക്ഷിണ കൊടുക്കുന്നു .അതിനു “പേട്ടപ്പണം” എന്ന് പറയുന്നു എട്ടടിയോളം വരുന്ന ഒരു കാട്ടുകമ്പില്‍ കമ്പിളി പുതപ്പിനുള്ളില്‍ പച്ചക്കറികളും കിഴങ്ങുകളും കെട്ടിത്തൂക്കുന്നു .രണ്ടു കന്നിക്കാര്‍ കമ്പിന്‍റെ അഗ്രഭാഗങ്ങള്‍ തോളില്‍ ഏറ്റുന്നു.കന്നിക്കാരുടെ എണ്ണം അനുസരിച്ച് ജോടികളുടെ എണ്ണം കൂടുന്നു .ബാക്കിയുള്ളവര്‍ ശരക്കോല്‍ ,പച്ചിലകമ്പുകള്‍ എന്നിവ കയ്യിലേന്തും.എല്ലാവരും ഭസ്മം .കുംകുമം കരി എന്നിവ ദേഹം മുഴുവന്‍ പൂശിയിരിക്കും .പേട്ടയില്‍ വാവര്‍ പള്ളിയ്ക്ക് കിഴക്ക് വശം സ്ഥിതി ചെയ്യുന്ന കൊച്ചമ്പലത്തിന്‍റെ മുന്‍വശത്ത് നിന്നാണ് പേട്ട കേട്ടല്‍ തുടങ്ങുന്നത് .
ആദ്യമായി കോട്ടപ്പടിയില്‍ ഒരു നാളികേരം ഉരുട്ടുന്നു .അതിനുശേഷം കൊച്ചമ്പലത്തില്‍ കയറി ദര്‍ശനം നടത്തുന്നു .കൊച്ചമ്പലത്തില്‍ നിന്നിറങ്ങുന്ന പേട്ട സംഘം നിരവധി വാദ്യഘോഷങ്ങളോടെ കൊച്ചമ്പതിനു പടിഞ്ഞാറു വഴിക്ക് പടിഞ്ഞാറു സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയില്‍ ,ഇതാണ് വാവര്‍ പള്ളി ,കയറി പ്രദിക്ഷണം വയ്ക്കുന്നു .അവിടെ കാണിക്ക ഇടുന്നു .അവിടെ പള്ളിയിലെ പുരോഹിതന്‍ ഭസ്മവും കുരുമുളകും പ്രസാദം ആയി നല്‍കുന്നു .അവിടെ നിന്നും ഇറങ്ങി മെയിന്‍ റോഡു വഴി തെക്കോട്ട് വലിയമ്പലത്തിലേക്കു പേട്ട സംഘം തുള്ളല്‍ തുടരുന്നു .അവര്‍ ആനന്ദനൃത്തം നടത്തുന്നു .അയ്യപ്പന്‍ തിന്തകത്തോം ,സ്വാമി തിന്തകത്തോം എന്നാര്‍ത്തു വിളിച്ചാണ് തുള്ളല്‍ നടത്തുക .അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം എടുത്തു സംഘം വലിയമ്പലത്തില്‍ എത്തുന്നു .വലിയമ്പലത്തില്‍ എത്തി പ്രദിക്ഷണം വച്ച് പച്ച്ചിലക്കമ്പുകള്‍ ക്ഷേത്ര മുകളില്‍ നിക്ഷേപിക്കുന്നു .കര്‍പ്പൂരം കത്തിച്ചു തുള്ളല്‍ അവസാനിപ്പിച്ചു ഭക്തര്‍ ക്ഷേത്രത്തിനു മുമ്പിലുള്ള തോട്ടില്‍ ഇറങ്ങി കുളിയ്ക്കുന്നു .അതിനു ശേഷം ക്ഷേത്ര ദര്‍ശനം നടത്തുന്നു .പിന്നെ ഇരുമുടിക്കെട്ട് വച്ചിരിക്കുന്ന വിരിയില്‍ പോയി അന്ന് രാത്രിയില്‍ എരുമേലിയില്‍ വിശ്രമിക്കുക എന്നതായിരുന്നു പഴയകാലത്തെ രീതി .അടുത്ത ദിവസം രാവിലെ കുളിച്ച ശേഷം ആദ്യം വലിയ അമ്പലത്തിലും പിന്നെ കൊച്ചമ്പലത്തിലും ദര്‍ശനം നടത്തുന്നു .
പിന്നെ കോട്ടപ്പടിയാസ്ഥാനവും കടന്നു പേരൂത്തോട്ടില്‍ നീരാടി ,കനിവിനൊടു കാളകെട്ടി .അഴകിനോടു അഴുതാ നദിയില്‍ പുക്കു ,അഴുതയില്‍ കുളിച്ചു കല്ലുമെടുത്തു ,കല്ലൊരു ചുമടുമേന്തി കല്ലിടും കുന്നു കേറി കല്ലിട്ടു വലം തിരിഞ്ഞു കരിമല മുകളില്‍ പുക്കു വില്ലും ശരവും കുത്തി കിണറും കുളവും താണ്ടി പമ്പയില്‍ തീര്‍ ത്ഥമാടി ,വലിയൊരു ദാനം കഴിച്ചു ഭ്രാഹ്മണ ദക്ഷിണയും ചെയ്തു സദ്യയും കഴിച്ചു ഗുരുക്കന്മാരെ വന്ദിച്ചുകൊണ്ട് നീലിമല ചവിട്ടിക്കേറി ശബരിപീ൦ത്തിങ്കലധിവസിച്ചു ,ശരം കുത്തി വലം തിരിഞ്ഞു സത്യമായ പൊന്നുപതിനെട്ടാം പടിയും ചവിട്ടിക്കേറി ഹരിഹരസുതനെ ദര്‍ശിക്കയായിരുന്നു പഴയകാലത്തെ ശബരിമല യാത്ര .
പ്രാചീന കാലത്ത് മലയാളമാസം ധനു 27 നു മാത്രമാണ് പേട്ട തുള്ളല്‍ നടന്നിരുന്നത് .എന്നാല്‍ പിന്നീടു ധനു 20-30 
ദിവസങ്ങളില്‍ രാപകലന്യേ പേട്ട കെട്ടല്‍ ഇടമുറിയാതെ നടക്കാന്‍ തുടങ്ങി .ഇന്നിപ്പോള്‍ അയ്യപ്പന്മാര്‍ എരുമേലി വഴി യാത്രചെയ്യുന്ന ദിവസങ്ങളില്‍ എല്ലാം എരുമേലിയില്‍ പേട്ട തുള്ളലും നടക്കുന്നു .എന്നാല്‍ ഇന്നും ധനു 27 നു നടത്തപ്പെടുന്ന അമ്പലപ്പുഴ –ആലങ്ങാട് സംഘങ്ങളുടെ പേട്ട തുള്ളല്‍ ആണ് പ്രമുഖ പേട്ടതുള്ളലുകള്‍ .അവര്‍ക്ക് മാത്രമാണ് ആനയുടെ അകമ്പടിയോടെ പേട്ട തുള്ളാന്‍ അവകാശം .ദേവസം ബോര്‍ഡ് അവരെ ഔദ്യോഗികമായി സ്വീകരിക്കയും ചെയ്യും. ഇടയ്ക്ക് കുറെ വര്‍ഷക്കാലം പാലക്കാട്ട് സംഘവും ആന അകമ്പടിയോടെ പേട്ട കെട്ടിയിരുന്നു .എന്നാല്‍ ഇപ്പോള്‍ അവരെ അതിനനുവദിക്കുന്നില്ല. അമ്പലപ്പുഴ സംഘം പതിനൊന്നു മണിയോടെ പേട്ട കെട്ടുന്നു .അവര്‍ തുള്ളല്‍ തുടങ്ങണമെങ്കില്‍, ആകാശത്തില്‍ ഒരു കൃഷ്ണ പരുന്ത് വട്ടമിട്ടു പറക്കണം .അവര്‍ തുള്ളല്‍ അവസാനിപ്പിച്ചാല്‍ മാത്രം ആലങ്ങാട്ടുകാര്‍ തുള്ളല്‍ തുടങ്ങും .ആലങ്ങാട്ടുകാര്‍ തുള്ളിതുടങ്ങണമെങ്കില്‍ ആകാശത്തു നട്ടുച്ചയ്ക്ക് ഒരു നക്ഷത്രെ കാണണം .അവര്‍ വാവര്‍ പള്ളിയില്‍ കയറില്ല .ആദ്യ സംഘത്തിന്റെ കൂടെ വാവര്‍ ശബരിമലയിലേക്ക് പോകുന്നു എന്ന വിശ്വാസം ആണ് കാരണം . ആലങ്ങാട്ട് സംഘത്തിന്റെ കൂടെ അയ്യപ്പനും ശബരിമലയിലേക്ക് പോകുന്നു എന്നായിരുന്നു വിശാസം .അതിനാല്‍ ആലങ്ങാട്ട് സംഘം തുള്ളിക്കഴിഞ്ഞു മുന്‍കാലത്ത് പിന്നീട് ആ വര്‍ഷം ആരും പേട്ട തുള്ളിയിരുന്നില്ല .

അയ്യപ്പന്‍ തിന്തകത്തോം
=========================
എരുമേലി എന്ന സ്ഥലനാമത്തെ കുറിച്ച് വ്യത്യസ്ഥ  അഭിപ്രായങ്ങള്‍ നിലവിലുണ്ട് .അയ്യപ്പന്‍ എരുമയെ (മഹിഷത്തെ) കൊന്ന സ്ഥലം എന്നതിനാണ് ഏറെ പ്രചാരം .ജോസഫ് ഇടമറുകിനെ പോലുള്ള യുക്തിവാദികള്‍ അത് സമ്മതിച്ചു തരില്ലല്ലോ .ചെറിയ (മെലി = മെലിഞ്ഞത് ) ഏര്‍ (ജലം തോട് ) ഉള്ള സ്ഥലം, പടിഞ്ഞാറെ അല്ലെങ്കില്‍ മുകളിലെ കുളം (എരി+ മേലി ),പടിഞ്ഞാറെ ചെരുവ് (ഇറ+മേലി) എന്നിവയില്‍ ഏതെങ്കിലും ഒന്നായിരുന്നിരിക്കണം പൂര്‍വ്വ രൂപം എന്ന് സ്ഥലനാമഗവേഷകന്‍ കൂടിയായിരുന്ന ഇടമറുക് .മലയിടുക്കിലെ തോട് എരുവകൊല്ലി എന്നും പിന്നീടത് എരുമേലി ആയതുമാവം എന്നും അദ്ദേഹം എഴുതി .എരുവ മരം ധാരാളമുള്ള പ്രദേശം എരുമേലി ആയെന്നു എന്‍.ആര്‍ ഗോപിനാഥ പിള്ള .ഏതായാലും പുരാതന രേഖകളില്‍ എരുമേലി “എരുമകൊല്ലി” തന്നെ ആയിരുന്നു .കൊല്ലവര്‍ഷം 884- ല്‍ എഴുതപ്പെട്ട ചെമ്പഴന്നൂര്‍ പട്ടയത്തില്‍ ...നിലയ്ക്കല്‍ താലൂക്കില്‍ ശബരിമല ബാബരുസ്വാമി വകയ്ക്കും തിരുവാമ്പാടി പ്രവര്‍ത്തിയില്‍ എരുമകൊല്ലി പേട്ടയില്‍ ബാബരുസ്വാമി... എന്ന് രേഖപ്പെടുത്തിയിരുന്നു .
അയ്യപ്പന്‍,വാവര്‍,കടുത്ത,മാളികപ്പുറത്തമ്മ എന്നിവരെ കുറിച്ചും വ്യത്യസ്ഥ അഭിപ്രായങ്ങള്‍ നീലവില്‍  ഉണ്ട് .പേട്ട തുള്ളലിന്‍റെ  ആവിര്‍ഭാവത്തെ കുറിച്ചും അങ്ങനെ തന്നെ .അയ്യപ്പന്‍ എന്ന നാമത്തില്‍ ഒരു ചരിത്ര പുരുഷന്‍ കേരളത്തില്‍ ജീവിച്ചിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഇല്ല .പന്തളം രാജകുടുംബവുമായി ബന്ധമുള്ള ഒരു യോദ്ധാവ് ആയിരുന്നിരിക്കണം അയ്യപ്പന്‍ എന്ന മണികണ്ടന്‍. പാണ്ഡ്യ വംശജരായ പന്തളം രാജവംശം എഴുനൂറില്‍പ്പരം വര്‍ഷങ്ങള്‍ക്കു മുമ്പ് കൊല്ലവര്‍ഷം 377 –ല്‍ തിരുവിതാം കൂറിലേക്ക് കുടിയേറി (മുന്നൂറും പുനരെഴുപത്തുമതിനോടെഴും മുറയ്ക്കൊപ്പമായ് വന്നോരാണ്ടത പാണ്ട്യഭൂപതി കുടുംബത്തോടോപ്പന്തളെ തോന്നല്ലൂര്‍ ...എന്ന ശബരിഗിരി വര്‍ണ്ണന കാണുക)  .വള്ളിയൂര്‍ വംശത്തില്‍ നിന്ന് വന്ന ഈ രാജകുടുംബത്തിന്റെ പരദേവത ആയിരുന്നു അയ്യന്‍ .രാജ കുടുംബത്തോടൊപ്പം പോന്ന കണക്കപ്പിള്ള കുടുംബത്തിന്‍റെ ഒരു ശാഖ എരുമേലിയില്‍ താമസ്സമായി .ആ കുടുംബമാണ് എരുമേലിയിലെ കൊച്ചമ്പലം പനിയിച്ച “പുത്തന്‍ വീട്ടുകാര്‍” പുത്തന്‍ വീട്ടിലെ .പെരിശ്ശേരിപിള്ളയുടെ പൂര്‍വ്വികര്‍ തൃശ്ശിനാപ്പള്ളിയ്ക്ക് സമീപമുള്ള പനയടിയാര്‍ കോവിലില്‍ ഇന്നുമുണ്ട് .അവിടെ അയ്യന്‍റെയും  കടുത്തയുടെയും ക്ഷേത്രങ്ങള്‍ അടുത്തടുത്ത് കാണപ്പെടുന്നു .മഹിഷീ മര്‍ദ്ദനം കഴിഞ്ഞ ദിവസം രാത്രി അയ്യപ്പന്‍ പുത്തന്‍ വീട്ടിലാണ് അന്തി ഉറങ്ങിയത് .മഹിഷിയുടെ ജഡം വീണ ഉതിരക്കുളം (രുധിരക്കുളം) പുത്തന്‍ വീടിനു സമീപമുള്ള ദേവസ്വം ബോര്‍ഡു സ്കൂള്‍ പരിസരത്ത് ഇന്നും നില നില്‍ക്കുന്നു .തെങ്ങോല കെട്ടി ചാണകം കൊണ്ട് മെഴുകിയ തറയുള്ള പുത്തന്‍ വീടിനു ഏതാനും വര്ഷം മുമ്പ് തീപിടിച്ചു .പഴയ രീതിയില്‍ അത് പുനര്‍നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍ .
ആയ് വംശത്തിലെ അവസാന രാജാവായിരുന്ന, പാലിയം ശാസനം വഴി ,ശ്രീമൂല വാസം ജൈനപള്ളിയ്ക്ക് ഏറെ ഭൂമിദാനം ചെയ്തു സ്ഥാനത്യാഗം ചെയ്ത, വിക്രമാദിത്യ വരഗുണന്‍ എന്ന വെള്ളാള രാജാവാണ് പില്‍ക്കാലത്ത് അവതാര പുരുഷന്‍ ആയി ഉയര്‍ത്തപ്പെട്ട അയ്യപ്പന്‍ എന്നൊരു വാദം പ്രഫസ്സര്‍ പി.മീരാക്കുട്ടി ഉയര്ത്തിയിട്ടുണ്ട് (ശബരിമല അയ്യപ്പനും കുഞ്ചനും എന്‍.ബി.എസ് 1984).ചില ചരിത്ര സത്യങ്ങള്‍ അദ്ദേഹത്തിന്‍റെ വാദത്തെ സ്വാധൂകരിക്കുന്നു .(കമലദളം മാസിക ഒക്ടോബര്‍ ലക്കം കാണുക )
വാവരുടെ പൂര്‍വ്വികര്‍ പാണ്ടിനാട്ടിലെ അവരാം കോയില്‍ എന്ന സ്ഥലത്ത് നിന്നും  കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിയത് കലിവര്‍ഷം 4441 –ല്‍ ആണെന്ന് കുറുമള്ളൂര്‍  നാരായണ പിള്ള അദ്ദേഹത്തിന്‍റെ ശ്രീഭൂത നാഥ സര്‍വ്വസ്വം എന്നാ കൃതിയില്‍ പറയുന്നു .കൊല്ലവര്‍ഷം 915-ല്‍ അവര്‍ കീഴ്വായിപ്പൂരേയ്ക്ക് താമസം മാറ്റി.ശബരിമലയില്‍ വാവര്‍ സ്വാമി നടയില്‍ പൂജാദികള്‍ക്കുള്ള അവകാശം ഈ മുസ്ലിം കുടുംബത്തിനാണ്‌ .
പാണ്ടിനാട്ടില്‍ നിന്നുള്ള ഏതോ രാജാവ് (ഉദയനന്‍ എന്ന കൊള്ളക്കാരന്‍ എന്ന്  ഐതീഹ്യം ) സഹ്യാദ്രിസാനുക്കളിലെ തിരുവിതാം കൂര്‍ പ്രദേശം പിടിച്ചടക്കാന്‍ ശ്രമിച്ചിരിക്കാം.ഇഞ്ചിപ്പാറ ,തലപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ ആ അക്ര”മി കോട്ടകള്‍ കെട്ടിയിരിക്കാം .കോട്ടകള്‍ എരുമേലിയില്‍ വരെ എത്തിയിരിക്കാം .(കൊച്ചമ്പലത്തിനു മുമ്പിലുള്ള “കോട്ടപ്പടി” ശ്രദ്ധിക്കുക.
കന്നി അയ്യപ്പന്മാര്‍ അവിടെ നാളികേരം ഉരുട്ടുന്നു). ശത്രുസൈന്യം പന്തളം കൊട്ടാരത്തിലെ ഒരു തമ്പുരാട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കാം .ആ രാജകുമാരിയ്ക്കുണ്ടായ മകന്‍ ആവാം മണി കണ്ടന്‍ എന്ന അയ്യപ്പന്‍ .നായാട്ടിനു പോയ രാജാവ് ആ കുട്ടിയെ സ്വീകരിച്ചു കൊട്ടാരത്തില്‍ വളര്ത്തിയതാവാം .ആയോധനവിദ്യയില്‍ അമ്പലപ്പുഴ- ആലങ്ങാട് കളരികളില്‍ നിന്നും അസാമാന്യ നൈപുണ്യം നേടിയ   അയ്യപ്പന്‍ ശക്തനായ യോദ്ധാവ് ആയി മാറി .രാജ്ഞിയും മന്ത്രിയും കൂടി അയ്യപ്പനെ വധിക്കാന്‍ ശ്രമിച്ചിരിക്കാം.അതാവാം പുലിപ്പാല്‍ കൊണ്ടുവരാന്‍ വിട്ട കഥ സൂചിപ്പിക്കുന്നത് .വാവര്‍ .കടുത്ത എന്നിവര്‍ അയ്യപ്പന്‍റെ സഹായികളായ യോദ്ധാക്കള്‍ ആയിരുന്നിരിക്കണം .
കറുത്ത കമ്പിളിയില്‍ പച്ചക്കറികളും കിഴങ്ങുകളും കെട്ടിത്തൂക്കി കൊണ്ടുള്ള ആനന്ദ നൃത്തം ഒരു കാര്‍ഷികോല്‍സവതിന്‍റെ
ഓര്‍മ്മ നമ്മളില്‍ ഉണര്‍ത്തുന്നു .കുംകുമം,കരി ,ചായം എന്നിവ ദേഹത്ത് പൂശി നടത്തുന്ന നൃത്തം പല പ്രാകൃത സമൂഹങ്ങളിലും ഉണ്ടായിരുന്നു .ശീതകാലത്ത് ലോകത്തില്‍ പല ഭാഗത്തും ഇത്തരം ഉത്സവങ്ങള്‍ നടക്കുന്നു .ക്രിസ്തുമസ് ആഘോഷവും ഇക്കാലത്ത് തന്നെയാണെന്ന് ശ്രദ്ധിക്കുക .ധാന്യ ദേവത ഓസ്സിരസ്സിന്‍റെ പ്രീതിയ്ക്കുവേണ്ടി പുരാതന ഈജിപ്ത്‌ കാര്‍ നടത്തിപ്പോന്ന ഉത്സവവും മിത്രമാതക്കാരുടെ സൂര്യോല്സവവും ആണു ക്രിസ്തുമസ് ആയി മാറിയതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു .അത് പോലെ ഒരു കാര്ഷികൊല്സവത്തിനു വന്ന രൂപപരിണാമമാവാം പേട്ട കെട്ടല്‍.എരുമേലി ഒരു കാലത്ത് വാര്‍ഷിക ചന്ത ആയിരുന്നിരിക്കാം .അവിടെ കാര്ഷികൊല്‍പ്പന്നങ്ങള്‍ ക്രയവിക്രയം ചെയ്തതിന്‍റെ തിരുശേഷിപ്പാവാം പേട്ട കെട്ടല്‍ .ശബരിമല യാത്രയ്ക്കുള്ള ഭക്ഷണ സാധങ്ങള്‍ വാങ്ങിക്കൊണ്ടു പോകാന്‍ അത് തുടര്‍ന്നു പോന്നു .മുസ്ലിം സമുടായതിനുള്ള പങ്കും കാര്ഷികൊല്‍പ്പന്ന ക്രയവിക്രയം കാട്ടുന്നു .മഹിഷി എന്ന പദത്തിന് റാണി എന്നും അര്‍ത്ഥം ഉണ്ടെന്നു ഇടമറുക് .എരുമേലി ഭാഗത്തുണ്ടായിരുന്ന ദിഷ്ടയായ ഒരു റാണിയെ കൊന്ന കഥയാവാം മഹിഷീ മര്‍ദ്ദനം എന്നും ഇടമറുക് എഴുതുന്നു .ഈ റാണി തലമല കോട്ടയിലെ രാജാവുമായി സഖ്യത്തില്‍ ആയിരുന്നിരിക്കാം .
സംഘടിക്കാനും ശബ്ദമുയര്‍ത്താനുമുള്ള വാസന മനുഷസഹജമാണ് .വികസിത രാജ്യങ്ങളില്‍ മിക്ക ജോലിക്കാരും വാരാന്ത്യത്തില്‍ ഹോളിഡേ ആഘോഷിക്കുന്നു .ജോലിയുടെ കാഠിന്യത്തില്‍ നിന്ന് രക്ഷപെടാനും  വിരസത അകറ്റാനും ഉന്മേഷം കൂട്ടാനും അത് സഹായിക്കും .നമ്മുടെ നാട്ടില്‍ അത്തരം ഒരു ശീലം മുന്‍കാലത്ത് ഉണ്ടായിരുന്നില്ല (ഇന്നത് മാറി വരുന്നുണ്ട് )വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന ശരിമല ചവിട്ടലും പേ ട്ട തുള്ളലും നമ്മുടെ ആള്‍ക്കാരില്‍ ജീവിതത്തിലെ വിരസത മാറ്റുകയും അവരില്‍ നവോന്മേഷം വരുത്തുകയും ചെയ്തിരുന്നു .ഒരു യാത്രയില്‍ നിന്ന് കിട്ടിയ ഉന്മേഷം വീണ്ടും വീണ്ടും മല ചവിട്ടാനും എരുമേലിയില്‍ പേട്ട തുളളാനും അവരെ പ്രേരിപ്പിച്ചിരിക്കണം .തുടര്‍ന്ന് അത് ശീലമായി മാറി .
സര്‍വ്വ സമുദായ മൈത്രിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് എരുമേലി പേട്ട കെട്ടല്‍ .ക്ഷേത്രപ്രവേശന വിളംബരം പ്രാബല്യത്തില്‍ വരും മുന്‍പേ അവര്‍ണ്ണരും സവര്‍ണ്ണരും ഇവിടെ സാമ്പത്തിക വലിപ്പച്ചെറുപ്പം നോക്കാതെ ഒന്നിച്ചു പെട്ട കെട്ടിപ്പോന്നു .അയ്യപ്പഭക്തര്‍ക്ക് ജാതിമത വര്‍ണ്ണ ഉച്ച നീചത്വ ഭേദമില്ല .മാലയിട്ടു കഴിഞ്ഞാല്‍ എല്ലാവരും സ്വാമിമാര്‍ .ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന ഭക്തര്‍ മുഴുവന്‍ മുസ്ലിം ദേവാലയത്തില്‍ കയറിയശേഷം കുളിക്കാതെ ക്ഷേത്ര ദര്‍ശനം നടത്തുന്ന രീതി എരുമേലിയില്‍ മാത്രം .മുസ്ലിം പുരോഹിതന്‍ നല്‍കുന്ന പ്രസാദം അവരെല്ലാം വാങ്ങുന്നു ദക്ഷിണ നല്‍ കുന്നു .പേട്ട തുള്ളല്‍
നടക്കുന്ന വീഥിക്കരുകില്‍,പുത്തന്‍ വീടിനെതിരെ വിശിദ്ധ സെബാസ്ത്യന്‍റെ ഒരു കുരിശുപള്ളിയുണ്ട്.അയ്യപ്പഭക്തര്‍ അവിടെയും കാണിക്ക ഇടുന്നു .അങ്ങനെ ഹിന്ദു-മുസ്ലിം –ക്രൈസ്തവ മൈത്രിയുടെ ഏ റ്റവും നല്ല ഉദാഹരണമാണ് എരുമേലി പേട്ട തുള്ളല്‍

കൂടുതല്‍ അറിയാന്‍ 
------------------------------------
1.ഡോ .കാനം ശങ്കരപ്പിള്ള & ആനിക്കാട് പി.കെ.ശങ്കരപ്പിള്ള ,പേട്ട തുള്ളലും ക്ഷേത്ര പുരാവൃതങ്ങളും 1976
2.കുറുമള്ളൂര്‍ നാരായണപിള്ള ശ്രീഭൂതനാഥ സര്‍വ്വസ്വം 1919
3.ഇടമറുക് ജോസഫ്, ശബരിമലയും പരുന്തു പറക്കലും
4.പ്രൊഫ.പി.മീരാക്കുട്ടി ശബരിമല അയ്യപ്പനും കുഞ്ചനും എന്‍.ബി.എസ് 1984
5.ഡോ .കാനം ശങ്കരപ്പിള്ള  ,ശബരിമല അയ്യപ്പനും വിക്രമാദിത്യ വരഗുണനും ,കമലദളം മാസിക ഒക്ടോബര്‍ 2015


No comments:

Post a Comment