Sunday 26 May 2019

സഖാവ്‌ എന്ന പദവും സഖാവേ എന്ന സംബോധനയും



കാമരാജ് ഫൌണ്ടേഷന്‍ മുഖപ്പത്രം “മുന്നോട്ട്” (ചീഫ് എഡിറ്റര്‍ ജെ ഡാര്‍വിന്‍ ) മേയ് 2019 ലക്കത്തില്‍ എന്താണ് നവോത്ഥാനം?” എന്ന ആമുഖ ലേഖനം എഴുതിയ എന്‍റെ സുഹൃത്ത് Adv.രാജഗോപാല്‍, വാകത്താനം  ഇങ്ങനെ എഴുതി :”സോഷ്യലിസ്റ്റ് ആശയ പ്രചാരം നടത്തിയ (സഹോദരന്‍ ) അയ്യപ്പനാണ് സഖാവ് എന്ന സ്വാര്‍ത്ഥക പദത്തെ  സംഭാവന ചെയ്തത്”
Adv. രാജഗോപാല്‍ എഴുതിയത് ശരിയോ?
നമുക്കൊന്ന് പരിശോധിക്കാം
പി .ഗോവിന്ദപ്പിള്ളയാണ് “ദുഷ്ട ലാക്ക്” എന്ന പദം  സൃഷ്ടിച്ചത് എന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കില്ല .എന്നാല്‍ “സഖാവ്” എന്ന പദം സൃഷ്ടിച്ചത് സഹോദരന്‍ അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ ,എഴുതിയാല്‍ എത്ര പേര്‍ അത് സമ്മതിച്ചു തരും? 1950-കളുടെ ആരംഭത്തില്‍ എന്‍റെ (കാനം രാജേന്ദ്രന്‍റെയും) ജന്മനാട്ടില്‍, കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിച്ച, ചങ്ങനാശ്ശേരിക്കാരന്‍ കല്യാണ കൃഷ്ണന്‍ നായര്‍ (പില്‍ക്കാലത്ത് എം. എല്‍.ഏ ആയി ), കുമരകം ശങ്കുണ്ണി മേനോന്‍ (പില്‍ക്കാലത്ത് കുമരകം പഞ്ചായത്ത് പ്രസിഡന്റ്), എന്നിവര്‍ ഞങ്ങള്‍ കാനംകാരോട്  പറഞ്ഞത് തോഴന്‍ അര്‍ജുനനെ ഭഗവത് ഗീതാകാരന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വിളിച്ചിരുന്ന പദം ആണ് സഖാവ് എന്നായിരുന്നു .അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ പൊളി പറയുകയില്ല എന്ന വിശ്വാസത്താല്‍, ഞാന്‍ ഇതുവരെ ഭഗവത് ഗീത പരതി നോക്കി സഖാവ് എന്ന പദം ഉണ്ടോ എന്ന് നോക്കിയിട്ടില്ല .

സഹോദരന്‍ അയ്യപ്പന്‍ ആണ് ഒക്ടോബര്‍ വിപ്ലവം നടത്തിയ റഷ്യന്‍ തൊഴിലാളികളെ ആദ്യമായി “സഖാക്കളേ ” എന്ന് വിളിച്ചത് എന്ന് 
ഒരു പഴയ ഭാഷാപോഷിണി  ലക്കത്തില്‍ “പഴമയില്‍ നിന്ന്” പംക്തിയില്‍ ജി .പ്രിയദര്‍ശനന്‍ എഴുതിയിരുന്നു. ശ്രീ രാജഗോപാല്‍ അത് വായിച്ചു തെറ്റിദ്ധരിച്ചതാവണം . അടുത്ത ലക്കത്തില്‍ തന്നെ എന്‍റെ “പ്രതികരണം” വന്നു . സ്നേഹിതന്‍ ബാനര്‍ജി അത് ഏഷ്യാനെറ്റ് “മുന്‍ഷി”യില്‍ ഉദ്ധരിക്കയും ചെയ്തു .കൊച്ചിയില്‍ ചെറായില്‍ ഇരുന്നു സഹോദരന്‍ അയ്യപ്പന്‍ കടലാസ്സില്‍ അച്ചടി മഷി പുരട്ടി സഖാവേ എന്ന് മലയാളത്തില്‍ എഴുതിയാല്‍, അല്ലെങ്കില്‍ പാടിയാല്‍,  എത്ര റഷ്യന്‍ തൊഴിലാളികള്‍ അത് കേട്ടിരിക്കും ?.അഥവാ കേട്ടാല്‍ , അല്ല വായിച്ചാല്‍ ആ റഷ്യാക്കാര്‍ക്ക് മലയാളം പിടി കിട്ടുമോ ?. അവര്‍ക്കാവേശം കിട്ടുമോ ?എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍റെ ആരാധകനായ ഒരെഴുത്തുകാരന്‍ ,വൈക്കംകാരന്‍ പി .കൃഷ്ണപിള്ള ,നെടുമങ്ങാട്ട്കാരന്‍ നാരായണന്‍ ചന്ദ്രശേഖര പിള്ള (എന്‍. സി. ശേഖര്‍ ) എന്നിവരെപ്പോലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കാരന്‍ ,പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ,”ഞാനിപ്പം കമ്മ്യൂണിസ്റ്റ് ആവും” എന്ന ഹാസ്യ നാടകം എഴുതിയ ഒരു പിള്ള ,ആര്യ സമാജപ്രവര്‍ത്തകനായി പിള്ള വാല്‍ മുറിച്ചുമാറ്റി “ദേവ് “എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങിയ എതിര്‍പ്പുകാരന്‍ സാക്ഷാല്‍ കേശവ ദേവ് ആണ് ആദ്യമായി ജീവനുള്ള ശബ്ദത്തില്‍ മുന്‍പിലുള്ള ജീവനുള്ള തൊഴിലാളി കൂട്ടായ്മയെ ആദ്യമായി “സഖാക്കളേ “ എന്ന് വിളിച്ചത് .അവരെ കോരിത്തരിപ്പിച്ച ജീവനുള്ള ശബ്ദം പുറപ്പെട്ടത് കേശവദേവിന്റെ തൊണ്ടയില്‍ നിന്നും
കേശവ ദേവ് തന്നെ തന്‍റെ ആത്മകഥ ആയ എതിര്‍പ്പില്‍ ആസംഭവം വിവരിച്ചിട്ടുണ്ട് .ശ്രീ രാജഗോപാല്‍ അത് വായിച്ചു കാണില്ല ,പ്രഭാത് പ്രസിദ്ധീകരിച്ച “എതിര്‍പ്പ്” (മൂന്ന് ഭാഗം ചേര്‍ന്ന സമ്പൂര്‍ണ്ണ പതിപ്പ് 1999  പുറം 326-327 കാണുക )
കിടങ്ങാം പറമ്പ് മൈതാനത്തെ വാണീ വിലാസം കൊട്ടകയില്‍ തൊഴിലാളി സമ്മേളനം നടക്കുന്നു .കാലം ഏതെന്നു പറയുന്നില്ല .അദ്ധ്യക്ഷനും പ്രസംഗകരും തൊഴിലാളികള്‍ക്ക് പല ഉപദേശങ്ങള്‍ നല്‍കി .മിതവ്യയം ശീലിക്കണം ,മദ്യപാനം ഉപേക്ഷിക്കണം .ദൈവത്തോടു ഭക്തി വേണം മുതലാളി മാരെ ബഹുമാനിക്കണം ....എന്നിങ്ങനെ
അവസാനം അവസരം കിട്ടിയ ദേവ് തുടങ്ങിയത് ഇങ്ങനെ
“സഖാക്കളേ ,
സഖാക്കളേ എന്നാണു ഞാന്‍ നിങ്ങളെ സംബോധന ചെയ്തത് .സഹോദരങ്ങളെ എന്നല്ല .മാന്യരേ എന്നുമല്ല .മനുഷ്യര്‍ എല്ലാം സഹോരന്മാര്‍ ആകണമെങ്കില്‍ മനുഷ്യന്‍ മനുഷ്യനെ മര്‍ദ്ദിക്കാതിരിക്കണം ..........
സദസ്സ് ഹര്‍ഷാരവം മുഴക്കി .പ്ലാറ്റ് ഫോം സ്ഥബ്ദമായി  പോയി 

കേശവന്‍ തുടര്‍ന്നു 
മനുഷ്യ സമത്വത്തിനു വേണ്ടി ,മനുഷ്യസാഹോദര്യത്തിനു  വേണ്ടി,മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി  സമരം ചെയ്യുന്ന സഖാക്കള്‍ ആണ് നമ്മള്‍ ...”...”
എന്നിങ്ങനെ പോകുന്നു ദേവിന്‍റെ ആത്മകഥ .
ചുരുക്കത്തില്‍ കേരളത്തിലെ തൊഴിലാളികളെ ആദ്യമായി സഖാക്കളേ എന്ന് സംബോധന ചെയ്തത് സഹോദരന്‍ അയ്യപ്പനല്ല ആരാധകന്‍  കെടാമംഗലംകാരന്‍ കേശവ പിള്ള ആയിരുന്നു .
ദേവ് തന്‍റെ ആരാധ്യ പുരുഷന്‍ ആയിരുന്ന സഹോദരന്‍ അയ്യപ്പനുവേണ്ടി ഒരദ്ധ്യായം (19) തന്നെ മാറ്റി വച്ചു .പുലയന്‍ അയ്യപ്പന്‍ എന്ന പേരില്‍ (പുറം 162-156) .പക്ഷെ അതില്‍ ഒരിടത്തും സഹോദരന്‍ അയ്യപ്പന്‍റെ സഖാവ് പ്രയോഗത്തെ കുറിച്ച് ഒന്നും എഴുതി കാണുന്നില്ല .

സാഹിത്യപരിഷത്ത് രക്ഷാധികാരി ഇടപ്പള്ളി കരുണാകര മേനോന്‍ തന്‍റെ പുത്രന് കാമദേവന്‍റെ  പര്യായമായ “വസന്ത സഖന്‍” എന്ന പേരിട്ടത് ദേവ് വിവരിക്കുന്ന  സംഭവത്തിന്‌ മുമ്പോ പിന്‍പോ എന്നറിഞ്ഞു കൂടാ. ഏതായാലും സഖാവ് എന്ന പദം കണ്ടു പിടിച്ചത് സഹോദരന്‍ അയ്യപ്പനല്ല .ജീവനുള്ള തൊഴിലാളികളെ നേരില്‍ സഖാവേ എന്ന്‍ സംബോധന ചെയ്തതും അയ്യപ്പന്‍ അല്ല .ആ ബഹുമതിക്കര്‍ഹന്‍
കേശവ ദേവ് തന്നെ .

ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ: 9447035416
ഈ മെയില്‍ : drkanam@gmail.com
ബ്ലോഗ്‌: www.charithravayana.blogspot.in





No comments:

Post a Comment