Monday, 20 May 2019

ഡാണാവും പിന്നെ പിച്ചു അയ്യരും




കോട്ടയം അഡീഷണല്‍ എസ്.പി നസീം, തന്‍റെ നാട്ടുകാരന്‍ ആയിരുന്ന കായംകുളം കൊച്ചുണ്ണിയെ കുറിച്ച് ഗവേഷണം നടത്തി, എഴുതിവരുന്ന സചിത്ര പഠനം വിഷയമാക്കി ജി.ജ്യോതിലാല്‍ 2019 മേയ്19 –ലക്കം  മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ “കൊച്ചുണ്ണിയെ ത്തേടി കേരള പോലീസ്” എന്ന ലേഖനം താല്പ്പര്യപൂര്‍വ്വം വായിച്ചു .ലേഖകനെയും ശ്രീ നസീമിനെയും അനുമോദിക്കുന്നു.
”ഡാണാവ്” എന്ന സ്ഥാപനത്തെ കുറിച്ച് നേരത്തെ കേട്ടിരുന്നു .ഹരിപ്പാടിനടുത്ത് ഉണ്ടായിരുന്ന ഡാണാവില്‍ ആയിരുന്നത്രേ കായകുളം കൊച്ചുണ്ണിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത് .പുരാതന കാലത്തെ ജയില്‍ ആയിരുന്നു ഡാണാവ് എന്ന് കേട്ടിരുന്നു അതിന്‍റെ  ഫോട്ടോ ശ്രീ നസീമിന്‍റെ കൈവശം ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം .എന്നാല്‍ ലേഖനത്തില്‍ ആ ഫോട്ടോ കണ്ടില്ല

 ഞങ്ങളുടെ കോട്ടയം ജില്ലയിലും ഒരു ഡാണാവ് ഉണ്ടായിരുന്നു .
പുളിക്കല്‍ കവല എന്നറിയപ്പെടുന്ന കോട്ടയം പതിനാലാം മൈലില്‍ നിന്നും ചങ്ങനാശേരിയിലേയ്ക്ക് പോകുമ്പോള്‍ കാഞ്ഞിരപ്പാറയ്ക്ക്
മുമ്പായി സര്‍വ്വീസ് ബസ്സുകള്‍  നിര്‍ത്തുന്ന “ഡാണാപ്പടി” ഉണ്ട് .തൊട്ടു തന്നെയുള്ള വീടിന്‍റെ പേര്‍ “ഡാണാവുങ്കല്‍” .പുരാതന കാലത്ത് കോട്ടയം –കുമളി (കെ.കെ) റോഡു നിര്‍മ്മിക്കപ്പെടും മുമ്പ്  ചങ്ങനാശ്ശേരി ചന്തയിലേക്ക് കുമളിയില്‍ നിന്നും പൊതിമാടുകള്‍ (കഴുത,കുതിര  തുടങ്ങി ഭാരം വഹിക്കുന്ന മൃഗങ്ങള്‍ .ഇവയ്ക്കു കൊടുക്കേണ്ട കരം എത്ര എന്ന് കാട്ടുന്ന ഒരു പുരാതന ശാസനം ,മാവേലി ബാണാദിരായ ശാസനം കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന മധുര മീനാക്ഷി ശാസനത്തില്‍ കാണാം  ) കച്ചവട സാധനങ്ങള്‍ കൊണ്ട് പോയിരുന്നത് കാഞ്ഞിരപ്പള്ളി മണ്ണംപ്ലാവ് -മണക്കാട്-ചിറക്കടവ്‌ ക്ഷേത്രം -ശാസ്താം കാവ് -കുതിരവട്ടം (ഇന്ന് തീര്‍ത്ഥപാദപുരം.എന്‍ എസ് എസ് കോളേജ് ഇരിക്കും സ്ഥലം .സായിപ്പ് കുതിരയെ കെട്ടിയിരുന്ന സ്ഥലം),കാനം-കാഞ്ഞിരപ്പാറ വഴി ആയിരുന്നു .കാനത്തില്‍ കാനം രാജേന്ദ്രന്‍റെ (എന്റേയും ) വീടിനടുത്ത്, അന്തരിച്ച വില്ലേജ് ഓഫീസര്‍ മ്ലാക്കുഴിയില്‍ ശങ്കരപ്പിള്ള താമസിച്ചിരുന്ന  ശാന്തഭവന്‍ എന്ന വീടിരിക്കുന്ന ഭാഗം “ഇളപ്പുങ്കല്‍” എന്നാണു വിളിക്കപ്പെട്ടിരുന്നത് .ഭാരം താഴ്ത്തി വച്ച് വിശ്രമിക്കാന്‍ അവിടെ പഴയകാലത്ത് ഒരു ചുമടു താങ്ങി (,ഇളപ്പ് ,അത്താണി) ഉണ്ടായിരുന്നിരിക്കണം .കെ.കെ റോഡില്‍ കൊടുങ്ങൂര്‍ നിന്നും കാനത്തിനു തിരിയുന്ന സ്ഥലത്തും (ഇപ്പോഴത്തെ വാഴൂര്‍ ഗവ .പ്രസ് ഇരിക്കുന്ന ഭാഗം ) പണ്ട് ഇളപ്പ്(അത്താണി ) ഉണ്ടായിരുന്നു .അതിനാല്‍ ആ ഭാഗവും ഇളപ്പുങ്കല്‍ എന്നറിയപ്പെട്ടു .ഡാണാവ് എങ്ങനെ ഇരിക്കും എന്നറിയാന്‍ ശ്രീ നസീം കൈവശമുള്ള ഫോട്ടോ ഒന്നയച്ചു തരും എന്ന് കരുതുന്നു .

ശ്രീ നസീം ഫോട്ടോ സഹിതം ആലപ്പുഴയിലെ പിച്ചു അയ്യര്‍, മകന്‍ ശങ്കര അയ്യര്‍ എന്നിവരെ സ്മരിക്കുന്നത് നല്ല കാര്യം .റോബിന്‍ ജഫ്രി തന്‍റെ “നായര്‍ മേധാവിത്വത്തിന്‍റെ പതനം” (ഡി സി ബുക്സ്) എന്ന ചരിത്ര ഗ്രന്ഥത്തില്‍ പിച്ചു അയ്യരെ പരാമര്‍ശിച്ചത് ഓര്‍മ്മയില്‍ വരുന്നു (പുറം 135 .എഡീഷന്‍ 2003)
1880 –നോട് കൂടി ഒരു അരിവയ്പ്പു കാരന്‍ ആയിട്ടാണ് പിച്ചു അയ്യര്‍ ആലപ്പുഴയില്‍ വന്നത്.പരദേശ ബ്രാഹ്മണര്‍ പണ്ടേ നടത്തിയിരുന്നതു  പോലെ അയാളും അരിക്കച്ചവടം തുടങ്ങി.തുടര്‍ന്നു പണം കടം കൊടുപ്പും .പില്‍ക്കാലത്ത് ഭൂമി വാങ്ങി ഒരു കൂറ്റന്‍ കെട്ടിടം വച്ചു . അതിനു സമീപം ഉള്ള നാല്‍ക്കവല ഇന്നും അയാളുടെ പേരിലാണ് അറിയപ്പെടുന്നത് “

ശ്രീ നസീമിന്‍റെ മൊബൈല്‍ /ഈ മെയില്‍ കൂടി നല്‍കാമായിരുന്നു

No comments:

Post a Comment