Wednesday, 29 May 2019

ചില ജാതക കാര്യങ്ങള്‍


ചില ജാതക കാര്യങ്ങള്‍
പലരും വാട്സ് ആപ് ഗ്രൂപ്പുകളില്‍ ചേരുന്നത് തങ്ങള്‍ക്കോ മക്കള്‍ക്കോ അനുയോജ്യമായ വിവാഹ ബന്ധം കിട്ടാന്‍ ആണെന്ന് കാണാം .പലരും തങ്ങളുടെ അല്ലെങ്കില്‍ സന്താനങ്ങളുടെ ഫോട്ടോ ജനനസമയം സ്ഥലം ഗ്രഹനില എന്നിവ പരസ്യമായി നല്‍കുന്നതും കാണാം .എഴുപത്തി അഞ്ചിലെത്തിയ ജ്യോതിഷ വിശാസിയായ , അനുഭവ സമ്പന്നനായ മുതിര്‍ന്ന പൌരന്‍ എന്ന നിലയില്‍ അതിലെ അപകടം ചൂണ്ടിക്കാണിക്കട്ടെ .നിങ്ങള്‍ ഗ്രഹനില പരസ്യമായി നല്‍കിയാല്‍ സാമ്പത്തിക നില ,സമൂഹത്തിലെ നില, വില .ഉദ്യോഗം, സൌന്ദര്യം തുടങ്ങിയ കാരണങ്ങളാല്‍ നിങ്ങളുമായി ബന്ധം കൂടണമെന്ന് താല്‍പ്പര്യം ഉള്ള ഒരാള്‍ നിങ്ങള്‍ നല്‍കിയ ഗ്രഹനിലയ്ക്ക് അനുയോഗ്യമായ ഗ്രഹനില കൃത്രിമമായി ഉണ്ടാക്കി നിങ്ങളെ സമീപിച്ചു എന്ന് വരാം .ഇത്തരം ചില അനുഭവങ്ങള്‍  നേരിട്ടറിയാം .അതിനാല്‍ ഗ്രഹനില ഇങ്ങോട്ട് വാങ്ങി യോജിക്കുമോ എന്ന് നോക്കിയശേഷം മാത്രം നിങ്ങളുടെ /കുട്ടിയുടെ ഗ്രഹനില കൊടുക്കാവൂ.
ര ണ്ടാമത്തെ  കാര്യം ആര് ഗ്രഹനില നല്കിയാലും അത് ശരി എന്ന് കണക്കാക്കി ജാതകം നോക്കിയക്കരുത്ത് .ജനസമയം സ്ഥലം എന്നിവ മാത്രം എടുത്ത് നിങ്ങള്ക്ക് വിശാസം ഉള്ള ജ്യോത്സരെ കൊണ്ടു ഗ്രഹനില എഴുതിച്ച ശേഷം മാത്രം പൊരുത്തം നോക്കിക്കുക .തെറ്റായ ഗ്രഹനില രേഖപ്പെടുത്തിയ പല ജാതകങ്ങള്‍ നേരി കണ്ടിട്ടുണ്ട്
മൂനാമത്തെ കാര്യം .പരസ്പരം ഇഷ്ടപ്പെട്ട ,ഇരുകൂട്ടര്‍ക്കും യഥാര്‍ത്ഥ പ്രേമം ആണെങ്കില്‍ ജാതക പൊരുത്തം നോക്കേണ്ട

Sunday, 26 May 2019

സഖാവ്‌ എന്ന പദവും സഖാവേ എന്ന സംബോധനയും



കാമരാജ് ഫൌണ്ടേഷന്‍ മുഖപ്പത്രം “മുന്നോട്ട്” (ചീഫ് എഡിറ്റര്‍ ജെ ഡാര്‍വിന്‍ ) മേയ് 2019 ലക്കത്തില്‍ എന്താണ് നവോത്ഥാനം?” എന്ന ആമുഖ ലേഖനം എഴുതിയ എന്‍റെ സുഹൃത്ത് Adv.രാജഗോപാല്‍, വാകത്താനം  ഇങ്ങനെ എഴുതി :”സോഷ്യലിസ്റ്റ് ആശയ പ്രചാരം നടത്തിയ (സഹോദരന്‍ ) അയ്യപ്പനാണ് സഖാവ് എന്ന സ്വാര്‍ത്ഥക പദത്തെ  സംഭാവന ചെയ്തത്”
Adv. രാജഗോപാല്‍ എഴുതിയത് ശരിയോ?
നമുക്കൊന്ന് പരിശോധിക്കാം
പി .ഗോവിന്ദപ്പിള്ളയാണ് “ദുഷ്ട ലാക്ക്” എന്ന പദം  സൃഷ്ടിച്ചത് എന്ന് പറഞ്ഞാല്‍ ആരും എതിര്‍ക്കില്ല .എന്നാല്‍ “സഖാവ്” എന്ന പദം സൃഷ്ടിച്ചത് സഹോദരന്‍ അയ്യപ്പന്‍ എന്ന് പറഞ്ഞാല്‍ ,എഴുതിയാല്‍ എത്ര പേര്‍ അത് സമ്മതിച്ചു തരും? 1950-കളുടെ ആരംഭത്തില്‍ എന്‍റെ (കാനം രാജേന്ദ്രന്‍റെയും) ജന്മനാട്ടില്‍, കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിച്ച, ചങ്ങനാശ്ശേരിക്കാരന്‍ കല്യാണ കൃഷ്ണന്‍ നായര്‍ (പില്‍ക്കാലത്ത് എം. എല്‍.ഏ ആയി ), കുമരകം ശങ്കുണ്ണി മേനോന്‍ (പില്‍ക്കാലത്ത് കുമരകം പഞ്ചായത്ത് പ്രസിഡന്റ്), എന്നിവര്‍ ഞങ്ങള്‍ കാനംകാരോട്  പറഞ്ഞത് തോഴന്‍ അര്‍ജുനനെ ഭഗവത് ഗീതാകാരന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ വിളിച്ചിരുന്ന പദം ആണ് സഖാവ് എന്നായിരുന്നു .അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാക്കള്‍ പൊളി പറയുകയില്ല എന്ന വിശ്വാസത്താല്‍, ഞാന്‍ ഇതുവരെ ഭഗവത് ഗീത പരതി നോക്കി സഖാവ് എന്ന പദം ഉണ്ടോ എന്ന് നോക്കിയിട്ടില്ല .

സഹോദരന്‍ അയ്യപ്പന്‍ ആണ് ഒക്ടോബര്‍ വിപ്ലവം നടത്തിയ റഷ്യന്‍ തൊഴിലാളികളെ ആദ്യമായി “സഖാക്കളേ ” എന്ന് വിളിച്ചത് എന്ന് 
ഒരു പഴയ ഭാഷാപോഷിണി  ലക്കത്തില്‍ “പഴമയില്‍ നിന്ന്” പംക്തിയില്‍ ജി .പ്രിയദര്‍ശനന്‍ എഴുതിയിരുന്നു. ശ്രീ രാജഗോപാല്‍ അത് വായിച്ചു തെറ്റിദ്ധരിച്ചതാവണം . അടുത്ത ലക്കത്തില്‍ തന്നെ എന്‍റെ “പ്രതികരണം” വന്നു . സ്നേഹിതന്‍ ബാനര്‍ജി അത് ഏഷ്യാനെറ്റ് “മുന്‍ഷി”യില്‍ ഉദ്ധരിക്കയും ചെയ്തു .കൊച്ചിയില്‍ ചെറായില്‍ ഇരുന്നു സഹോദരന്‍ അയ്യപ്പന്‍ കടലാസ്സില്‍ അച്ചടി മഷി പുരട്ടി സഖാവേ എന്ന് മലയാളത്തില്‍ എഴുതിയാല്‍, അല്ലെങ്കില്‍ പാടിയാല്‍,  എത്ര റഷ്യന്‍ തൊഴിലാളികള്‍ അത് കേട്ടിരിക്കും ?.അഥവാ കേട്ടാല്‍ , അല്ല വായിച്ചാല്‍ ആ റഷ്യാക്കാര്‍ക്ക് മലയാളം പിടി കിട്ടുമോ ?. അവര്‍ക്കാവേശം കിട്ടുമോ ?എന്നാല്‍ സഹോദരന്‍ അയ്യപ്പന്‍റെ ആരാധകനായ ഒരെഴുത്തുകാരന്‍ ,വൈക്കംകാരന്‍ പി .കൃഷ്ണപിള്ള ,നെടുമങ്ങാട്ട്കാരന്‍ നാരായണന്‍ ചന്ദ്രശേഖര പിള്ള (എന്‍. സി. ശേഖര്‍ ) എന്നിവരെപ്പോലെ ആദ്യകാല കമ്മ്യൂണിസ്റ്റ് കാരന്‍ ,പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ,”ഞാനിപ്പം കമ്മ്യൂണിസ്റ്റ് ആവും” എന്ന ഹാസ്യ നാടകം എഴുതിയ ഒരു പിള്ള ,ആര്യ സമാജപ്രവര്‍ത്തകനായി പിള്ള വാല്‍ മുറിച്ചുമാറ്റി “ദേവ് “എന്ന രണ്ടക്ഷരത്തില്‍ ഒതുങ്ങിയ എതിര്‍പ്പുകാരന്‍ സാക്ഷാല്‍ കേശവ ദേവ് ആണ് ആദ്യമായി ജീവനുള്ള ശബ്ദത്തില്‍ മുന്‍പിലുള്ള ജീവനുള്ള തൊഴിലാളി കൂട്ടായ്മയെ ആദ്യമായി “സഖാക്കളേ “ എന്ന് വിളിച്ചത് .അവരെ കോരിത്തരിപ്പിച്ച ജീവനുള്ള ശബ്ദം പുറപ്പെട്ടത് കേശവദേവിന്റെ തൊണ്ടയില്‍ നിന്നും
കേശവ ദേവ് തന്നെ തന്‍റെ ആത്മകഥ ആയ എതിര്‍പ്പില്‍ ആസംഭവം വിവരിച്ചിട്ടുണ്ട് .ശ്രീ രാജഗോപാല്‍ അത് വായിച്ചു കാണില്ല ,പ്രഭാത് പ്രസിദ്ധീകരിച്ച “എതിര്‍പ്പ്” (മൂന്ന് ഭാഗം ചേര്‍ന്ന സമ്പൂര്‍ണ്ണ പതിപ്പ് 1999  പുറം 326-327 കാണുക )
കിടങ്ങാം പറമ്പ് മൈതാനത്തെ വാണീ വിലാസം കൊട്ടകയില്‍ തൊഴിലാളി സമ്മേളനം നടക്കുന്നു .കാലം ഏതെന്നു പറയുന്നില്ല .അദ്ധ്യക്ഷനും പ്രസംഗകരും തൊഴിലാളികള്‍ക്ക് പല ഉപദേശങ്ങള്‍ നല്‍കി .മിതവ്യയം ശീലിക്കണം ,മദ്യപാനം ഉപേക്ഷിക്കണം .ദൈവത്തോടു ഭക്തി വേണം മുതലാളി മാരെ ബഹുമാനിക്കണം ....എന്നിങ്ങനെ
അവസാനം അവസരം കിട്ടിയ ദേവ് തുടങ്ങിയത് ഇങ്ങനെ
“സഖാക്കളേ ,
സഖാക്കളേ എന്നാണു ഞാന്‍ നിങ്ങളെ സംബോധന ചെയ്തത് .സഹോദരങ്ങളെ എന്നല്ല .മാന്യരേ എന്നുമല്ല .മനുഷ്യര്‍ എല്ലാം സഹോരന്മാര്‍ ആകണമെങ്കില്‍ മനുഷ്യന്‍ മനുഷ്യനെ മര്‍ദ്ദിക്കാതിരിക്കണം ..........
സദസ്സ് ഹര്‍ഷാരവം മുഴക്കി .പ്ലാറ്റ് ഫോം സ്ഥബ്ദമായി  പോയി 

കേശവന്‍ തുടര്‍ന്നു 
മനുഷ്യ സമത്വത്തിനു വേണ്ടി ,മനുഷ്യസാഹോദര്യത്തിനു  വേണ്ടി,മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി  സമരം ചെയ്യുന്ന സഖാക്കള്‍ ആണ് നമ്മള്‍ ...”...”
എന്നിങ്ങനെ പോകുന്നു ദേവിന്‍റെ ആത്മകഥ .
ചുരുക്കത്തില്‍ കേരളത്തിലെ തൊഴിലാളികളെ ആദ്യമായി സഖാക്കളേ എന്ന് സംബോധന ചെയ്തത് സഹോദരന്‍ അയ്യപ്പനല്ല ആരാധകന്‍  കെടാമംഗലംകാരന്‍ കേശവ പിള്ള ആയിരുന്നു .
ദേവ് തന്‍റെ ആരാധ്യ പുരുഷന്‍ ആയിരുന്ന സഹോദരന്‍ അയ്യപ്പനുവേണ്ടി ഒരദ്ധ്യായം (19) തന്നെ മാറ്റി വച്ചു .പുലയന്‍ അയ്യപ്പന്‍ എന്ന പേരില്‍ (പുറം 162-156) .പക്ഷെ അതില്‍ ഒരിടത്തും സഹോദരന്‍ അയ്യപ്പന്‍റെ സഖാവ് പ്രയോഗത്തെ കുറിച്ച് ഒന്നും എഴുതി കാണുന്നില്ല .

സാഹിത്യപരിഷത്ത് രക്ഷാധികാരി ഇടപ്പള്ളി കരുണാകര മേനോന്‍ തന്‍റെ പുത്രന് കാമദേവന്‍റെ  പര്യായമായ “വസന്ത സഖന്‍” എന്ന പേരിട്ടത് ദേവ് വിവരിക്കുന്ന  സംഭവത്തിന്‌ മുമ്പോ പിന്‍പോ എന്നറിഞ്ഞു കൂടാ. ഏതായാലും സഖാവ് എന്ന പദം കണ്ടു പിടിച്ചത് സഹോദരന്‍ അയ്യപ്പനല്ല .ജീവനുള്ള തൊഴിലാളികളെ നേരില്‍ സഖാവേ എന്ന്‍ സംബോധന ചെയ്തതും അയ്യപ്പന്‍ അല്ല .ആ ബഹുമതിക്കര്‍ഹന്‍
കേശവ ദേവ് തന്നെ .

ഡോ കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം
മൊബ: 9447035416
ഈ മെയില്‍ : drkanam@gmail.com
ബ്ലോഗ്‌: www.charithravayana.blogspot.in





Monday, 20 May 2019

ഡാണാവും പിന്നെ പിച്ചു അയ്യരും




കോട്ടയം അഡീഷണല്‍ എസ്.പി നസീം, തന്‍റെ നാട്ടുകാരന്‍ ആയിരുന്ന കായംകുളം കൊച്ചുണ്ണിയെ കുറിച്ച് ഗവേഷണം നടത്തി, എഴുതിവരുന്ന സചിത്ര പഠനം വിഷയമാക്കി ജി.ജ്യോതിലാല്‍ 2019 മേയ്19 –ലക്കം  മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ “കൊച്ചുണ്ണിയെ ത്തേടി കേരള പോലീസ്” എന്ന ലേഖനം താല്പ്പര്യപൂര്‍വ്വം വായിച്ചു .ലേഖകനെയും ശ്രീ നസീമിനെയും അനുമോദിക്കുന്നു.
”ഡാണാവ്” എന്ന സ്ഥാപനത്തെ കുറിച്ച് നേരത്തെ കേട്ടിരുന്നു .ഹരിപ്പാടിനടുത്ത് ഉണ്ടായിരുന്ന ഡാണാവില്‍ ആയിരുന്നത്രേ കായകുളം കൊച്ചുണ്ണിയെ തടവില്‍ പാര്‍പ്പിച്ചിരുന്നത് .പുരാതന കാലത്തെ ജയില്‍ ആയിരുന്നു ഡാണാവ് എന്ന് കേട്ടിരുന്നു അതിന്‍റെ  ഫോട്ടോ ശ്രീ നസീമിന്‍റെ കൈവശം ഉണ്ട് എന്നറിയുന്നതില്‍ സന്തോഷം .എന്നാല്‍ ലേഖനത്തില്‍ ആ ഫോട്ടോ കണ്ടില്ല

 ഞങ്ങളുടെ കോട്ടയം ജില്ലയിലും ഒരു ഡാണാവ് ഉണ്ടായിരുന്നു .
പുളിക്കല്‍ കവല എന്നറിയപ്പെടുന്ന കോട്ടയം പതിനാലാം മൈലില്‍ നിന്നും ചങ്ങനാശേരിയിലേയ്ക്ക് പോകുമ്പോള്‍ കാഞ്ഞിരപ്പാറയ്ക്ക്
മുമ്പായി സര്‍വ്വീസ് ബസ്സുകള്‍  നിര്‍ത്തുന്ന “ഡാണാപ്പടി” ഉണ്ട് .തൊട്ടു തന്നെയുള്ള വീടിന്‍റെ പേര്‍ “ഡാണാവുങ്കല്‍” .പുരാതന കാലത്ത് കോട്ടയം –കുമളി (കെ.കെ) റോഡു നിര്‍മ്മിക്കപ്പെടും മുമ്പ്  ചങ്ങനാശ്ശേരി ചന്തയിലേക്ക് കുമളിയില്‍ നിന്നും പൊതിമാടുകള്‍ (കഴുത,കുതിര  തുടങ്ങി ഭാരം വഹിക്കുന്ന മൃഗങ്ങള്‍ .ഇവയ്ക്കു കൊടുക്കേണ്ട കരം എത്ര എന്ന് കാട്ടുന്ന ഒരു പുരാതന ശാസനം ,മാവേലി ബാണാദിരായ ശാസനം കാഞ്ഞിരപ്പള്ളിയിലെ അതിപുരാതന മധുര മീനാക്ഷി ശാസനത്തില്‍ കാണാം  ) കച്ചവട സാധനങ്ങള്‍ കൊണ്ട് പോയിരുന്നത് കാഞ്ഞിരപ്പള്ളി മണ്ണംപ്ലാവ് -മണക്കാട്-ചിറക്കടവ്‌ ക്ഷേത്രം -ശാസ്താം കാവ് -കുതിരവട്ടം (ഇന്ന് തീര്‍ത്ഥപാദപുരം.എന്‍ എസ് എസ് കോളേജ് ഇരിക്കും സ്ഥലം .സായിപ്പ് കുതിരയെ കെട്ടിയിരുന്ന സ്ഥലം),കാനം-കാഞ്ഞിരപ്പാറ വഴി ആയിരുന്നു .കാനത്തില്‍ കാനം രാജേന്ദ്രന്‍റെ (എന്റേയും ) വീടിനടുത്ത്, അന്തരിച്ച വില്ലേജ് ഓഫീസര്‍ മ്ലാക്കുഴിയില്‍ ശങ്കരപ്പിള്ള താമസിച്ചിരുന്ന  ശാന്തഭവന്‍ എന്ന വീടിരിക്കുന്ന ഭാഗം “ഇളപ്പുങ്കല്‍” എന്നാണു വിളിക്കപ്പെട്ടിരുന്നത് .ഭാരം താഴ്ത്തി വച്ച് വിശ്രമിക്കാന്‍ അവിടെ പഴയകാലത്ത് ഒരു ചുമടു താങ്ങി (,ഇളപ്പ് ,അത്താണി) ഉണ്ടായിരുന്നിരിക്കണം .കെ.കെ റോഡില്‍ കൊടുങ്ങൂര്‍ നിന്നും കാനത്തിനു തിരിയുന്ന സ്ഥലത്തും (ഇപ്പോഴത്തെ വാഴൂര്‍ ഗവ .പ്രസ് ഇരിക്കുന്ന ഭാഗം ) പണ്ട് ഇളപ്പ്(അത്താണി ) ഉണ്ടായിരുന്നു .അതിനാല്‍ ആ ഭാഗവും ഇളപ്പുങ്കല്‍ എന്നറിയപ്പെട്ടു .ഡാണാവ് എങ്ങനെ ഇരിക്കും എന്നറിയാന്‍ ശ്രീ നസീം കൈവശമുള്ള ഫോട്ടോ ഒന്നയച്ചു തരും എന്ന് കരുതുന്നു .

ശ്രീ നസീം ഫോട്ടോ സഹിതം ആലപ്പുഴയിലെ പിച്ചു അയ്യര്‍, മകന്‍ ശങ്കര അയ്യര്‍ എന്നിവരെ സ്മരിക്കുന്നത് നല്ല കാര്യം .റോബിന്‍ ജഫ്രി തന്‍റെ “നായര്‍ മേധാവിത്വത്തിന്‍റെ പതനം” (ഡി സി ബുക്സ്) എന്ന ചരിത്ര ഗ്രന്ഥത്തില്‍ പിച്ചു അയ്യരെ പരാമര്‍ശിച്ചത് ഓര്‍മ്മയില്‍ വരുന്നു (പുറം 135 .എഡീഷന്‍ 2003)
1880 –നോട് കൂടി ഒരു അരിവയ്പ്പു കാരന്‍ ആയിട്ടാണ് പിച്ചു അയ്യര്‍ ആലപ്പുഴയില്‍ വന്നത്.പരദേശ ബ്രാഹ്മണര്‍ പണ്ടേ നടത്തിയിരുന്നതു  പോലെ അയാളും അരിക്കച്ചവടം തുടങ്ങി.തുടര്‍ന്നു പണം കടം കൊടുപ്പും .പില്‍ക്കാലത്ത് ഭൂമി വാങ്ങി ഒരു കൂറ്റന്‍ കെട്ടിടം വച്ചു . അതിനു സമീപം ഉള്ള നാല്‍ക്കവല ഇന്നും അയാളുടെ പേരിലാണ് അറിയപ്പെടുന്നത് “

ശ്രീ നസീമിന്‍റെ മൊബൈല്‍ /ഈ മെയില്‍ കൂടി നല്‍കാമായിരുന്നു

Thursday, 16 May 2019

രസവിദ്യയും തൈക്കാട് അയ്യാവു സ്വാമികളും



പച്ചക്കുതിര 2019 മേയ് ലക്കത്തില്‍ “ചരിത്രം” എന്ന തലക്കെട്ടില്‍ സുരേഷ്  മാധവ് എഴുതിയ “മലൈ രാമദേവര്‍ എന്ന യാക്കൂബ് “ എന്ന ലേഖനത്തില്‍ രാമദേവരുടെ പാടലുകള്‍ എന്ന തലക്കെട്ടിനടിയില്‍, തൈക്കാട്ട് അയ്യാവും സദാനന്ദ സ്വാമികളും രസവിദ്യ കൈവശം ആക്കിയവര്‍ ആണെന്ന് സൂചിപ്പിച്ചശേഷം ഇങ്ങനെ എഴുതി “രസവിദ്യയുടെ ഭൌതീക  ലാഭത്തെ അവഗണിച്ചു മുന്നോട്ടു പോയവരാണ് ചട്ടമ്പി സ്വാമിയും നാരായണ ഗുരുവുമെന്നു ചരിത്രത്തില്‍ കാണാം“(പുറം 26).
ഏതു ചരിത്രത്തില്‍ എവിടെ എപ്പോള്‍ ആരെഴുതി എന്നൊന്നും  ലേഖകന്‍ വിശദമാക്കുന്നില്ല .ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ ഇരുപതില്‍ കുറയാതെയും ചട്ടമ്പി സ്വാമിയുടെ ജീവചരിത്രങ്ങളില്‍ പതിനഞ്ചില്‍ കുറയാതെയും വായിച്ച ഒരു ചരിത്രവായനക്കാരന്‍ എന്ന നിലയില്‍, ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രങ്ങളില്‍ ഒന്നില്‍ പോലും അത്തരം ഒരു പരാമര്‍ശനം കണ്ടതായി ഓര്‍മ്മയില്ല  .
ചട്ടമ്പി സ്വാമികളുടെ ജീവചരിത്രകാരന്മാരില്‍ ഒരാളും   (പ്രഭാത് 2009-ല്‍ പ്രസിദ്ധീ കരിച്ച ബ്രഹ്മശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ രചിച്ച എസ്. ബാലന്‍പിള്ളയും  മഹാപ്രഭുഎന്ന നോവല്‍ രചിച്ച വൈക്കം വിവേകാനന്ദനും  ഒരു കള്ളക്കഥ എഴുതിയിട്ടുണ്ട് .ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ചട്ടമ്പി സ്വാമികളുടെയും  ശ്രീനാരായണ ഗുരുവിന്റെയും യഥാര്‍ത്ഥ ആത്മീയ ഗുരു അല്ല എന്ന് എഴുതി വച്ചിട്ടുമു ണ്ട് .
അദ്ദേഹം അവരെ യോഗവിദ്യ മാത്രം അല്‍പ്പം  ചിലതൊക്കെ പരിശീലിപ്പിച്ച  ഒരു ആദ്യകാല  വെണ്കുളം പരമേശ്വരന്‍ എന്ന് പറയാതെ പറഞ്ഞു കൊണ്ട്   ശിഷ്യര്‍ ഇരുവരും അത് മുഴുവനാക്കാതെ ഗുരുവിനെ ഉപേക്ഷിച്ചു എന്നും എഴുതിയിരിക്കുന്നു.  അയ്യാസ്വാമികള്‍ രസവാദത്തില്‍ ,ചെമ്പില്‍ നിന്നും സ്വര്‍ണ്ണം ഉണ്ടാക്കുന്ന തന്ത്രത്തില്‍,തല്‍പ്പരനായിരുന്നു എന്നും അതിനാല്‍ ഖേചരി വിദ്യ മുഴുവനാക്കും മുമ്പേ ശിഷ്യര്‍ ഇരുവരും ഗുരുവിനോട് സലാം പറഞ്ഞു എന്നും അവര്‍ എഴുതുന്നു .ചെല്ലുമ്പോള്‍  ഒക്കെ  കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവരാന്‍ അയ്യാഗുരു കല്പ്പിച്ചിരുന്നത്രേ.
എസ്.ബാലന്പിള്ള രചിച്ച ചട്ടമ്പി സ്വാമി  ജീവചരിത്രം (പ്രഭാത് 2009 പേജ് 41-42 ) നമുക്കൊന്ന് വായിക്കാം.

...നാരായണ ഗുരുവിനു ഈ കാഞ്ചന ഭ്രമത്തില്‍  വിസ്മയം തോന്നി .ചട്ടമ്പിയോടു അതിന്‍റെ  പൊരുള്‍ ആരാഞ്ഞു .ചട്ടമ്പി സ്വാമികള്‍ ശ്രീശങ്കരാചാര്യരുടെ ഒരു ശ്ലോകം ചൊല്ലി കാര്യം ഗ്രഹിപ്പിച്ചു .
(ശ്രദ്ധിക്കുക, ഈ രസവിദ്യ ശങ്കരാചാര്യര്‍ക്കും അറിയാമായിരുന്നോ എന്ന് വായനക്കാര്‍ക്ക് സംശയം തോന്നാം-ലേഖകന്‍  )
അടുത്ത ദിവസം ചട്ടമ്പി സ്വാമികള്‍ ഒരു സ്വര്‍ണ്ണ നാണയവുമായിട്ടാണ്
വന്നത് .കറുത്ത പൂവുള്ള കയ്യോന്നി കൊണ്ടുവന്നുവോ? എന്ന് (?) പതിവ് ചോദ്യം അയ്യാഗുരുവില്‍ നിന്നുണ്ടായി. അതെന്തിനാണ് സ്വാമീ, സ്വര്‍ണ്ണം ഉണ്ടാക്കാനല്ലേ?” കുഞ്ഞന്‍ പിള്ള ചോദിച്ചു അതെ.അതിനു തന്നെഅയ്യാഗുരു പറഞ്ഞു .
എന്നാലിനി ബുദ്ധിമുട്ടേണ്ട .സ്വര്‍ണ്ണം തന്നെ തന്നേക്കാം എന്ന് പറഞ്ഞു ചട്ടമ്പി സ്വര്‍ണ്ണ നാണയം ഗുരുവിനു നല്കയും പിന്നാലെ ഇരു ശിഷ്യരും
അവിടെ നിന്ന് എന്നെന്നത്തേയ്ക്കുമായി യാത്രയാകയും ചെയ്തുവത്രേ .
.സമാന രീതിയില്‍ വൈക്കം വിവേകാനന്ദന്‍ “മഹാപ്രഭു” എന്ന നോവലിലും അയ്യാഗുരുവിന്‍റെ  രസവാദ താല്‍പ്പര്യം വെളിവാക്കുന്നു .പക്ഷെ കുഞ്ഞന് സ്വര്‍ണ്ണ നാണയം എങ്ങിനെ കിട്ടി? .കട്ടോ മോഷ്ടിച്ചോ ഇരന്നു  വാങ്ങിയോ കുഴിച്ചെടുത്തോ തട്ടിപ്പറിച്ചോ വഴിയില്‍ കിടന്നു കിട്ടിയോ ആലിപ്പഴം, “മന്നാ” എന്നിവയെപ്പോലെ ആകാശത്തില്‍ നിന്ന് വീണ്‌കിട്ടിയോ അതോ ആല്‍ക്കെമി എന്ന രസവിദ്യയാല്‍ സ്വയം  നിര്‍മ്മിച്ചോ എന്നൊന്നും ബാലന്‍ പിള്ള സാറും വിവേകാനന്ദനും വ്യക്തമാക്കുന്നില്ല
.
എന്താണ് വാസ്തവം ?

ശിവയോഗികള്‍ക്ക് തിരുമൂലരുടെ “തിരുമന്ത്രം” ആണ്  ബൈബിള്‍ ”യോഗവും  ഭോഗവും യോഗികള്‍ ക്കാവാം ” എന്ന് തിരുമൂലര്‍ (തന്ത്രം 5 പദ്യം 1491 പുറം 457 ) അവര്‍ക്ക് ബ്രഹ്മചര്യം പാലിക്കേണ്ടതില്ല. ,കുടുംബജീവിതം നയിക്കാം ,നയിക്കണം .. അവര്‍ സ്വായത്വമാക്കുന്ന  വിദ്യയാണ് രസവാദം (ആല്‍ക്കെമി) .അയ്യാഗുരുവിന്‍റെ  കയ്യില്‍ ഇരുന്നിരുന്ന സുബ്രഹ്മണ്യ വിഗ്രഹം പിതാമഹന്‍, കശ്യപഗോത്രത്തില്‍ ജനിച്ച ഹൃഷികേശന്‍ ,ഈ വിദ്യയാല്‍ നിര്‍മ്മിച്ച സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയത് ആയിരുന്നുവത്രേ . ആ വിദ്യ അതീവരഹസ്യമായി സൂക്ഷിക്കപ്പെടുന്നു. ദുരുപയോഗം ചെയ്‌താല്‍ യോഗി യോഗഭ്രഷ്ടനാക്കപ്പെടും. മഹാസമാധി അടഞ്ഞ ,മുന്‍‌കൂര്‍ പറഞ്ഞ(1909 കര്‍ക്കിട മകം) സമയത്ത് അനായാസമായി സമാധി അടഞ്ഞ  അയ്യാഗുരു  ഒരിക്കലും യോഗഭ്രഷ്ടന്‍ ആയിട്ടില്ല എന്ന് വ്യക്തം. നാഡീശുദ്ധിയ്ക്കാവശ്യമായ കല്പ്പസേവയ്ക്ക് കയ്യോന്നി ചേര്‍ത്ത ഔഷധം ഉപയോഗിക്കാറുണ്ട് ശിവരാജ യോഗികള്‍.(ഡോ .ജി രവികുമാര്‍ ,ബ്രഹ്മ ശ്രീ തൈക്കാട്ട് അയ്യാസ്വാമികള്‍,  അയ്യാമിഷന്‍ 1977 പുറം 106)
അയ്യാവു ഗുരുവില്‍ നിന്ന് രസവിദ്യാ രഹസ്യം തട്ടിയെടുക്കാന്‍ യൂറോപ്പില്‍ നിന്ന് വന്ന സര്‍ വില്യം വാള്‍ട്ടര്‍ Strickland എന്ന ജൈവ ശാസ്ത്രന്ജന് വെറും കയ്യോടെ മടങ്ങേണ്ടി വന്നു .അദ്ദേഹമാണ് പില്‍ക്കാലത്ത് ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള എന്നും യമണ്ടന്‍ ചെമ്പകരാമന്‍ പിള്ള എന്നും അറിയപ്പെട്ട, ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരനായകനെ,സുഭാഷ്  ചന്ദ്ര ബോസിന്‍റെ രാഷ്ട്രീയ ഗുരുവിനെ  ജര്‍മ്മിനിയിലെയ്ക്ക് കൊണ്ട് പോയത് 

സ്വാതി തിരുനാള്‍ മുതാല്‍ ശ്രീമൂലം വരെയുള്ള അഞ്ചു മഹാരാജാക്കന്മാരുടെയും    റസിഡന്റിന്റെയും മറ്റു അമ്പതില്പരം ശിഷ്യരുടെയും ഗുരു ആയിരുന്ന അയ്യാസ്വാമിക്ക്, അല്‍പ്പം സ്വര്‍ണ്ണം കിട്ടാനാണോ പ്രയാസം എന്ന് വായനക്കാര്‍ ചോദിച്ചു പോകും .പക്ഷെ ജീവചരിത്രകാരന്മാരും നോവലിസ്റ്റും അതോര്‍ത്തില്ല .അയ്യാഗുരു ലൌകീക  കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍,  താല്‍പ്പര്യം കാട്ടിയതിനാല്‍ ശിഷ്യര്‍ സലാം പറഞ്ഞു എന്നവര്‍ എഴുതി പിടിപ്പിച്ചു .ഗുരുവിന്‍റെ  സ്വര്‍ണ്ണ താല്പ്പര്യത്തെ ചോദ്യം ചെയ്ത ശിഷ്യര്‍ പില്‍ക്കാലത്ത് എന്ത് ചെയ്തു എന്നതവര്‍ കണ്ടില്ല .അല്ലെങ്കില്‍ അറിഞ്ഞ മട്ട് കാട്ടുന്നില്ല.

ചട്ടമ്പി തിരുവിതാം കൂറിലെ സമ്പന്നരായ നായര്‍ പ്രമാണികളുടെ  വീടുകളില്‍ മാത്രം അന്തി ഉറങ്ങി .സ്വര്‍ണ്ണ വള ഇട്ട കൈകള്‍ കൊണ്ട് വിളമ്പിയ വിഭവങ്ങള്‍ ആസ്വദിച്ചു ജീവിച്ചു .വടക്കന്‍ തിരുവിതാംകൂറില്‍ മലയാറ്റൂര്‍ വനത്തില്‍ 90 ഏക്കര്‍ സ്ഥലം സ്വന്തം പേരില്‍ പതിപ്പിച്ചെടുത്ത് ,പാട്ടത്തിനു നല്‍കി വര്ഷം തോറും ആയിരം രൂപാ വീതം നേടി. ഏക സഹോദരി അവരുടെ  മക്കള്‍ എന്നിവര്‍ക്കായി ആ വരുമാനം നല്‍കി. അവസാനം അത് ഇഷ്ട ശിഷ്യ വടക്കേക്കര അമ്മാളു അമ്മയുടെ ഭര്‍ത്താവിനു ഇഷ്ടദാനം നല്‍കി .അയാള്‍ അത് അന്യമതസ്ഥനു വിറ്റ് കാശുവാങ്ങി .പാവങ്ങള്‍ക്ക് ഒരു സെന്റോ ഒരു രൂപായോ നല്‍കിയില്ല .ശിഷ്യന്‍ വാഴൂര്‍ തീര്‍ത്ഥപാദര്‍ക്കും ഒന്നും നല്‍കിയില്ല എന്തിന്  പട്ടിയ്ക്കും പൂച്ചയ്ക്കും പോലും ഒന്നും നല്‍കിയില്ല . .(പറവൂര്‍ ഗോപാലപിള്ള എഴുതിയ ജീവചരിത്രം പേജ് 295 കാണുക കെ നാരായണ കുരുക്കള്‍ എഴുതിയ സ്മരണ ).ഓവര്‍ സീയര് കേശവ പിളളയുടെ ഭാര്യയുടെ ഉദര രോഗം ചികിത്സിച്ച വകയില് സ്വര്‍ണ്ണം കൊണ്ട് വേല്‍ നിര്‍മ്മിച്ചു വാങ്ങി ചട്ടമ്പി സ്വാമികള്‍ ലൌകീക കാര്യങ്ങളില്‍ തല്‍പ്പരന്‍ ആയിരുന്നില്ല എന്ന് എങ്ങനെ പറയും  (പേജ് 320 കാണുക)  സമുദായ സംഘടന സ്ഥാപിച്ചു ധനസമാഹരണം നടത്തിയ ,സ്വന്തം പ്രതിമ ഇറ്റാലിയന്‍ ശില്പിയെ കൊണ്ട്   ഉണ്ടാക്കാന്‍ ഫോട്ടോയ്ക്ക് പോസ്സു ചെയ്ത പില്‍ക്കാല   ശ്രീനാരായണഗുരു  ദേവനും കേരളത്തില്‍ ആദ്യമായി ഭാഗ്യക്കുറി തുടങ്ങി ധന സമാഹരണം നടത്തി പ്രാപഞ്ചിക കാര്യങ്ങളില്‍ തല്പ്പരനായി.

അപ്പോള്‍ ലൌകീക  കാര്യങ്ങളില്‍,പ്രാപഞ്ചിക കാര്യങ്ങളില്‍,  താല്‍പ്പര്യം കാട്ടാത്ത ശിഷ്യരോ കുഞ്ഞനും നാണുവും ? പിന്നെ അവര്‍ എന്തിനു അയ്യാഗുരുവിനെ പഴിപറഞ്ഞു എന്ന് മനസ്സിലാകുന്നില്ല .ശരിയ്ക്കും പറഞ്ഞാല്‍ നായര്‍ -ഈഴവ സമുദായങ്ങളോട് വന്‍ദ്രോഹം ആണ് കുഞ്ഞനും നാണുവും ചെയ്തത് .കേരളത്തിലെ സ്വര്‍ണ്ണ വ്യാപാര കുത്തക ഇന്ന് കൊങ്ങിണി –ക്രൈസ്തവ -മുസ്ലിം സമുദായങ്ങള്‍ക്കാണ് .നായര്‍ ഈഴവ സമുദായക്കാര്‍ സ്വര്‍ണ്ണ വ്യാപാരത്തില്‍ വിരളം  എന്ന് തന്നെ കാണാം .കുഞ്ഞനും നാണുവും അയ്യാവില്‍ നിന്നും രസവിദ്യ പഠിച്ചു ആ വിദ്യ സ്വന്തം  സമുദായങ്ങളില്‍  ഉള്ളവര്‍ക്കെങ്കിലും  പകര്‍ന്നു കൊടുത്തിരുന്നു എങ്കില്‍ എന്നാശിച്ചു പോകുന്നു എത്രയോ നായര്‍ ഈഴവ കുടുംബങ്ങള്‍ രക്ഷ പെടുമായിരുന്നു


ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി "ഗുരു"
എന്ന കെ.സുരേന്ദ്രൻ നോവൽ പുറത്തിറങ്ങിയ കാലം മുതൽ
പ്രതീക്ഷിക്കുന്നതാണു ചട്ടമ്പിസ്വാമികളുടെ ജീവിതം ആധാരമാക്കി
ഒരു (നായർ വിരചിത) നോവൽ. 2009 വരെ കാത്തിരിക്കേണ്ടി വന്നു
വൈക്കം വിവേകാനന്റെ "മഹാപ്രഭു   പുസ്തക രൂപത്തിൽ കാണാൻ.
2005-2006
കാലഘട്ടത്തിൽ ജന്മഭൂമി ഞായറാഴ്ചപ്പതിപ്പുകളിൽ തുടരൻ
ആയി വന്നപ്പോൾ ചില ഭാഗങ്ങൾ വായിക്കാൻ കഴിഞ്ഞിരുന്നു
എങ്കിലുംമുഴുവനായി ഒന്നിച്ചു വായിക്കാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു
നോവല്‍ ആണെങ്കിലും അതില്‍ ചട്ടമ്പിസ്വാമികള്‍ ശ്രീനാരായണ ഗുരു തുടങ്ങിയവരുടെ ഫോട്ടോകള്‍ കാണാം .അതിലെ  ചില പമ്പര വിഡ്ഡിത്തങ്ങള്‍ എഴുതിയിട്ടുണ്ട്  ,പേജ് 121
"
ജ്ഞാനികൾക്കു നിരക്കാത്ത ആഡംബരഭ്രമം അവിടെയെങ്ങും
ദൃശ്യമായിരുന്നു" നോവലിസ്റ്റ് വൈക്കം വിവേകാനന്ദൻ അകക്കണ്ണിൽ ദർശിച്ച ആ "ആഡംഭരഭ്രമം" എന്തായിരുന്നു എന്നദ്ദേഹം
നമ്മോടു പറയുന്നില്ല.  ഒരു പക്ഷെ അദ്ദേഹത്തിനു കിട്ടിയ
സ്വപ്ന  ദർശനമായിരിക്കാം. ശിവരാജയോഗിയെ മോശക്കാരനാക്കാനായി എഴുതിയ കള്ളക്കഥ

"
അയ്യാവ് ഇടയ്ക്കിടെ ചില പരീക്ഷണങ്ങളെ കുറിച്ചു പറയുമായിരുന്നു.ചില രസവിദ്യകൾ അദ്ദേഹം  പരീക്ഷിക്കുണ്ടത്രേ,അതിൽ"പ്രാധാനം:ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യയാണ്." അപ്രധാന വിദ്യകൾ ഏതെന്നു വിവേകാനന്ദൻ മറച്ചുവയ്ക്കുന്നു.
ചെമ്പിനെ സ്വർണ്ണമാക്കുന്ന വിദ്യ പഠിക്കാൻ ഒരു
സുവർണ്ണാവസരം കിട്ടിയ കുഞ്ഞൻ അതു പാഴാക്കിയത് ഒട്ടുമേ ശരിയായില്ല.കുഞ്ഞനു സ്വർണ്ണം
വേണ്ടെങ്കിൽ വേണ്ട. മറ്റു പാവങ്ങൾക്കു കൊടുക്കാമായിരുന്നുവല്ലോ. നല്ല അവസരം പാഴാക്കിയ വിഡ്ഡിക്കുഞ്ഞൻ.
"
സ്വർണ്ണ നാണയം കണ്ടപ്പോൾ അയ്യാ ഗുരുവിന്‍റെ  കണ്ണൂ വിടർന്നു"
എന്നു വിവേകാനന്ദൻ പേജ് 230 ല്
സ്വാതി തിരുനാൾ തുടങ്ങി ശ്രീമൂലം വരെ അഞ്ചു  രാജാക്കന്മാരുടെ, അതിനും പുറമേ റസിഡന്റ് മഗ്രിഗറുടെ, പിന്നെ
റവ.ഫാദർ പേട്ട ഫെർണാണ്ടസ് തുടങ്ങി അൻപതിൽ പരം വിദേശികളും നാട്ടുകാരുമായ ശിഷ്യരുടെ ഗുരു ഒരു സ്വർണ്ണനാണയം കണ്ടപ്പോൾ കണ്ണ്  വിടർത്തിയത്രേ. സ്വർണ്ണ നാണയം വേണമെങ്കിൽ അതെത്രയും കിട്ടുമായിരുന്ന ശിവരാജയോഗിക്കെന്തിനു കുഞ്ഞന്‍റെ  മോഷ്ടിച്ചതോ  തട്ടിപ്പറിച്ചതോ ആയ  സ്വര്‍ണ്ണ നാണയം.1960 ലിറങ്ങിയ ശിവരാജയോഗി തൈക്കാട്ട് അയ്യാ ഗുരുതിരുവടികള്‍ എന്ന  ജീവചരിത്രം വായിച്ചിരുന്നുവെങ്കിൽ. അഥവാ “ബ്രഹ്മശ്രീ തൈക്കാട്ട അയ്യാസ്വാമികൾ” എന്ന അയ്യാമിഷൻ
ജീവചരിത്രം (1977 പേജ് 106-108) ഒരാവർത്തി വായിച്ചിരുന്നുവെങ്കിൽ വൈക്കം വിവേകാനന്ദൻ ആനമണ്ടത്തരങ്ങൾ വിളമ്പില്ലായിരുന്നു