Tuesday, 27 June 2017

വൈഷ്ണവ യോഗി അയ്യാ വൈകുണ്ട സ്വാമികളും ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളും

വൈഷ്ണവ യോഗി അയ്യാ വൈകുണ്ട സ്വാമികളും
 ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളും
=================================================
എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒരുപോലെ ഇക്കാലത്തും പരസപരം തെറ്റിപ്പോകാറുള്ള രണ്ടു കേരളീയ ആത്മീയ നവോത്ഥാന നായകരാണ് അവര്‍ണ്ണ സഹഭോജന പ്രസ്ഥാന സ്ഥാപകന്‍ അയ്യാ വൈകുണ്ട സ്വാമികള്‍ എന്ന വൈഷ്ണവ യോഗിയും (1809-1851) സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജന പ്രചാരകനും തിരുവിതാംകൂറിലെ ആദ്യ യോഗപ്രചാരകനുമായിരുന്ന ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികളും (1814-1909). .തെറ്റായി പലരും തൈക്കാട്ട് “അയ്യാവു” സ്വാമികളെ “അയ്യാ” സ്വാമികള്‍ എന്ന് പരാമര്‍ശിക്കയും ചെയ്യുന്നു.

അയ്യാ വൈകുണ്ട സ്വാമികള്‍ (1809-1851)
“ഒരു ജാതി, ഒരു മതം (ധര്‍മ്മം),ഒരു ദൈവം,ഒരു ഉലകം,ഒരു അരചന്‍, ഒരു നീതി” എന്ന് പറഞ്ഞു കൊണ്ട്, തെക്കന്‍ തിരുവിതാം കൂറില്‍ നാഗര്‍ കോവിലിനു സമീപം ശാസ്താം വിളയില്‍ (ഇപ്പോഴത്തെ സ്ഥലനാമം സ്വാമിത്തോപ്പ് ) “സമത്വ സമാജം” (1836) എന്നൊരു അവര്‍ണ്ണ കൂട്ടായ്മ സ്ഥാപിച്ച മഹാനാണ് വൈകുണ്ട സ്വാമികള്‍ .
പഴയ തിരുവിതാംകൂറില്‍ പിറവി കൊണ്ട ആദ്യ ലക്ഷണ മൊത്ത ദേശീയ നവോത്ഥാന പ്രസ്ഥാന മായിരുന്നു വൈകുണ്ടാസ്വാമികള്‍ സ്ഥാപിച്ച “അയ്യാവഴി” .ബ്രഹ്മ സമാജം ,ആര്യസമാജം ,പ്രാര്‍ഥനാ സമാജം ,ബ്രഹ്മവിട്യാസംഘം ,രാമകൃഷണ പ്രസ്ഥാനം എന്നിവയ്ക്കെല്ലാം മുമ്പ് തന്നെ അയ്യാ വൈകുണ്ടസ്വാമികള്‍ അയ്യാവഴി സ്ഥാപിച്ചു .ജാതിഭേദം, അയിത്തം ,മതസമ്പ്രദായം,പ്രവചകമതം ,വിഗ്രഹാരാധന തുടങ്ങിയ വേദവിരുദ്ധദുഷ്കര്‍മ്മങ്ങളോടു അദ്ദേഹം സന്ധിയില്ലാ സമരം നടത്തി .മഹര്‍ഷി ദയാനന്ദന്‍ ദക്ഷിനേന്ത്യയിലേക്ക് വന്നില്ല എന്ന നഷ്ടബോധം അയ്യാ വൈകുണ്ടനെ മനസ്സിലാക്കുമ്പോള്‍ ഇല്ലാതാകുന്നു .ഭാഷയുടെയും പ്രതീകങ്ങളുടെയും ഈഷദ്ഭേദങ്ങള്‍ മാറ്റി വച്ചാല്‍, ആര്യസമാജത്തിന്‍റെ വിപ്ലവകരങ്ങളായ മൌലീക തത്വങ്ങളുടെ ആവിഷ്കാരം അയ്യാ വഴിയുടെ സമത്വസമാജ നിര്‍മ്മിതിയില്‍ കാണാം (ആചാര്യ ജി ആനന്ദ രാജ് ,വേദസരസ്വതി മാസിക മേയ് 13.2013പുറം 5)
 തന്‍റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അദ്ദേഹം അഞ്ചു ശിഷ്യരെ ചുമതലപ്പെടുത്തി.മൈലാടിയില്‍ ശിവനന്ദി എന്ന ധര്‍മ്മ സിദ്ധര്‍, കൈലാസപുരത്തെ പണ്ടാരം എന്ന ഭീമന്‍ സിദ്ധര്‍,പിള്ളയാര്‍ കുടിയിരിപ്പിലെ അര്‍ജുനന്‍ എന്ന അര്‍ജുന സിദ്ധര്‍,കുളച്ചലിലെ സുബ്ബയ്യ എന്ന നകുല സിദ്ധര്‍ ,താമരക്കുളത്തിലെ ഹരിഗോപാലന്‍ എന്ന സഹദേവ സിദ്ധാര്‍ എന്നിങ്ങനെ “പഞ്ച പാണ്ടവ സിദ്ധര്‍” .(പി.സുന്ദരം സ്വാമികള്‍ ,കെ.പൊന്നുമണി).വൈകുണ്ട സ്വാമികള്‍ ചൊല്ലിക്കൊടുത്തത് ഹരിഗോപാല സിദ്ധരെ കൊണ്ട് എഴുതിച്ചതാണ്‌ “അഖിലത്തിരട്ട്” (പ്രപഞ്ച സംഗ്രഹം ),”അരുള്‍ നൂല്‍” (വിശുദ്ധ വചനം) എന്നീ വൈകുണ്ട കൃതികള്‍ ).അദ്ദേഹത്തിന് നിരവധി ശിഷ്യകളും ഉണ്ടായിരുന്നു.
പതിമൂന്നാം നൂറ്റാണ്ടില്‍ ജാതിക്കെതിരെ പോരാടിയ ഭക്തി പ്രസ്ഥാനത്തിന്‍റെ അമരക്കാരായ തമിഴ് കവികളായിരുന്നു “സിദ്ധര്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് .സമത്വസമാജം ഭാരവാഹികള്‍ക്ക് വൈകുണ്ടര്‍ ആ പേരാണ് നല്‍കിയത് എന്നത് ശദ്ധേയം .(എം.എസ് .എസ് പാണ്ട്യന്‍ )
ധര്‍മ്മ യുഗം സ്ഥാപിക്കുക എന്നതായിരുന്നു സ്വാമികളുടെ ലക്ഷ്യം .. അതിനായി ആദ്യം സമത്വസമാജം സ്ഥാപിച്ചു.(സി.ഇ 1836-കൊല്ല വര്‍ഷം 1012 ചിങ്ങം 29). ദൈവത്തെ വത്സല പിതാവായി അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. .അദ്ദേഹം സ്വയം അനുയായികളുടെ വത്സല പിതാവായിപ്രഖ്യാപിച്ചു . അനുയായികള്‍ അദ്ദേഹത്തെ അയ്യാ
(പിതാവ് ) എന്ന് വിളിക്കണം എന്നാജ്ഞാപിച്ചു സമത്വ സമാജത്തിനു പോഷകമായും അനുബന്ധമായും അവര്‍ണ്ണക്കിടയില്‍ അദ്ദേഹം “സഹഭോജനം” നടപ്പിലാക്കി .നാനാ ജാതി മതസ്ഥര്‍ ഒന്നിച്ചു പാചകം ചെയ്ത് ഒന്നിച്ചിരുന്നു ഭക്ഷിക്കുന്ന രീതി അദ്ദേഹം നടപ്പിലാക്കി. സ്വാമിത്തോപ്പില്‍ അദ്ദേഹം കുഴിപ്പിച്ച മുന്തിരി കിണറില്‍ നിന്ന് വെള്ളം കോരിഎടുത്ത് അരി പയര്‍ പച്ചക്കറി എന്നിവ ഒരുമിച്ചു പാചകം ചെയ്തായിരുന്നു ഒരുമിച്ചുള്ള ഭക്ഷണം .അതിനു “ഉമ്പാച്ചോര്‍”(ദിവ്യ ഭക്ഷണം ) എന്ന് പറഞ്ഞു .സ്വന്തം സമുദായമായ നാടാര്‍ക്കൊപ്പം കോനാര്‍ (യാദവര്‍),പറയര്‍ ,പുലയര്‍ ബാര്‍ ബര്‍ (നാവിദര്‍ ) എന്നിവര്‍ സഹഭോജനത്തില്‍ പങ്കു കൊണ്ടിരുന്നു(വി.തങ്കയ്യ,തെക്കന്‍ തിരുവിതാം കൂര്‍ വിപ്ലവത്തിന്‍റെ നാട്)
ദൈവഭക്തിയില്‍ അലിഞ്ഞു സിദ്ധനാവുകയും മനുഷ്യസ്നേഹത്തിന്‍റെ പാരമ്യതയില്‍ സമരനായകനായി ഉയരുകയും ചെയ്ത അതുല്യപ്രഭാവനാണ് വൈകുണ്ടസ്വാമികള്‍ എന്ന് വി.തങ്കയ്യ 1995).
വിശുദ്ധി,സമാധാനം ,സ്നേഹം എന്നിവയുടെ പ്രതീകമായി “അന്‍പു കൊടി” എന്ന പേരില്‍ വെള്ള നിറത്തില്‍ കത്തുന്ന വിളക്ക് അടയാളമുള്ള കാവിക്കൊടിയ്ക്ക് അദ്ദേഹം പ്രചാരം നല്‍കി.അനുയായികളെ അദ്ദേഹം “അന്‍പു കൊടിമക്കള്‍” എന്ന് വിളിച്ചുപോന്നു.
“വൈകുണ്ടന്‍ ” എന്ന സന്യാസ നാമം അദ്ദേഹം സ്വീകരിച്ച തമിഴ് മാസി മാസം (മാര്‍ച്ച് ആദ്യവാരം) നടത്തപ്പെടുന്ന തീര്‍ത്ഥാടനം ഈ അന്‍പുകൊടി വഹിച്ചു കൊണ്ടുള്ള പ്രയാണം ആണ്.ശ്രീബുദ്ധന്‍റെ സംഘ സങ്കല്‍പ്പത്തെ അനുകരിച്ചാണ് അയ്യാ വൈകുണ്ടന്‍ സമത്വ സമാജം സ്ഥാപിച്ചത് .വൈകുണ്ടസ്വാമികള്‍ക്ക് ശേഷമാണ് ഫൂലെ ,പെരിയോര്‍ ,നാരായണ ഗുരു അയ്യങ്കാളി അംബേദ്‌കര്‍ തുടങ്ങിയവര്‍ ബ്രാഹ്മണ വിരുദ്ധ മനോഭാവം പ്രചരിപ്പിച്ചത് എന്നതും ശ്രദ്ധേയം .നാടാര്‍ ,ദളിതര്‍ ആദിവാസികള്‍ എന്നിവരുടെ പൈതൃകം ദ്രാവിഡ ബൌദ്ധ സംസ്കാരമാണ് എന്ന് ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു .
സോഷ്യലിസ്റ്റ് ദര്‍ശനത്തിന്‍റെ വേദപുസ്തകമായ കമ്മ്യൂണിസ്റ്റ് മാനിഫെസ്റോ (1948) കാറല്‍ മാര്‍ക്സ് .എഴുതുന്നതിനു പന്തണ്ട് വര്‍ഷം മുമ്പാണ് സോഷ്യലിസ്റ്റ് ആശയമുള്ള സമത്വസമാജം അയ്യാ വൈകുണ്ടാനാല്‍ സ്ഥാപിതമാകുന്നത് (പി.വിശ്വംഭരന്‍). പനചെത്ത് തൊഴിലാളി ആയിരുന്ന വൈകുണ്ട സ്വാമികള്‍, സമത്വ ബോധത്തോടെ അനുയായികള്‍ക്ക് താമസിക്കാന്‍ “തുവയല്‍ പതികള്‍ “സ്ഥാപിച്ചു (വി.തങ്കയ്യ ).അമിത നികുതി പിരിവിനെതിരെ അദ്ദേഹം പ്രക്ഷോഭം നടത്തി.കൂട്ടായി ധനം സമ്പാദിച്ചു കൂട്ടായി താമസിച്ചു കൂട്ടായി ചെലവാക്കി മാതൃകാ പരമായി ജീവിക്കാന്‍ അദ്ദേഹം അനുയായികളെ ഉപദേശിച്ചുപോന്നു.വൈകുണ്ട സ്വാമികളെ സ്മരിച്ചുകൊണ്ട് അടുത്ത കാലത്ത് സ്ഥാപിതമായ രാഷ്ട്രീയ പാര്‍ട്ടിയാണ് വി.എസ് ഡി .പി (വൈകുണ്ട സ്വാമി ധര്‍മ്മ പരിഷത്ത്)
വേലുത്തമ്പി ദളവാ ആത്മാഹൂതി വരിച്ച 1809- ല്‍ തെക്കന്‍ തിരുവിതാം കൂറിലെ മൈലാടിയില്‍ എല്‍.എം എസ്സുകാര്‍ക്കുവേണ്ടി റവ ഡബ്ലിയു ടി റിംഗിള്‍ ടോബ് ആദ്യ ക്രിസ്ത്യന്‍ പള്ളി സ്ഥാപിച്ച വര്‍ഷം, നാഗര്‍കോവിലിന് സമീപമുള്ള ശാസ്താംകോവില്‍ വിളയില്‍ (ഇപ്പോഴത്തെ പേര്‍ സ്വാമിത്തോപ്പ്) ഒരു ദരിദ്ര ചാന്നാര്‍/നാടാര്‍ കുടുംബത്തില്‍ ജനിച്ച ശിശുവാണ് പില്‍ക്കാലത്ത് അയ്യാ വൈകുണ്ടന്‍ ആയി മാറിയത് . പിതാവ് പൊന്നുമാടന്‍ .മാതാവ് വെയിലാള്‍ .വൈഷ്ണവരായ മാതാപിതാക്കള്‍ ഇട്ട പേര്‍ “മുടിചൂടും പെരുമാള്‍” എന്നായിരുന്നു. .എന്നാല്‍ സവര്‍ണ്ണരുടെ എതിര്‍പ്പിനെ തുടര്‍ന്നു പേര്‍ മുത്തുക്കുട്ടി എന്നാക്കി മാറ്റി .ശ്രീനാരായണ ഗുരു ജനിക്കുന്നതിനു അഞ്ചു കൊല്ലം മുമ്പ് സമാധിയായ വൈകുണ്ടര്‍ പല തരത്തില്‍ ഗുരുവിനെ സ്വാധീനിച്ചു എന്ന് പി.ഗോവിന്ദപ്പിള്ള (കേരള നവോത്ഥാനം-ഒരു മാര്‍ക്സ്സിറ്റ് വീക്ഷണം ഒന്നാം സഞ്ചയിക ,ചിന്ത പബ്ലീഷേര്‍സ് 2003) .ശ്രീ നാരായണ ഗുരു കളവംകോടത്തു കണ്ണാടി പ്രതിഷ്ഠ നടത്തിയത് വൈകുണ്ടര്‍ നടത്തിയ കണ്ണാടി പ്രതിഷ്ടയെ അനുകരിച്ചതാവാം എന്ന് പി.ജി .”ഒരു ജാതി ഒരു മതം ഒരു ദൈവം” എന്ന വചനവും വൈകുണ്ടരില്‍ നിന്ന് കടം കൊണ്ടതാവാം .ഒരു ഭാഗത്ത് എല്‍.എം എസ്സുകാരുടെ മതപരിവര്‍ത്തന ശ്രമങ്ങള്‍. മറുഭാഗത്ത് അവര്‍ണ്ണ ഭൂ ഉടമകളുടെ ചൂഷണം. അവയെ ഒരേ സമയം വൈകുണ്ടര്‍ക്ക് എതിര്‍ക്കേണ്ടി വന്നു .മത പരിവര്‍ത്തനശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് ഭരണകൂടം സഹായം നല്‍കിയപ്പോള്‍, പ്രഭുക്കള്‍ക്ക് രാജാവ് സംരക്ഷണം നല്‍കി .ബ്രിട്ടീഷുകാരെ “വെന്‍ നീ ചന്‍” എന്നും രാജാവിനെ “അനന്തപുരി നീചന്‍” എന്നും വിളിക്കാന്‍ വൈകുണ്ടര്‍ ധൈര്യം കാട്ടി.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ താന്‍ വിഷ്ണുവിന്‍റെ അവതാരം ആണെന്ന് അനുയായികളോട് മുത്തുക്കുട്ടി പറഞ്ഞു .അങ്ങിനെയാണ് “വൈകുണ്ടര്‍” എന്ന പേര്‍ സ്വയം സ്വീകരിച്ചത് (1833) .തമിഴ് നാട്ടിലെ തിരുച്ചെന്തൂരിലെ കടലില്‍ മുങ്ങി പൊങ്ങിയാണ് ഈ അവകാശ വാദം ഉന്നയിച്ചത് .തന്നെ “അയ്യാ” (പിതാവ്) എന്ന് വിളിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു .തന്‍റെ രൂപത്തെ ഫോട്ടോയില്‍ കൂടെയോ ശില്പ്പങ്ങളിലൂടെയോ ശിലാരൂപതിലോ പ്രചരിപ്പിക്കുന്നതിനെ വൈകുണ്ട സ്വാമികള്‍ എതിര്‍ത്തിരുന്നു (തങ്കയ്യ & തിലക് പുറം 48).എങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ചിത്രം എന്ന പേരില്‍ ഒരു പടം അച്ചടിച്ചു വരാറുണ്ട്. മുന്തിരിത്തോപ്പിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠ ഇല്ല .അവിടെ ഒരു വേല്‍ (ശൂലം) മാത്രമാണുള്ളത്. ആരുടെയോ കപോല കല്പ്പിതം ആയ ഒരു ചിത്രം ആണ് മാധ്യമങ്ങളിലും പോസ്റ്ററുകളിലും ഫ്ലക്സുകളിലും പ്രചരിപ്പിക്കപ്പെടുന്നത്.
“നിഴല്‍ തങ്കല്‍” എന്ന് വിളിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ പ്രവേശനത്തിനും ഭജനയ്ക്കും പ്രഭാഷണത്തിനും ചെല്ലുമ്പോഴും തലയില്‍ വെള്ളമുണ്ട് കൊണ്ട് കെട്ടണം എന്നതും അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം ആയിരുന്നു. പ്രതിഫലം ഇല്ലാത്ത “ഊഴിയ വേല”യ്ക്കെതിരെ, “ജോലി ചെയ്‌താല്‍ കൂലി കിട്ടണം” ,അന്യായമായ നികുതികള്‍ പാടില്ല,മര്യാദ പാട്ടം വേണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച സ്വാമികള്‍ സാമാന്യ ജനത്തിന്‍റെ ഭൌതീക കാര്യങ്ങളിലും ശ്രദ്ധ പതിപ്പിച്ചിരുന്നു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി ക്രിസ്ത്യന്‍ മിഷനറിമാരുടെ മത പരിവര്‍ത്തന ശ്രമം പരാജയപ്പെട്ടു .”മുത്തുക്കുട്ടിയിസത്തിന്‍റെ വളര്‍ച്ച നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകരമായ തടസ്സം നേരിട്ടിരിക്കയാണ് .അവര്‍ സ്മാരകങ്ങള്‍ ഉയര്‍ത്തുന്നു .ആചാരങ്ങളും ഉത്സവങ്ങളും നടത്തുന്നു .ദേവാലയങ്ങള്‍ സമര്‍പ്പിക്കുന്നു .ഒടുവില്‍ കൊട്ടയാടിയില്‍ ഒരു രഥോല്സവം നടത്തി.വിദൂരസ്ഥങ്ങലായ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങ ളില്‍ നിന്നും അടക്കം അനേകായിരം ജനങ്ങള്‍ ഈ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നു കൌശലക്കാരനായ ഈ ചെകുത്താന്‍റെ കുതന്ത്രങ്ങള്‍ കാരണം ഈ പ്രദേശത്ത് നമ്മുടെ പ്രവര്‍ത്തനം വഴി മുട്ടി നില്‍ക്കയാണ്‌ “ എന്നെഴുതി ഒരു പ്രോട്ടസ്റ്റന്റ് മിഷനറി അദ്ദേഹത്തിന്‍റെ മത പരിവര്‍ത്തന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ (മോഹന കൃഷ്ണന്‍)
ക്രിസ്തുമതത്തെ അദ്ദേഹം വിമര്‍ശിച്ചിരുന്നില്ല എന്നുമാത്രമല്ല യേശുക്രിസ്തു തന്‍റെ ഗുരുവാണെന്ന് വൈകുണ്ടര്‍ പ്രസ്താവിച്ചിരുന്നു എന്ന് തങ്കയ്യാ ,ഡോ തിലക് എന്നിവര്‍ എഴുതുമ്പോള്‍ (പുറം 49)
നീറമണ്‍കര വാസുദേവന്‍ (വേദസരസ്വതി മാസിക മേയ് 12,2023 പുറം 5-11
വൈകുണ്ടര്‍ കൃസ്തു മതത്തെ കുറിച്ച് പറഞ്ഞ ചിലകാര്യങ്ങള്‍ ഉദ്ദരിക്കുന്നു (നീചന്മാരും തേള്‍ സ്വഭാവികളും ആയ നസ്രാണികള്‍ ,കലി കയറിയവരാന് ക്രിസ്ത്യാനികള്‍ -മനുഷ്യരെ മനോരോഗികള്‍ ആക്കുന്നവര്‍ (പുറം 11 ലെ ഉദ്ദരണികള്‍ കാണുക
 വൈകുണ്ട സ്വാമികള്‍ 1825 – ല്‍ പതിനേഴാമത്തെ വയസ്സില്‍ താമരക്കുള ത്തി നടുത്തുള്ള പൂവി ഊര്‍ ഗ്രാമത്തിലെ പരദേവതയെ വിവാഹം കഴിച്ചു എന്ന് ഡോ .ആര്‍ പൊന്നു (പ്രൊഫ ജെ ഡാര്‍വിന്‍ പുറം 126.)
എന്നാല്‍ അദ്ദേഹം അവിവാഹിതന്‍ എന്ന് മറ്റുള്ളവര്‍
കോട്ടുകാല്‍ ,നെടുമങ്ങാട് ,പാറശ്ശാല ,ബാലരാമപുരം ,നെയ്യാറ്റിന്‍കര ,പീരുമേട് ,മൂന്നാര്‍ .കൊട്ടാരക്കാര..ചെങ്ങന്നൂര്‍ ,വെഞാരന്മൂട് എന്നിവിടങ്ങളില്‍ നിഴല്‍ തന്കലുകള്‍ ഉണ്ട് .അവയില്‍ പലതിനോടും ബന്ധപ്പെട്ട് അനാഥ ശാലകളും വുദ്ധ ജന്സംരക്ഷണ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നല്ല രീതിയില്‍ നടന്നു വരുന്നു (ഫിലിപ് എം പ്രസാദ് )
.
ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909)
ഓരോ മനുഷ്യനും അവനവന്റേതായ ചില കഴിവുകള്‍ കാണും .അവ ജ്വലിപ്പിച്ചു പരിപോഷിപ്പിച്ചു ഉന്നതമായ സ്ഥാനത്തെത്താന്‍ യോഗപരിശീലനം സഹായിക്കും എന്ന കാര്യം ഇന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിക്കഴിഞ്ഞു.ഇന്ന് ആഗോള തലത്തില്‍ യോഗ പ്രചാരത്തിലായിരിക്കുന്നു . .ജൂണ്‍ 21 ആഗോള തലത്തില്‍ യോഗ ദിനമായി ആചരിക്കപ്പെടുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് കാരണം പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍ തിരുവിതാം കൂറില്‍ യോഗപ്രചാരണം നടത്തി നൂറുകണക്കിന് ശിഷ്യരെ സമ്പാദിച്ച മഹാഗുരു ആയിരുന്നു തൈക്കാട്ട് അയ്യാവ് സ്വാമികള്‍ എന്ന ശിവരാജഗുരു .അദ്ദേഹത്തെ പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ മോഡി എന്ന് വിളിക്കാം .
തിരുമൂലരുടെ “തിരുമന്ത്രം” ആധാരമാക്കി “അന്‍പേ ദൈവം” എന്ന് കണക്കാക്കി, ചര്യ,ക്രിയ യോഗ,ജ്ഞാനം എന്നിവയടങ്ങിയ ശിവരാജ യോഗത്തെ കുറിച്ച് സാമാന്യ ജനത്തെ അദ്ദേഹം ബോധവല്‍ക്കരിച്ചു. ഗൃഹസ്ഥാശ്രമ ശിഷ്യര്‍ ആയിരുന്നു കൂടുതലും .”യോഗത്തോടോപ്പം ഭോഗവും ആകാം” എന്ന തിരുമൂലരുടെ ഉപദേശം അനുസരിച്ച് (തിരുമന്ത്രം ശ്ലോകം കാണുക ) ആ മഹാഗുരു ഗൃഹസ്ഥാശ്രമ ജീവിതമാണ് നയിച്ചത്.ശിഷ്യരെ പ്രോത്സാഹിപ്പിച്ചതും.പേട്ടയില്‍ ജ്ഞാന പ്രജാഗരം (1876),ചെന്തിട്ടയില്‍ ശൈവ പ്രകാശ സഭ (1885) എന്നിങ്ങനെ രണ്ടു വിദ്വല്‍ സഭകള്‍ സ്ഥാപിച്ച അദ്ദേഹം പ്രഭാഷണങ്ങള്‍..ക്ലാസൂകള്‍ ,ചര്‍ച്ചകള്‍,വാദ പ്രദി വാദങ്ങള്‍ എന്നിവയിലൂടെ നിരവധി നവോത്ഥാന നായകരെ വളര്‍ത്തി വലുതാക്കി സ്വാതി തിരുനാള്‍,.മനോന്മണീയം സുന്ദരന്‍ പിള്ള,.ആര്‍ട്ടിസ്റ്റ് രാജാ രവിവര്‍മ്മ, ഏ..ആര്‍ രാജരാജവര്‍മ്മ,സ്വാതന്ത്ര സമര നായകന്‍ ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ,കുഞ്ഞന്‍ (ചട്ടമ്പി സ്വാമികള്‍),നാണു (ശ്രീനാരായണ ഗുരു),
കാളി (മഹാത്മാ അയ്യങ്കാളി), പപ്പു (ഡോ.പല്‍പ്പു) ,കൊല്ലത്തമ്മ,മക്കിടി ലബ്ബ,പീര്‍മുഹമ്മദ് ,മണക്കാട്ട് ഭവാനി സ്വയം പ്രകാശ യോഗിനി അമ്മ .സര്‍ വില്യം വാള്‍ട്ടര്‍ സ്ട്ട്രിക് ലാന്‍ഡ്‌, റവ .ഫാദര്‍ പേട്ട ഫെര്‍നാണ്ടസ് തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ആയിരുന്നു .
വിപ്ലവകാരിയാകും എന്നറിഞ്ഞ വെങ്കിട്ടന്‍ എന്ന ചെമ്പകരാമന്‍ പിള്ളയെ അദ്ദേഹം, തന്‍റെ “രസവാദ”(ആല്‍ക്കെമി) ജ്ഞാനത്തെ അളക്കാന്‍ ചാരനായി എത്തിയ സസ്യ ശാസ്ത്രജ്ഞന്‍ സര്‍ വില്യം വാള്‍ട്ടര്‍ സ്ട്ട്രിക്ലാണ്ടിനോടൊപ്പം ജര്‍മ്മിനിയിലേക്ക് രക്ഷപെടുത്തി വിട്ടു .അങ്ങനെ അദ്ദേഹം പില്‍ക്കാലത്ത് സുഭാഷ് ചന്ദ്രബോസ്സിന്‍റെ രാഷ്ട്രീയ ഗുരുവായി വളര്‍ന്ന “ജയ് ഹിന്ദ്‌” ചെമ്പകരാമന്‍ പിള്ളയായി വളര്‍ന്നു .ഭാഗവതര്‍ പത്മനാഭ കണിയാര്‍ എന്ന ശിഷ്യന്‍റെ മകളുടെ മകന്‍ ശാന്തിപ്രസാദ് പാരീസ് കേന്ദ്രമാക്കി ആഗോള തലത്തില്‍ യോഗ പ്രചരിപ്പിക്കാന്‍ ഇപ്പോള്‍ “സ്കൂള്‍ ഓഫ് ശാന്തി” എന്ന പ്രസ്ഥാനം നടത്തി വരുന്നു .
അയിത്തം എന്ന അനാചാരത്തെ തിരുവിതാം കൂറില്‍ നിന്നും തുടച്ചു നീക്കാന്‍ അദ്ദേഹം വര്‍ഷം തോറും തൈക്കാട്ട്ശിവന്‍ കോവിലിനു സമീപമുള്ള “ഇടപ്പിറ വിളാകം” എന്ന അദ്ദേഹത്തിന്‍റെ പാര്‍പ്പിടത്തില്‍ വച്ച്, തൈപ്പൂയ സദ്യകളില്‍ അയ്യങ്കാളി തുടങ്ങിയ ദളിതരെ ഒരേ പന്തിയില്‍ ഇരുത്തി സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോജനങ്ങള്‍ നടത്തി (1973-1909). സുഹൃത്തും യോഗ വിഷയത്തില്‍ .ശിഷ്യനും ആയിരുന്ന മനോന്മണീയം സുന്ദരന്‍ പിള്ള,ഭാര്യ ശിവകാമി അമ്മാള്‍ എന്നിവരും തുടര്‍ന്നു വിശേഷ ദിവസങ്ങളില്‍ പേരൂര്‍ക്കടയിലെ ഹാര്‍വി ബംഗ്ലാവില്‍ അത്തരം പന്തിഭോജനങ്ങള്‍ നടത്തി പോന്നു (1885-1897).
ശിഷ്യന്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന ധ്വരയെ കൊണ്ട് തിരുമധുര പേട്ട യില്‍ ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങിച്ചതും അവിടെ നെടുങ്ങോട്ടു വീട്ടിലെ പപ്പുവിനെ സൌജന്യമായി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ കാരണ ഭൂതനായതും അയ്യാവു സ്വാമികള്‍ ആയിരുന്നു .തന്നെക്കുറിച്ച് ശിഷ്യര്‍ പാട്ടെഴുതാനോ പാടാനോ ലേഖനം എഴുതാനോ പാടില്ല എന്ന് അയ്യാവു സ്വാമികള്‍ വിലക്കിയിരുന്നു.അതിനാല്‍ അയ്യാവു സ്വാമികളെ കുറിച്ച് 1960 നു മുമ്പ് ലേഖന ങ്ങളോ പദ്യങ്ങളോ വഞ്ചിപ്പാട്ടുകളോ ഒന്നും എഴുതപ്പെട്ടില്ല അച്ചടിക്കപ്പെട്ടില്ല .പിതാവിനെ കുറിച്ച് മകന്‍ പഴനി വേലയ്യാ സ്വാമികള്‍ എഴുതി വച്ച ഡയറി കുറിപ്പുകള്‍ പോലും അച്ചടിക്കപ്പെടുന്നത് മകനും സമാധി ആയിക്കഴിഞ്ഞു മാത്രമാണ് ,അതാകട്ടെ 1960 –ല്‍ മാത്രവും .അതിനാല്‍ കേരള ചരിത്രഗ്രന്തങ്ങളില്‍ മിക്കതിലും അയ്യാവ് സ്വാമികളെ കുറിച്ച് പരാമര്‍ശനം ഇല്ലാതെ പോയി
(കാലടി പരമേശ്വരന്‍ പിള്ള ശിവരാജ യോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ ആമുഖം അയ്യാമിഷന്‍ തൈക്കാട്ട് ഒന്നാം പതിപ്പ് 1960)
“മഹാത്മാ അയ്യങ്കാളി” എന്ന ജീവചരിത്രം എഴുതിയ ഏ .ആര്‍ മോഹന കൃഷ്ണന്‍ ബുദ്ധ ബുക്സ് അങ്കമാലി 2013 എഴുതിയത് കാണുക (പുറം 78) “അയ്യാ സ്വാമികള്‍ ഒരു ഊര്‍ജ്ജനിലയം (power house) ആയിരുന്നു .അവിടെ നിന്നും ഓരോരുത്തരും അവരവര്‍ക്ക് ആവശ്യമുള്ളതെടുത്ത് അതിനെ വികസിപ്പിച്ചു.അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടില്ല,രാമകൃഷ്ണ ദേവന്‍ സ്വാമി വിവേകാനന്ദനെന്നപോലെ ഇവിടെ അയ്യാസ്വാമികള്‍ക്ക് മൂന്നു ശിഷ്യ പ്രമുഖര്‍ -അറിവിലൂടെ ആചാര്യരായിത്തീര്‍ന്ന ചട്ടമ്പിയും ഗുരുദേവനും ഒപ്പം ആചരിച്ചതിലൂടെ ആചാര്യ സ്ഥാനത്ത് പരിഗണിക്കാവുന്ന അയ്യങ്കാളിയും .സമൂഹത്തിന്‍റെ യദാര്‍ത്ഥ മോക്ഷ ദായകന്‍ ആയിട്ടാണ് അയ്യാ സ്വാമി അയ്യങ്കാളിയെ കണക്കാക്കിയിരുന്നത്. .ഭാവിയുടെ വാഗ്ദാനം ആണ് അയ്യങ്കാളി എന്ന് അയ്യാസ്വാമി തിരിച്ചറിഞ്ഞു .അന്തര്‍മുഖന്‍ ആയിരുന്ന അയ്യാസ്വാമികള്‍ തന്‍റെ സിദ്ധികളെ കുറിച്ച് ആരെയും അറിയിച്ചിരുന്നില്ല .എന്നാല്‍ ദീപം പ്രകാശിക്കുമ്പോള്‍ വെളിച്ചം ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ .ആഘട്ടത്തില്‍ ജനിച്ച വിവിധ മേഖലകളിലെ പ്രധാനികള്‍ എല്ലാം അയ്യാ സ്വാമിയിലേക്ക് ആനയിക്കപ്പെട്ടു…….”
സംക്ഷിപ്ത ജീവ ചരിത്രം
ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് വടക്കന്‍ മലബാറിലെ പാമ്പും കാട് എന്ന സ്ഥലത്തുനിന്നും കവളപ്പാറയിലേക്കും അവിടെ നിന്ന് മദിരാശിയിലെ നാകലാപുരത്തേക്കും കുടിയേറിയ മഹര്‍ഷി കശ്യപ ഗോത്രജനായ മഹര്‍ഷി ഹൃഷികേശരുടെ പുത്രന്‍, സിലോണിലെ കണ്ടിദേശത്തെരാജാവിന്‍റെ ദ്വിഭാഷി മുത്തുകുമാരന്‍, കൊല്ലം സ്വദേശിനീ രുഗ്മിണി അമ്മാള്‍ എന്നിവരുടെ പുത്രനായി 1814 –ലെ ഒരു അശ്വതി നാളില്‍ പിറന്ന സുബ്ബയ്യന്‍ ആണ് പില്‍ക്കാലത്ത് അയ്യാവു സ്വാമികള്‍ എന്നറിയപ്പെട്ട ശിവയോഗി ആയി മാറിയത് .
ശ്രീ സച്ചിദാനന്ദന്‍,ചട്ടി പരദേശി എന്നിവര്‍ ബാലാസുബ്രഹ്മന്യമന്ത്രം എന്ന പതിനാലക്ഷര മന്ത്രം ചെവിയില്‍ ഓതി നല്‍കി ബാല്യത്തില്‍ തന്നെ സുബ്ബയ്യനെ ശിഷ്യന്‍ ആയി സ്വീകരിച്ചു ബര്‍മ്മ,സിംഗപ്പൂര്‍,പെനാംഗ്, ആഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ കൊണ്ട് നടന്നു ഇംഗ്ലീഷില്‍ നല്ല അറിവ് നേടികൊടുത്തു. പിന്നീട് ഗുരുക്കന്മാരുടെ ഉപദേശപ്രകാരം തമിഴ് നാട്ടില്‍ ചിദംബരത്തിനു സമീപമുള്ള പൊന്നേരി എന്ന സ്ഥലത്ത് നിന്നും കമലമ്മാളിനെ വിവാഹം കഴിച്ചു .കോഴിക്കോട് മിലിട്ടറി മെസ്സില്‍ സാധനങ്ങള്‍ എത്തിക്കുന്ന കരാര്‍ നേടി അത് നടപ്പാക്കും കാലം, മെസ്സ് സെക്രട്ടറി മഗ്രിഗര്‍ സായിപ്പുമായി പരിചയം ആയി .തുടര്‍ന്ന് അദ്ദേഹത്തെ തമിഴ് പഠിപ്പിച്ചു .മഗ്രിഗര്‍ തിരുവനന്തപുരത്ത് റസിഡന്റ് ആയി നിയമിതനായപ്പോള്‍, ഗുരുവിനെ കൂടെ കൊണ്ട് പോയി .അവിടെ റസിഡന്‍സി മാനേജര്‍ ജോലി നല്‍കി .1873-മുതല്‍ സമാധി ആകുന്ന 1909 വരെ അവിടെ അദ്ദേഹം ആ ജോലിയില്‍ തുടര്‍ന്നു.സൂപ്രണ്ട് സ്വാമി ,അയ്യാവു സ്വാമികള്‍ എന്നീ പേരുകളില്‍ അദ്ദേഹം അറിയപ്പെട്ടു. ലോകനാഥന്‍ ,പഴനി വേലയ്യാ. എന്നിവര്‍ ആദ്യ ഭാര്യയിലെ മക്കള്‍. തടാതക പട്ടാമ്മാള്‍ രണ്ടാം ഭാര്യയിലെ മകള്‍ .മകളുടെ മകന്‍ സുകുമാരന്‍ നായര്‍ .അദ്ദേഹത്തിന്‍റെ മകന്‍ കെ. സി രാജാ. അയ്യാവു ഗുരുവിന്‍റെ ജീവചരിത്രം ആദ്യമായി പബ്ലീഷ്ചെയ്തു. .
. .
നീണ്ട ഏഴ്‌ വര്‍ഷത്തെ നിരന്തരമായ അഭ്യര്‍ത്ഥനയ്ക്കു ശേഷമാണ് 1879- ലെ ചിത്രാപൌര്‍ണ്ണമി ദിനത്തില്‍ കുഞ്ഞനെ ശിഷ്യന്‍ ആയി സ്വീകരിച്ചത്. എന്നാല്‍ കുഞ്ഞന്‍റെ ആവശ്യപ്രകാരം അടുത്ത വര്‍ഷത്തെ (1880)ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ സുഹൃത്ത് നാണുവിനെ ആയ്യാവ് ശിഷ്യന്‍ ആയി സ്വീകരിച്ചു ..അയ്യാഗുരു എല്ലാവിദ്യ കളും എല്ലാവര്ക്കും ഉപദേശിച്ചു കൊടുത്തില്ല .ശിഷ്യരെ മനസ്സിലാക്കി അവരുടെ ഗ്രഹണ ശക്തിയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിദ്യകള്‍ മാത്രം പഠിപ്പിച്ചു കൊടുത്തു. കുഞ്ഞനെയും നാണു വിനെയും കൊല്ലത്തമ്മ എന്ന ശിഷ്യയെ കൂട്ടി മരുത്വാ മലയില്‍ തപസ്സിനയച്ചു .അതി പ്രാചീനമായ അതീവ ഗോപ്യമായ ദ്രാവിഡ സാധനയാണ്‌ ശിവരാജ യോഗം .ഗുരുമുഖത്ത് നിന്ന് മാത്രം പഠിക്കാന്‍ കഴിയുന്ന യോഗവിദ്യ .എല്ലാ മതസ്ഥര്‍ക്കും സ്ത്രീ പുരുഷന്മാര്‍ക്കും സ്വീകരിച്ചു ആത്മീയ സിദ്ധി കൈവരിക്കാനുള്ള മാര്‍ഗ്ഗം .സ്വീകരിക്കുന്നവര്‍ സന്യസിക്കണമെന്നോ കാഷായ വസ്ത്രം ധരിക്കണ മെന്നോ ഇല്ല .ഗൃഹസ്ഥാശ്രമികള്‍ക്ക് കുടുബത്തോ ടുള്ള ഉത്തരവാദിത്വം നിറവേറ്റി അഭ്യസിക്കാവുന്ന യോഗവിദ്യയാണ് ശിവരാജ യോഗം . .അത് സ്വീകരിക്കാന്‍ വിദ്യാഭ്യാസ യോഗ്യതയോ സാമ്പത്തിക ശേഷിയോബാധകമല്ല . ലളിതമായ അനുഷ്ടാനങ്ങളിലൂടെ ശാരീരികവും മാനസികവും ആരോഗ്യവും ആത്മ നിര്‍വൃതിയും കൈവരിക്കാന്‍ അദ്ദേഹം ശിഷ്യരെ പ്രാപ്തര്‍ ആക്കി .ശരിയായി ചെയ്‌താല്‍ ശിവരാജയോഗികള്‍ക്ക് പലവിധ സിദ്ധികള്‍ കൈവരും .എന്നാല്‍ അവ പ്രദര്‍ശിപ്പിക്കാനോ അവ ഉപയോഗിച്ച് നേട്ടം കൈവരിക്കാനോ പാടില്ല എന്നദ്ദേഹം നിഷ്കര്‍ഷിച്ചു പോന്നു .അതിനു തുനിഞ്ഞ ശിഷ്യരെ അദ്ദേഹം ശാസിച്ചു (കാലടി പരമേശ്വരന്‍ പിള്ള ) അയ്യാ സ്വാമികള്‍ തന്‍റെ സിദ്ധികള്‍ ഒരിക്കലും പ്രകടമാക്കിയില്ല .അവയ്ക്ക് പരസ്യം നല്‍കിയുമില്ല .വ്യക്തിപരമായ വിവരങ്ങള്‍ അദ്ദേഹം രഹസ്യമായി സൂക്ഷിച്ചു .
അയ്യാ ഗുരുവിന്‍റെ ജന്മദിനം എന്നെന്നു വ്യക്തമാക്കിയില്ല .ജനിച്ച സമുദായം ഏതെന്നു വ്യക്തമാക്കിയില്ല .അതിനാല്‍ ഉള്ളൂര്‍ സാഹിത്യ ചരിത്രത്തില്‍ അദ്ദേഹത്തെ “ആദിദ്രാവിഡന്‍” എന്ന് വിശേഷിപ്പിച്ചു .എം.ജി.എസ് നാരായണന്‍ മനോരമ മില്യനിയം പതിപ്പില്‍(31 ഡിസംബര്‍ 1999)അദ്ദേഹത്തെ ബ്രാഹ്മണന്‍ ആക്കി.ടി.എച്ച് .ചെന്താരശ്ശേരി അദ്ദേഹത്തിന്‍റെ അയ്യങ്കാളി ജീവചരിത്രത്തില്‍ “പാണ്ടിപ്പറയന്‍” എന്ന് എഴുതി വച്ച്.കുന്നുകുഴി മണി അദ്ദേഹത്തിന്‍റെ അയ്യങ്കാളി ജീവച്ചരിത്രത്തിലും അദേഹത്തെ “തമിഴ് പറയന്‍” ആയി ചിത്രീകരിച്ചു .ഗോചരന്റെ ശൈവ പൈതൃകം എന്ന കൃതിയില്‍ ചെങ്ങന്നൂര്‍ ബുധനൂര്‍ എം.എന്‍ വാസുഗണകന്‍ അദ്ദേഹത്തെ ഗോചരന്‍ (ഗണകന്‍ .കണിയാന്‍) ആയി ചിത്രീകരിച്ചു .കാലടി പരമേശ്വരന്‍ പിള്ള അച്ചടിപ്പിച്ച 1960 ലെ ആദ്യ ജീവചരിത്രം അയിത്തോച്ചാടനം എന്ന അദ്ധ്യായത്തില്‍ അദ്ദേഹം വെള്ളാള കുലത്തില്‍ ജനിച്ചു എന്ന് കൊടുത്തിരുന്നു ( ആ പേജുകള്‍ നെറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട് ഗൂഗിള്‍ അന്വേഷണ സമയം .അയിത്തോച്ചാടനം + ഇമേജ് എന്ന് കൊടുക്കുക) . എന്നാല്‍ 1976- ലിറങ്ങിയ രണ്ടാം പതിപ്പില്‍ ആ അദ്ധ്യായം മൊത്തത്തില്‍ ഉപേക്ഷിച്ചതായി കാണാം .അതിനാല്‍ പന്തിഭോജനത്തെ കുറിച്ച് ആ പതിപ്പില്‍ ഒന്നും നല്‍കിയതായി കാണുന്നില്ല അടുത്തകാലത്ത് തെക്കുംഭാഗം മോഹന്‍ അദ്ദേഹത്തിന്‍റെ വിവാദ പുസ്തകമായ “വിദ്യാധി രാജനും ഒരു വെള്ളാള വെളിച്ചപ്പാടും” (അമ്മ ബുക്സ് കൊല്ലം 2017) എന്ന കൃതിയില്‍ അയ്യാവു സ്വാമികള്‍ മണ്ണാന്‍ /ഈഴവന്‍ സമുദായത്തില്‍ ജനിച്ചു എന്ന് വാദിക്കുന്നു .പക്ഷെ അയ്യാസ്വാമികള്‍ “ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതി താന്‍ ,ഒരേ ഒരു മതം താന്‍ .ഒരേ ഒരു കടവുള്‍ താന്‍” എന്ന് ശിഷ്യരോടു സദാ പറയുകയും (കാലടി പരമേശ്വരന്‍ പിള്ള 1980 ) എല്ലാ വര്‍ണ്ണ വര്‍ഗ്ഗ ജാതിമതലിംഗ സമുദായത്തില്‍ പെട്ടവരെയും ശിഷ്യര്‍ ആയി സ്വീകരിക്കയും സവര്‍ണ്ണ–അവര്‍ണ്ണ ഭേദമന്യേ ഒരേ പന്തിയില്‍ ഭക്ഷണം വിളമ്പി നല്കയും ചെയ്തു പോന്നു . അയ്യാ സ്വാമികള്‍ എഴുതിയവ എന്ന പേരില്‍ ചില കൃതികളുടെ പേര്‍ ലഭ്യമാണ് .എന്നാല്‍ അവയില്‍ ഒന്ന് പോലും വായിച്ചവരോ കണ്ടവരോ ജീവിച്ചിരിപ്പില്ല .ശ്രീമൂലം തിരുനാളുമായി സമാധിയ്ക്ക് മുമ്പ് അവസാനമായി കൂടിക്കാശ്ച നടത്തുമ്പോള്‍ (1909 ജൂലൈ )ചൊല്ലിക്കേള്‍പ്പിച്ച ഒരു പദ്യം ( ഭാരതത്തില്‍ കറ്റനാര്‍..........) അച്ചടിക്കപ്പെട്ടിട്ടുണ്ട്.വടക്കെ ഇന്ത്യ വിഭജിക്കപ്പെടും എന്നതില്‍ പ്രവചിച്ചതായി കാണാം .ആ സന്ദര്‍ശനത്തില്‍ ചിത്തിര തിരുനാളിന്‍റെ ജനനവും അദ്ദേഹം അവസാന രാജാവായിരിക്കും (കടശ്ശി രാജാ ) എന്നും പ്രവചിച്ചു .സമാധിയ്ക്ക് അദ്ദേഹം തെരഞ്ഞെടുത്തത് ശ്മശാനം ആയിരുന്നു തൈക്കാട്ടെ ശാന്തി കവാടത്തിനു തൊട്ടുള്ള വിസ്തൃതമായ വെള്ളാള ശ്മശാനത്തിന്‍റെ മൂലയില്‍ അദ്ദേഹത്തിന്‍റെ സമാധിസ്ഥലത്ത് ഇന്ന് പുതുക്കി പണിയുന്ന ഒരു കോവില്‍ കാണാം (അയ്യാമിഷന്‍ വക).
കൊട്ടാരത്തില്‍ നിന്നും മടങ്ങും വഴിയില്‍ കണ്ട അയ്യകാളിയോടു ഉന്നുടയ ഫോട്ടോ രാജാക്കള്‍ വയ്ക്ക്പ്പോകിറാന്‍.ശ്രീമൂലം സഭയിലും ഉനക്കുപോകലാം” എന്നനുഗ്രഹിച്ചു (ടി.എച്ച് പി.ചെന്താരശ്ശേരി ,അയ്യങ്കാളി ജീവചരിത്രം)
വൈഷ്ണവ–ശൈവ യോഗീ കൂടിക്കാഴ്ച (1939)
1809-1851 കാലത്ത് തെക്കന്‍ തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന വൈകുണ്ടസ്വാമികളും 1814-ല്‍ തമിഴ്നാട്ടില്‍ ജനിച്ചു മലബാറില്‍ വളര്‍ന്നു 1873-1909 കാലത്ത് മാത്രം തിരുവിതാംകൂറില്‍ തൈക്കാട്ട് വന്നു
കുടിയേറി താമസിച്ചിരുന്ന അയ്യാവു സ്വാമികളും സമകാലികര്‍ ആയിരുന്നു.എന്നാല്‍ വിദൂരസ്ഥര്‍ ആയിരുന്ന അവര്‍ പരസ്പരം കൂടിക്കണ്ടിരുന്നുവോ ?
കണ്ടെങ്കില്‍ എന്ന്? എന്നത് പഠനാര്‍ഹമായ കാര്യമാണ് .
സുന്ദരം സ്വാമികള്‍,കെ.പൊന്നുമണി എന്നിവര്‍ അയ്യാവൈകുണ്ടന്‍റെ ശിഷ്യന്‍ ആയിരുന്നു അയ്യാ സ്വാമികള്‍ എന്നെഴുതി .(വൈകുണ്ട നാഥര്‍ ജീവചരിത്രം).അത് വായിച്ച പലരും പ്രൊഫ .എസ് ഗുപ്തന്‍ നായര്‍ പോലും (ആത്മീയ നവോത്ഥാന നായകര്‍ കാണുക ) അതേ തെറ്റ് ആവര്‍ത്തിച്ചു കാണുന്നു വൈകുണ്ട സ്വാമികളുടെ ശിഷ്യന്‍ ഷണ്മുഖ വടിവേല്‍ സ്വാമികളുടെ ശിഷ്യന്‍ ആയിരുന്നു ചട്ടമ്പിസ്വാമികള്‍ എന്നൊരു കണ്ടെത്തല്‍ കൂടി നടത്തുന്നു പൊന്നുമണി .ആ വിവരം ചട്ടമ്പി സ്വാമികളുടെ ആത്മകഥയില്‍ ഉണ്ടെന്നു ഒരു അസത്യ പ്രസ്താവന കൂടി എഴുതി വച്ചു ശ്രീ സുന്ദരം സ്വാമി-പൊന്നുസ്വാമി ദ്വയങ്ങള്‍.ചട്ടമ്പി സ്വാമികള്‍ “ആത്മകഥ” എഴുതിയിട്ടില്ല. ജീവിച്ചിരുന്ന കാലത്ത് ആരും, ശിഷ്യര്‍ പോലും, ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും എഴുതിയിട്ടില്ല.
അദ്ദേഹം അതനുവദിച്ചില്ല.ആദ്യ ജീവചരിത്രം (പറവൂര്‍ ഗോപാലപിള്ള ) എഴുതിയത് സ്വാമികള്‍ സമാധിയായി (1924) പതിനൊന്ന് കൊല്ലം കഴിഞ്ഞു 1935 – ല്‍ മാത്രവും .സ്വാഭാവികമായും അതില്‍ നിരവധി തെറ്റുകള്‍ വന്നുഭവിച്ചു. (ചട്ടമ്പി സ്വാമികള്‍ക്ക് ശിഷ്യത്വം നല്‍കിയത് അയ്യാവു സ്വാമികള്‍ 1879-ല്‍ .,കെ.സി രാജ പ്രകാശനം ചെയ്ത, കാലടി പരമേശ്വരന്‍ പിള്ള എഴുതിയ അയ്യാ ഗുരുവിന്‍റെ ജീവചരിത്രം 1960 കാണുക).
“ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളുമൊക്കെ വിവേകാനന്ദന്മാര്‍ ആയിരുന്നുവെങ്കില്‍ അയ്യാസ്വാമികള്‍ അവരുടെ ശ്രീരാമ കൃഷ്ണ പരമഹംസര്‍ “ .എന്നെഴുതിയ ഫിലിപ്പ് എം പ്രസാദ് “അതിന്‍റെ പിന്നില്‍ ഒരു വൈകുണ്ടപാദരും” എന്ന് കൂടി എഴുതി (പ്രൊഫ ജെ.ഡാര്‍വിന്‍ പുറം 144.
“ശിങ്കാരത്തോപ്പ് ജയിലില്‍ കഴിയുമ്പോഴാണ് തൈക്കാട് റസിഡന്‍സി ബംഗ്ലാവിലെ ഉദ്യോഗസ്ഥന്‍ ആയിരുന്ന തൈക്കാട്ട് അയ്യാഗുരു വൈകുണ്ട സ്വാമികളില്‍ നിന്നും ശിഷ്യത്വമേല്ക്കുന്നത്” (പ്രൊഫ.ജെ ഡാര്‍വിന്‍ പുറം 123) “.അദ്ദേഹം (വൈകുണ്ട സ്വാമികള്‍) വിഷ്ണുവിന്‍റെ അവതാരമാണ്” (അതെ പുറം) എന്നും പ്രസ്താവിക്കുന്നു .
ഈ.കെ .സുഗതന്‍ ആകട്ടെ, അയ്യാഗുരു (അയ്യാമിഷന്‍ & വര്‍ക്കല ഗുരുകുലം പതിപ്പുകള്‍) ജീവചരിത്രത്തില്‍ വൈകുണ്ട സ്വാമികള്‍ അയ്യാഗുരുവിന്‍റെ ശിഷ്യന്‍ എന്ന് എഴുതുന്നു .
ഏതാണ് വാസ്തവം ?
അയ്യാവു ഗുരു മരുത്വാമലയില്‍ പോയിരുന്നു തപസ് അനുഷ്ടിച്ചു എന്ന് ഫിലിപ്പ് എം പ്രസാദ് (മാതൃഭൂമി വാരികയില്‍ പ്രൊഫ ജെ ഡാര്‍വി ന്‍റെ നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍, ചിന്ത 2008 കാണുക )
വൈഷ്ണ യോഗിയായ വൈകുണ്ടന്‍ എങ്ങനെയാണ് ശിവരാജ യോഗിയുടെ ഗുരുവാകുന്നത് എന്നകാര്യം ആരും ഓര്‍ത്തില്ല .അയ്യാ സ്വാമികള്‍ക്ക് ബാല്യത്തില്‍ തന്നെ സച്ചിതാനന്ദ സ്വാമികള്‍ ബാലാസുബ്രഹമന്യ മന്ത്രം ഓതി നല്‍കിയിരുന്നു (കാലടി പരമേശ്വരന്‍ പിള്ള1960 )
1939- ല്‍ അയ്യാ വൈകുണ്ടന്‍ 110 ദിവസം മണക്കാട്ടെ ശിങ്കാരത്തോപ്പു ജയിലില്‍ കിടക്കേണ്ടി വന്നു .സ്വാതി തിരുനാള്‍ നാട് വാഴും കാലം .ശുചീന്ദ്രം ക്ഷേത്രത്തിലെ തേരോട്ടസമയം അവര്‍ണ്ണരെ സംഘടിപ്പിച്ചു തേര്‍ വലിപ്പിച്ചു;ഊഴിയം വേലയ്ക്കു കൂലി വേണമെന്ന് വാദിച്ചു; .നികുതികള്‍ പലതും അനാവശ്യം എന്ന് പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി യായിരുന്നു തടവ് ശിക്ഷ .ദയാലുവും സാഹിത്യ പ്രേമിയും ദുര്‍ബല മാനസനും മറ്റുമായിരുന്ന സ്വാതി തിരുനാളിന് വൈകുണ്ടനെ ജയിലില്‍ കിടത്തിയത് ശരിയോ എന്ന ചിന്തയാല്‍ ഉറക്കം വരാത്ത ദിനങ്ങള്‍ .സന്യാസിയോ അതോ കിറുക്കനോ വൈകുണ്ടന്‍ എന്ന് മഹാരാജാവിനു സംശയം .ആ സമയത്ത് ആണ് മലബാറില്‍ നിന്ന് അയ്യാഗുരു തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനത്തിനു എത്തുന്നത് .അയ്യാവിന്‍റെ ബന്ധു ഒതുവാര്‍ (വേദം ഓതുന്ന ആള്‍ ) ചിദംബരം പിള്ള കൊട്ടാരത്തില്‍ ഉദ്യോഗസ്ഥന്‍. ആയിരുന്നു അദ്ദേഹത്തെയും സ്വാമികള്‍ സന്ദര്‍ശിച്ചു .വൈകുണ്ടന്‍ കിറുക്കനാണോ അതോ ആത്മജ്ഞാനം കിട്ടിയ അവധൂതന്‍ ആണോ എന്ന് തിരിച്ചറിയാന്‍ അയ്യാഗുരുവിനു കഴിയും എന്ന് ചിദംബരം പിള്ള സ്വാതി തിരുനാളിനെ ധരിപ്പിച്ചു .അതിന്‍ പ്രകാരം അയ്യാ ഗുരുവിനെ ക്ഷണിച്ചു വരുത്തി സ്വാതി തിരുനാള്‍ ശിങ്കാര തോപ്പ് ജയിലിലേക്ക് വിട്ടു.അയ്യാവിന്‍റെ നിരീക്ഷണത്തില്‍ അയ്യാവൈകുന്ദന്‍ ആത്മജ്ഞാനം ലഭിച്ച സന്യാസിയാണ് വെറും കിറുക്കന്‍ അല്ല എന്നുകണ്ടു. തുടര്‍ന്നു അയ്യാവിന്‍റെ നീര്‍ദ്ദേശ പ്രകാരം വൈകുണ്ട സ്വാമികളെ ജയില്‍ വിമോചിതന്‍ ആക്കി .സന്തുഷ്ടനായ വൈകുണ്ട ര്‍ അയ്യാവിന്റെ ശിഷ്യത്വം സ്വീകരിക്കയാനുണ്ടായത് .
അയ്യാ ഗുരു ബാലാസുബ്രഹ്മന്യ മന്ത്രം ചെവിയില്‍ ഓതി നല്‍കി .ആ പതിനാലക്ഷര മന്ത്രം പതിനാലു ലക്ഷം തവണ ഉരുവിട്ട് വൈഷ്ണ വനായ വൈകുണ്ടര്‍ ശൈവനായി മാറി .അദ്ദേഹം സ്ഥാപിച്ച നിഴല്‍തങ്കല്‍ ക്ഷേത്രങ്ങളില്‍ സുബ്രഹ്മന്യന്‍റെ വേല്‍ (ശൂലം) വരാന്‍ കാരണം ഇതാണ് .(ഈ.കെ സുഗതന്‍) .അയ്യാവു സ്വാമികള്‍ ഒരു കാലത്തും ധ്യാനത്തിനായി മരുത്വാമാലയില്‍ പോയിട്ടില്ല .എന്നാല്‍ കുഞ്ഞന്‍, നാണു എന്നിവരെ കൊല്ലത്തമ്മ എന്ന ശിഷ്യയോടൊപ്പംഅയ്യാസ്വാമികള്‍ അങ്ങോട്ട്‌ അയച്ചു എന്നതാണ് വാസ്തവം
അയ്യാഗുരു-വൈകുണ്ട സമാഗമത്തിന് ശേഷമാണ് വൈകുണ്ടന്‍ തിരുച്ചെ ന്തൂരിനു ഭജനമിരിക്കാന്‍ പോയത് എന്ന് വേലാലായുധന്‍ പണിക്കശ്ശേരി “അണയാത്ത ദീപങ്ങള്‍” എന്ന കൃതിയില്‍ പുറം 18 .മുത്തുക്കുട്ടി തിരുചെന്തൂരില്‍ പോയത് 22 വയസ്സുള്ളപ്പോള്‍, അതായത് 1831 –ല്‍.. അയ്യാവു സ്വാമികള്‍ മുത്തുക്കുട്ടിയെ കാണുമ്പോള്‍ അദ്ദേഹം “വൈകുണ്ടന്‍” ആയി മാറിയിരുന്ന വൈഷ്ണവന്‍( 1839).ആയിരുന്നു .
ആ സമയത്താണ് സ്വാതി തിരുനാള്‍ ശിവരാജ യോഗി അയ്യാഗുരുവിന്റെ ശിഷ്യത്വം സ്വീകരിക്കുന്നതും യോഗാ അഭ്യസിച്ചു തുടങ്ങുന്നതും .. .
അയ്യാവു സ്വാമികളുടെ പിതാവും സ്വാമികളും കൊട്ടാരത്തില്‍ ഉദ്യോഗസ്തര്‍ ആയിരുന്നു എന്ന് ചിലര്‍ എഴുതിയതും തെറ്റ് .പിതാവ് ശ്രീലങ്കയില്‍ രാജാവിന്‍റെ ദ്വിഭാഷി ആയിരുന്ന മുത്തുക്കുമാരന്‍ .അയ്യാവു സമാധി പര്യന്തം രസിടന്സി മാനേജര്‍ (സൂപ്രണ്ട് ).അദ്ദേഹം കൊട്ടാരത്തില്‍ ജോലി നോക്കിയിട്ടില്ല .എന്നാല്‍ ബന്ധു ഒതുവാര്‍ ചിദംബരം പിള്ള കൊട്ടാരം ജോലി നോക്കിയിരുന്നു.
,റഫറന്‍സ്
1.കാലടി പരമേശ്വരന്‍ പിള്ള ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമി തിരുവടികള്‍ ,അയ്യാമിഷന്‍ 1977
2.ജെ ഡാര്‍വിന്‍, പ്രൊഫ, നാടുണര്‍ത്തിയ നാടാര്‍ പോരാട്ടങ്ങള്‍ ചിന്ത 2008
3.ഫിലിപ്പ് എം.പ്രസാദ്, മാതൃഭൂമി ആഴ്ച പ്പതിപ്പ് 2001 സെപ്തംബര്‍ 9-15
4.തങ്കയ്യ,വി,വൈകുണ്ട സ്വാമികള്‍ നവോത്ഥാന ശില്‍പ്പി ,പ്രഭാത് ബുക്ക് ഹൌസ് 2001
5.സുന്ദരം സ്വാമികള്‍ & കെ.പൊന്നുമണി, വൈകുണ്ടനാഥര്‍.-ജീവചരിത്രം അയ്യാ വൈകുണ്ടനാഥര്‍. സിദ്ധാശ്രമം .പൊറ്റയാടി,നാഗര്‍കോവില്‍
6.ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം –,മാര്‍ക്സിസ്റ്റ്‌ വീക്ഷണം ഒന്നാം സഞ്ചയിക ചിന്ത പബ്ലീഷേര്‍സ്
7.വേലായുധന്‍ പണിക്കശ്ശേരി, “അണയാത്ത ദീപങ്ങള്‍” തൈക്കാട്ട് അയ്യാ സ്വാമികള്‍ ,കറന്റ് 2013 പുറം 22-27
8.തങ്കയ്യാ,വി& തിലക് പി .കെ,ഡോക്ടര്‍ ,സ്നേഹത്തിന്‍റെ തിരിനാളം –വൈകുണ്ടസ്വാമികള്‍ ,തെക്കന്‍ തിരുവിതാംകൂര്‍ വിപ്ലവത്തിന്റെ നാട് ഡി.സി ബുക്സ് 1995 പുറം 42-50
10.കാനം ശങ്കരപ്പിള്ള,ഡോക്ടര്‍ തൈക്കാട്ട് അയ്യാസ്വാമികളും കേരള നവോത്ഥാനവും ,കേരള നവോത്ഥാനം –പുതുവായനകള്‍ എഡിറ്റെര്‍ സ് .ഡോ അജയശേഖര്‍ ഡോ .എസ് ആര്‍ ചന്ദ്രന്‍ റയ്വന്‍ പബ്ലിക്കേഷന്‍സ് തിരുവനന്തപുരം 2017 പുറം 57-61
11.നീറമണ്‍കര വാസുദേവന്‍,അയ്യാവൈകുണ്ട സ്വാമികള്‍, വേദസരസ്വതി മാസിക മേയ് 12,2013 പുറം 5-11

4 comments:

  1. സ്വാമികളുടെ സന്താന പറമ്പരയെ വിശദീകരിച്ചതിൽ പിശാകുകൾ പറ്റിയിട്ടുണ്ട്

    Dr G Ravikumar
    Chairman, Sri Ayya Mission
    9446700275

    ReplyDelete
  2. ........ പാരമ്പരയെ......

    ReplyDelete
  3. സന്താന പരമ്പരയെ.....

    ReplyDelete