Friday, 17 January 2020

പാടല്‍പെട്ട കോവിലുകള്

പാടല്‍പെട്ട കോവിലുകള്
=======================

നൂറു കണക്കിന് അതിസുന്ദര ചിത്രങ്ങള്‍ വരച്ചു ബാല്യത്തില്‍ തന്നെ മരിച്ചുപോയ ക്ലിന്റ്, ഫ്ലവര്‍ ചാനലിലെ ടോപ്സിംഗര്‍ എന്ന ഗാനമല്‍സരത്തിലെ ഋതുരാജ് ,അനന്യ എന്ന ബാലഗായകര്‍ എന്നിവരെപ്പോലെ, ഒരു അത്ഭുത പ്രതിഭ ആയിരുന്നു, ഏഴാം നൂറ്റാണ്ടില്‍ തമിഴ് നാട്ടില്‍ ജീവിച്ചിരുന്ന ശിവസ്തോത്ര രചയിതാവും ഗായകനും ആയിരുന്ന സംബന്ധര്‍ എന്ന ബാലപ്രതിഭ(child prodigy ).ആരാധകരും ശിവഭക്തരും ആ ബാലയോഗിയെ “തിരുജ്ഞാന ” എന്ന ബഹുമാന സൂചക പദവും കൂടി ചേര്‍ത്ത് തിരുജ്ഞാന സംബന്ധര്‍ എന്ന് വിളിക്കുന്നു
തിരുജ്ഞാന സംബന്ധര്‍ എന്ന സിദ്ധന്‍റെ കാലത്തെക്കുറിച്ച് ഗവേഷണം നടത്തി തയാറാക്കിയ The Age of Thirunjana Sambandhar (Some Milestones in the History ofTamil Literature) എന്ന പ്രബന്ധം വഴിയാണ് തമിഴ് ഭാഷയുടെ പഴക്കത്തെ കുറിച്ച് ദ്രാവിഡ ഭാഷാ ഗവേഷകന്‍ ഡോ .കാല്ട്വേല്‍ (Dr.Caldwell )അവതരിപ്പിച്ച വാദം,സംബന്ധര്‍ ജീവിച്ചിരുന്നത് പതിമൂന്നാം നൂറ്റാണ്ടില്‍ എന്ന വാദം, തെറ്റ് എന്ന് ആലപ്പുഴക്കാരന്‍ മനോന്മണീയം(പെരുമാള്‍ )സുന്ദരന്‍ പിള്ള (1855-1897) നിരവധി തെളിവുകള്‍ സഹിതം സ്ഥാപിച്ചത്. സുന്ദരന്‍ പിള്ളയുടെ ഈ പ്രബന്ധം മാത്രമല്ല പത്തുപ്പാട്ട് (Ten Idylls )എന്ന പ്രശസ്ത പ്രബന്ധവും The Tamilian Antiquary (VOL 1, 1909 ) വഴി ആണ് പ്രസിദ്ധീകൃതമായത്
എന്നാല്‍ വിചിത്രമെന്നു പറയട്ടെ, നമ്മുടെ കേരള ചരിത്രകാരന്മാര്‍,മുതിര്‍ന്ന ചരിത്രപണ്ടിതന്‍ എം ജി എസ് നാരായണന്‍ മുതല്‍ താഴോട്ടു വരുന്ന മിക്കവരും ആപ്രബന്ധങ്ങള്‍ കണ്ടിട്ടില്ല. വായിച്ചിട്ടില്ല (എം ജി എസ്സിന്‍റെ Perumals of Kerala Glossary കാണുക ).പ്രസ്തുത പ്രബന്ധം,തമിഴിലെ അതിപ്രസിദ്ധ നാടകം മനോന്മണീയത്തിലെ അവതരണ ഗാനം എന്നിവയുടെ പേരിലാണ് തിരുനെല്‍വേലിയില്‍ സ്ഥാപിതമായ തമിഴ് യൂണി വേര്‍സിറ്റിയ്ക്ക് കരുണാനിധി മനോന്മണീയം സുന്ദരനാര്‍ സര്‍വ്വകലാശാല എന്ന് പേര് നല്‍കിയത് .തമിഴ് ഭാഷയ്ക്ക് വളരെ മുമ്പ് തന്നെ ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാന്‍ കാരണവും സുന്ദരന്‍ പിള്ളയുടെ ഈ പ്രബന്ധം തന്നെ .പതിനാറാം നൂറ്റാണ്ടില്‍ ആധ്യാത്മിക രാമായണം രചിച്ച തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ചന്‍ മലയാളഭാഷയുടെ പിതാവ് എങ്കില്‍ ഏഴാം നൂറ്റാണ്ടിലെ ആദ്യ മൂന്നു തേവാര പാട്ടുകള്‍ സ്വയം രചിച്ചു പാടിയ ബാലപ്രതിഭ തിരുജ്ഞാന സംബന്ധര്‍ തമിഴ് ഭാഷയുടെ പിതാവ് ആകുന്നതിനും കാരണം സുന്ദരന്‍ പിള്ളയുടെ പ്രബന്ധം തന്നെ
ദക്ഷിണേന്ത്യയിലെ ശൈവര്‍ ആരാധനാപൂര്‍വ്വം കാണുന്ന ശൈവ നായനാര്‍മാരില്‍ പ്രമുഖന്‍ ആയിരുന്നു യവ്വനത്തില്‍, വിവാഹസമയത്ത് അഗ്നിപ്രവേശനം വഴി സ്വര്‍ഗ്ഗാരോഹണം നടത്തി എന്ന് വിശ്വസിക്കപ്പെടുന്ന സംബന്ധര്‍ എന്ന ശിവസ്തോത്ര രചയിതാവ് .തിരുനെല്‍വേലി ,മധുര ,തൃശിനാപ്പള്ളി ,തഞ്ചാവൂര്‍,ദക്ഷിണ ആര്‍ക്കോട്ട്, ,ചിങ്കല്‍പേട്ട്,മദ്രാസ്, വടക്കന്‍ ആര്‍ക്കോട്ട്, സേലം, .കോയമ്പത്തൂര്‍ എന്നീ ജില്ലകളിലും സിലോണ്‍, മലബാര്‍, തിരുവിതാംകൂര്‍ എന്നിവിടങ്ങളിലും പുരാതനകാലം മുതല്‍ ശിവഭക്തര്‍ ആയ ശൈവര്‍ ധാരാളം ഉണ്ടായിരുന്നു .അവരെല്ലാം സംബന്ധര്‍ ആരാധകര്‍ ആയിരുന്നു .വീരശൈവര്‍ എന്നറിയപ്പെടുന്ന കര്‍ണ്ണാടകയിലെ ലിംഗായത്ത് കാരും ശൈവര്‍ തന്നെ .ബ്രാഹമണരിലും ശിവബ്രാഹ്മണര്‍ എന്നൊരു ശൈവ വിഭാഗം ഉണ്ട് എന്ന് മനോന്മണീയം എഴുതി. ശിവ ബ്രാഹ്മണരെ മാറ്റി നിര്‍ത്തിയാല്‍, ബാക്കി ശൈവര്‍ മുഴുവന്‍ തിരുജ്ഞാന സംബന്ധരുടെ ആരാധകര്‍ എന്ന് സുന്ദരന്‍ പിള്ള .സംബന്ധരുടെ തേവാരപ്പാട്ടുകള്‍ ആണ് തമിഴിലെ ശൈവവേദങ്ങള്‍. സംസ്കൃതത്തിലെ വേദങ്ങള്‍ ,പുരാണങ്ങള്‍ ,സ്തോത്രങ്ങള്‍ എന്നിവയ്ക്ക് പകരമായി തെന്നിന്ത്യയിലെ ശൈവര്‍, സംബന്ധര്‍,അപ്പര്‍ (തിരുനാവക്കരശ് എന്നായിരുന്നു ശരിയായ പേര്‍ .പിതാവ് എന്നഅര്‍ത്ഥത്തില്‍ അപ്പര്‍ എന്ന് വിളിച്ചത് സംബന്ധര്‍) ,സുന്ദരനാര്‍ തുടങ്ങിയ നായനാര്‍മാര്‍ പാടിയ തമിഴ് പാട്ടുകള്‍ ദിവസേന പാടി പോന്നിരുന്നു .യഥാര്‍ത്ഥത്തില്‍ ആ “തേവാര പാട്ടുകള്‍” ആണ് തമിഴിലെ വേദങ്ങള്‍ .നമ്പി ആണ്ടര്‍ നമ്പി എന്ന ശിവഭക്തന്‍ അവ ക്രോഡീകരിച്ചു പതിനൊന്നു കൃതികള്‍ നിര്‍മ്മിച്ചു
“തിരുമുരൈ” എന്ന് പേര് നല്‍കി .
തഞ്ചാവൂര്‍ ജില്ലയിലെ തിരുഅരിയൂര്‍ സ്വദേശി ആയിരുന്നു ആണ്ടാര്‍.രാജരാജ അഭയകുല ശേഖര ചോളന്‍ എന്ന രാജാവായിരുന്നു നമ്പിയുടെ രക്ഷകന്‍. നമ്പിയുടെ സ്തോസ്ത്ര ശേഖരത്തിലെ ആദ്യ മൂന്നു ഭാഗങ്ങള്‍ സംബന്ധര്‍ എന്ന ബാലപ്രതിഭ സ്വയം രചിച്ചു പാടിയവ ആയിരുന്നു.അടുത്ത മൂന്നു കൃതികള്‍ അപ്പര്‍(തിരുനാവക്കരശ്‌) എന്ന വെള്ളാള സന്യാസി രചിച്ചവ ആണ് . അപ്പര്‍, സംബന്ധര്‍ എന്നിവര്‍ സമകാലികര്‍ ആയിരുന്നു തെന്നിന്ത്യയില്‍ നിന്നും ബുദ്ധജൈന മതങ്ങളെ തൂത്തു മാറ്റിയത് അപ്പര്‍ ആയിരുന്നു. അദ്ദേഹമാണ് തമിഴിലെ കാലടി ശങ്കരാചാര്യര്‍ പില്‍ക്കാലത്ത് ജനിച്ച സുന്ദര മൂര്‍ത്തി നായനാര്‍ എന്ന ബ്രാഹ്മണന്‍ ആണ് ഏഴാമത്തെ തേവാര കൃതി രചിച്ചത്. ചെങ്ങന്നൂര്‍ ദേശാധിപതിയും ചെങ്ങന്നൂര്‍ കോവില്‍ സംരക്ഷകനും ആയിരുന്ന വെള്ളാള കുലജാതന്‍ വിറ മിണ്ട നായനാര്‍ സുന്ദരമൂര്‍ത്തി നായനാരുടെ സമകാലികന്‍ ആയിരുന്നു ഏഴു കൃതികളും ശിവാലയ കോ വിലുകളില്‍ പ്രധാന പൂജയ്ക്ക് ശേഷം ഓതുവാര്‍ (വേദം ഓതുന്നവര്‍ എന്നറിയപ്പെട്ടിരുന്ന വെള്ളാള പുരോഹിതര്‍) പാടി പോന്നിരുന്നു .അവ തേവാര പാട്ടുകള്‍ എന്നും അറിയപ്പെടുന്നു

(തിരുവിതാം കൂര്‍ കൊട്ടാരത്തിലെ “ഓതുവാര്‍”
ചിദംബരം പിള്ളയുടെ ബന്ധുവായിരുന്നു ആദ്യമായി സവര്‍ണ്ണ –അവര്‍ണ്ണ പന്തിഭോജനം സമാരംഭിച്ച (1873) ശിവരാജയോഗി തൈക്കാട്ട് അയ്യാ സ്വാമികള്‍ (1814-1909) എന്ന നവോത്ഥാന നായകന്‍ .
മാണിക്കവാചകര്‍ നേരത്തെ രചിച്ച സ്ത്രോസ്ത്രങ്ങള്‍ -തിരുവാചകം - തിരുമുരൈയില്‍ എട്ടാം ഭാഗം ആയി ചേര്‍ക്കപ്പെട്ടു .അവയെ “തമിഴിലെ ഉപനിഷത്തുക്കള്‍” എന്ന് സുന്ദരന്‍ പിള്ള വിശേഷിപ്പിച്ചു. തിരുവാചകത്തെ വെല്ലാന്‍ പറ്റിയ ആത്മീയ ,തത്വചിന്തകകൃതികള്‍ മറ്റൊരു ലോകഭാഷയിലും കാണില്ല എന്നും സുന്ദരന്‍ പിള്ള രേഖപ്പെടുത്തി .ഒന്‍പതു ചെറുകിട ഭക്തര്‍ രചിച്ച സ്തോത്രങ്ങള്‍ തേവാര കൃതികളില്‍ ഒന്‍പതാം ഭാഗമായി പാടപ്പെടുന്നു .”തിരു ഇശൈപ്പു” എന്നാണു ഈ ഭാഗം അറിയപ്പെടുന്നത്. .
കണ്ടരാദിത്യഎന്ന അഞ്ചാം ചോള രാജാവും
(C.E 984-95) ഈ ചെറുകിട (മൈനര്‍) കവികളില്‍ പെടുന്നു. തേവാര പാട്ടുകളിലെ പത്താം ഭാഗം തിരുമൂലര്‍ കൃതിയാണ് .പതിനൊന്നാം ഭാഗം അക്കാലത്തെ ശേഷിച്ച ചെറുകിട കവികളുടെ സൃഷ്ടികള്‍ ആണ്.മധുരയിലെ നക്കിരാര്‍ കൃതികള്‍ അവയില്‍ പെടുന്നു .അവസാന പത്ത് പാട്ടുകള്‍ നമ്പി ആണ്ടവര്‍ നമ്പി സ്വയം രചിച്ചവ ആണ്.
അവയിലെ മൂന്നാം കൃതി “തിരുതൊണ്ടര്‍ പുരാണം” എന്നും “പെരിയപുരാണം” എന്നും അറിയപ്പെടുന്നു.നമ്പി ആണ്ടവര്‍ നമ്പിയെ ഇക്കാരണത്താല്‍ സുന്ദരന്‍ പിള്ള “തമിഴ് വ്യാസന്‍” എന്ന് വിളിച്ചു.
തമിഴ് സന്യാസിമാരില്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍ ആരാധിക്കപ്പെടുന്ന യോഗിവര്യന്‍ ആയിരുന്നു പതിനാറാം വയസ്സില്‍ വിവാഹസമയത്ത് അപ്രത്യക്ഷനായ സംബന്ധര്‍ .തമിഴ്നാട്ടിലെ എല്ലാശൈവ കോ വിലുകളിലും സംബന്ധര്‍ പ്രതിഷ്ടകള്‍ കാണാം.ദിവസേന അദ്ദേഹം പൂജിക്കപ്പെടുന്നു. എന്നാല്‍ തിരുവഞ്ചിക്കുളം ക്ഷേത്രത്തില്‍ മാത്രമാണ് കേരളത്തിലെ ശിവാലയങ്ങളില്‍ ഈ ബാലപ്രതിഭയുടെ പ്രതിഷ്ഠ കാണുക എന്ന് തോന്നുന്നു . താത്തുവരായര്‍,അരുള്‍ നാന്ദി,ശിവാചാര്യ,ഒഴുവില്‍ ഒടുക്കം രചിച്ച കന്നുടയ വല്ലാളര്‍ ,വീരശൈവ ശിവപ്രകാശകര്‍ എന്നിങ്ങനെ ഉള്ള പില്‍ക്കാല കവികള്‍ എല്ലാം ആരംഭത്തില്‍ തന്നെ സംബന്ധരെ സ്മരിക്കയും വാഴ്ത്തുകയും ചെയ്യുന്നു.

സംബന്ധര്‍ രചിച്ച 384 നാല്‍ വരി ശ്ലോകങ്ങള്‍ (പതികം) മൊത്തം 19000 വരികള്‍ നഷ്ടപ്പെട്ടുപോയി എന്ന് സുന്ദരന്‍ പിള്ള .അവ ദ്രാവിഡ ഈണങ്ങളില്‍ ദ്രാവിഡ വാദ്യ അകമ്പടിയോടെ പാടപ്പെടുക മാത്രം ആയിരുന്നതിനാല്‍ രേഖപ്പെടുത്തപ്പെട്ടില്ല. അത്തരം വാദ്യങ്ങള്‍ വായിക്കാന്‍ അറിയാവുന്നവരും ഇല്ല അവ പാടാന്‍ അറിയാവുന്നവര്‍ സുന്ദരന്‍ പിള്ളയുടെ കാലത്ത് പോലും (1880 ) പോലും ഇല്ലായിരുന്നു എന്നദേഹം പരിതപിച്ചു .
തമിഴ് സാഹിത്യത്തിലെ സര്‍വ്വകാല സമ്രാട്ട് ആയിരുന്നു സംബന്ധര്‍ .അദ്ദേഹത്തെ വെല്ലാന്‍ പറ്റിയ ഒരു കവി ജനിച്ചിട്ടില്ല .ഇനിയും ജനിക്കില്ല
ശിവ ഭക്തി ഗാനങ്ങള്‍ അല്ലാതെ മറ്റൊന്നും ഈ ബാലപ്രതിഭ രചിച്ചില്ല എന്നത് തമിഴ് ഭാഷയ്ക്ക് വലിയ നഷ്ടമായി പോയി എന്നും സുന്ദരന്‍ പിള്ള രേഖപ്പെടുത്തി .
പെരിയ പുരാണത്തില്‍ സംബന്ധരെകുറിച്ച് കുറെ വിവരങ്ങള്‍ ഉണ്ട് .എന്നാല്‍ ആധുനിക ചരിത്ര ദൃഷ്ടിയില്‍ അത് തീരെ ശുഷ്കം .കൌശിക ഗോത്രത്തില്‍ പിറന്ന ഒരു ബ്രാഹ്മണ ബാലന്‍ ആയിരുന്നു സംബന്ധര്‍ .ചിദംബരത്തിനു സമീപമുള്ള ശീര്‍കാഴി ആയിരുന്നു ജന്മസ്ഥലം .പിതാവ് ശിവപാദഹൃദയ.മാതാവ് ഭഗവതി .ഏക മകന്‍ . “അലുടയ പിള്ള” എന്നായിരുന്നു പേര്‍ .
ചുരുക്കി “പിള്ള” എന്നുമാത്രവും വിളിക്കപ്പെട്ടു.(ഓര്‍മ്മിക്കുക പില്‍ക്കാലത്ത് കാലടി ശങ്കരാചാര്യര്‍ തന്‍റെ സൌന്ദര്യ ലഹരിയില്‍ ഈ ബാലനെ “ദ്രാവിഡശിശു “എന്ന് വിളിക്കാന്‍ കാരണം ഈ പിള്ള നാമം ആണെന്ന് സുന്ദരന്‍ പിള്ള ) ഗ്രാമ കോവിലിലെ കുളത്തില്‍ കുളിക്കാന്‍ ഒരു ദിവസം പുത്രനോടോപ്പം പോയി .നീണ്ട കുളിയില്‍ മുഴുകിയ പിതാവ് മകന്‍റെ കാര്യം മറന്നു .ഏറെ നേരം കഴിഞ്ഞിട്ടും പിതാവിനെ കാണാഞ്ഞപ്പോള്‍ ബാലന്‍ അമ്മയെ വിളിച്ചു ഉച്ചത്തില്‍ കരഞ്ഞു.അതുകേട്ട ഗ്രാമകോവിലിലെ ദേവത ഒരു പാത്രത്തില്‍ കുറച്ചു പാല്‍ ആ ബാലന് കുടിയ്ക്കാന്‍ കൊടുത്തു എന്ന് ഐതീഹ്യം.പാര്‍വതി മുലപ്പാല്‍ കൊടുത്തു എന്നും മറ്റൊരു ഐതീഹ്യം .ശങ്കരാചാര്യര്‍ രണ്ടാമത്തെ അഭിപ്രായക്കാരന്‍ ആണെന്ന് സൌന്ദര്യ ലഹരിയില്‍ നിന്ന് മനസ്സിലാകും.ഏതായാലും മാധുര്യം ഉള്ള പാല്‍ കുടിച്ച പിള്ള കരച്ചില്‍ നിര്‍ത്തി .കുളിച്ചുവന്ന ബ്രാഹ്മണ പിതാവ് മകന്‍റെ ചുണ്ടുകളിലെ പാല്‍ കണ്ടു കോപിഷ്ടന്‍ ആയി. ഏതോ താഴ്ന്ന സമുദായക്കാരി കൊടുത്ത പാല്‍ മകന്‍ കുടിച്ചു എന്ന്‍ അദ്ദേഹം വിചാരിച്ചു മകനെ ചോദ്യം ചെയ്തു .എന്നാല്‍ മകന്‍ ആകാശത്തേയ്ക്ക് വിരല്‍ ചൂണ്ടി അദൃശ്യമായി കൊണ്ടിരിക്കുന്ന ഒരു പ്രകാശത്തെ കാട്ടി ഒരു ശ്ലോകം ചൊല്ലി .ശിവനെ സ്തുതിക്കുന്ന ഒരു നാലവരി കവിത .അതാണ്‌ തേവാര ത്തിലെ ആദ്യ വരികള്‍ .തുടര്‍ന്നു ബാലന്‍ ശിവനെ സ്തുതിച്ചു നിരവധി ശ്ലോകങ്ങള്‍ പാടി പിതാവിനെ അത്ഭുത സ്തബ്ദന്‍ ആക്കി ആളുകള്‍ ഓടിക്കൂടി.
താമസിയാതെ ആരാധകര്‍ ബാലനെ തങ്ങളുടെ ഗ്രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു തുടങ്ങി .ചെല്ലുന്ന കോവിലിലെ പ്രതിഷ്ഠ ,കോവില്‍ ഇരിക്കുന്ന ഗ്രാമം എന്നിവയെ കുറിച്ച് ബാലന്‍ നിര്‍ഗളമായി പാടും .
തമിഴ് നാട്ടിലെ ഇരുനൂറു ശിവകോവിലുകളെ കുറിച്ച് ആ ബാലപ്രതിഭ പാട്ടുകള്‍ സ്വയം രചിച്ചു പാടി എന്ന് സുന്ദരന്‍ പിള്ള .എന്നാല്‍ 275 കോവിലുകള്‍ എന്നാണു ഇപ്പോള്‍ ലഭിക്കുന്ന കൃത്യമായ കണക്ക്
പാടല്‍പെട്ട കോവിലുകള്‍ എന്ന്‍ ആ ശിവക്ഷേത്രങ്ങള്‍ അറിയപ്പെടുന്നു ..
(അവസാനിക്കുന്നില്ല )

No comments:

Post a Comment