Sunday, 16 June 2019

നേതാജിയുടെ രാഷ്ട്രീയ ഗുരു



മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകന്‍ ആയ ശ്രീ പി.എസ് രാകേഷ്
രചിച്ച “സുഭാഷ്‌ ചന്ദ്രബോസിന്‍റെ തിരോധാനം” (മാതൃഭൂമി മൂന്നാം  പതിപ്പ് 2017) ഏറെ സന്തോഷത്തോടെയാണ് വായിക്കാന്‍ എടുത്തത് .
രണ്ടു കാരണങ്ങളാല്‍ ആണ് ഏറെ സന്തോഷം തോന്നിയത് .സുഭാഷിന്‍റെ ആദ്യകൃതി “ഞാന്‍ മലാല”, നേരത്തെ വായിച്ചിരുന്നു .ഇംഗ്ലണ്ടിലെ ബേമിമ്ഗാമില്‍ താമസിച്ചു പോരുന്ന മക്കളോടും കൊച്ചുമക്കളോടും ഒപ്പം താമസിക്കാന്‍ ആദ്യം യൂ.കെ സന്ദര്‍ശിച്ചപ്പോള്‍ ആയിരുന്നു മലാല ലോക വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത് .ബെമിംഗാമിലെ ക്യൂന്‍ എലിസബെത് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ന് വിദഗ്ദ ചികിത്സയ്ക്കായി മലാല കിടന്നിരുന്നത് .രണ്ടാമത് ബെമിമ്ഗാമില്‍ ചെല്ലുമ്പോള്‍, കൊച്ചുമകള്‍ പഠിച്ചിരുന്ന എഡ്ജ്ബാസ്റ്റന്‍ സ്കൂളിലെ വിധ്യാര്‍ത്ഥിനീ ആയിരുന്നു മലാല . പിന്നീട് അവര്‍ ഇരുവരും ഓക്സ്ഫെഡില്‍ (OXFORD) ഒരേ ദിവസം ഇന്റര്‍വ്യൂവിന് പോയി എന്നറിഞ്ഞു. ഇരുവര്‍ക്കും പ്രവേശനം കിട്ടി .മലാലയ്ക്ക് രാഷ്ട്രമീമാംസ ,മനശാസ്ത്രം സാമ്പത്തികശാസ്ത്രം എന്ന കോര്‍സിലും പേരക്കുട്ടിയ്ക്ക് വൈദ്യ ശാസ്ത്രത്തിലും .മലാലയ്ക്കും ഡോക്ടര്‍ ആകണമെന്നായിരുന്നു  ആഗ്രഹം .പക്ഷെ പിതാവ് സമ്മതിച്ചില്ല .രാഷ്ടമീമാംസ പഠിച്ചു രാഷ്ട്രീയക്കാരിയായി മാറി തന്‍റെ നാട്ടിലെ (പാകിസ്താന്‍ ) ഭരണാധികാരി ആയി ഉയരണം എന്നാണു മാതാപിതാക്കളുടെ ആഗ്രഹം .പേരക്കുട്ടിയും മലാലയും അടുത്ത സുഹൃത്തക്കള്‍.അതിനാല്‍ “ഞാന്‍ മലാല” ഏറെ ഇഷ്ടപ്പെട്ട കൃതിയായി .
രണ്ടാമത്തെ സന്തോഷത്തിനു കാരണം നേതാജിയെ കുറിച്ച് ,അദ്ദേഹത്തിന്‍റെ തിരോധാനത്തെ കുറിച്ച് പുതിയ ചില വിവരങ്ങള്‍ കിട്ടിയേക്കാം എന്നത് തന്നെ .
നോവലിസ്റ്റ്, ഇപ്പോഴത്തെ മാതൃഭൂമി വാരിക പത്രാധിപര്‍ സുഭാഷ് ചന്ദ്രന്‍ ആണ് അവതാരിക .മഹാഭാരതത്തിലെ അവഗണിക്കപ്പെട്ട
നായകന്‍ കര്‍ണ്ണനെ അവതരിപ്പിച്ചുകൊണ്ട്, നേതാജിയെ കര്‍ണ്ണനോടുപമിച്ചു കൊണ്ടാണ്, ആമുഖം .സ്വാതന്ത്ര്യം കിട്ടാന്‍ സായുധ സമരം നടത്താന്‍ ഒരുങ്ങി പുറപ്പെട്ട നേതാജിയെ മഹാത്മാ ഗാന്ധിയും നെഹ്രുവും മാത്രമല്ല, നാം ഇന്ത്യാക്കാര്‍ മൊത്തത്തില്‍  തമസ്കരിക്കുന്നു എന്ന് ആമുഖം എഴുതിയ ആധുനിക സുഭാഷ് ചന്ദ്രനും രാകേഷും പരാതിപ്പെടുന്നു .
എന്നാല്‍ എന്‍റെ പരാതി സുഭാഷ് ചന്ദ്രനും രാകേഷും  ആദ്യകാല  മലയാളി സ്വാതന്ത്ര സമര പോരാളിയെ ഒരുപോലെ തമസ്കരിച്ചു എന്നതാണ് .സായുധസമരം വഴി ഇന്ത്യയെ സ്വതന്ത്രമാക്കാന്‍ ആദ്യമായി രംഗത്ത്‌ വന്ന മലയാളിയെ അവര്‍ ഗ്രന്ഥത്തില്‍ ഒരിടത്തും പരാമര്‍ശിച്ചു കണ്ടില്ല .തിരുവനന്ത പുരത്ത് ജനിച്ചു, നാട്ടില്‍ നില്‍ക്കാന്‍ ആവാതെ വന്നപ്പോള്‍, തൈക്കാട്ട് അയ്യാ സ്വാമികളില്‍ നിന്നും”രസവിദ്യ” എന്ന ആല്‍ക്കെമി തട്ടിയെടുക്കാന്‍ വന്ന ബയോളജിസ്റ്റ് സര്‍ വാള്‍ട്ടര്‍ വില്യം Strickland ന്‍റെ കൂടെ ജര്‍മ്മിനിയിലേക്ക് കടന്നു കളഞ്ഞ ,പതിനാറുകാരന്‍ വെങ്കിട്ടന്‍, എന്ന ചെമ്പകരാമന്‍ പിള്ളയുടെ പേര്‍ അവര്‍ ഇരുവരും ഒരിടത്ത് പോലും നല്‍കി കണ്ടില്ല .തിരുവനന്തപുരത്തെ മോഡല്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വെന്കിട്ടന്‍ ആവിഷകരിച്ച മുദ്രാവാക്യം ആണ് “ജയ്ഹിന്ദ്” .ലോകമാന്യ ബാലഗംഗാധര തിലകനെ നാം ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു എന്ന് വിളിക്കുന്നു .നേതാജി സുഭാഷ് ചന്ദ്ര ബോസ്സിന്‍റെ രാഷ്ട്രീയ ഗുരു നമ്മുടെ കേരളത്തിന്‍റെ, തിരുവനന്തപുരം കാരന്‍, ജയ്‌ ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ള ആണെന്ന കാര്യം രാകേഷ്  രേഖപ്പെടുത്തി കണ്ടില്ല .സുഭാഷ് ചന്ദ്രനും അത് ചെയ്തില്ല  .എന്നതു ഖേദകരം .
നേതാജി ഐ എന്‍ ഏ രൂപീകരിച്ചത് ചെമ്പകരാമന്‍ പിള്ളയുടെ ഐ വി ഏ (Indian National Voluntary Corps 1915) എന്ന സംഘടനയെ മാതൃക ആയി സ്വീകരിച്ചാ യിരുന്നു എന്നോര്‍ക്കുക.ചെമ്പകരാമന്‍ പിള്ള എംഡന്‍ (Emden)എന്ന കപ്പലില്‍ മദ്രാസ് തുറമുഖത്തെത്തി കരയിലേക്ക് പീരങ്കി വെടികള്‍ മുഴക്കി .അതിനെ തുടര്‍ന്നാണ്‌ നാം മലയാളികള്‍ “യമണ്ടന്‍ ,എമെണ്ടന്‍” എന്നീല്ലാമുള്ള പ്രയോഗങ്ങള്‍ തുടങ്ങിയത് .ഇന്നാ പേര്‍ മലയാളികള്‍ ചലചിത്രത്തിനു പോലും, കഥയറിയാതെ , ഇടുന്നു .പക്ഷെ മലയാളികള്‍ ചെമ്പകരാമന്‍ പിള്ളയെ പൂര്‍ണ്ണമായും മറന്നു എന്നതിന് തെളിവാണീ കൃതി .
 തമിഴ് നാട് സര്‍ക്കാര്‍ എംഡന്‍ കപ്പല്‍ വന്നു പീരങ്കി വെടി ഉതിര്‍ത്ത മദിരാശി മെറീന കടല്പ്പുരത്ത്, തമിഴനല്ലാത്ത,മലയാളിയായ ജയ്ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ളയ്ക്ക് (1891-1934) പൂര്‍ണ്ണകായ പ്രതിമ ഒരുക്കി സ്മാരകം തീരത്തു  .നാം മലയാളികള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും മറന്നു .വെന്കിട്ടന്‍റെ ജന്മ്ഗേഹത്തിനു തൊട്ടു സ്ഥിതി ചെയ്യുന്ന. ഇന്നും ഇംഗ്ളണ്ടിലെ വിക്ടോറിയാ രാജ്ഞി യുടെ പേരില്‍ അറിയപ്പെടുന്ന  വി.ജെ .റ്റി (വിക്ടോറിയ ജൂബിലി ടൌന്‍ ) ഹാളിന്‍റെ പേര്‍ മാറ്റി ജയ്ഹിന്ദ് ചെമ്പകരാമന്‍ പിള്ള ടൌന്‍ ഹാള്‍  (JCT)എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ തയാര്‍ ആകേണ്ടതാണ്
ചെമ്പകരാമന്‍ പിള്ളയ്ക്ക് മലയാളത്തില്‍ നല്ല ഒരു ജീവചരിത്രം ഇല്ല
കെ.കൊച്ചു കൃഷണ നാടാര്‍ 1962 ല്‍ രചിച്ച ഒരു ലഘു കൃതി മാത്രം പിന്നെ മന്മഥന്‍ ഉള്ളാട്ടില്‍ എന്ന അമേരിക്കന്‍ മലയാളി എഴുതിയ ബ്ലോഗും കലാകൌമുദി 2017 ഫെബ്രുവരി 17 ലക്കത്തില്‍ “എംഡന്‍ ഓര്‍മ്മയില്‍” എന്ന പേരില്‍ Adv. പി സുധാകരന്‍ പിള്ള എഴുതിയ ഒരു ലേഖനവും   .ഈയുള്ളവന്‍ മലയാളം റിസേര്‍ച് ജേര്‍ണലില്‍ (കോട്ടയം സി.എം .എസ് കോളേജ് വക പ്രസിദ്ധീകര ണം) എഴുതിയ ലേഖനവും
രാകേഷ് അടുത്തതായി എഴുതുന്ന കൃതി, ജയ് ഹിന്ദ്‌ ചെമ്പകരാമന്‍ പിള്ളയുടെ ജീവചരിത്രം ആയെങ്കില്‍  എന്നാഗ്രഹിച്ചു പോകുന്നു .

No comments:

Post a Comment