Wednesday, 14 September 2016

അയ്യാക്കുട്ടി ജഡജിയുടെ ആധികാരികതയും അയ്യാവ് സ്വാമികളും



അയ്യാക്കുട്ടി ജഡജിയുടെ ആധികാരികതയും
അയ്യാവ് സ്വാമികളും
==========================
ശ്രീനാരായണ ഗുരുവിന്‍റെ ആധികാരികമായ ജീവചരിത്രസംഗ്രഹം ലോകം
ആദ്യം ശ്രവിച്ച സംഭവം 1908 ആഗസ്റ്റ്‌ ലക്കം വിവേകോദയത്തിലെ റിപ്പോര്‍ട്ട് പ്രകാരം മലയാളികള്‍ അറിഞ്ഞു എന്ന് ജി.പ്രിയദര്‍ശന്‍ തന്‍റെ പഴമയില്‍ നിന്നും പംക്തിയില്‍ (ഈ.കെ അയ്യാക്കുട്ടി ജഡ്ജി ഭാഷാപോഷിണി, ഒക്ടോബര്‍ 2016 ലക്കം പേജ് 98) .1060 ലോ മറ്റോ ഷണ്മുഖ ദാസന്‍ തന്‍റെ ഗുരുവായ തയ്ക്കാട്ട് അയ്യാവ് എന്ന് വിളിച്ചുവരുന്ന ഒരു മഹാന്‍റെ അടുത്ത് സ്വാമിയെ (ശ്രീനാരായണ ഗുരു )കൊണ്ട് ചെല്ലുകയും അദ്ദേഹം യോഗാഭ്യാസ സംബന്ധമായി ചില ഉപദേശങ്ങള്‍ കൊടുക്കയും ചെയ്തു എന്നും ജഡ്ജി പ്രസംഗിച്ചതായി പ്രിയദര്‍ശന്‍ തുടരുന്നു .
ശ്രീനാരായണ ഗുരുവിന്‍റെ ജീവചരിത്രസംഗ്രഹം ആദ്യമായി പ്രസംഗമായി അവതരിപ്പിച്ചത് അയ്യാക്കുട്ടി ജഡ്ജി ആവാം .പക്ഷെ അതത്ര “ആധികാരിക”മായിരുന്നില്ല .തൃശ്ശൂര്‍ പട്ടണത്തില്‍ ജനിച്ചു വളര്‍ന്ന അയ്യാക്കുട്ടിക്ക് ചെമ്പഴന്തിയില്‍ നടന്ന ,തൈക്കാട്ട് നടന്ന പല സംഗതികളും ആധികാരികമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല .കാരണം
അവ കേട്ടറിവ് മാത്രമായിരുന്നു .കണ്ടറിഞ്ഞവരും കൊണ്ടറിഞ്ഞവരും
ആയി മറ്റു പലര്‍ ഉണ്ടായിരുന്നു .
ഗുരുവിനെ എഴുത്തിരുത്തിയ കണ്ണങ്കര അധികാരിയുടെ പിതാവിന്‍റെ അനുജന്‍റെ മകന്‍ ചെമ്പഴന്തി ഗോപാല പിള്ള (പിന്നീട് കല്‍ക്കട്ടയില്‍ പോയി ഡോക്ടര്‍ ആയി തിരിച്ചു വന്നു തിരുവിതാം കൂര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ആരോഗ്യവകുപ്പ് മേധാവി ആയ ഡോക്ടര്‍ ഗോപാലപിള്ള ) ആണ് ശ്രീനാരായണഗുരുവിന്‍റെ ആദ്യ ആധികാരിക ജീവചരിത്രം തയാറാക്കി ഗുരുവിന്‍റെ 58-മത് തിരുനാളിന് ചെമ്പഴന്തിയില്‍ കൂടിയ പൊതുയോഗത്തില്‍ വായിച്ചത് .
വിവേകോദയം ഒന്‍പതാം വാല്യത്തില്‍ വന്ന റിപ്പോര്‍ട്ട് നമുക്കൊന്ന് വായിക്കാം
“ദിവ്യശ്രീ നാരായണ ഗുരു സ്വാമി തൃപ്പാദങ്ങളിലെ തിരുവുത്സവം ഇവിടെ സ്വാമി പാദത്തിലെ ജന്മഭൂമിയില്‍ ശാപിച്ചിട്ടുള്ള മഠത്തില്‍ വച്ച് പൂര്‍വാധികം ഭംഗിയായി കൊണ്ടാടിയിരിക്കുന്നു .....തല്സംബന്ധമായി കൂടിയിരുന്ന സഭയില്‍ മാ.രാ.രാ.ഉള്ളൂര്‍ കെ.ജി ഗോപാലപിള്ള അവര്‍കള്‍ സ്വാമിപാദ ങ്ങളിലെ ജീവചരിത്രത്തെ സംക്ഷേപിച്ചെഴുതി വായിക്കയുണ്ടായി “
കേട്ടറിഞ്ഞ തൃശ്ശൂര്‍ കാരന്‍ പ്രസംഗിച്ചതിലും
ആധികാരികം കണ്ടറിഞ്ഞ ചെമ്പഴന്തി ക്കാരന്‍ എഴുതി വായിച്ചതായിരിക്കണം .തീര്‍ച്ച .
കൂടാതെ , (M.E1084/C.E1909)-ല്‍ വാഴവിള മാറ്റത്ത് നാണു “ശ്രീനാരായണ ഹംസചരിതം” വഞ്ചിപ്പാട്ട് ആയും എഴുതി പ്രചരിപ്പിച്ചിരുന്നു അതും ആധികാരികം ആയിരുന്നിരിക്കണം (വായിച്ചിട്ടില്ല ).നാല്പതാം വയസ്സില്‍ മാത്രം ശ്രീനാരായണ ഗുരുവിന്‍റെ സന്നിധിയില്‍ എത്തിയ കുമാരന്‍ ആശാന്‍ ഗോപാലപിള്ള എഴുതി തയാര്‍ ആക്കിയ പ്രബന്ധം വിവേകോ ദയത്തില്‍ പ്രസിദ്ധീകരിക്കാം എന്ന് പറഞ്ഞു വാങ്ങി .ഗോപാലപിള്ള താമസിയാതെ വൈദ്യ പഠനത്തിനു കല്‍ക്കട്ടയിലേക്ക്
പോയി .ഗോപാലപിള്ള രചിച്ച ആധികാരിക ജീവചരിത്രം വിവേകോദ യത്തില്‍ അച്ചടിച്ചു വന്നതായി കാണുന്നില്ല എന്നാണറിവ്
(തെറ്റാണെങ്കില്‍ തിരുത്താം) ,
ഗോപാലപിള്ള അതറിഞ്ഞും ഇല്ല .കുറെ നാള്‍ കഴിഞ്ഞു കുമാരന്‍ ആശാന്‍ വകയായി സ്വാമികളുടെ ജീവചരിത്രം
പ്രസിദ്ധീകരിക്കപ്പെട്ടു .ഗോപാല പിള്ള എഴുതിയതോ .ആശാന്‍ സ്വന്തമായി രചിച്ചതോ .പിള്ളയുടെ ജീവചരിത്രം പരിഷ്കരിച്ചതോ
ഗവേഷകര്‍ കണ്ടെത്തട്ടെ .ഏതായാലും അതിലെ വിവരങ്ങള്‍ മുഴുവന്‍ ആശാന്‍ കണ്ടറിഞ്ഞവ അല്ല തന്നെ .
ചട്ടമ്പി സ്വാമികള്‍ തന്‍റെ ഗുരുവായ തൈ ക്കാട്ട് അയ്യാവിന്‍റെ അടുത്ത് കൊണ്ടുപോയത് (M.E 1060/C.E 1885) എന്ന ജഡ്ജി അവര്‍ കളുടെ പരാമര്‍ശം “ആധികാരിക”മല്ല .ഏഴു(എട്ട് എന്നും ചിലയിടത്ത് കാണുന്നു ) വര്‍ഷത്തെ നിരീക്ഷണത്തിന് ശേഷം ശിവരാജയോഗി തൈക്കാട് അയ്യാവു സ്വാമികള്‍ കുഞ്ഞനു “ബാലാസുബ്രഹ്മണ്യ മന്ത്രം” എന്ന പതിനാലക്ഷര ഗോപ്യ മന്ത്രം (അതച്ചടിയില്‍ ഇല്ല ) ചെവിയില്‍ ഓതിയത് കൊല്ലവര്‍ഷം 1054(C.E1879) ചിത്രാ പൌര്‍ണ്ണമി ദിനത്തില്‍ .അടുത്ത വര്‍ഷം(കൊ.വ 1055) ചിത്രാപൌര്‍ണ്ണമി ദിനം (C.E1880) അയ്യാവ് നാണുവിനും ആ മന്ത്രം ഓതിക്കൊടുത്തു ശിഷ്യന്‍ ആക്കി എന്ന് അതിനും സാക്ഷിയായിരുന്ന, മകന്‍ ലോകനാഥ പിള്ള (സ്വാമി ) പിതാവിന്‍റെ ജീവചരിത്രത്തില്‍ എഴുതിയിരിക്കുന്നു . (കാലടി പരമേശ്വരന്‍ പിള്ള, “ശിവരാജയോഗി തൈക്കാട് അയ്യാസ്വാമി തിരുവടികള്‍” അയ്യാമിഷന്‍,തൈക്കാട് ആദ്യ പതിപ്പ് 1960.)ഡോ .എസ് ഓമന തന്‍റെ പി.എച്ച് തീസ്സിസ്സിലും (ഒരു മഹാഗുരു-വര്‍ക്കല ഗുരുകുലം 2013) ലോകനാഥ പിള്ള 1929 ജനുവരി നു ചങ്ങനാശ്ശേരി ആനന്ടാശ്രമത്തിലെ ശ്രീ തീര്‍ഥാപാദ സ്വാമികള്‍ക്ക് എഴുതിയ തമിഴ് കത്തിന്‍റെ പരിഭാഷ നല്‍കിയിരിക്കുന്നതു കാണുക .
.
.”പത്തൊന്‍പതാം നൂറ്റാണ്ടിലെ നരേന്ദ്രമോഡി” ആയിരുന്നു യോഗപ്രചാരകന്‍ ആയിരുന്ന തൈക്കാട് അയ്യാവ്;
എങ്കിലും അദ്ദേഹം “തിരുമൂലര്‍ തിരുമന്ത്രം മൂവായിരം” എന്ന ദ്രാവിഡ വേദം അവലംബിച്ച് “ഒന്ട്രെ കുലം ഒരുവനെ ദൈവം” എന്നും “അന്പേ ദൈവം” എന്നും വിശ്വസിച്ചിരുന്ന ഒരു “ശിവയോഗി”ആയിരുന്നു .”ചര്യ ,ക്രിയ ,യോഗം ജ്ഞാനം” എന്നിങ്ങനെ നാല് ഘടകങ്ങള്‍ ഉള്ള ശിവരാജയോഗത്തിലെ യോഗ മാത്രമായി അയ്യാവു സ്വാമികള്‍ ശിഷ്യര്‍ക്ക് പരിശീലനം നല്‍കിയിരുന്നില്ല എന്നറിയണമെങ്കില്‍ ശിവരാജയോഗം എന്തെന്ന് മനസ്സിലാക്കണം .”യോഗം മാത്രമല്ല; ഭോഗവും ആകാം” എന്ന് പറയുന്ന ശിവവരാജസിദ്ധാന്ത യോഗികള്‍ക്ക് വിവാഹജീവിതം ആകാം എന്നത് പലര്‍ക്കും അജ്ഞാതം .അതറിഞ്ഞുകൂടാത്ത മൂര്‍ക്കോത്ത് കുമാരന്‍ അയ്യാവിനെ പരിഹസിച്ച് എഴുതി .അയ്യാവു ഗുരുവിന്‍റെ ശിഷ്യന്‍ പത്മനാഭ കണിയാര്‍ എന്ന ഭാഗവതരുടെ മകളുടെ മകന്‍ ശാന്തി പ്രസാദ് ആഗോളതലത്തില്‍ ഇന്ന് “ശിവരാജ യോഗം” പ്രചരിപ്പിക്കുന്നു (www.schoolofsanthi.org എന്ന വെബ്സൈറ്റ് കാണുക . ആസ്ഥാനം വഴുതയ്ക്കാട്).
ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം

No comments:

Post a Comment