Thursday, 31 January 2019

പൊയ്കയില്‍ അപ്പച്ചനും പമ്പയാറിലെ തീ വയ്പ്പും


പ്രത്യക്ഷരക്ഷാ സഭ (പി .ആര്‍ .ഡി എസ് )
സ്ഥാപകന്‍ കുമാരഗുരുദേവന്‍റെ ജീവചരിത്രം സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിനുവേണ്ടി ശ്രീ കെ.എം ലെനിന്‍ “പൊയ്കയില്‍ അപ്പച്ചന്‍ -കീഴാളരുടെ വിമോചകന്‍ “എന്ന പേരില്‍ ലഘുഗ്രന്ഥമായി (95 പേജുകള്‍) പുറത്തിറക്കിയത് (ഒന്നാം പതിപ്പ് ആഗസ്റ്റ്‌ 2016. രണ്ടാം പതിപ്പ് മാര്‍ച്ച് 2018 ) താല്‍പ്പര്യപൂര്‍വ്വം വായിച്ചു.
അനില്‍ ഈ.വി (പ്രത്യക്ഷരക്ഷാ സഭ ,ചരിത്രവും മുന്‍വിധികളും) ,പി ഗോവിന്ദപ്പിള്ള (കേരള നവോത്ഥാനം –ഒരു മാര്‍ക്സിസ്റ്റ്‌ വീക്ഷണം ,)ടി.എച്ച് .പി.ചെന്താരശ്ശേരി (പൊയ്കയില്‍ അപ്പച്ചന്‍),രമേശ്‌ നന്മുണ്ട (പൊയ്കയില്‍ ശ്രീകുമാര ഗുരു ), രാജേഷ് ചിറപ്പാട്(പൊയ്കയില്‍ അപ്പച്ചന്‍) രേണുകുമാര്‍ എം.ആര്‍ (പൊയ്കയില്‍ യോഹന്നാന്‍ ,)സുരേഷ് തൂമ്പുങ്കല്‍ (പൊയ്കയില്‍ ശ്രീകുമാരദേവനും വാകത്താനം ലഹളയും), .സൈമണ്‍ കെ.വി (മലങ്കരയിലെ വേര്‍പാട് സഭകള്‍ ) എന്നീ പഠനങ്ങള്‍ ആധാരമാക്കിയാണ് ശ്രീ ലെനിന്‍ ഗ്രന്ഥരചന നിര്‍വ്വഹിച്ചത് .
പൊയ്കയില്‍ അപ്പച്ചന്‍ എന്ന ശ്രീ കുമാരഗുരുദേവനെ കുറിച്ച് ഗൌര വാര്‍ഹാമായ ഒരു പഠനം ആദ്യമായി നടത്തിയത് കേരള നവോത്ഥാന ത്തെ കുറിച്ച് നാല് സഞ്ചയികകള്‍ എഴുതിയ മാര്‍ക്സിസ്റ്റ് ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള ആണ് എന്ന് ശ്രീ ലെനിന്‍ (പുറം 13)
.”പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി “ എന്ന പി.ജി യുടെ പ്രയോഗം ശ്രീ ലെനിന്‍ പല സ്ഥലങ്ങളില്‍ ആവര്‍ത്തിച്ചു എന്ന് കാണാം. ജാതിക്കോട്ടയില്‍ വീഴ്ത്തിയ വിള്ളലിന്‍റെ മുഴുവന്‍ വ്യാപ്തിയും ആ പ്രയോഗത്തില്‍ കാണാം” എന്നും ശ്രീ ലെനിന്‍ (അതേ പുറം ).പി.ജി യുടെ ആ ലേഖനം കോട്ടയത്തെ പി.ആര്‍ ഡി.എസ് സെമിനാറില്‍ (1997) .അവതരിപ്പിക്കപ്പെട്ട പ്രബന്ധം ആയിരുന്നു എന്ന് അടിക്കുറിപ്പ് വഴി ശ്രീ ലെനിന്‍ വ്യക്തമാക്കുന്നു .(പുറം 13)
ശ്രീ ലെനിന്‍ ശ്രദ്ധിക്കാതെ പോയ ഒരു ആദ്യകാല പഠനത്തെ കുറിച്ച് എഴുതട്ടെ .ഈ ലേഖകന്‍ പൊയ്കയില്‍ യോഹന്നാനെ കുറിച്ച് ആദ്യം വായിച്ചത് 1983 കാലഘട്ടത്തില്‍ ദേശാഭിമാനി വാരികയില്‍ “ഉറയൂരുന്ന ചരിത്ര സത്യങ്ങള്‍ “ എന്ന പേരില്‍ വന്നിരുന്ന ലേഖന പരമ്പര വഴി ആയിരുന്നു . .ഒരു നവാഗത പത്രപ്രവര്‍ത്തകന്‍ ആയ തെക്കുംഭാഗം മോഹന്‍ ഏ.പി കളയ്ക്കാട് ,അന്നത്തെ പത്രാധിപര്‍ തായാട്ട് ശങ്കരന്‍ എന്നിവരുടെ പ്രേരണയാല്‍ നടത്തിയ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം. കല്ലുമാല ലഹള ,ചാന്നാര്‍ ലഹള ,ആറാട്ട്‌ പുഴ വേലായുധ പണിക്കരും ഏത്താപ്പു സമരവും ,ഡോക്ടര്‍ പല്പ്പുവും നായര്‍ -ഈഴവ ലഹളയും, നായര്‍ -പുലയ ലഹള ,പുല്ലാട്ട് ലഹള .അവസാനമായി പൊയ്കയില്‍ അപ്പച്ചനും കുറെ അടിമകളും എന്നീ ലേഖനങ്ങള്‍ ..ആ പരമ്പര പുസ്തകമാക്കിയപ്പോള്‍ അവതാരിക എഴുതിയത് സാക്ഷാല്‍ അച്യുതമേനോന്‍ (4.2 1984). പക്ഷെ പുസ്തകമായി പുറത്ത് വന്നത് 1993 ല്‍ മാത്രം (സി ഐ സി സി ബുക്സ് കൊച്ചി,”അടിമ ഗര്‍ജജന ങ്ങള്‍”).രണ്ടാം പതിപ്പ് 2008 ല്‍ പുറത്തിറക്കിയത് സാഹിത്യ പ്രവര്‍ത്തക സംഘം. പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് നടത്തിയ ചില പരാമര്‍ശനത്തെ തുടര്‍ന്നു തെക്കുംഭാഗം മോഹന് വധ ഭീക്ഷണി ഉണ്ടായി എന്ന് ഗ്രന്ഥ കര്‍ത്താവ് (ആമുഖത്തില്‍ .പുറം 15)എഴുതി
തെക്കുംഭാഗം മോഹന്‍റെ അടിമഗര്‍ജ്ജനങ്ങളില്‍ വസ്തുതാ പരമായി ഒരു പിശക് പറ്റി .ആനമണ്ടത്തരം. അപ്പച്ചന്‍ ബൈബിള്‍ കത്തിച്ചത് മാരാമണ്‍ മണല്‍ പുറത്ത് വച്ചായിരുന്നു എന്നാണു മോഹന്‍ എഴുതി പിടിപ്പിച്ചത് (പുറം 162-63)
മാര്‍ക്സിറ്റ്‌ ആചാര്യന്‍ പി.ഗോവിന്ദപ്പിള്ള പൊയ്കയില്‍ അപ്പച്ചനെ കുറിച്ച് പ്രബന്ധം തയാറാക്കിയത് പ്രധാനമായും തെക്കുംഭാഗം മോഹന്‍റെ ദേശാഭിമാനി പരമ്പരയെ ആശ്രയിച്ചായിരുന്നു .പക്ഷെ അദ്ദേഹം മോഹന് യാതൊരു ക്രഡിറ്റ് നല്‍കിയില്ല .മോഹന്‍ എന്ന പേര് ഒരിടത്തും നല്‍കിയില്ല പി.ജിയുടെ നവോത്ഥാന എഴുത്തിന്‍റെ സ്വഭാവം അങ്ങിനെ ആയിരുന്നു .റഫറന്‍സ് കാണില്ല .കേരള നവോത്ഥാനം നാല് സഞ്ചയികകളില്‍ ഒരിടത്ത് പോലും റഫറന്‍സ് നല്‍കിയിട്ടില്ല സഖാവ് പി.ജി
“ലിംഗ സമത്വം “ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന കാലഘട്ടത്തില്‍ നാല് സഞ്ചയികളില്‍ ഒരിടത്ത് പോലും സഖാവ് ഗോവിന്ദപ്പിള്ള ഒരു നവോത്ഥാന നായികയെ പരിചയ പ്പെടുത്തിയില്ല എന്നത് നമ്മെ അത്ഭുത പെടുത്തുന്നു .നായര്‍ യുവതികളെ മാന്യമായി വസ്ത്രം ധരിപ്പിക്കാന്‍ .മാര്‍ച്ചട്ട ധരിപ്പിക്കാന്‍ മുന്നോട്ടുവന്ന വാഴൂര്‍ നിവേദിത ശ്രീമതി ചിന്നമ്മ (മഹിളാ മന്ദിരം സ്ഥാപക )യെ പോലും സഖാവ് പി.ജി സ്മരിച്ചില്ല
തെക്കും ഭാഗം മോഹനെ കണ്ണുമടച്ചു വിശ്വസിച്ചു പൊയ്കയില്‍ അപ്പച്ചചരിതം പകര്‍ത്തിയ പി.ജി ബൈബിള്‍ കത്തിച്ച കാര്യം പരസ്യമായി എഴുതാന്‍ധൈര്യം കാട്ടിയില്ല എന്നാണോര്‍മ്മ (ഒരു മൃദു ക്രിസ്ത്യന്‍ സമീപനം അഥവാ ഒരു പിണറായിയന്‍ അടവ് നയം ).പുസ്തകം ഇപ്പോള്‍ കൈവശമില്ല .ഓര്‍മ്മയില്‍ നിന്ന് എഴുതുന്നു .തെറ്റാവാം .എന്നാല്‍ വ്യംഗ്യമായി സൂചിപ്പിക്കാന്‍ .”പമ്പയാറിന് തീ കൊളുത്തിയ വിപ്ലവകാരി “ എന്നൊരു അടിപൊളി പ്രയോഗം പി ജി ആവിഷ്കരിച്ചു ബൈബിള്‍ കത്തിയ്ക്കപ്പെട്ടതു പമ്പയാറിന്‍ തീരത്തെ മാരാമണ്‍ മണല്‍ പുറത്ത് വച്ചായിരുന്നു എന്ന തെറ്റായ ധാരണയില്‍ ആണ് പി.ജി അങ്ങനെ ഒരു പ്രയോഗം സൃഷ്ടിച്ചത് .അതിനു കാരണമായതോ തെക്കുംഭാഗം മോഹന്‍റെ തെറ്റായ അറിവും
പൊയ്കയില്‍ അപ്പച്ചനും അനുയായികളും ബൈബിളുകള്‍ കത്തിച്ചത് കോട്ടയം ജില്ലയിലെ വാകത്താനം എന്ന സ്ഥലത്ത് വച്ചായിരുന്നു.പമ്പയാര്‍ ആ വഴിയൊന്നും അല്ല ഒഴുകുന്നത് .അതിനാല്‍ പമ്പയാറിന് തീ പിടിക്കാന്‍ തക്കവണ്ണം പൊയ്കയില്‍ അപ്പച്ചന്‍ ഒന്നും ചെയ്തില്ല .
പുറം 23ല്‍ ശ്രീ ലെനിന്‍ നല്‍കിയ ഒരു പരാമര്‍ശം “(വൈകുണ്ട സ്വാമികളുടെ ശിഷ്യന്‍ ആയിരുന്ന തൈക്കാട്ട് അയ്യാസ്വാമികള്‍”)എന്നത് തെറ്റാണ് .അയ്യാ വൈകുണ്ടന്‍ പേരില്‍ നിന്ന് വ്യക്തമാകും പോലെ ഒരു “വൈഷ്ണവ” സന്യാസി ആയിരുന്നു .അദ്ദേഹത്തിന്‍റെ ശിഷ്യന്‍ എങ്ങനെ “ശിവരാജ യോഗി” ആകും .വൈകുണ്ട സ്വാമികള്‍ക്ക് പഞ്ചപാണ്ഡവനാമ ധാരികള്‍ ആയ അഞ്ചു ശിഷ്യന്മാര്‍ മാത്രമാണുണ്ടായിരുന്നത്. .മലബാറുകാരന്‍ ആയിരുന്ന അയ്യാവു സ്വാമികള്‍(1814-1909) ബാല്യത്തില്‍ തന്നെ സച്ചിദാനന്ദന്‍ ,ചട്ടി പരദേശി എന്നിവരില്‍ നിന്നും ബാലാ സുബ്രമണ്യ മന്ത്രം ഓതിവാങ്ങി ശിഷ്യന്‍ ആയി .1939 ല്‍ ജയിലില്‍ കിടന്ന വൈകുണ്ടനെ നിരീക്ഷിക്കാന്‍ “ഓതുവാര്‍”(വേദം ഓതുന്ന വെള്ളാളന്‍) ചിദംബരം പിള്ള വഴി ബന്ധുവായ മലബാറുകാരന്‍ അയ്യാവു സ്വാമികള്‍ (അന്നുപേര്‍ സുബ്ബരായന്‍) ക്ഷണിക്കപ്പെട്ടു. അപ്പോള്‍ സ്വാതി തിരുനാള്‍ ,അയ്യാ വൈകുണ്ടന്‍ എന്നിവര്‍ “ബാലാ സുബ്രമണ്യ മന്ത്രം” എന്ന പതിനാലക്ഷര മന്ത്രം ഓതി വാങ്ങി ശിഷ്യര്‍ ആയി എന്നതാണ് വാസ്തവം.
സാഹിത്യ പ്രവര്‍ത്തക സംഘം തന്നെ പ്രസിദ്ധീകരിച്ച “തൈക്കാട്ട് അയ്യാ സ്വാമി - ഗുരുക്കന്മാരുടെ ഗുരു” (സതീഷ്‌ കിടാരക്കുഴി, ആഗസ്റ്റ്‌ 2018 ) പുറം 17 കാണുക .
കൂടുതല്‍ അറിയുവാന്
https://charithravayana.blogspot.com/20…/…/blog-post_78.html

Friday, 18 January 2019

ആ ബഹുമതിക്കര്‍ഹന്‍ ഒര്‍ണ കൃഷ്ണന്‍ കുട്ടി



പച്ചക്കുതിര 2019 ജനുവരി ലക്കത്തില്‍ കോഴഞ്ചേരി കുറിയന്നൂരില്‍, പുലയശിവനെ പ്രതിഷ്ഠിച്ച തപസി ഓമലിനെ കുറിച്ച് ഡോ .സുരേഷ് മാധവ് എഴുതിയ സചിത്ര ലേഖനം ഏറെ താല്‍പ്പര്യ പൂര്‍വ്വം വായിച്ചു. ലേഖകനും .ലേഖനം പ്രസിദ്ധീകരിച്ച പച്ചക്കുതിരയും  അനുമോദനം അര്‍ഹിക്കുന്നു .
തപസി ഓമലിനെ കുറിച്ചും അദ്ദേഹം പ്രതിഷ്ടിച്ച പുലയ ശിവനെ  കുറിച്ചും ആദ്യമായി വായിച്ചത് പ്രൊഫ.എന്‍. ഈ കേശവന്‍ നമ്പൂതിരി എഴുതിയ “തെക്കുംകൂര്‍ ചരിത്രവും പുരാവൃത്തവും” (എന്‍ ബി.എസ് 2014 )എന്ന കൃതിയില്‍ നിന്നായിരുന്നു (പുറം 237). 
2014 ആഗസ്റ്റ്‌ 3 ലക്കം കേരളശബ്ദം വാരികയില്‍ ഒര്‍ണ കൃഷ്ണന്‍ കുട്ടി എഴുതിയ ലേഖനം ആയിടയ്ക്ക് തന്നെ വായിച്ചു. 

മാതൃഭൂമി 2016 സെപ്തംബര്‍  26 ലക്കത്തില്‍ പുറം 21 ഇന്ദു മേനോന്‍ എഴുതിയ “പുലയടി” എന്ന കഥയിലും തപസി ഓമലും പുലയ ശിവനും പരാമര്‍ശിക്കപ്പെട്ടു . അഡ്വേ.മുന്തൂര്‍ കൃഷ്ണന്‍ സൈന്ധവ മൊഴി 2016 ആഗസ്റ്റ്‌-സെപ്തംബര്‍ ലക്കത്തില്‍ തപസി ഓമലിനെ കുറിച്ച് എഴുതിയിരുന്നു .ഇപ്പോള്‍ പച്ചക്കുതിരയില്‍ ഡോ. സുരേഷ് മാധവ് എഴുതിയ സചിത്രലേഖനം തന്നെയാണ് ആധികാരികമായതും സുദീര്‍ഘമായതും എന്നത് സമ്മതിക്കാം .എന്നാല്‍ ദളിത്‌ സന്യാസി നടത്തിയ ശിവ പ്രതിഷ്ഠ യുടെയും നിശ്ശബ്ദ നവോത്ഥാനത്തിന്റെയും ചരിത്രം “ആദ്യമായാണ്‌” വെളിച്ചം കാണുന്നതെന്ന പരാമര്‍ശം (പുറം 4) ശരിയല്ല.
തപസി ഓമലിന്‍റെ  പുലയ ശിവ പ്രതിഷ്ടയെ കുറിച്ച് ആദ്യമായി ലേഖനം പ്രസിദ്ധീകരിച്ചു എന്ന ബഹുമതി ഒര്‍ണ കൃഷ്ണന്‍ കുട്ടിയ്ക്ക് (ചുണ്ടങ്ങാത്തടം ,പെരുമ്പാവൂര്‍ 683556 mob: 8281456773 Email: ornakrishankutty@gmail.com ) മാത്രമാണ് .അദ്ദേഹത്തിന്‍റെ  പുലയരുടെ ചരിത്രം- ഒരു പഠനം (ബുദ്ധ ബുക്സ്, അങ്കമാലി, ആഗസ്റ്റ്‌ 2017) എന്ന കൃതിയില്‍ കേരള ശബ്ദത്തില്‍ (ലക്കം  )നേരത്തെ വന്നിരുന്ന ഓമലിന്‍റെ ജീവചരിത്രത്തിന്  പുറമേ, വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത ആമചാടി കണ്ണന്‍ തേവന്‍ തുടങ്ങി നാല്‍പ്പതില്‍ പരം അറിയപ്പെടാത്തതും എന്നാല്‍ അറിയേണ്ടതുമായ പുലയ സമുദായ നേതാക്കളുടെ ലഘു ജീവചരിത്രം വായിക്കാം. ആരുടെയും ചിത്രം ഇല്ല എന്നത് മാത്രമാണ് ഒരു കുറവ്.
 അയ്യാവഴി സ്ഥാപകന്‍ അയ്യാ വൈകുണ്ടന്‍ തന്‍റെ ചിത്രമോ പ്രതിമയോ പാടില്ല എന്ന് നിഷ്കര്‍ഷിച്ചിരുന്നു .പക്ഷെ ആരാധകര്‍ ഏതോ ചിത്രകാരന്‍ വരച്ചു നല്‍കിയ തലേക്കെട്ടോടു കൂടിയ രേഖാ ചിത്രം വലിയ തോതില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു .തീര്‍ച്ചയായും തപസി ഓമലിന്‍റെ  ഒരു രേഖാ ചിത്രം കൂടി നല്കാന്‍ സുരേഷ് മാധവും പച്ചക്കുതിരയും  ശ്രദ്ധിക്കേണ്ടിയിരുന്നു .
തപസി ഓമല്‍ സ്ഥാപിച്ച ശിവക്ഷേത്രം ഇതെഴുതുന്ന ആള്‍ സന്ദര്‍ശിക്കയും ഭാരവാഹികളെ കണ്ടു (സെക്രട്ടറി ശ്രീ തങ്കപ്പന്‍ മൊബൈല്‍ 9544786805) വിവരങ്ങള്‍ ശേഖരിക്കയും ചെയ്തിരുന്നു (15 ഒക്ടോബര്‍ 2017)
.ഫോട്ടോകളും വീഡിയോയും എടുത്ത് നവമാധ്യമങ്ങളില്‍ നല്‍കിയിരുന്നു .വീഡിയോ യൂ ട്യൂബില്‍ ലഭ്യമാണ് . https://www.youtube.com/watch?v=OXJwPkQCjHA&t=31s


ഡോ കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം
Mob: 9447035416 E-mail: drkanam@gmail.com