Friday, 12 February 2016

കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ കുരുക്കളും ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന ധ്വരയും



കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ കുരുക്കളും
ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് എന്ന ധ്വരയും
=======================================
കേരളത്തിലെ സാമൂഹ്യവിപ്ളവ പ്രസ്ഥാനങ്ങളുടെ ചരിത്രരചനയില്‍ , മുന്‍ഗണന നല്‍കേണ്ടത് മിഷണറി പ്രസ്ഥാനങ്ങള്‍ (1805), സമത്വ സമാജം (1836) എന്നിവയ്ക്കാണെന്ന് ചൂണ്ടിക്കാട്ടുന്നു ശ്രീ എം ജെ ജോണ്‍ കൊഴുവല്ലൂര്‍ (പ്രതികരണങ്ങള്‍, ഭാഷാപോഷിണി, ഫെബ്രുവരി ലക്കം പേജ് 75)
അരുവിപ്പുറം പ്രതിഷ്ടയ്ക്ക് 18 കൊല്ലം മുമ്പ്, മദ്ധ്യതിരുവിതാംകൂറില്‍, 1870 –ല്‍ തപസ്വി ഓമലന്‍ നടത്തിയ “പുലയശിവന്‍” പ്രതിഷ്ഠയെ കുറിച്ചും എഴുതുന്നു .പുതിയ അറിവുകള്‍ .നന്ദി .
എന്നാല്‍ “ശിവപ്രതിഷ്ഠ നടത്തിയ (അബ്രാഹ്മണ) വ്യക്തികളുടെ പേര് മുന്‍ ഗണനാക്രമത്തില്‍ എഴുതിയാല്‍, ആദ്യം എഴുതേണ്ടത് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെത്” എന്ന ഭാഗം ശരിയല്ല . 1852- ല്‍ വേലായുധപ്പണിക്കരുടെ കല്ലിശ്ശേരി തറവാട്ടില്‍ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെ മംഗലം ഇടയ്ക്കാട് ജ്ഞാനേശ്വരി ക്ഷേത്രത്തില്‍, ശിവപ്രതിഷ്ട നടത്തിയത്, പലരും കരുതും പോലെ വേലായുധപ്പണിക്കര്‍ ആയിരുന്നില്ല .മാവേലിക്കര കണ്ടിയൂര്‍ മറ്റം വിശ്വനാഥന്‍ കുരുക്കള്‍ എന്ന ശൈവവെള്ളാള പുരോഹിതന്‍ (ഇവരെ “പണ്ടാരം” എന്നും വിളിച്ചിരുന്നു ) ആയിരുന്നു . അടുത്തവര്‍ഷം (1853) ചേര്‍ത്തല തണ്ണീര്‍മുക്കം ചെറുവാരണം കരയിലും അതേ വിശ്വനാഥന്‍ കുരുക്കള്‍ പ്രതിഷ്ഠ നടത്തി ( പി.ഗോവിന്ദപ്പിള്ളയുടെ കേരള നവോത്ഥാനം യുഗസന്തതികള്‍ ,യുഗശില്‍പ്പികള്‍ - മൂന്നാം സഞ്ചയിക, ചിന്തപബ്ലിക്കേഷന്‍സ് 2010 പേജ് 75 കാണുക ) .അതെ വര്ഷം തന്നെ അതെ കുരുക്കള്‍ ആലുംമൂട്ടില്‍ ചാന്നാര്‍ വക ക്ഷേത്രത്തിലും വിഗ്രഹപ്രതിഷ്ഠ നടത്തി എന്ന് എ.പി ഉദയഭാനു “എന്‍റെ കഥയില്ലായ്മകള്‍” എന്ന ആത്മകഥയില്‍ എഴുതിയിട്ടുണ്ട് (എന്നാണോര്‍മ്മ. കൃതി ഇപ്പോള്‍ കൈവശമില്ല ) .ചുരുക്കത്തില്‍ തപസ്വി ഓമലന്‍ നടത്തിയത് നാലാമത് പ്രതിഷ്ഠ മാത്രം . അരുവിക്കരയില്‍ ശ്രീനാരായണ ഗുരു നടത്തിയത് അഞ്ചാമത്തെ പ്രതിഷ്ഠയും
“പല്‍പ്പുവിനു തിരുവനന്തപുരത്ത് (?) പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായിച്ച ബ്രിട്ടീഷുകാരനായ അദ്ധ്യാപകന്‍” എന്നൊരു പരാമര്‍ശമുണ്ട് ശ്രീ ജോണിന്‍റെ കത്തില്‍ .ഏതു ധ്വര?, എന്ത് വിദ്യാഭ്യാസം? എന്നൊന്നും വിശദമാക്കപ്പെടുന്നില്ല .പേട്ടയിലെ (അക്കാലത്ത് തിരുമധുരപ്പേട്ട) “ജ്ഞാനപ്രജാഗരം” (1876), ചെന്തിട്ടയിലെ “ശൈവപ്രകാശസഭ” (1885) എന്നീ വിദ്വല്‍ സഭകളുടെ സൃഷ്ടാക്കളില്‍ ഒരാളായിരുന്ന മഹാഗുരു ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍ എന്ന നവോത്ഥാനനായകന്‍റെ (അദ്ദേഹമാണ് ലോകത്തില്‍ തന്നെ ആദ്യമായി തന്‍റെ തൈക്കാട്ടെ ഇടപ്പിറവിളാകം എന്ന ഔദ്യോഗിക വസതിയില്‍ സവര്‍ണ്ണ–അവര്‍ണ്ണ പന്തിഭോജനം തുടങ്ങിയത് -1882-83 ) ശിഷ്യനായിരുന്നു യൂറോപ്പില്‍ നിന്ന് വന്ന ഫാദര്‍ പേട്ട ഫെര്‍ണാണ്ടസ് .(“ഫെര്‍ണാണ്ടസ് ലെയിന്‍” എന്നൊരു ഇടവഴി പോലും ഉണ്ടായിരുന്നു കുറെ വര്ഷം മുമ്പ് വരെ തിരുവനന്തപുരം പേട്ടയില്‍) അയ്യാസ്വാമികളുടെ കൂട്ടാളി പേട്ട രാമന്‍പിള്ള ആശാന്‍, അവിടെ മലയാളം കുടിപള്ളിക്കൂടം നടത്തിയിരുന്നു. അവിടെ പഠിച്ചവരാണ് കുഞ്ഞനും (പില്‍ക്കാലത്ത് ചട്ടമ്പിസ്വാമികള്‍ ) സഹപാടി നാണുവും (പില്‍ക്കാലത്ത് ശ്രീനാരായണ ഗുരു). അയ്യാസ്വാമികള്‍ നാട്ടുകാരെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍, ശിഷ്യന്‍ ഫാദര്‍ പേട്ട ഫെര്നാണ്ടസ്സിനെ കൊണ്ട് ഒരു ഇംഗ്ലീഷ് സ്കൂള്‍ തുടങ്ങിച്ചു .അവിടെ നിസ്സാരമായ നാലുചക്രം ഫീസ്‌ നല്‍കാന്‍ വകയില്ലാതിരുന്ന നെടുങ്ങോട് പപ്പു എന്ന ദരിദ്രബാലനെ ഫീസ്‌ വാങ്ങാതെ സായിപ്പ് ഇംഗ്ലീഷ് പഠിപ്പിച്ചത് മഹാഗുരു അയ്യാസ്വാമികളുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു (ഈ.കെ.സുഗതന്‍ എഴുതിയ തൈക്കാട് അയ്യാസ്വാമികളുടെ ജീവചരിത്രം, അയ്യാമിഷന്‍ 2005 കാണുക).
പല്‍പ്പുവിന്‍റെ വളര്‍ച്ചയില്‍ ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികളുടെ പങ്കും തമസ്കരിക്കപ്പെട്ടു
ഡോ .കാനം ശങ്കരപ്പിള്ള,പൊന്‍കുന്നം 9447035416

No comments:

Post a Comment