Monday, 24 August 2020
പേരിനെ കുറിച്
പേരിനെ കുറിച്ച് പലരും പലതും പലപ്പോഴായി എഴുതിക്കഴിഞ്ഞു .
അങ്ങ് വിശ്വസാഹിത്യത്തിലെ ഷക്സ്പീയര്‍ മുതല്‍ ഇങ്ങു,കേരളത്തില്‍ , മലയാളത്തില്‍, “ജീവിക്കാന്‍ മറന്നുപോയ സ്ത്രീ”യെ കാട്ടിത്തന്ന വെട്ടൂര്‍ രാമന്‍ നായര്‍ വരെ, എത്രയോ പേര്‍ പേരിനെ കുറിച്ച് എഴുതിക്കഴിഞ്ഞു. “ഒരു പേരില്‍ എന്തിരിക്കുന്നു ?”, എന്ന് ചോദിച്ചത് നാടകകുലപതി ഇംഗ്ലീഷുകാരന്‍, ആവോണ്‍ നദിക്കരയില്‍ ജനിച്ച കുന്തംകുലുക്കി
ഷക്സ്പീയര്‍ .
പലതും ഉണ്ടല്ലോ എന്ന് ബോധിപ്പിക്കാനാണ് ഈ കുറിമാനം.
മാനുഷര്‍ എല്ലാരുമൊന്നുപോലെ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഏറ്റവും ഇമ്പമുള്ള പദം അവന്‍റെ അല്ലെങ്കില്‍ അവളുടെ പേര്‍ എന്ന് പ്രസംഗം എങ്ങനെ നടത്തണം? എങ്ങനെ ആളെ വാചകമടിച്ചു മയക്കാം ? എന്നൊക്കെ മാളോരെ പഠിപ്പിച്ച ഡേല്‍ കാര്‍ണഗി പണ്ടേ പറഞ്ഞു വച്ചു. .അതിനാല്‍ എന്‍റെ പേരില്‍ നിന്ന് നമുക്ക് തുടങ്ങാം.
വാസ്തവം പറഞ്ഞാല്‍, എന്‍റെ സ്വന്തം പേരിനേക്കാള്‍, എനിക്ക് ഇഷ്ടപ്പെട്ട രണ്ടു പേരുകളില്‍ ഒന്ന് എന്‍റെ ജന്മനാടായ കോട്ടയം ജില്ലയിലെ ഏറ്റവും അധികം അറിയപ്പെടുന്ന മലയാളികള്‍ ഉള്ള നാടുകളില്‍ എല്ലാം അറിയപ്പെടുന്ന ,ഇന്നും കുഗ്രാമമായ “കാനം” എന്ന ദേശത്തിന്‍റെ പേര്‍ ആണ് .ആ പേരില്‍ ഞാന്‍ ആ ദേശത്തിന്‍റെ ചരിത്രവും എഴുതിയിട്ടുണ്ട് .പൌര പ്രഭ എന്ന കൊച്ചി പ്രസിദ്ധീകരണത്തില്‍ അത് തുടരനായി ഒരു കാലത്ത് വന്നിരുന്നു . കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ല .പക്ഷെ പി.ജെ ചെറിയാന്‍ അദ്ധ്യക്ഷന്‍ ആയിരിക്കും കാലം കേരള ഹിസ്ടോറിക്കല്‍ റിസേര്‍ച് സോസ്സൈറ്റി യില്‍ (KHRC ,Trivandrum) അതിന്‍റെ കോപ്പി സൂക്ഷിക്കപ്പെട്ടിരിക്കുന്നു .ആവശ്യക്കാര്‍ക്ക് ഫോട്ടോ കോപ്പി അവിടെ നിന്ന് ലഭിക്കും .
ഡോക്ടറന്മാര്‍ സാധാരണ ചെയ്യാറില്ലാത്ത ഒരു കാര്യമാണ് നാടിന്‍റെ പേര്‍ സ്വന്തം പേരിനോടൊപ്പം ചേര്‍ക്കുക എന്നത് .പക്ഷെ എഴുത്തുകാരും
രാഷ്ട്രീയക്കാരും വക്കീലന്മാരും കഥാകാലക്ഷേപക്കാരും അത് പലപ്പോഴും ചെയ്തിരുന്നു . അത്തരക്കാരുടെ കുത്തകാവകാശത്തില്‍ ഈയുള്ളവന്‍ കടന്നു കയറാന്‍ കാരണം, ജന്മം തന്ന നാടിനോടുള്ള ഒടുങ്ങാത്ത പ്രണയം ആണ് .ലോകത്തിലെ സ്വര്‍ഗ്ഗം ആണ് എന്നായിരുന്നു ചെറുപ്പത്തില്‍ എന്‍റെ ജന്മനാടായ കോട്ടയം ജില്ലയിലെ വെറും കാനത്തെ കുറിച്ചുള്ള എന്‍റെ ധാരണ.
.കാനം രണ്ടാം ഭാഗം ആയി വരുന്ന നിരവധി സ്ഥലനാമങ്ങള്‍ ഉണ്ട് .ഇരുട്ടു കാനം ,കുരുട്ടു കാനം,കുട്ടിക്കാനം,മമ്മട്ടിക്കാനം,തേക്കാനം , പ്രക്കാനം എന്നിങ്ങനെ കാനം പലവിധം കേരളത്തില്‍ മാത്രമല്ല ലോകത്തിലും, സുലഭം. എന്തിനു ആഫ്രിക്കയില്‍ പോലും ഉണ്ട് ഒരു കാനം .ഇപ്പോള്‍ അമേരിക്കയിലും ഉണ്ട് കാനം .കാനംകാരന്‍ ഒരു മദ്യപ്രേമി അമേരിക്കയില്‍ തുടങ്ങിയ, മദ്യശാലയുടെ പേരും “കാനം”. അദ്ദേഹത്തിന്‍റെ കാറും കാനം .ഫോട്ടോ ഫേസ്ബുക്കില്‍ കണ്ടിരുന്നു .ഉടമ എന്‍റെ സഹപാഠിയായിരുന്ന,അമേരിക്കയില്‍ കുടിയേറിയ ,”കുടി”യേറ്റുന്ന ആനന്ദവല്ലിയുടെ കൊച്ചു മകനും (അമ്മിണി ,ആനന്ദം ,ഇന്ദിര ഈശ്വരി എന്നിനെ പല പെണ്‍കുട്ടികള്‍ക്ക് അക്ഷരമാലാ ക്രമത്തില്‍ അവളുടെ അമ്മ ജന്മം നല്‍കി) ഋഷികുമാരി എന്ന പേരിടാന്‍ അവസരം കൊടുക്കാതെ, ദൈവം തമ്പുരാന്‍ അവര്‍ക്ക് പിന്നീട് നല്‍കിയത് ഒരു ആണ്‍കുട്ടിയെ. അതോടെ അക്ഷരമാലാക്രമത്തില്‍ ഒള്ള നാമകരണം ആ ദമ്പതികള്‍ നിര്‍ത്തി വച്ച് സ്വസ്ഥമായി .”കൃഷണ” ലീലകള്‍ അവസാനിപ്പിച്ചു .
കാനം ഈ.ജെ (ഫിലിപ്) എന്ന ജനപ്രിയ (കുബുദ്ധികള്‍ അതിനു “പൈങ്കിളി” എന്ന് പേരിട്ടു .”ജീവിതം ആരംഭിക്കുന്നു” എന്ന മനോരമയിലെ ആദ്യ നീണ്ടകഥ, ദീപികയിലെ,മുട്ടത്തു വര്‍ക്കിയുടെ, പാടാത്ത “പൈങ്കിളി” യുടെ വരവിനു മുമ്പേ എഴുതിയത് ഞങ്ങളുടെ ഗ്രാമത്തില്‍ ജനിച്ച പീലിപ്പോച്ചന്‍, ആയിരുന്നു .അദ്ദേഹത്തിന്‍റെ മുത്തച്ചന്‍ പീലിപ്പോച്ചന്‍ ഗ്രാമത്തിലെ ആദ്യ ഐ സ്പെഷ്യലിസ്റ്റ് ആയിരുന്നു .ഞങ്ങളുടെ വാഴൂര്‍ തുണ്ടത്തില്‍ കുടുംബ വക പടിഞ്ഞാറ്റ് പകുതി പുരയിടത്തിലെ കുടികിടപ്പുകാരനും .അവിടെ നിന്നും കുടിയിറക്കിയതിനെ ആസ്പദമാക്കി രചിച്ചതാണ് കൊച്ചുമകന്‍ കാനം ഈ. ജെയുടെ ആദ്യ കൃതിയായ ബാഷ്‌പോദകം എന്ന കവിതാ സമാഹാര (1950 അച്ചടി മല്ലപ്പള്ളി പ്രസ് . വില്‍പ്പന ഈജെ സാറും ഞങ്ങളുടെ ക്ലാസ് അദ്ധ്യാപിക ആയിരുന്ന ഭാര്യ ശോശാമ്മയും .വില ഒരു രൂപാ)ത്തിലെ “കുടിയിറക്ക് “ എന്ന കവിത .ഇപ്പോഴും കയ്യിലുണ്ട് അന്ന് വാങ്ങിയ കോപ്പി –അക്കാലം ടീച്ചര്‍ പ്രയോഗം പ്രചരിച്ചിരുന്നില്ല) “കുടിയിറക്ക്” എന്ന കവിത. വൈലോപ്പിള്ളി എഴുതിയ കുടിയിറക്കലിനും മുമ്പ് മലയാള സാഹിത്യത്തില്‍ ഉണ്ടായ ആദ്യ കുടിയിറക്കല്‍ കവിത . സ്കൂള്‍ കുട്ടികള്‍ അത് ഷാഡോപ്ലേ ആയി സ്കൂള്‍ വാര്‍ഷികങ്ങളില്‍ അവതരിപ്പിച്ചിരുന്നു .
നീണ്ട കഥാകാരനെ പോലെ ഒരു നോവലിസ്റ്റ് ആകണം എന്നായിരുന്നു കാനം സി.എം എസ് സ്കൂള്‍ (ഈ സ്കൂള്‍ സ്ഥാപിച്ചത് ഇംഗ്ലണ്ടില്‍ നിന്ന് സുവിശേഷ പ്രചാരണത്തിന് വന്നു മലയോര മേഖലയിലെ മല അരയ(ശ) വിഭാഗത്തില്‍ പെട്ട നൂറു കണക്കിന് ആള്‍ക്കാരെ മതം മാറ്റിയ റവ,ഫാദര്‍ ഏ.എഫ് പെയിന്റര്‍ (Alfred Federic Painter )എന്ന പാതിരിയും).പഠന കാലത്ത് എന്‍റെ ആഗ്രഹം, മുകുന്ദനും ടി പത്മനാഭനും മറ്റും മുട്ടത്തു വര്‍ക്കി അവാര്‍ഡ് വാങ്ങിയ്ക്കും മുമ്പ്, പ്രചാരത്തില്‍ വന്ന വിശേഷണം ആണ് “പൈങ്കിളി”(മുട്ടത്തു വര്‍ക്കിയുടെ പാടാത്ത പൈങ്കിളി യുടെ രണ്ടാം പാതി ) .അവര്‍ തൊട്ടുകൂടായ്മ മാറ്റി ,ആയിത്തോച്ചാടനം നടത്തിയതോടെ, പൈങ്കിളി പാറിപ്പറന്നു. “ജനപ്രിയ സാഹിത്യം” എന്നായി പിന്നത്തെ ലേബല്‍ . .കാനം, മുട്ടം, ബാബു ചെങ്ങന്നൂര്‍ കഥകള്‍ അക്കാലത്ത് നോവല്‍ അല്ല “നീണ്ടകഥകള്‍ “ ആയിരുന്നു .”പീഡനം” പോലെ ഒരു മനോരമ സൃഷ്ടിച്ച പദ പ്രയോഗം .
അല്ലെങ്കില്‍ സ്വദേശ്വാഭിമാനി രാമകൃഷ്ണ പിള്ളയും ആഖ്യായികാ കാരന്‍ സി.വി രാമന്‍പിള്ളയും ചേര്‍ന്ന് മലയാളി മെമ്മോറിയല്‍ കാര്‍ക്കുവേണ്ടി കുംഭകോണം എന്ന തമിഴ് ദേശനാമം അഴിമതി എന്നതിന്‍റെ മറുവാക്ക് ആക്കിയപോലെ ഒരു പ്രയോഗം
ശോശാമ്മ സാര്‍ കൊണ്ടുവന്നു ക്ലാസില്‍ വായിക്കാന്‍ തന്നിരുന്ന മലയാള മനോരമ ആശ്ചപ്പതിപ്പ് വഴി ഞങ്ങള്‍ നിരവധി കുട്ടികള്‍ വായനക്കാര്‍ ആയി മാറി .കാനം ഈ.ജെയുടെ ആദ്യ നീണ്ടകഥ “ജീവിതം ആരംഭിക്കുന്നു” നേരത്തെ തന്നെ മനോരമ വാരികയില്‍ തുടരന്‍ ആയി വന്നിരുന്നു .അത് വായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നാല്‍ ഫസ്റ്റ് ഫോമില്‍ പഠിക്കുന്ന 1954 ല്‍ ആണ് ഈ “അരയേക്കര്‍ നിന്റേതാണ്” എന്ന നീണ്ടകഥ വരുന്നത്. തുടര്‍ന്നു “പമ്പാനദി പാഞ്ഞൊഴുകുന്നു” എന്ന നീണ്ടകഥയും. അവ വായിച്ച പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഞാനും പന്തപ്ലാക്കല്‍ കുഞ്ഞുകൃഷണ പണിക്കരുടെ മകന്‍ ഗോപിനാഥന്‍ നായര്‍ എന്ന കുട്ടിയും കൂടി “ബാലരശ്മി” എന്നൊരു കയ്യെഴുത്ത് മാസിക സ്കൂളില്‍ ഇറക്കി. കയ്യെഴുത്ത് എന്‍റെ വക .പില്‍ക്കാലത്ത് “നാഥന്‍ “ എന്ന പേരില്‍ അറിയപ്പെട്ട സോമനാഥന്‍ നായര്‍ ആണ്(കെ.എം മാണിയുടെ “നേര്‍മുഖം” മുഖം ഇദ്ദേഹം മാത്രമാണത്രേ കാര്‍ട്ടൂണ്‍ വഴി വരച്ചത്) ഗോപിയുടെ മൂത്ത സഹോദരന്‍ അന്ന് മൂന്നാം ഫോമില്‍ പഠിക്കുന്നു .അദ്ദേഹം മാസികയുടെ കവര്‍ ചിത്രം വരച്ചു .രണ്ടു പേജു നിറയെ കാര്‍ട്ടൂനും കൊല്ലം കാരനായ മറ്റൊരു സോമനാഥന്‍ കാര്ട്ടൂണിസ്റ്റ് ആയി ഉണ്ടായിരുന്നതിനാല്‍ പത്രമാസികകളില്‍ കാര്‍ട്ടൂണ്‍ വരച്ചു തുടങ്ങുന്ന കാലത്ത് കാനം കാരന്‍ കെ സോമനാഥന്‍നായര്‍ “നാഥന്‍” എന്ന പാതിനാമത്തില്‍ ഒതുങ്ങി .അദ്ദേഹം കളമശ്ശേരി എച്ച് .എം ടിയില്‍ എഞ്ചിനീയര്‍ ആയി ജോലി നോക്കിയിരുന്നു . റിട്ടയര്‍ മെന്‍റ് ജീവിതം അമേരിക്കയില്‍ കുടുംബസമേതം താമസിക്കുന്ന മകന്‍റെ അടുത്തും നാട്ടില്‍ ആനിക്കാട്ടും ആയി കഴിയവേ രണ്ടുകൊല്ലം മുമ്പ് അന്തരിച്ചു .
.നാഥനെ ആദ്യമായി കാര്ട്ടൂണിസ്റ്റ് എന്ന നിലയില്‍ പൊതു ജനത്തിന്‍റെ മുമ്പാകെ അവതരിപ്പിക്കാന്‍ എനിക്ക് ഭാഗ്യം കിട്ടി .മനോരമ വാരികയില്‍ വന്നിരുന്നതിലും കൂടുതല്‍ നീണ്ടകഥകള്‍ ഞങ്ങള്‍ ബാലരശ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്നു .മൂന്നു ലക്കങ്ങള്‍ പുറത്തിറക്കി .പത്രാധിപര്‍ ആയി സ്കൂളില്‍ അറിയപ്പെട്ടതോടെ, പത്രത്തില്‍ കൂടി പേര്‍ അച്ചടിച്ചു വരണം എന്നൊരാഗ്രഹം മനസ്സില്‍ കയറി .പത്രത്തില്‍ പേരച്ചടിച്ചു വരുക ആക്കാലത്ത് അത്ര എളുപ്പമല്ല .ഡോക്ടര്‍ എസ.കെ നായര്‍ (മദ്രാസ് ) എന്ന സാഹിത്യകാരന്‍ പേര്‍ അച്ചടിച്ചു വരാന്‍ കാട്ടേണ്ടി വന്ന സാഹസങ്ങളെ കുറിച്ച് അക്കാലത്തെ പ്രസിദ്ധമായ കേരളഭൂഷണം വിശേഷാല്‍ പ്രതിയില്‍ നീണ്ട ഒരു ലേഖനം തന്നെ രസകരമായി എഴുതി .ഒരു സമസ്യ പൂരിപ്പിച്ചാണ് അദ്ദേഹം അത് സാധിച്ചത് .മധുരാപുരി എന്ന് തുടങ്ങുന്ന ഒരുവരി കവിത .എഴുതിയാണ്
പതിനാലാം മൈല്‍ എന്നറിയപ്പെട്ടിരുന്ന വാഴൂര്‍ കെ.കെ റോഡിലെ പുളിക്കല്‍ കവലയില്‍ നോവല്‍റ്റി ക്ലബ് സ്ഥാപകന്‍, തോട്ടയ്ക്കാട് സ്കൂളിലെ ഹിന്ദി അദ്ധ്യാപകന്‍ പി.കെ കോശി മദ്ധ്യ വേനല്‍ അവധിക്കാലത്ത് ദക്ഷിണേന്ത്യന്‍ ഹിന്ദി പ്രചാര സഭ നടത്തുന്ന ഹിന്ദി
ക്ലാസുകള്‍ നടത്തിയിരുന്നു .
അഞ്ചാം ക്ലാസിലെ മദ്ധ്യ വേനല്‍ കാലത്ത് അവിടെ നിന്നും ഹിന്ദി പഠിച്ചതിനാല്‍, ഒന്നാം ഫോറത്തില്‍ എത്തിയപ്പോള്‍ തന്നെ ഹൈസ്കൂള്‍ ലവലില്‍ ഉള്ള ഹിന്ദി ജ്ഞാനം നേടിയിരുന്നു .ഹൈസ്ക്ളില്‍ പഠിച്ചിരുന്ന സഹോദരിയുടെ ഹിന്ദി പാഠപുസ്ത കത്തിലെ കഥ വിവര്‍ത്തനം ചെയ്തു സ്വന്തമായി ചില പൊടിപ്പും തൊങ്ങലും വച്ച് മലയാള അന്തരീക്ഷത്തില്‍ ആക്കി ഒരു കഥ എഴുതി .ഒരു ന്യായാധിപനു യൈവന കാലത്ത് വീട്ടുജോലി ക്കാരിയില്‍ ഒരു കുട്ടി ജനിക്കുന്നതും ആ വിവരം അറിയാതെ പോകുന്നതും ആകുട്ടി വളര്‍ന്നു വലുതായപ്പോള്‍ ഒരു മോഷണ കേസില്‍ പ്രതിയായി അദ്ദേഹത്തിന്‍റെ മുമ്പില്‍ വരുന്നതും അവള്‍ തന്‍റെ മകള്‍ എന്ന് കോടതിയില്‍ വച്ച് തെളിയുന്നതും ആയ കഥ .നേരെ അത് കോട്ടയത്ത് നിന്നിറങ്ങുന്ന കേരളഭൂഷണം പത്രത്തിനയച്ചു കൊടുത്ത് .അഞ്ചേരിയില്‍ ഏ .വി ജോര്‍ജ് (പില്‍ക്കാലത്ത് കേരള കോണ്ഗ്രസ് എം.പി ആയ വര്‍ക്കി ജോര്‍ജിന്‍റെ പിതാവ്) മാനേജിംഗ് എഡിറ്ററും കെ.സി സഖറിയാ പത്രാധിപരും മള്ളൂര്‍ രാമകൃഷ്ണന്‍ സബ് എഡിറ്റരും ആയിരുന്ന കേരളഭൂഷണം അക്കാലത്ത് മനോരമ ,ദീപിക എന്നിവയെക്കാള്‍ പ്രചാരം നേടിയിരുന്നു ,ജി.വിവേകാന്ദന്‍ എഴുതിയ യക്ഷിപ്പറമ്പ് ,വേളൂര്‍ കൃഷ്ണന്‍ കുട്ടിയുടെ ഇടവഴിയില്‍ കിട്ടുവാശാന്‍ എന്നിവ അതിന്‍റെ വാരാന്ത്യപ്പതിപ്പില്‍ തുടരന്‍ ആയി വന്നിരുന്ന കാലം .അടുത്ത ലക്കത്തില്‍ തന്നെ മുതിര്‍ന്നവരുടെ പേജില്‍ തന്നെ ആ കഥ അച്ചടിച്ചു വന്നു .കെ.ഏ ശങ്കരപ്പിള്ള എന്ന പേരില്‍ .അതോടെ സ്കൂളിനു വെളിയില്‍ കാനം കര മുഴുവന്‍ ഒരു എഴുത്തുകാരന്‍ ആയി അറിയപ്പെട്ടു സ്കൂളില്‍ താരവും ,
വൈദ്യം “കൈവശം” വന്ന കഥ
------------------------------------------------------
സ്കൂള്‍ -കോളേജ് പഠന കാലങ്ങളില്‍ ഒരിക്കല്‍ പോലും ഒരു ഡോക്ടര്‍ ആകണമെന്ന് ആഗ്രഹിച്ചിരുന്നില്ല .കുതിരവട്ടം എസ് വി ആര്‍ വി (ശ്രീ വിദ്യാധിരാജവിലാസം) ഹൈസ്കൂളില്‍ പഠനം നടത്തുമ്പോള്‍, മലയാളം അദ്ധ്യാപകന്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച മഹോപാദ്ധ്യായ കവിയൂര്‍ ശിവരാമ പിള്ള സാര്‍ ആയിരുന്നു ഇഷ്ട അദ്ധ്യാപകന്‍ .”കാലം മാറുന്നു “ എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥ എഴുതിയ നാടക നടന്‍ (എസ് .കെ പൊറ്റക്കാടിന്റെ ഒരു കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ ചിത്രം വഴിയാണ് ഓ.എന്‍ .വി ,ദേവരാജന്‍ എന്നിവര്‍ മലയാള ചലച്ചിത്ര ലോകത്ത് പ്രവേശിക്കുന്നത് .മദ്രാസിലെ മോന്‍ എന്ന ചിത്രത്തിനും തിരക്കഥ എഴുതിയത് ഇതേ കവിയൂര്‍ സാര്‍ .പ്രീ ഡിഗ്രിയ്ക്ക് കോട്ടയം സി.എം എസ്സ് കോളേജില്‍ പഠിക്കുന്ന 1960-61 കാലത്ത് മലയാളം അദ്ധ്യാപകന്‍ ആയിരുന്ന, സാഹിത്യകാരന്‍ കഥകളി പ്രാന്തന്‍, അമ്പലപ്പുഴ രാമവര്‍മ്മ ആയിരുന്നു ഇഷ്ട അദ്ധ്യാപകന്‍ .അതിനാല്‍ മലയാളമായിരുന്നു ഇഷ്ട വിഷയം .മലയാളം എം ഏ പാസായി ഒരു മലയാളം അദ്ധ്യാപകനും എഴുത്തുകാരനും ആകണം എന്നായിരുന്നു അക്കാലത്തെ ആഗ്രഹം .മലയാളം സെക്കണ്ട് ലാങ്ഗ്വേജ് ആയി എടുത്തവര്‍ക്ക് അക്കാലത്ത് മെഡിക്കല്‍ അഡ്മിഷന്‍ കിട്ടാന്‍ സാധ്യത കുറവായിരുന്നു. മൊത്തം മാര്‍ക്ക് കൂട്ടുമ്പോള്‍ ഹിന്ദി പഠിക്കുന്നവരേക്കാള്‍ മാര്‍ക്ക് കുറവായിരിക്കും .പ്രീ ഡിഗ്രിയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് കിട്ടി .കോളേജില്‍ രണ്ടാം സ്ഥാനം അക്കാലത്താണ് വാഴൂര്‍ എം.എല്‍ ഏ യും കേരളാരോഗ്യ മന്ത്രിയും ആയിരുന്ന വൈക്കം വേലപ്പന്‍ (മുഖ്യ മന്ത്രി ആര്‍ .ശങ്കര്‍ ) കേരളത്തിലെ മൂന്നാമത്തെ മെഡിക്കല്‍ കോളേജു കോട്ടയത്ത് തുടങ്ങാന്‍ തീരുമാനം എടുത്തത് .അമ്പത് സീറ്റുകള്‍ .വെറുതെ അപേക്ഷിച്ചാല്‍ മാത്രം അക്കാലത്ത് പ്രഡിഗ്രി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്ക് മെഡിസിന്‍ ,എഞ്ചിനീയറിംഗ് എന്നിവയ്ക്ക് അഡ്മിഷന്‍ കിട്ടും .
അങ്ങിനെ രണ്ടു കോര്‍സിനും സര്‍ക്കാര്‍ കോളേജുകളില്‍ അഡ്മിഷന്‍ കിട്ടി .കുടുംബത്തിലെ ആദ്യ ഡോക്ടര്‍ മീനാക്ഷി അമ്മ (സതി ) യുടെ പിതാവ് കാഞ്ഞിരപ്പള്ളിയിലെ അഡ്വ .പി.പി ശങ്കരപ്പിള്ള ഉപദേശിച്ചു ഡോക്ടര്‍ ആയാല്‍ മതി എഞ്ചിനീയര്‍ ആകേണ്ട .എഞ്ചിനീയര്‍ ആയാല്‍ അക്കാലത്തും സര്‍ക്കാര്‍ ജോലി കിട്ടാന്‍ വിഷമം .സര്‍ക്കാര്‍ ഡോക്ടര്‍ ആയില്ലെങ്കിലും ഒരു കടമുറി വാടകയ്ക്ക് എടുത്ത് ഒരു ക്ലിനിക് സ്വന്തമായി തുടങ്ങി ജീവിച്ചു പോകാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം , എഞ്ചിനീയറിംഗ് എടുത്തിരുന്നു എങ്കില്‍ ഡോക്ടര്‍ ബാബു പോളിന്‍റെ നാല് കൊല്ലം ജൂനിയര്‍ ആയി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ പടിക്കുമായിരുന്നു .അഡ്മിഷന്‍ കിട്ടിയ വിവരം പത്രത്തില്‍ നിന്നറി ഞ്ഞതിനു പുറമേ അന്ന് കോളേജ് ചെയര്‍മാന്‍ സ്ഥാനത്തിനു മത്സരിച്ച ബാബു പോളിന്‍റെ അഭിനന്ദന കത്തും കിട്ടി .എന്തെങ്കിലും പ്രയാസം ഉണ്ടെങ്കില്‍ അറിയിക്കണം .സഹായിക്കാം എന്നും മറ്റും എഴുതിയശേഷം അവസാനം താന്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി ആണെന്ന കാര്യവും .ബാബുപോള്‍ സവിനയം അറിയിച്ചു .അക്കാലത്ത് തന്നെ അറിയപ്പെട്ടിരുന്നു .വിദേശത്ത് ഏതോ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതിനെ തുടര്‍ന്നു എഴുതിയ യാത്രാവിവരണം അക്കാലത്ത് കേരളഭൂഷണം വാരാന്ത്യപ്പതിപ്പില്‍ ഫോട്ടോ സഹിതം വന്നിരുന്നു .പില്‍ക്കാലത്ത് അത് പുസ്തകമാക്കി ബാബു പോള്‍ .അതിനാല്‍ ആ കത്ത് ഒരുപാടു കാലം സൂക്ഷിച്ചു വച്ചിരുന്നു .പിന്നെ അവിടെയോ നഷ്ടപ്പെട്ടു .
അങ്ങനെ വാഴൂര്‍ കൊടുങ്ങൂരിലെ ജാതകം എഴുത്തുകാരന്‍,
ഗോചര പണ്ഡിതന്‍ , രാമന്‍കുട്ടി കണിയാര്‍ എഴുതിയത് സത്യമായി “ജാതകന് വൈദ്യം കൈവശമാകും” .
പേഴമറ്റം കുഞ്ഞച്ചന്‍ അന്നു സമ്മാനിച്ച ആ 20 രൂപാ
--------------------------------------------------------
ജീവിതത്തില്‍ വഴികാട്ടികളായ,സഹായിച്ച നിരവധി ആള്‍ക്കാരുണ്ട്.ഡോക്ടര്‍ ആയ മകളെ വിവാഹം ചെയ്തു
കൊടുക്കുന്ന വേളയില്‍, അത്തരം ആള്‍ക്കാരുടെ
ഒരു ലിസ്റ്റ് തയ്യാറാക്കി നോക്കി.അവരെയെല്ലാം
നേരില്‍ കണ്ടു വിവാഹത്തിനു ക്ഷണിക്കയായിരുന്നു
ഉദ്ദേശ്യം. ഏകദേശം 700 പേരെ കണ്ടെത്തി.
അവരെയെല്ലാം നേരില്‍ കണ്ടു ക്ഷണിച്ചു.
പലരേയും വിട്ടു പോയി
എന്നു പില്‍ക്കാലത്തു മനസ്സിലായി.
അവരില്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയായിരുന്നു
പേഴമറ്റം കുഞ്ഞച്ചന്‍. എന്ന പ്രാദേശിക ബാങ്കര്‍ .
പക്ഷേ അദേഹം അന്നു മരിച്ചു
കഴിഞ്ഞിരുന്നു എന്നറിഞ്ഞു.
വല്ലാതെ നിരാശ തോന്നി.
പ്രൈമറിക്ലാസ്സുകളില്‍ വീട്ടില്‍ വന്നാല്‍ പുസ്തകം
കൈകൊണ്ടു തൊടാത്ത കുട്ടിയായിരുന്നു ഞാന്‍.
മൂന്നാംക്ലാസ്സില്‍ പ്രകൃതിപാഠം എന്നൊരു പുസ്തകം
ഉണ്ടായിരുന്നു .ജോര്‍ജ് എന്നൊരു കുട്ടിയ്ക്ക് മാത്രമേ
പുസ്തം ഉണ്ടായിരുന്നുള്ളു.എന്നെ വല്യകാര്യമായിരുന്ന
അവന്‍ ആ പുസ്തകം വീട്ടില്‍ കൊണ്ടു പോയി വായിച്ചു
നോക്കാന്‍ എന്നെ
ഒരിക്കല്‍ കെട്ടി ഏല്‍പ്പിച്ചു.മൂന്നു മാസം ആ പുസ്തകം
ഞാന്‍ ബാഗില്‍ ചുമന്നു കൊണ്ടു നടന്നു.
ഒരുപാടു ചിത്രങ്ങള്‍ ഉണ്ടായിട്ടു പോലും ഒരിക്കല്‍ പോലും
ആ പുസ്തകം ഞാന്‍ വീട്ടില്‍ വച്ചു തുറന്നു നോക്കിയില്ല.
1950- 60 കാലഘട്ടത്തില്‍ മിഡില്‍ സ്കൂളുകളില്‍
ഏറ്റവും ഉയര്‍ന്ന ക്ലാസ്സായ തേര്‍ഡ് ഫോമില്‍
പബ്ലിക് പരീക്ഷ ആയിരുന്നു . വി ദ്യാഭ്യാസ ജില്ലയില്‍
ആ പരീക്ഷയില്‍ എറ്റവും ഉയര്‍ന്ന മാര്‍ക്കു വാങ്ങുന്ന
ഒന്നാം സ്ഥാനക്കാരനു 50 രൂപയും രണ്ടാം സ്ഥാനക്കാരനു
20 രൂപയും പുളിക്കല്‍ കവലയില്‍ പേഴമറ്റം ചിട്ടി
എന്ന സ്ഥാപനം നടത്തിയിരുന്ന പേഴമറ്റം വറുഗീസ്(കുഞ്ഞച്ചന്‍)
നല്‍കിയിരുന്നു.
1954- ല്‍ കാനം.എസ്സ് സ്കൂളിലെ.എം സി
റ്റി.കെ ആലീസ് എന്ന.
പെണ്‍കുട്ടിക്ക് ഒന്നാം സമ്മാനമായ 50 രൂപാ
കിട്ടിയതോടെ ആ കുട്ടി കാനം കരയിലെ
താരമായി തിളങ്ങുന്ന കാലത്താണ് മിഡില്‍സ്കൂള്‍
പഠനം തുടങ്ങുന്നത്.. ആലീസിനു ടി.കെ
പിന്‍ഗാമി ആകാന്‍ അദ്ധ്യാപകരുടെ ദൃഷ്ടിയില്‍ പിന്നീടുള്ള ബാച്ചുകളില്‍ ആരും
ഉണ്ടായിരുന്നില്ല.
എന്നാല്‍ റിസല്‍റ്റു വന്നപ്പോള്‍
20 രൂപായുടെ രണ്ടാം സമ്മാനം
കെ..ശങ്കരപ്പിള്ള എന്ന ഈയുള്ളവന് .
സമ്മാനം കിട്ടിക്കഴിഞ്ഞപ്പോള്‍ എനിക്കു തോന്നി.
പുസ്തകം കൈകൊണ്ടു തൊടാഞ്ഞിട്ടും എനിക്കു രണ്ടാം
സ്ഥാനം .
എങ്കില്‍ ഇനി പുസ്തകം വായിച്ചിട്ടു തന്നെ.കാര്യം
പിന്നെ വിട്ടു കൊടുത്തില്ല.
കുതിരവട്ടത്തു ഹൈസ്കൂളില്‍
SVRVHS,Vashoor(Kuthiravattam School)
പഠിക്കുന്ന മൂന്നു വര്‍ഷക്കാലം ക്ലാസ് പരീക്ഷ ഉള്‍പ്പടെ
ഒരു പരീക്ഷക്കും ഒരാള്‍ക്കും ഒരിക്കല്‍ പോലും
മാര്‍ക്കില്‍ എന്നെ കവച്ചു വയ്ക്കാന്‍ കഴിഞ്ഞില്ല
1960 ല്‍ എസ്.എസ്.എല്‍ സി റിസല്‍ട്ട് വന്നപ്പോള്‍
റിക്കാര്‍ഡ് മാര്‍ക്ക്.
600 ല്‍ 510.
സിലബസ്സുകള്‍ മാറി മാറിവന്നു
മൂല്യനിര്‍ണ്ണയ രീതികള്‍
മാറി മാറി വന്നു.എങ്കിലും 25 വര്‍ഷക്കാലം
ആര്‍ക്കും ഈയുള്ളവന്‍റെ റിക്കാര്‍ഡ് ഭേദിക്കാന്‍ കഴിഞ്ഞില്ല.
പഠനത്തില്‍ ഉയര്‍ന്നുവരാന്‍,
ഡോക്ടരാകാന്‍,
ജീവിതവിജയം കൈവരിക്കാന്‍,
പ്രചോദനം നല്‍കിയ നല്ലവനായ ആ നാട്ടുകാരനോടു
പേഴമറ്റം കുഞ്ഞച്ചനോട്
ഹൃദയം നിറഞ്ഞ നന്ദി മനസ്സില്‍ സൂക്ഷിക്കുന്നു
ഇന്നും.
പില്‍ക്കാലത്ത് മക്കള്‍ ഇരുവരും ഞാന്‍ പഠിച്ച അതേ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് തന്നെ എം.ബി.ബി എസ് പാസായി യൂകെയില്‍ പോയി അവിടെ റോയല്‍ കോളേജില്‍ നിന്നും മെമ്പര്‍ഷിപ്/ ഫെലോഷിപ്പ് പരീക്ഷകള്‍ പാസായി അവിടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ സേവനം അനുഷ്ടിക്കുന്നു .ഒരാള്‍ മലയാളികളെ ആദ്യമായി സിസ്സേറിയന്‍ ചെയ്ത നെയ്യൂരിലെ ഡോക്ടര്‍ സോമര്‍ വെല്ലിന്റെ ജന്മ നാട്ടില്‍ .മറ്റേ ആള്‍ നമ്മെ അച്ചടി വിദ്യ പഠിപ്പിച്ച ബഞ്ചമിന്‍ ബെയ്‌ലിയുടെ ജന്മനാട്ടില്‍ .മലയാളികള്‍ക്ക് അവരോടുള്ള കടപ്പാട് തീര്‍ക്കുന്നു കൊച്ചു മകള്‍ ആകട്ടെ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം വാങ്ങി ആതുര സേവന രംഗത്ത് തന്നെ ചുവടു വച്ചു.ചുരുക്കത്തില്‍ മൂന്നു തലമുറ ആതുര രംഗത്തേക്ക് വരാന്‍ കാരണമായത് അന്ന് പേഴമറ്റം സമ്മാനിച്ച ആ ഇരുപതു രൂപയും .
തിരുവനന്തപുരത്തെ കുമാരപുരം ജി.ജി ഹോസ്പിറ്റല്‍ സ്ഥാപകനും സ്ത്രീ രോഗ
ചികില്‍സാവിദഗ്ദനുമായ ഡോ വേലായുധന്‍ കേരള കൌമുദിയിലും ആയുര്‍വേദം പഠിച്ച ശേഷം മോഡേണ്‍ മെഡിസിന്‍ പറിക്കയും ഇംഗ്ലണ്ടില്‍ പോയി റോയല്‍ കോളേജില്‍ നിന്ന് മെഡിസിനില്‍ ഉന്നത യോഗ്യത നേടിയ കോഴിക്കോട്ടു മെഡിക്കല്‍ കോളേജിലെ ഡോ സി.കെ മാതൃഭൂമി പത്രം ലീഡര്‍പേജിലും മനോരോഗ ചികില്‍സാവിടഗ്ദന്‍ ഡോ ,ടി ഓ ഏബ്രഹാം മാതൃഭൂമി വാരികയിലും എഴുതിയവ ആയിരുന്നു മലയാള ഭാഷയില്‍ പുറത്തിറങ്ങിയ ആദ്യ മോഡേന്‍ മെഡിസിന്‍ സംബന്ധമായ ലേഖനങ്ങള്‍.ഭാഷാ ഇന്സ്ടിട്യൂട് മേധാവി എന്‍.വി കൃഷ്ണ വാര്യര്‍സഹായി പ്രൊഫ.എസ് ഗുപ്തന്‍ നായര്‍ എന്നിവര്‍ പത്രാധിപന്മാര്‍ ആയിരുന്ന വിജ്ഞാന കൈരളി എന്ന
പ്രൌഡമാസികയില്‍ പന്ത്രണ്ടു ലക്കങ്ങളില്‍ തുടര്‍ച്ചയായി ആധുനിക വൈദ്യ ശാസ്ത്ര സംബന്ധമായ ലേഖനങ്ങള്‍ എന്റേതായി വന്നു .
ഹോമിയോപ്പതി പ്രോത്സാഹിപ്പിക്കാന്‍ ഹനിമാന്‍ പതിപ്പായി ഇറക്കിയ ഒരു ജനുവരി ലക്കത്തില്‍ ആദ്യ ലേഖനം ആധുനിക വൈദ്യ ശാസ്ത്രത്തിലെ നൂതന പ്രവണതകള്‍ എന്ന എന്‍റെ ലേഖനം ആയിരുന്നു .എന്നാല്‍ വിജ്ഞാന കൈരളി സാധാരണക്കാരായ വായനക്കാരില്‍ എത്തിയിരുന്നില്ല .അതിനാല്‍ ആ ലേഖനങ്ങള്‍ ഒന്നും സാധാരണക്കാര്‍ക്ക് ഗുണം ചെയ്തില്ല .
കാമ്പിശ്ശേരി പത്രാധിപര്‍ ആയി കൊല്ലത്ത് നിന്നിറങ്ങിയിരുന്ന ജനയുഗം വാരികയ്ക്കായിരുന്നു സാധാരണ ജനങ്ങളുടെ ഇടയില്‍ പ്രചാരം .അത് മനസ്സില്‍ ആയതോടെ കളം മാറി ചവിട്ടി .പേയ് വിഷബാധയെ കുറിച്ച് അദ്ധ്യാപകന്‍ ആയ പി.ടി തോമസ്സുമായും എരുമേലി പേട്ട തുള്ളലിനെ കുറിച്ച് യുക്തിവാദിയായ ജോസഫ് ഇടമറുകും ആയി സംവാദങ്ങള്‍ ഉണ്ടായതോടെ, എഴുത്തുകാരനായ ഡോക്ടര്‍ എന്ന അംഗീകാരം, പരക്കെ കിട്ടി.ശങ്കരപ്പിള്ള കാനം എന്ന പേരില്‍ ആയിരുന്നു ആദ്യകാല ലേഖനങ്ങള്‍ .പിന്നില്‍ നാണം കുണുങ്ങി നിന്നിരുന്ന കാനം എന്ന കുഗ്രാമനാമത്തെ പിടിച്ചു മുന്നില്‍ ഇട്ടു കാനം ശങ്കരപ്പിള്ള എന്ന് മാറിയത് അക്കാലത്ത് ദീപിക പത്രത്തില്‍ സഹഅധിപര്‍ ആയിരുന്ന ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍ കുട്ടി ആയിരുന്നു.
കാനം ശങ്കരപ്പിള്ള എന്ന് പൂര്‍ണ്ണമായിട്ടും എഴുതിയിട്ടും നോവലിസ്റ്റ് കാനം ഈ.ജെ, അക്കാലം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരുന്ന ജി.ശങ്കരപ്പിള്ള എന്നിവരുമായി ഒക്കെ എന്നെ ചിലര്‍ തെറ്റായി ധരിച്ചിരുന്നു. എഴുതിതുടങ്ങുന്ന ഒരു യുവ നോവലിസ്റ്റ് തന്‍റെ ആദ്യ നോവല്‍, വേണ്ട തിരുത്തലുകള്‍ വരുത്താന്‍ എന്നെ കെട്ടിഏല്‍പ്പിക്കാനും ശ്രമിച്ചു വൈക്കം ജീവിതത്തിനിടയില്‍.
ഡോക്ടര്‍ മാര്‍ നാട്ടുപേര്‍ ചേര്‍ത്ത് അറിയപ്പെടാറില്ലാത്തതിനാലാവാം (പതനം തിട്ടക്കാരുടെ കോട്ടയം കാരന്‍ ഡോക്ടര്‍ അപവാദം) “കാനം “ വീട്ടുപേര്‍ എന്ന് കരുതിയിരുന്നവര്‍ നിരവധി (ഇന്നാകട്ടെ ആരും അങ്ങനെ കരുത്തുന്നില്ല .കാനം എന്ന് പറഞ്ഞാല്‍ ഇന്ന്‍ വലതുപക്ഷ കമ്യൂണിസ്റ്റ് സെക്രെട്ടറി കാനം കാരന്‍ കൊച്ചു കളപ്പുരയിടത്തിലെ രാജേന്ദ്രന്‍ ).സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി നോക്കിയിരുന്ന കാലത്ത് മാവേലിക്കരയില്‍ “ഗാനം” ഡോക്ടറെ അന്വേഷിച്ചു രോഗികള്‍ വന്നിരുന്നു.സംഭാഷണത്തില്‍ വളരെ പിശുക്ക് കാട്ടിയിരുന്ന എന്നെ ബന്ധുക്കളില്‍ ചിലര്‍ “”കനം ഡോക്ടര്‍” എന്ന് വിളിച്ചിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .
മാവേലിക്കര താലൂക്ക് ഹോസ്പിറ്റലില്‍ ജോലി നോക്കുന്ന അവസരത്തില്‍ തട്ടാരമ്പലത്ത് ക്ലിനിക് നടത്തിയിരുന്ന ഡോ .രാമമൂര്‍ത്തി കേസുകള്‍ റഫര്‍ ചെയ്തിരുന്നത് “ജ്ഞാനം ശങ്കരപ്പിള്ള” യ്ക്കായിരുന്നു .ജ്ഞാന പ്പഴ ഓര്‍മ്മയില്‍ ആയിരുന്നിരിക്കണം പഴനിക്കാരന്‍ ആയിരുന്ന രാമമൂര്‍ത്തി ഡോക്ടര്‍ .തൈക്കാട്ട് സ്ത്രീകള്‍- കുട്ടികള്‍ എന്നിവരുടെ ഹോസ്പിറ്റലില്‍ ജോലി നോക്കി വരവേ സഹപാഠി ആയിരുന്ന “കനകം” ഡോക്ടര്‍ കൂടെ ജോലി നോക്കിയിരുന്നു .അവര്‍ അവിടെ ആര്‍. എം. ഓ ആയിരുന്നു കനകം ഡോക്ടര്‍ ആണെന്ന് കരുതി ഡോ കാനം ശങ്കരപ്പിള്ള എന്ന ബോര്‍ഡു കണ്ടു ചില രോഗികള്‍ എന്നെ കാണുവാന്‍ വന്നിരുന്നു .പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ രോഗിണി പറയും “സാര്‍ നോക്കേണ്ട; അമ്മ നോക്കിയാല്‍ മതി” അവര്‍ക്ക് വേണ്ടിയിരുന്നത് പുരുഷഡോക്ടര്‍ കാനത്തെ അല്ല വനിതാ ഡോക്ടര്‍ കനകത്തെ ആയിരുന്.
നു
പത്തനംതിട്ട ജനറല്‍ ഹോസ്പിറ്റലില്‍ ജോലി നോക്കുമ്പോള്‍ കൂടെ തൊടുപുഴക്കാരന്‍ കുട്ടികളുടെ ഡോക്ടര്‍ സുകുമാര പിള്ള സൂപ്രണ്ട് ആയുണ്ടായിരുന്നു .കോഴഞ്ചേരിയില്‍ ജനറല്‍ ആശുപത്രിയില്‍ ആകട്ടെ കെ.ജി ശശിധരന്‍ എന്ന കോറുകാട്ട് .ഡോക്ടറും ഉണ്ടായിരുന്നു .സുകുമാര പിള്ള ,ശശിധരന്‍ പിള്ള എന്നിവര്‍ ആയി എന്നെ ചിലര്‍ തെറ്റിദ്ധരിച്ചിരുന്നു .അവര്‍ക്ക് വന്നിരുന്ന ചില കത്തുകള്‍ ഞാന്‍ അറിയാതെ പൊട്ടിച്ചു വായിക്കാന്‍ ശ്രമിച്ചിരുന്നു .തിരിച്ചും സംഭവിച്ചിരുന്നു .രണ്ടു തവണ പേര് മാറി മമെഡി ക്കോ ലീഗല്‍ കേസിനായി കോടതിയില്‍ കയറേണ്ടി വരുകയും ചെയ്തു .പോലീസ് കേസ് ഡയറികളില്‍ പിള്ള നാമങ്ങള്‍ തെറ്റായി എഴുതിയതാണ് കാരണം .ചെയ്യാത്തപോസ്റ്റ് മോര്‍ട്ടത്തിനു അങ്ങനെ സമാധാനം ബോധിപ്പിക്കേണ്ടി വന്നിരുന്നു .കോഴഞ്ചേരിയില്‍ പേയ് വിഷ നിര്‍മ്മാര്‍ജനബോധവല്‍ക്കരണ പരിപാടിയായി ക്ലാസ് എടുക്കാന്‍ ചെന്നപ്പോള്‍ സ്വാഗതം ഓതിയ ആള്‍ അത് നല്‍കിയത് “കാനം രാജേന്ദ്രന് .അദ്ദേഹം അക്കാലത്ത് വാഴൂര്‍ എം.എല്‍ ഏ ആയി നിയമസഭയില്‍ വിളങ്ങി നിന്നിരുന്നു .ശങ്കരപ്പിള്ള സ്വാഗതം പറച്ചിലുകാരന് രാജേന്ദ്രന്‍ ആയിപ്പോയി .
രാജീവ് ഗാന്ധിയുടെ “ജി” പ്രയോഗം അലടിച്ചുയര്‍ന്ന കാലം. കോഴഞ്ചേരിആശുപത്രിയിലെ സീനിയര്‍ സിസ്റര്‍ ഇലന്തൂര്‍കാരി ചന്ദനവല്ലി എന്നെ “കാനംജി” എന്ന് വിളിച്ചു തുടങ്ങി .മറ്റു നേര്സുമാര്‍ ,പിന്നെ രോഗികള്‍ ഒക്കെ ഡോക്ടര്‍ “കാനംജി” എന്നാക്കി പിന്നെ വിളി .വാസ്തം പറയട്ടെ നല്ല ഇ മ്പം തന്നിരുന്ന വിളി .
എന്നാല്‍ ചില മെഡിക്കല്‍കമ്പനികള്‍ വടക്കെ ഇന്ത്യയില്‍ നിന്നയച്ചിരുന്ന കത്തുകളിലെ പേര്‍ അത്ര ഇമ്പം തന്നിരുന്നില്ല. ചിലത് ദേഷ്യം പിടിപ്പിച്ചു .
ചിലത് അമ്പരപ്പിച്ചു.കാനന്‍ (Kanan ),കനകന്‍ (Kanakan ), കണ്ണന്‍ (Kannan ), കനകം (Kanakam ), കനം (kanam ), കര്‍ണ്ണന്‍ (karnnan), കേനന്‍ ( Kenan), കേമന്‍ (Keman) എന്നിങ്ങനെ .ആയുര്‍വേദക്കാരുമായി മനോരമ ദിനപ്പത്രത്തില്‍ കടിപിടും കാലം (അഞ്ചാം കിടയ്ക്കോ ആന വേതനം? എന്ന വായനക്കാരുടെ കത്ത് ) ഒരായുര്‍വേദവൈദ്യര്‍ “കോണാന്‍” ഡോക്ടര്‍ എന്നും വിളിച്ചു .കാര്ട്ടൂണിസ്റ്റ് യേശുദാസന്‍ (മാമ്പഴം വാരികയുടെ പത്രാധിപര്‍)കത്തുകള്‍ എഴുതുമ്പോള്‍ “കാണാം,”ഡോക്ടറെ എന്നും എഴുതിപ്പോന്നു . എന്നാല്‍ കാനം രാജേന്ദ്രന്‍ എന്ന സ്ഥാനാര്‍ത്തിയോട് എതിര്‍ പാര്‍ട്ടി ചുമരെഴുത്തുകാര്‍ കാണിച്ച ദ്രോഹം ആരും എന്നോടു കാട്ടിയില്ല .ചുമരെഴുത്തില്‍ ഉണ്ടായിരുന്ന കാനം എന്നതിലെ പൂജ്യം മായിച്ചു കാന രാജേന്ദ്രന്‍ എന്നാക്കി ഒരു ചുമരെഴുത്ത് തൊഴിലാളി
ഇപ്പോള്‍ ഞാന്‍ ഇടുന്ന ഒപ്പ് എന്ത് എന്ന് ആര്‍ക്കും വായിക്കാന്‍ കഴിയില്ല.
വാഴൂര്‍ കുതിരവട്ടം ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍ എന്‍ ദാമോദരന്‍ പിള്ള സാര്‍ പഠിപ്പിച്ചത് പേര്‍ മുഴുവന്‍ നന്നായി എഴുതിവേണം ഒപ്പിടാന്‍ എന്നായിരുന്നു. ജവഹര്‍ ലാല്‍ നെഹ്രുവിനെയും പിന്നെ, തന്നെ തന്നെയും അദ്ദേഹം ഉദാഹരണം ആയി കാട്ടിയിരുന്നു.
ഏറെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്ത ഒരു പേര്‍ വടക്കെ ഇന്ത്യയില്‍ നിന്നും തപാല്‍ കവര്‍ വഴി വന്നതായിരുന്നു .കാമം (KaMam)ശങ്കരപ്പിള്ള. .(പില്‍ക്കാലത്ത്കാനം രാജേന്ദ്രന്‍ ആ പരാമര്‍ശം അദ്ദേഹത്തെ കുറിച്ച് പറഞ്ഞു എന്ന് എന്ന് പ്രസ്താവിച്ചതായി കണ്ടു .ശരിയല്ല .പകര്‍പ്പകാശം പൂര്‍ണ്ണമായും കാനം ശങ്കരപ്പിള്ള എന്ന എനിക്കാണ് .അദ്ദേഹത്തിന് അതിനുള്ള അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല ) പക്ഷെ എനിക്കത് കിട്ടണം.കിട്ടിയേ മതിയാവൂ .എന്തെന്നല്ലേ ?
ഡോക്ടര്‍ രാജന്‍ ജനിക്കുന്നു
----------------------------
പത്രാധിപന്മാരുടെ പത്രാധിപര്‍ ആയിരുന്ന കാമ്പിശ്ശേരി കരുണാകരന്‍ ജനയുഗം പ്രസിദ്ധീകരണങ്ങളുടെ അധിപന്‍ ആയി വാഴും കാലം.കാമ ശാസ്ത്ര സംബന്ധമായി ഞാന്‍ ജനയുഗം വാരികയില്‍ ചില സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു .ഇപ്പോള്‍ (2017 നവംബറില്‍) മുരളി തുമ്മാരുകുടി കൊറിയന്‍ അറുപത്തി ഒന്‍പതിനെ കുറിച്ച് സചിത്ര ലേഖനം സ്കൂള്‍ കുട്ടികള്‍ക്കും വായിക്കാവുന്ന വിധത്തില്‍ എഴുതിയത് പോലെ ഒന്നും ഞാന്‍ എഴുതിയില്ല .എന്നാല്‍ അല്പം കടന്നു പോയില്ലേ എന്ന് ചിലര്‍ ചോദിച്ചിരുന്നു .എന്നാല്‍ സ്വന്തം പേരില്‍ അതൊന്നും എഴുതിയില്ല .കാമ്പിശ്ശേരി തന്നെ “ഡോക്ടര്‍ രാജന്‍” എന്നൊരു പേര്‍ ഇട്ടു .
അക്കാലത്ത് മെഡിക്കല്‍ കോളേജുകളില്‍ നിരവധി ഡോക്ടര്‍ രാജന്‍ മാര്‍ ഉണ്ടായിരുന്നു .തല നോക്കുന്ന സി.ഏ രാജന്‍(ന്യൂറോ), നെഞ്ചില്‍ നോക്കുന്ന രാജന്‍ ജോസഫ് മാഞ്ഞൂരാന്‍ ,ശസ്ത്രക്രിയ ചെയ്യുന്ന എം രാജന്‍(ജനറല്‍ സര്‍ജറി ), ഉദരം നോക്കുന്ന എന്‍.രാജന്‍ (ഗാസ്ട്രോ എന്ട്രോളജി), ഉദരത്തിനും കീഴെയുള്ള ഭാഗങ്ങള്‍ നോക്കുന്ന ആര്‍. രാജന്‍ (ഗൈനക്) .മിക്ക രാജന്മാരും കാമ്പി ശ്ശേരിയുടെ പരിചയക്കാര്‍ .അവര്‍ കാമ്പി ശ്ശേരിയോട് പരാതി പറഞ്ഞു തങ്ങള്‍ എന്ന്‍ ആളുകള്‍ സംശയിക്കും .അപ്പോള്‍ എല്ലാവരെയും സമാധാനിപ്പിക്കാന്‍ കാമ്പിശ്ശേരി തന്‍റെ പേരിന്‍റെ ആദ്യ അക്ഷരം (കെ)നല്‍കി രാജനെ “കെ രാജന്‍” എന്നാക്കി മാറ്റി മറ്റു നാലുപേരെയും രക്ഷിച്ചു .കാമരാജന്‍ എന്നുമാകാം കെ.രാജന്‍റെ മുഴുവന്‍ പേര്‍ . ചിലപ്പോള്‍ ഡോക്ടര്‍ കെ.രാജനും ഡോ ശങ്കരപ്പിള്ള യും തമ്മില്‍ ജനയുഗം വാരികയില്‍ ഏറ്റു മുട്ടി.അത് ആദ്യം കണ്ടുപിടിച്ചത് പി.എം മാത്യു വെല്ലൂര്‍ . .(പില്‍ക്കാലത്ത് അദ്ദേഹവും ഗവേഷണം നടത്തി “ “ഡോക്ടര്‍” ആയി).
ഏറെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്ത ഒരു പേര്‍ വടക്കെ ഇന്ത്യയില്‍ നിന്നും തപാല്‍ കവര്‍ വഴി വന്നതായിരുന്നു .കാമം (KaMam)ശങ്കരപ്പിള്ള. .(പില്‍ക്കാലത്ത്കാനം രാജേന്ദ്രന്‍ ആ പരാമര്‍ശം അദ്ദേഹത്തെ കുറിച്ച് പറഞ്ഞു എന്ന് എന്ന് പ്രസ്താവിച്ചതായി കണ്ടു .ശരിയല്ല .പകര്‍പ്പകാശം പൂര്‍ണ്ണമായും കാനം ശങ്കരപ്പിള്ള എന്ന എനിക്കാണ് .അദ്ദേഹത്തിന് അതിനുള്ള അര്‍ഹത ഉണ്ടെന്നു തോന്നുന്നില്ല ) പക്ഷെ എനിക്കത് കിട്ടണം.കിട്ടിയേ മതിയാവൂ .
എന്തെന്നല്ലേ ?
മലയാറ്റൂരിനെ പോലെ ചിലര്‍ കെ രാജന്‍ കാമ്പിശ്ശേരി തന്നെ എന്ന് കരുതി എന്ന് കാര്ട്ടൂണിസ്റ്റ് യേശുദാസന്‍ ..വാസ്തവം പറഞ്ഞാല്‍ മാറ്റര്‍ തികയാതെ വന്നാല്‍ ചിലത് കാമ്പിശ്ശേരിയും എഴുതി .ഒരു “കൂനന്തറ” വിനോദം(കൂനന്‍ തറ പരമുവും പൂനാ കേശവനും എന്ന കാമ്പിശ്ശേരി കൃതി കാണുക)
KaSankaraPillai എന്ന് കുത്തും കോമയും ഇടാതെ, ആദ്യ ഇനിഷ്യല്‍ കെ(K) വല്യഅക്ഷരത്തിലും രണ്ടാമന്‍ ഏ യെ ചെറിയ (a)അക്ഷരത്തിലും എഴുതിയ ശേഷം Sankara Pillai എന്നെഴുതി ഒപ്പ് ഇടുകയായിരുന്നു നല്ല കയ്യക്ഷരമുള്ള യൌവന കാലത്ത് ചെയ്തിരുന്നത്.പക്ഷെ പലരും അത് Karunakaran Pillai എന്നാണു വായിച്ചിരുന്നത് .
ക്ലാസ്സില്‍ തെറ്റായ ഉത്തരം നല്‍കിയാല്‍ “ പിന്നെയും ശങ്കരന്‍ തെങ്ങേല്‍ “ എന്ന പ്രയോഗം കാനം സി.എം എസ് മിഡില്‍ സ്കൂള്‍ അദ്ധ്യാപകന്‍ എം.ഐ ഏബ്രഹാം സാര്‍ ഉദ്ധരിച്ചിരുന്നു .കുട്ടികള്‍ എന്‍റെ മുഖത്തേയ്ക്കു ഒന്നിച്ചു നോക്കും.ശങ്കരന്‍റെ കാര്യം പറഞ്ഞപ്പോള്‍ മലയാളനാട് വാരിക ഒരു ലക്കത്തില്‍ പി.കെ മന്ത്രി വരച്ചു ചേര്‍ത്ത കാര്‍ട്ടൂണ്‍ ഓര്‍മ്മയില്‍ വരുന്നു .തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം അവാര്‍ഡ് കിട്ടും എന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു അത് കിട്ടാതെ പോയ സന്ദര്‍ഭം .ആ വര്‍ഷം പീഠം കിട്ടിയത് പൊറ്റക്കാടിന് .നിരാശനായ തകഴി ചേട്ടന്‍ ഒരു ജ്യോല്‍സനെ കണ്ടു കൈ നോക്കുന്നതായി മന്ത്രികുമാരന്‍ (അതായിരുന്നു അദ്ധ്യാപകന്‍ കൂടി ആയിരുന്ന പി.കെ മന്ത്രിയുടെ ശരിയായ പേര്‍ .) വരച്ചു .
”ആദ്യം ജ്ഞാനപീഠം കിട്ടിയത് ഒരു ശങ്കരന് .ഇപ്പോള്‍ കിട്ടിയതും ഒരു ശങ്കരന് .തീര്‍ച്ചയായും കിട്ടും .എന്നാല്‍ ലഗ്നത്തില്‍ കേതു നില്‍ക്കുന്നതിനാലും ആറാമിടത്ത് ശനിയും ചന്ദ്രനും ഒന്നിച്ചു നില്‍ ക്കുന്നതിനാലും അതിനു മുമ്പ് രണ്ടു മലയാളി ശങ്കരന്മാര്‍ക്ക് കൂടി അത് കിട്ടിയാലേ അങ്ങേയ്ക്ക് കിട്ടുകയുള്ളൂ .ഒന്ന് സാക്ഷാല്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് എന്ന സഖാവ് .രണ്ടാമത് ഡോക്ടര്‍ കാനം ശങ്കരപ്പിള്ള .അക്കാലം മലയാള നാട്ടിലും കോളം ചെയ്തിരുന്ന എന്നെ ഒന്ന് പൊ ക്കിയെക്കാന്‍ രസികനായ മാസിക മുതലാളി ചെട്ടികുളങ്ങര ക്കാരന്‍ എസ.കെ നായര്‍ മന്ത്രിയോട് പറഞ്ഞു കാണും .ഈ.എം എസ്സിനും എനിക്കും കിട്ടിയില്ല .എങ്ങനെ കിട്ടാന്‍ ? പക്ഷെ തകഴി ചേട്ടന് കിട്ടി .
മെഡിക്കല്‍ വിദ്യാഭ്യാസ ബിരുദ പഠന കാലത്ത് മാത്രം നൂറ്റി പത്തോളം പരീക്ഷകള്‍ എഴുതേണ്ടി വന്നു ഒപ്പം വാചാ(oral ) പരീക്ഷകള്‍ക്ക് ഇര ആകേണ്ടി വന്നു.വൈവാ എന്നറിയപ്പെടുന്ന oral അക്ഷര മാലാ ക്രമത്തില്‍ ആണ് വിളിക്കപ്പെടുന്നത് .അക്ഷര മാലയില്‍ അവസാന പകുതിയില്‍ വരുന്ന എസ് (ശ ) ഉടമകള്‍ നിരവധി മണി ക്കൂറുകള്‍ ആകാംക്ഷാ ഭരിതര്‍ ആയി കാത്തിരിക്കണം .വലിയ ടെന്‍ഷന്‍ ഉണ്ടാകും .നൂറ്റി മൂന്നു വയസ് വരെ നല്ല ആരോഗ്യത്തോടെ പൂര്‍ണ്ണ ഓര്‍മ്മയോടെ, ഇഷ്ടമുള്ള ഭോജ്യ പാനീയങ്ങള്‍ ആവോളം ആസ്വദിച്ചു കഴിച്ചു നാല് തലമുറ കള്‍ ക്കൊപ്പം ജീവിച്ചു “ചിരം ജീവി “ (നാല് തലമുറകള്‍ ക്കൊപ്പം ജീവിക്കാന്‍ സാധിക്കുക എന്ന് മാത്രമാണ് ഈ പദം സൂചിപ്പിക്കുന്നത് എന്ന് കവി കക്കാട് പറഞ്ഞതായി മറ്റൊരു കവി വിഷ്ണു നാരായണന്‍ നമ്പൂതിരി )യായ വാഴൂര്‍ തുണ്ടത്തില്‍ ശങ്കു പ്പിള്ള അയ്യപ്പന്‍ പിള്ള എന്ന പിതാവിന് (ജനനം 1910;മരണം 2013 )പ്രഷര്‍ - പ്രമേഹം - കോളസ്ട്രോള്‍ ഇവയൊന്നും ഉണ്ടായില്ല .പക്ഷെ നാല്‍പ്പതില്‍ എനിക്ക് രക്ത സമ്മര്‍ദ്ദം വന്നു .മക്കള്‍ക്കും വൈദ്യ പഠന യോഗമുണ്ടായാല്‍ അവര്‍ കാത്തിരുന്നു ടെന്‍ഷന്‍ അടിക്കേണ്ട എന്ന് കരുതി (ദൈവം അനുഗ്രഹിച്ചു .രണ്ടു പേരും ഞാന്‍ പഠിച്ച അതെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (കോട്ടയം )പഠിച്ചു പാസ്സായി യൂ കെ യില്‍ പോയി അവടെ നിന്നും മെമ്പര്‍ഷിപ് ,ഫെലോഷിപ്പ് പരീക്ഷകള്‍ പാസ്സായി.ഇപ്പോള്‍ കൊച്ചു മകളും അതെ പാതയില്‍ ഓക്സ്ഫോര്‍ഡ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി .ദൈവത്തിനു നന്ദി )മക്കള്‍ ദീര്‍ഘ നേരം കാത്തിരുന്നു ടെന്‍ഷന്‍ അടിക്കാതിരിക്കാന്‍ രണ്ടു പേര്‍ക്കും അ (A)യില്‍ തുടങ്ങുന്ന പേര്‍ കണ്ടെത്തി .ആദ്യ ജാതനു വേണ്ടി (ആദ്യത്തെ കണ്മണി ആണായിരുന്നു ) ഹിന്ദി സിനിമകളില്‍ വെട്ടി തിളങ്ങിയിരുന്നത് രാജേഷ് ഖന്ന .അദ്ദേഹത്തിന്‍റെ പേരില്‍ നിന്നും R വെട്ടി മാറ്റി അജേഷ് എന്നൊരു പേര്‍ സൃഷ്ടിച്ചു .ഗുരുവായൂര്‍ വച്ച് ചോര്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ അവന്‍റെ ചെവിയില്‍ ആ പേര്‍ ഓതി .അന്ന് നാട്ടില്‍ അജേഷ് എന്നൊരു പേര്‍ മറ്റാര്‍ക്കും ഇല്ല .പക്ഷെ പിന്നീട് തുടരെ തുടരെ ആ പേരുള്ളവര്‍ ,നാട്ടില്‍ മറ്റു പേരുകളില്‍ വിളിക്കപ്പെട്ടിരുന്ന ചില കുട്ടികള്‍ പോലും അഞ്ചാം വയസ്സില്‍ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ അജേഷ് ആയിമാറി .ഇപ്പോള്‍ ലോറിയ്ക്കും ഓട്ടോയ്ക്കും വരെ അതെ പേര്‍ .പേരിന്‍റെ കണ്ടു പിടുത്തത്തിനു പേറ്റന്റ് എടുക്കേണ്ടി ഇരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു (ശ്രീകണ്ടന്‍ ഷോയ്ക്ക് പോലും പേറ്റന്റ് എടുക്കാം എന്നാണല്ലോ ഇപ്പോള്‍ സ്ഥിതി . കൃത്യം അഞ്ചാം വര്‍ഷം രണ്ടാമത്തെ സന്താനം ഭൂജാതയായി .അത്
മകള്‍ ആകണമെന്നും ആയാല്‍ കന്യാകുമാരിയില്‍ കൊണ്ട് വന്നു ദേവിയെ കാട്ടാമെന്നും ദേവി എന്ന് തന്നെ പേരിടാം എന്നും കുമാരി ദേവിയോട് ശാന്ത പറഞ്ഞിരുന്നു .അതിനാല്‍ ദേവിയോട് കൂടി അതിനു മുമ്പ് അ (A) വരുന്ന ഒരു പേര്‍ മകള്‍ക്കിട്ടു .
എന്നാല്‍ മക്കള്‍ക്ക് രണ്ടു പേര്‍ക്കും പേര്‍ ആദ്യം വന്നതായി ടെന്‍ഷന്‍ .വാചാ പരീക്ഷ തുടങ്ങുന്ന സമയം പരീക്ഷകനും പരീക്ഷിക്കപ്പെടുന്ന കുട്ടിയ്ക്കും സ്റാര്‍ട്ടിംഗ് ട്രബിള്‍ ,വാം അപ് ശരിയാകാതതാവാം കാരണം .അതിനാല്‍ കൊച്ചു മക്കള്‍ ജനിച്ചപ്പോള്‍ പേരിന്റെ ആദ്യ അക്ഷരം അക്ഷരമാലയില്‍ നടുക്ക്നിന്നാക്കി .
മക്കള്‍ രണ്ടും ഇപ്പോള്‍ യൂ.കെയില്‍ നിര്‍ദ്ദയനായ സായിപ്പ് അകാരത്തിലുള്ള പേര്‍ ഇരുവരില്‍ നിന്നും ചുരുക്കി..ഇപ്പോള്‍ മക്കള്‍ പിതാവിന്‍റെ പേരില്‍ അറിയപ്പെടുന്നു .എസ്സില്‍ തുടക്കം .ഡോ ശങ്കര്‍ .
തെറ്റിദ്ധാരണകള്‍ ഞങ്ങളുടെ കുടുംബ സഹയാത്രികനാണ് .അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപരീക്ഷയില്‍ വിജയിച്ചു കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനു ചെന്നപ്പോള്‍ പേരിലെ അക്ഷരം തെറ്റിച്ചു വായിച്ച ഒരു പ്രൊഫസ്സര്‍ മകനോട് ചോദിച്ചു: ആര്‍ യൂ ഫ്രം കല്‍ക്കട്ടാ “ ശങ്കര്‍” എന്നത് അദ്ദേഹം “”സര്‍ക്കാര്‍ എന്ന് വായിച്ചു.ലോക പ്രസിദ്ധ മാന്ത്രികന്‍ കല്‍ക്കട്ടക്കാരന്‍ സര്‍ക്കാരിന്‍റെ കൊച്ചുകൊച്ചു മകന്‍ ആയിരിക്കും കക്ഷി എന്നദ്ദേഹം ചിന്തിച്ചി രിക്കണം .
തുറന്നു പറയട്ടെ, കാര്‍ണഗി എന്തൊക്കെ പറഞ്ഞാലും എന്‍റെ അറുപഴഞ്ചന്‍ പേര്‍ ,(അതിനു ഏഴായിരം വര്‍ഷം വരെ പഴക്കം കാണുമത്രേ ) എനിക്കത്ര ഇഷ്ടമല്ല .വാഴൂര്‍ തുണ്ടത്തില്‍ കുടുംബ സ്ഥാപകന്‍ ളാലം (പാലാ) വില്ലേജ് പ്രവൃത്ത്യാര്‍ അങ്ങുന്നു ശിവരാമപിള്ളയുടെ മൂത്ത മകന്‍ ശങ്കുപ്പിള്ളയില്‍ നിന്നാണ് എന്‍റെയും കുട്ടികളുടെയും അവരുടെ മക്കളുടെയും പേരിലെ ശങ്കറിന്‍റെ ഉത്ഭവം .ഏതായാലും അച്ഛന്‍ കൊച്ചുകാഞ്ഞിരപ്പാറ (ആ പേരില്‍ ഉള്ള പ്രൈമറി സ്കൂള്‍ പിതൃസഹോദരന്‍ ഷണ്മുഖം പിള്ള സ്ഥാപിച്ചതാണ് .നവതിയില്‍ എത്തിയ സ്കൂള്‍) അയ്യപ്പന്‍ പിള്ള, ശങ്കുപ്പിള്ള എന്ന പേര്‍ ഏക മകനിട്ടില്ല .കോട്ടയം സ്വരാജ് ബസ് ഉടമയും ദേശബന്ധു എന്ന ആദ്യകാല കോട്ടയം പത്രത്തിന്‍റെ അധിപനും ആയ കെ.എന്‍.ശങ്കുണ്ണിപ്പിള്ള കോട്ടയത്ത് മുടി ചൂടാ മന്നന്‍ ആയി വാഴും കാലമായിരുന്നു എന്‍റെ ജനനം .കോട്ടയം യൂണിയന്‍ ക്ലബ്ബിനു സമീപം അടുത്ത കാലം വരെ നിലനിന്നിരുന്ന, അദ്ദേഹത്തിന്‍റെ പൈതൃക ഭവനം, കഴിഞ്ഞ തവണ കാണുമ്പോള്‍ കോട്ടയം മിനി സിവില്‍ സ്റേഷന്‍ ആയി രൂപാന്തരം പ്രാപിച്ചു കഴിഞ്ഞു .കെ.പി എസ് മേനോന്‍ ജനിച്ച തൊട്ടടുത്ത “ഗോപീ വിലാസം” എന്ന പൈതൃക ഭവനം കുട്ടികളുടെ ലൈബ്രറി എന്ന പൈശാചിക മന്ദിരം ആയി മാറ്റപ്പെട്ടതുപോലെ.
യൂ.കെയില്‍ ആയിരുന്നുവെങ്കില്‍, ഇത്തരം പൈതൃക ഭവനങ്ങള്‍ അതേ പടി നിലനിര്‍ത്തി ടൂറിസ്റ്റ് ആകര്‍ഷണ കേന്ദ്രങ്ങള്‍ ആക്കി മാറ്റുമായിരുന്നു .കേഴുക കേരളമേ എന്ന് നമുക്ക് പറയാം .എഴുതാം .
.അച്ഛന്‍ പേര്‍ മോഡേണ്‍ ആക്കി “ശങ്കരപ്പിള്ള” എന്നാക്കി.മക്കളുടെ കാലം വന്നപ്പോള്‍ ഞാന്‍ വാല്‍ എടുത്തു കളഞ്ഞു .”ശങ്കര്‍” എന്നാക്കി പക്ഷെ കൊച്ചു മകള്‍ക്ക് ,അവള്‍ ഓക്സ്ഫോര്‍ഡില്‍ മെഡിക്കല്‍ വിദ്ധ്യാര്‍ത്ഥിനീ ,ഒരിക്കല്‍ ചോദിച്ചു ഏന്തേ കാനം അച്ഛാ എന്‍റെ പേരില്‍ പിള്ള ചേര്‍ക്കാഞ്ഞത് എന്ന് ഒരു പക്ഷെ അവളുടെ മക്കള്‍ വീണ്ടും പിള്ള വാല്‍ (അതെ ഹാരപ്പന്‍ മുദ്രകളില്‍ കണ്ട അതെ പിള്ള ) ഉള്ളവര്‍ ആയെന്നു വരാം .കാലം കഴിയുമ്പോള്‍ കോലം കീഴ്മേല്‍ മറിയും .വാല്‍ കൊഴിയുകയും വീണ്ടും കിളുക്കുകയും മറ്റും ചെയ്യും .
എഴുത്തുകാരന്‍ ആയി മാറിയപ്പോള്‍ എനിക്ക് പേര്‍ പരിഷ്കരിക്കാമായിരുന്നു എഴുത്തുകാരായപ്പോള്‍ ചവറക്കാരന്‍ വേലു കുറുപ്പ് ഓ.എന്‍ വി.കുറുപ്പ് ആയും മാവേലിക്കരക്കാരന്‍ പരമേശ്വരന്‍ നായര്‍ സി.പി നായര്‍ ആയും മാറിയതും ബന്ധുക്കള്‍ പി.ആര്‍ ശങ്കരപ്പിള്ള (തിരമാല എന്ന ചലച്ചിത്രം സംവിധാനം ചെയ്ത, പില്‍ക്കാലത്ത് ഫിലിം ഡവലപ്മെന്റ്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ) പി.ആര്‍. എസ് പിള്ള ആയി മാറിയതും ഭാര്യ ശാന്തയുടെ അമ്മയുടെ കൊച്ചച്ചന്‍ ,, .മലനാട്ടില്‍ എഴുപതു കൊല്ലം മുമ്പ് തന്നെ കമലാബസാര്‍ എന്നൊരു വ്യാപാരസമുച്ചയ വീഥി സ്ഥാപിച്ച ,പലയകുന്നേല്‍ നാരായണ പിള്ള, പി.എന്‍ പിള്ള (കമലാലയം )ആയി മാറിയതും കസിന്‍ ചലച്ചിത്ര സംവിധായകന്‍ (ചലനം ,മകം പിറന്ന മങ്ക) പുന്നാംപറമ്പില്‍ രാമകൃഷ്ണ പിള്ള എന്‍. ആര്‍. പിള്ള ആയി ചുരുങ്ങിയതും മാതൃക ആക്കി കെ.ഏ.എസ്.പിള്ള എന്നായി മാറ്റാമായിരുന്നു സഹഡോക്ടര്‍ അടുത്ത കാലത്ത് അന്തരിച്ച തൊടുപുഴക്കാരന്‍ ഗോപാലകൃഷ്ണ പിള്ള ജി.കെ പിള്ള എന്നായിരുന്നു അറിയപ്പെട്ടത് .തുണ്ടത്തില്‍ കുടുംബത്തില്‍ ഇന്ന് ഇരുപതില്‍പ്പരം ശങ്കര്‍മാര്‍ ഉണ്ട് .ഇനിയും എണ്ണം കൂടിയേക്കാം .
നേരില്‍ കണ്ടിട്ടില്ലാത്ത പലരും, ഇന്നത്തെ കാര്യമല്ല ,പണ്ട് വൈക്കം താലൂക്ക് ഹോസ്പിറ്റല്‍ കാലഘട്ടത്തില്‍ (1977-80), ഞാന്‍ ഒരു പടു കിഴവന്‍ എന്നായിരുന്നു ധരിച്ചു വച്ചിരുന്നത്.(ഇന്നത് ശരി തന്നെ) നേരില്‍ കാണുമ്പോള്‍ പറയും “ഇത്ര ചെറുപ്പം ആണെന്ന് കരുതിയില്ല” ..കാരണം പഴഞ്ചന്‍ പേര്‍. .വൈക്കത്ത് പഴയകാല യുദ്ധവീരന്‍ വൈക്കം പത്മനാഭ പിള്ളയുടെ കുടുംബ വീട്ടില്‍ (കണ്ണെഴം .അവിടെ തന്നെയാണ് കമ്മൂണിസ്റ്റ് പ്രസ്ഥാന സ്ഥാപകന്‍ സഖാവ് പി.കൃഷ്ണ പിള്ളയുടെ ജനനവും) താമസിക്കുമ്പോള്‍, ഒരു പ്രായം ചെന്ന അമ്മാവന്‍ കൊച്ചു മകളുമായി ഗര്‍ഭകാല പരിശോധനയ്ക്ക് വന്നു. .ഹോസ്പിറ്റലില്‍ നിന്ന് മടങ്ങി വരാന്‍ എനിക്ക് കുറെ താമസം വന്നു സഹികെട്ട കാരണവര്‍ യുവതിയും സുന്ദരിയും ആയ എന്‍റെ ഭാര്യ ശാന്തയോട് അടുക്കള ഭാഗത്ത് ചെന്ന് ചോദിച്ചു :”അപ്പഴേ മോളെ അച്ഛന്‍ വരാനെന്താ താമസിക്കുന്നത് ? ഇനിയും വൈകുമോ ?”
ഭാര്യതികച്ചും ശാന്ത സ്വഭാവക്കാരി ആയതിനാല്‍ തവിയും എടുത്തു കാരണവരെ നേരിട്ടില്ല .പൊന്‍കുന്നം സ്വ.ലേ ഇട്ടിയവരായുടെ പത്രഭാഷ കടമെടുത്താല്‍, “ധനാഡ്യനും പരോപകാരിയും പൊതുജന സമ്മതനും “ ആയിരുന്ന ഭാര്യാ പിതാവ്, പൊന്‍കുന്നം പുന്നാം പറമ്പില്‍ നീലകണ്ടപ്പിള്ള രാമകൃഷണ പിള്ള പരേതന്‍ ആയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു .സംശയം തോന്നിയ ശാന്ത കിഴവനോട് ചോദിച്ചു “അമ്മാവന്‍ ആരുടെ കാര്യമാ പറയുന്നേ ?”ഡോക്ടര്‍ സാറിന്‍റെ കാര്യം തന്നെ അച്ഛന്‍ വരാന്‍ ഇനിയും താമസിക്കുമോ?” ഭര്‍ത്താവിന്‍റെ അറുപഴഞ്ചന്‍ പേരില്‍ ഭാര്യയ്ക്ക് വല്ലായ്മ തോന്നിയിരിക്കും.
ചങ്ങനാശ്ശേരി എന്‍,എസ്,എസ് കോളേജില്‍ ആയിരുന്നു ശാന്ത പഠിച്ചിരുന്നത് .പ്രസിദ്ധ സംവിധായകന്‍ ആയി മാറിയ സ്വപ്നാടനം –ഉള്‍ക്കടല്‍ യവനിക
പഞ്ചവടിപ്പാലം ഫെയിം കെ.ജി ജോര്‍ജ് ,പില്‍ക്കാലത്ത് പ്രസിദ്ധ നടിയായി ഉയര്‍ന്ന, മീരാജാസ്മിന്‍ എന്ന നടിയുടെ മാതാവ് മാമ്മച്ചി (ഏലിയാമ്മ ) ,ചലച്ചിത്ര നിര്‍മ്മാതാവും
“ആയിരം കാതം അകലെയാണെങ്കിലും......” തുടങ്ങിയ ചലച്ചിത്ര
ഗാനങ്ങള്‍ എഴുതിയ കാന്തിഹര്‍ഷ ഫിലിംസ് ഉടമ ഖാന്‍ സാഹിബിന്‍റെ മകന്‍, പില്‍ക്കാലത്ത് പ്രസിദ്ധ അഭിഭാഷകന്‍ ആയി ഉയര്‍ന്ന,
കെ. ഏ ഹസ്സന്‍ തുടങ്ങിയവര്‍ സഹപാഠികള്‍ .അവസാന വര്‍ഷം ഓട്ടോഗ്രാഫില്‍ പ്രസിദ്ധ കവി കൂടിയായ അദ്ധ്യാപകന്‍
പ്രൊഫ .ഹരീന്ദ്രനാഥകുറിപ്പ് എഴുതിയത്
രണ്ടു വരി കവിത.
(പ്രൊഫ ഹരീന്ദ്രനാഥ കുറുപ്പിനൊപ്പം
എന്‍റെ മലയാളം ഗുരു കവിയൂര്‍ ശിവരാമ പിള്ള
രണ്ടു പേരും കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞു)
“ശാന്തമായൊഴുകട്ടെ , ജീവിത കല്ലോലിനി
ശാന്തേ ,യീ ശരത് കാല നിമ്ന പോലെ നിത്യം “
ആ ആശംസയുടെ മങ്ങാത്ത സ്മരണ കൊണ്ടാവാം ശാന്ത,
പൂതന ആയി മാറിയില്ല എന്നാണു അന്ന് നേര്‍സറി സ്കൂള്‍ വിദ്യാര്‍ഥിനി ആയിരുന്ന മകള്‍ നല്‍കിയ റിപ്പോര്‍ട്ട് .അവള്‍ ഇന്ന് യൂകെയില്‍. ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ അമ്മയും എന്നെക്കാള്‍ വലിയ ഒരു ഡോക്ടറും മറ്റുമായി ഭര്‍ത്താവുമൊത്തു കഴിയുന്.
നു
കേരളത്തിലെ അഞ്ചു ജില്ലകളിലായി ഈ.എസ് ഐ ,മിലിട്ടറി എന്നീ ഹോസ്പിറ്റലുകള്‍ ഒഴിവാക്കി ചെറുതും വലുതും ഇടത്തരവു സര്‍ക്കാര്‍ സ്വകാര്യ ഹോസ്പിറ്റലുകളില്‍ സേവനം. മാവേലിക്കര പി.എം ഹോസ്പിറ്റലില്‍ ആയിരുന്നു തുടക്കം (1968 മാര്‍ച്ച് ) എം.പി ഫിലിപ്പ് (ജൂണിയര്‍),സഹോദരി അന്നമ്മ എന്നിവരോടൊപ്പം ആറുമാസക്കാലം .പിന്നെ സര്‍ക്കാര്‍ ഡോക്ടര്‍ .പാമ്പാടി ബ്ലോക്കിലെ മുണ്ടന്‍ കുന്നു പ്രൈമറി സെന്‍റര്‍,പാമ്പാടി ഗവ.ഡിസ്പെന്‍ സറി (ഇന്നത് താലൂക്ക് ഹോസ്പിറ്റല്‍ ),കോട്ടയം ജില്ലാ കം മെഡിക്കല്‍ കോളേജ് ആശുപത്രി ,പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ എരുമേലി ,കോട്ടയം മെഡിക്കല്‍ കോളേജ് ഗൈനക് വിഭാഗം ,താലൂക്ക് ഹോസ്പിറ്റല്‍ വൈക്കം ,പാലാ ,മെഡിക്കല്‍ കോളേജ് തിരുവനന്തപുരം (സര്‍ജറി വിഭാഗം ) താലൂക്ക് ഹോസ്പിറ്റല്‍ ചേര്‍ത്തല ,ജനറല്‍ ഹോസ്പിറ്റല്‍ പത്തനംതിട്ട ,ജില്ലാ ആശുപത്രി കോഴഞ്ചേരി ,താലൂക്ക് ഹോസ്പിറ്റല്‍ മാവേലിക്കര (സൂപ്രണ്ട് ), ഗവ ഡിസ്പെന്‍സറി രാമപുരം ,അര്‍ച്ചന ഹോസ്പിറ്റല്‍ പന്തളം ,ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്‍റര്‍ പന്തളം , കെ.വി. എം. എസ് ഹോസ്പിറ്റല്‍ പൊന്‍കുന്നം, ശാന്തിനികേതന്‍ പൊന്‍കുന്നം ,ഹൈറെഞ്ച് ഹോസ്പിറ്റല്‍ പാറത്തോട് ,തിരുവല്ലാ മെഡിക്കല്‍ മിഷന്‍ വാഴൂര്‍ , ശ്രീഹരി ഹോസ്പിറ്റല്‍ പൊന്‍കുന്നം എന്നിങ്ങനെ ഇരുപത്തി രണ്ട് ആശുപത്രികളില്‍ സേവനം ആനുഷ്ടിച്ചു .മരുമകന്‍റെ വക ശ്രീഹരി ഹോസ്പിറ്റലില്‍ ബാക്കിയുള്ള കാലം .ആദ്യം കുടുംബ ഡോക്ടര്‍ ,പിന്നെ പ്രസൂതി തന്ത്രന്ജന്‍ ,പിന്നെ സര്‍ജന്‍ അവസാനം കുടംബ ഡോക്ടറും ത്വക് രോഗ ചികിത്സകനും ആയി കുറെ കാലം..എഴുപത്തി അഞ്ചില്‍ ആതുരസേവനം പൂര്‍ണ്ണമായി നിര്‍ത്തി .എഴുത്തും വായനയും സഞ്ചാരവു.
ം
പതിനെട്ട് വാടക വീടുകളില്‍ താമസിച്ചു .റിട്ടയര്‍മെന്റ് കഴിഞ്ഞാല്‍ താമസിക്കാന്‍ നിരവധി സ്ഥലങ്ങള്‍ നോക്കി .തിരുവനന്തപുരം ,അടൂര്‍ ,പന്തളം തിരുവല്ല ,മാവേലിക്കര ,ചങ്ങനാശ്ശേരി ,കോട്ടയം ,പൊന്‍കുന്നം .കൊച്ചി ആലുവാ എന്നിങ്ങനെ .അവസാനം കോട്ടയം കൊടൂര്‍ ആറിന്‍കരയില്‍ അതി മനോഹരമായ ഇരുപതു സെന്റ് പുഴയോരം വാങ്ങി .വാങ്ങിക്കഴിഞ്ഞാണ് മെഡിസിന്‍ ഗുരുനാഥന്‍ ആയ ഡോക്ടര്‍ പാറയ്ക്കന്‍
തന്‍റെ മകള്‍ക്ക് വീട് വയ്ക്കാന്‍ വാങ്ങി കൊടുക്കാന്‍ അതിയായി ആഗ്രഹിച്ച പ്ലോട്ട് എന്നറിയുന്നത് .സാര്‍ തന്നെ നേരിട്ട് പറഞ്ഞു .എനിക്ക് കാശ് തികഞ്ഞില്ല “.പക്ഷെ ശങ്കരപ്പിള്ള വാങ്ങി എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി “ ആ ഗുരുനാഥന്‍ സന്തോഷം പ്രകടിപ്പിച്ചു എങ്കിലും അദ്ദേഹത്തിന്‍റെ ആഗ്രഹം നടന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് അതിയായ ദുഃഖം തോന്നി .പ്രസിദ്ധ ഇന്റീരിയര്‍ വിദഗ്ധന്‍ പി.കെ ആര്‍ മേനോന്‍ ഡിസൈന്‍ ചെയ്ത ഒരു കേരളീയ വീട് അവിടെ പണിയാന്‍ കല്ലിട്ടു .പക്ഷെ പണി നടന്നില്ല
അപ്പോഴാണ് ശാന്ത ജനിച്ചു വളര്‍ന്ന പൊന്‍കുന്നത്തെ താളിയാനില്‍ വീടും അതിരിക്കുന്ന സ്ഥലവും വില്‍ക്കാന്‍ പോകുന്നു എന്ന വിവരം അറിയുന്നത് .ശാന്തയ്ക്കും ഞങ്ങളുടെ മക്കള്‍ക്കും വലിയ വിഷമം .അവസാനം ആ പ്രാചീന വീട് വില കൊടുത്തു വാങ്ങാന്‍ തീരുമാനമായി .പുരാതനമായ ആ ഗൃഹം കേരളീയ തനിമ നഷ്ടപ്പെടുത്താതെ, കോട്ടയത്തെ ആര്‍ക്കിടെക്റ്റ് ജോസ് കെ.മാത്യു പരിഷ്കരിച്ചു തന്നു .ഞങ്ങള്‍ അവിടെ താമസമാക്കി .പക്ഷെ അതിനാല്‍ ശാന്ത ഒരു പഴി കേള്‍ക്കേണ്ടി വന്നു .”ദാനം ചെയ്തത് തിരിച്ചു വാങ്ങിയവള്‍”.
പന്നിവിഴയും വന്നു പിഴച്ചവരും
--------------------------------
പണ്ടേ തന്നെ ഞങ്ങള്‍ ദമ്പതികള്‍ ജോതിഷത്തില്‍ വിശ്വസിക്കുവര്‍ .പല തീരുമാനങ്ങളും ജോല്‍സ്യമതം അറിഞ്ഞു മാത്രം തീരുമാനിക്കുന്നവര്‍. വളരെക്കാലം എരുമേലിയിലെ ഗോപാലന്‍ ഗണകന്‍ ആയിരുന്നു. ജോത്സ്യന്‍. പിന്നീട് പൂഞ്ഞാര്‍ മിത്രന്‍ നമ്പൂതിരിപ്പാടും . .പിന്നെ പന്തളത്തെ പ്രൊ ഫസ്സര്‍ ശര്‍മ്മ (ട്രിച്ചി സെന്റ് സ്റ്റീഫന്‍സ് കോളേജ് ).അദ്ദേഹത്തിന് പ്രായം ആയി ഓര്‍മ്മ കുറഞ്ഞപ്പോള്‍ മറ്റൊരാളെ തപ്പി നടക്കുന്ന സമയം .പുതിയ ഒരാളെ കുറിച്ച് വിവരം കിട്ടി .ഇരുവരും ഒന്നിച്ചു അദ്ദേഹത്തെ കാണാന്‍ പോയി .
“”നിങ്ങള്‍ വരും വഴിയില്‍ രണ്ടിടത്തിറങ്ങി ശരിയല്ലേ?” എന്നാദ്യ ചദ്യം .
ശരി എന്ന് ഞാന്‍ .ഒന്ന് മൂത്രം ഒഴിക്കാന്‍ .രണ്ടു ഇടയ്ക്ക് വഴി തെറ്റി എന്ന് സംശയം വന്നപ്പോള്‍ വണ്ടി നിര്‍ത്തി ഇറങ്ങി അടുത്ത വീട്ടില്‍ കയറി ജോത്സ്യര്‍ എവിടെ താമസിക്കുന്നു എന്നാന്വേഷിച്ചിരുന്നു .”നിങ്ങള്‍ മൂന്നു വഴികള്‍ ഉള്ള വീട്ടില്‍ ആണ് താമസം .അല്ലേ?”
എന്ന് അടുത്ത ചോദ്യം .ശരി .നടുക്ക് പടിപ്പുര വാതില്‍ .ഇടതും വലതും ഓരോ ഗേറ്റ് .മൂന്നു വഴികളില്‍ വീട്ടില്‍ കയറാം; ഇറങ്ങാം .”നിങ്ങളുടെ കുടുംബ ദേവത മഴയും വെയിലും കൊണ്ട് മരക്കൂട്ടത്തില്‍ കഴിയുന്നഒരു വനദുര്‍ഗ്ഗ അല്ലേ ?”
ഈ ചോദ്യത്തിനു ഉത്തരം ശരി എന്ന് പറയാന്‍ ശാന്ത
മടിച്ചു .”അതെ,” ഞാന്‍ പറഞ്ഞു .”ഏതു ദേവത ?”.ശാന്ത എന്നോട്. .”പന്നിവിഴ എന്ന നിങ്ങളുടെ കുടുംബ ദേവത” .ശാന്ത അമ്പരന്നു. .”അതെങ്ങനെ മഴയും വെയിലും കൊള്ളുന്നു ?” ചോദ്യം എന്നോട് .
അക്കഥ എനിക്കറിയാമായിരുന്നു ശാന്ത ശ്രദ്ധിച്ചിരുന്നില്ല .ആ ക്ഷേത്രത്തില്‍ ശ്രീകോവില്‍ മുകള്‍ തുറന്നാണ് കിടക്കുന്നത് .പീടികയില്‍ ഭഗവതി മഴയും വെയിലും കൊള്ളും .
ശാന്തയുടെ പൂര്‍വ്വികര്‍ പണ്ട് തമിഴ്നാട്ടില്‍ നിന്നും (അച്ഛന്‍ വഴിക്കാര്‍ മധുരയില്‍ നിന്നും.അമ്മവഴിക്കാര്‍ രാജേന്ദ്ര ചോളന്റെ സമാധിസ്ഥലമായ ബ്രഹ്മദേശമെന്ന അംബാ സമുദ്രത്തില്‍ നിന്നം ) തെങ്കാശി- ചെങ്കോട്ട- പുനലൂര്‍- അടൂര്‍ വഴി കാഞ്ഞിരപ്പള്ളിയിലേക്ക് കുടിയേറിയവര്‍ ആയിരുന്നു ശൈവഭക്തര്‍ ആയിരുന്ന കര്‍ഷക-ഗോപാലക –വര്‍ത്തക സമൂഹം .കേരളത്തിലേക്ക് കുടിയേറിയ കുറെ കുടുംബങ്ങള്‍, കൂടെ പീഠത്തില്‍ വച്ച ഒരു ഭഗവതി വിഗ്രഹം (പീഠികയില്‍ ഭഗവതി )കൊണ്ട് പോന്നു .അടൂര്‍ “പന്നിവിഴ”യില്‍ (“വന്നു പിഴ”) വിശ്രമിക്കാന്‍ ഇരുന്ന അവര്‍ വിഗ്രഹം അവിടെ കിഴക്കോട്ട് ദര്‍ശനമായി നിലത്തു വച്ച് വിശ്രമിച്ചു .വിശ്രമം കഴിഞ്ഞു യാത്ര തുടരാന്‍ തുടങ്ങിയപ്പോള്‍, വിഗ്രഹം പൊങ്ങുന്നില്ല .അങ്ങനെ അത് അവിടെ തന്നെ വച്ച് ഒരു കുടുംബം പന്നിവിഴയില്‍ താമസമാക്കി .ചിലര്‍ പത്തനം തിട്ട .കൈപ്പട്ടൂര്‍,പന്തളം ,മലയാലപ്പുഴ പത്തനാപുരം ,പുനലൂര്‍ പ്രദേശങ്ങളില്‍ താമസമാക്കി .
നാലു വീട്ടുകാര്‍ വടക്കോട്ട് പോന്നു .മറ്റക്കരയില്‍ വന്നു താമസമാക്കിയ “കോവൂര്‍” ,കാഞ്ഞിരപ്പള്ളിയില്‍ വന്നു താമസമാക്കിയ “കോക്കാപ്പള്ളില്‍” (കൊട്ടാരം എന്നും ചിലര്‍ ),വെള്ളാവൂരില്‍വന്നു താമസിച്ച “പുതിയ മണ്ണില്‍” ,(വെള്ളാവൂര്‍ എന്ന പൈതൃക ഗ്രാമം ഈ പുതിയ മണ്ണില്‍ കണകപത്മനാഭപിള്ളയ്ക്ക് തെക്കുംകൂര്‍ രാജാവില്‍ നിന്നും കരമൊഴിവായി കിട്ടിയതാണ് ).ചിറക്കടവില്‍ വന്നു താമസിച്ച “മുളവേലില്‍” എന്നിങ്ങനെ വടക്കോട്ട് പോയവര്‍ നാല് കുടുംബക്കാര്‍. കാഞ്ഞിരപ്പള്ളി കൊക്കാപ്പള്ളില്‍ താമസമാക്കിയവര്‍ ചിറക്കടവിലേക്ക് (കോല്‍ത്താഴം-കോത്താഴം എന്നും ചിലര്‍)മാറിയപ്പോള്‍ “പുന്നാംപറമ്പില്‍” എന്ന പേര്‍ സ്വീകരിച്ചു. (കോവൂര്‍ ,ഇടമന ,തെങ്ങനാ മറ്റം ,മുളവേലില്‍ എന്നിങ്ങനെ നാലുകുടുംബം എന്നൊരു വാദമുണ്ട്) .
പുന്നാം പറമ്പില്‍ കുടുംബസ്ഥാപകന്‍ നീലകണ്‌ഠപ്പിള്ളയുടെ (രണ്ടാം കുടിയിലെ ) ഇളയ മകന്‍റെ ഇളയ മകള്‍ ആണ് ശാന്ത . പീഠികയില്‍ ഭഗവതിയുമായി വന്നവര്‍ താമസമാക്കിയ പുനലൂര്‍ ,അടൂര്‍ ,പൊന്‍കുന്നം ,പാലാ പ്രദേശങ്ങളില്‍ നിരവധി പീടികകള്‍ ഉണ്ടായി .”പീഠിക” അങ്ങനെ “പീടിക” ആയി മാറി പാലാ അങ്ങാടി സ്ഥാപിച്ച “പാലാ”ത്ത് കുടുംബ ത്തിലെ വര്‍ത്തക പ്രമാണിയുടെ വീട്ടുപേര്‍ ഇന്നും “പീടികയില്‍ ” .(അകാലത്തില്‍ അന്തരിച്ച ഡോക്ടര്‍ചിദംബരത്തിന്‍റെ വീട്ടുപേര്‍)
വടക്കോട്ട് പോയവരെ കാണാനാണത്രെ പന്നിവിഴയില്‍ കിഴക്കോട്ടു ദര്‍ശനമായി ഇരുന്ന പീഠികയില്‍ ഭഗവതി ഇപ്പോള്‍ വടക്കോട്ട് തിരിഞ്ഞു ഇരിക്കുന്നു .ഉത്സവത്തിന് കൊടിയേറും മുമ്പ് “വടക്കോട്ട് പോയവരില്‍ ആരെങ്കിലും വന്നുവോ?” എന്ന് വിളിച്ചു ചോദിക്കുന്ന പതിവ് പന്നിവിഴയില്‍ ഇന്നും നിലനില്‍ക്കുന്നു .”വന്നു” എന്ന് ഉള്ള മറുപടി കേട്ട ശേഷം മാത്രം കൊടി ഉയര്‍ത്തുന്നു .
അടുത്ത വാക്യം ഞങ്ങളെ ഇരുവരെയും ഞെട്ടിച്ചു .”നിങ്ങള്‍ ദാനം ചെയ്ത വസ്തു തിരിച്ചു വാങ്ങിയവര്‍ അല്ലേ?” ശാന്തയ്ക്ക് പെട്ടെന്ന് മനസ്സില്‍ കയറിയില്ല .എനിക്ക് മനസ്സില്‍ കയറി
പിതാവ് പുന്നാംപറമ്പില്‍ രാമകൃഷ്ണ പിള്ള അന്തരിയ്ക്കുമ്പോള്‍ താളിയാനില്‍ പുരയിടവും അതില്‍ പിതാവ് നീലകണ്‌ഠപ്പിള്ള പണിയിച്ച “നീലകണ്ടവിലാസം” എന്ന പൈതൃക വീടും ഭാര്യ പലയകുന്നേല്‍ പത്മനാഭ ,പിള്ള മകള്‍ പാര്‍വതി (പാറുക്കുട്ടി)യ്ക്കും നാല് മക്കള്‍ക്കും അവകാശപ്പെട്ടതായിരുന്നു .ശാന്തയും മറ്റു രണ്ടു സഹോദരിമാരും അവരുടെ അവകാശം, പണം വാങ്ങാതെ, സഹോദരന്‍ പ്രസന്നകുമാറിന് ദാനം ചെയ്തു .ആ വസ്തുവാണല്ലോ ഇപ്പോള്‍ നമ്മള്‍ വിലകൊടുത്ത് വാങ്ങിയത് എന്ന് ഞാന്‍ വിശദീകരിച്ചു .
ശാന്തയുടെ മുത്തച്ഛന്‍ നീലകണ്‌ഠപ്പിള്ള “രാജശ്രീ”പദവിയും സ്വര്‍ണ്ണം കെട്ടിയ അംശവടിയും ലഭിച്ച കരപ്രമാണി യായിരുന്നു .കരം ഒഴിവായി ഏറെ രാജദ ത്ത വസ്തുക്കള്‍ കിട്ടിയ .കൊല്ലാനും കൊല്ലിക്കാനും പോലും അധികാരം ഉണ്ടായിരുന്ന, ഒരു തെക്കും കൂര്‍ കീഴാന്‍ അഥവാ കിഴവന്‍ മലബാര്‍ ഭാഷയില്‍ ഭാഷയില്‍ “പട്ടേലര്‍” ആയിരുന്നു ആ കാരണവര്‍ . .ഒരു പക്ഷെ ,അദ്ദേഹം ആദ്യകാലത്ത് കാഞ്ഞിരപ്പള്ളി യില്‍ താമസിച്ചിരുന്ന വീടാവാം അവിടത്തെ “കൊട്ടാരം”.
റാന്നി ,കോട്ടയം ചെങ്ങളം ,തൊടുപുഴ കുടയത്തൂര്‍ എന്നിവിടങ്ങളില്‍ “കൊട്ടാരം”എന്ന പേരില്‍ അറിയപ്പെടുന്ന കുടുംബങ്ങളിലെ കാരണവന്മാര്‍ക്കും “രാജശ്രീ” പദവിയും അംശവടിയും രാജദത്തമായി കിട്ടിയിരുന്നു ഒപ്പം കരമൊഴിവായി രണ്ടായിരത്തില്‍ പരം ഏ ക്കര്‍ ഭൂമിയും എന്നത് എടുത്തു പറയട്ടെ .
ശാന്തയുടെ മാതാവിന്‍റെ മുത്തച്ഛന്‍ ചിറക്കടവിലെ പേരുകേട്ട ആയുര്‍വേദ ചികില്‍സകന്‍,പലയകുന്നേല്‍ വലിയ വൈദ്യന്‍ പത്മനാഭപിള്ളയും .കരമൊഴിവായി കിട്ടിയ വസ്തുക്കള്‍ ഉള്‍പ്പടെ, കാഞ്ഞിരപ്പള്ളി മുതല്‍ കൊരട്ടി ആര്‍ വരെ ആറായിരം ഏക്കര്‍ ഒന്നിച്ചു കിടന്നിരുന്ന ഭൂമിക്കു ഉടമ (ഫാദര്‍ ജോഷ്വാ എര്‍ത്തയില്‍ എഴുതിയ കാഞ്ഞിരപ്പള്ളി എന്ന ദേശ ചരിത്രം പുറം---- കാണുക) ആയിരുന്നു .
..പാല്‍ ചോദിച്ചാല്‍ കറവ പശുവിനെയും
കിടാവിനെയും നല്‍കിയിരുന്ന ദാനശീലന്‍
-------------------------------------------
ഏറെ ഭൂസ്വത്ത് ഉണ്ടായിരുന്ന, പൊന്‍കുന്നം ടൌണില്‍ നിരവധി കെട്ടിട സമുച്ചയങ്ങള്‍ ഉണ്ടായിരുന്ന, കാരണവര്‍ പുന്നാം പറമ്പില്‍ നീലകണ്‌ഠപിള്ളയുടെ സ്മരണ നില നിര്‍ത്താന്‍ പക്ഷെ നാട്ടില്‍ സ്മാരകങ്ങള്‍ ഇല്ല .ആധുനിക പൊന്‍കുന്നത്തിന്‍റെ സൃഷ്ടാവ് ആകേണ്ടിയിരുന്ന അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ അനന്തര തലമുറകള്‍ ഒന്നും ചെയ്തില്ല .അദ്ദേഹം സ്കൂളിനായി പണിയിച്ച കെട്ടിടം നൂറില്‍പ്പരം വര്‍ഷം കാഞ്ഞിരപ്പള്ളി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികള്‍ക്ക് ആസ്ഥാനം ആയിരുന്നു. നാലഞ്ചു കൊല്ലം മുമ്പ്അദ്ദേഹത്തിന്‍റെ അതും പൊളിച്ചു കളഞ്ഞു .ഇപ്പോള്‍ അവിടെ ആധുനിക രീതിയിലുള്ള കോടതി സമുച്ചയം നിലവില്‍ വന്നു .ആനുവേലില്‍ നീലകണ്ടപ്പിള്ള (അപ്പുക്കുട്ടന്‍) ,ബംഗ്ലാവില്‍ ഡോ.കെ.നീലകണ്ടപ്പിള്ള (നെഞ്ചുരോഗ ചികിത്സാവിടഗ്ദന്‍ ഡോ കെ.എന്‍ പിള്ള )എന്നിവര്‍ അന്തരിച്ചതോടെ. കുടുംബത്തില്‍ ആ പേര്‍ ഉള്ളവരും ഇല്ലാതായി .ആകെ ഉള്ളത് കുട്ടുംബ യോഗം ചിറക്കടവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയ “തിരു നീലകണ്ഠന്‍” എന്ന കൊമ്പന്‍ മാത്രം .മദംപൊട്ടുമ്പോഴും കൊമ്പിന് ഭാരം വച്ച് ശത്രക്രിയയ്ക്ക് വിധേയനാകുപോഴും അവന്‍ പത്രവാര്‍ത്തകളില്‍ വരും .ചിറക്കടവ് ക്ഷേത്രത്തിലെ വെള്ളിയില്‍ തീര്‍ത്ത ഋഷഭ വാഹനവും പുന്നാമ്പറമ്പില്‍ കുടുംബ യോഗം നടയ്ക്കു വച്ചതാണ്.
സ്വന്തം അദ്ധ്വാനം കൊണ്ടുണ്ടാക്കിയ പൌണ്ട് കൊണ്ട് പുതുക്കി പണിത “താളിയാനില്‍” ഭവനത്തിനു കുടുബസ്ഥാപകന്‍റെ സ്മരണ നിലനിര്‍ത്താന്‍, അദ്ദേഹത്തിന്‍റെ ഇളയ മകന്‍റെ ,ഇളയ മകളുടെ ഏക മകന്‍, “നീലകണ്‌ഠ നിലയം” എന്ന് പേരിട്ടു .ഇന്ന് ആഗോള തലത്തില്‍ “കേരള പൈതൃക ഭവനം” എന്ന നിലയില്‍ ആ വീട് അറിയപ്പെടുന്നു . പേരക്കുട്ടികള്‍ക്ക് യൂ ,കെയില്‍ കൂട്ടൂകാരുടെ ഇടയില്‍ അറിയപ്പെടാന്‍ ഒരു കാരണം കൂടി ആയി ആ കേരള പൈതൃക ഭവനം. .
അവസാനമായി ജ്യോത്സ്യന്‍ മറ്റൊരു ചോദ്യം കൂടി ചോദിച്ചു .
“നിങ്ങള്‍ കുടുംബ വസ്തു വാങ്ങും മുന്‍പ് അതില്‍ കുറെ ഭാഗം
ഒരു അന്യന്‍ വാങ്ങിയിടുന്നുവോ ? ആ വ്യക്തി ഇപ്പോള്‍ ജീവനോടെ ഉണ്ടോ?”
ആ ചോദ്യവും ഞങളെ അത്ഭുതപ്പെടുത്തി .എരുമേലി ഹെല്‍ത്ത് സെന്ററില്‍ എന്‍റെ കൂടെ ജോലി ചെയ്തിരുന്ന ദാമോദരന്‍ നായര്‍ എന്ന ഹെല്‍ത്ത് ഇന്സ്പെക്ടരുടെ മകന്‍ രഞ്ജിത്ത് എന്ന കെട്ടിട നിര്‍മ്മാണ വിദഗ്ദന്‍ ആ പുരയിടത്തിന്റെ തെക്കുഭാഗം രണ്ടേക്കര്‍ നേരത്തെ വാങ്ങിയിരുന്നു .രഞ്ജിത് അകാലത്തില്‍ മരണമടഞ്ഞിരുന്നു .താമസിയാതെ സ്ഥലം നോക്കി നടത്തിയിരുന്ന പിതാവും.
പുന്നാം പറമ്പില്‍ “രാജശ്രീ “ നീലകണ്ടപ്പിള്ള എന്ന കുടുംബ സ്ഥാപകന്‍ ആദ്യ കുടി (ഭാര്യ) യില്‍ ജനിച്ച മക്കള്‍ക്ക് ആദായം കുറഞ്ഞ ഭൂസ്വത്തുക്കളില്‍ നല്ല പങ്കും നല്‍കിയപ്പോള്‍, രണ്ടാമത്തെ കുടിയില്‍ ജനിച്ച, ഇളയ പുത്രന് വളരെ കുറച്ചു വസ്തുക്കള്‍ മാത്രമാണ് നല്‍കിയത് .പക്ഷെ അവ കണ്ണായ സ്ഥലങ്ങളും നല്ല ആദായമുള്ള സ്ഥലങ്ങളും ആയിരുന്നു. അതിനാല്‍ പണം എപ്പോഴും ഇഷ്ടം പോലെ കൈവശം ഉണ്ടായിരുന്നത് ഇളയ മകനായിരുന്നു .മൂത്ത സഹോദരങ്ങളെയും അവരുടെ മക്കളെയും മിക്കപ്പോഴും സാമ്പത്തികമായി സഹായിച്ചിരുന്നത് “രാമകൃഷ്ണന്‍ കൊച്ചശ്ശന്‍” ആയിരുന്നു. മൂത്ത സഹാരന്റെ രണ്ടു കുടികളിലെ മക്കള്‍ ഭാഗപത്രം നടന്നപ്പോള്‍ ബഹളം വച്ചപ്പോഴും കാറും ആനകളും തട്ടിക്കൊണ്ടുപോയപ്പോഴും മദ്ധ്യസ്ഥം വഹിക്കാന്‍ കൊച്ചശ്ശന്‍ വേണ്ടി വന്നു
കടം വാങ്ങിയ ബന്ധുക്കളില്‍ മിക്കവരും പണം തിരിച്ചു നല്‍കിയില്ല .
അവര്‍ കെട്ടിപ്പൊക്കിയ സൌധങ്ങള്‍ അവരുടെ കൈവിട്ടു പോയി .മൂത്ത ഒരു സഹോദരന്‍ മാത്രം കടം വാങ്ങിയ പണം പലിശ സഹിതം തിരിച്ചു നല്‍കി .അദ്ദേഹത്തിന്‍റെ പുത്രരും പൈത്രരും എല്ലാം നല്ലനിലയില്‍ കഴിയുന്നു.
.കുടുംബത്തിലെ വിവാഹങ്ങള്‍ പലതും കൊച്ചശ്ശന്‍ ആണ് ആലോചിച്ചു നടത്തിയിരുന്നത് .കുടുംബത്തില്‍ അപകടങ്ങള്‍ സംഭവിക്കുമ്പോഴും ,കുഴപ്പങ്ങള്‍ സംഭവിക്കുമ്പോഴും യുവാക്കള്‍ പുറപ്പെട്ടു പോകുമ്പോഴും മറ്റും ആളും അര്‍ത്ഥവും ചെലവാക്കി സ്വന്തം കാറോടിച്ചു അവയ്ക്ക് പരിഹാരം കണ്ടിരുന്നത് രണ്ടാം കുടിയിലെ ഏകജാതന്‍ രാമകൃഷ്ണ പിള്ള ആയിരുന്നു .
.രണ്ടു കുടികളില്‍ ആയി ഏറെ മക്കള്‍ ഉള്ള ഒരു ജ്യേഷ്ടന്‍ മരിച്ചപ്പോള്‍ ഇരുവിഭാഗത്തില്‍ പെട്ട മക്കള്‍ ചേരി തിരിഞ്ഞു പോരാടി ,ചിലര്‍ ആന കാര്‍ എന്നിവ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചു .അവയെല്ലാം നാട്ടിലാദ്യമായി പ്ലഷര്‍ കാര്‍ വാങ്ങിയതും റേഡിയോ വാങ്ങിയതും നെഹ്‌റു കൊച്ചുമക്കള്‍ക്ക് നല്‍കിയ പോലുള്ള മിനി കാര്‍ നാട്ടില്‍ ആദ്യം വാങ്ങിയതും ആനക്കമ്പക്കാരന്‍ കൂടിയായിരുന്ന ഇളയ മകനായിരുന്നു .പിതാവ് മകനു അക്കാലത്തെ അതിസുന്ദരങ്ങളായ രണ്ടു വീടുകള്‍ കണ്ണായ സ്ഥലങ്ങളില്‍ പണിതു കൊടുത്തിരുന്നു കെ.കെ റോഡരുകില്‍ ഉണ്ടായിരുന്ന പൊന്‍കുന്നത്തെ ഏറ്റവും കണ്ണായ സ്ഥലത്തെ “മാടപ്പള്ളി കുന്നി”ല്‍ ഒരെണ്ണം.
അതില്‍ സ്ഥിരമായി ന്യായാധിപന്മാര്‍ താമസിച്ചു പോന്നു . .കെ.വി.എം എസ് റോഡിലെ “താളിയാനില്‍ ഭവനം” എന്ന് മറ്റൊരെണ്ണം .മാടപ്പള്ളി കുന്നിലായിരുന്നു ആദ്യകാല താമസം .അവിടെ സഹായത്തിന് അടുത്ത ബന്ധുക്കള്‍ ഇല്ല എന്ന പേരില്‍ പിന്നീട് ഭാര്യയുടെ കൊച്ചച്ചന്‍ പി.എന്‍ പിള്ളയുടെ കമലാലയം എന്ന വീടിനോടാടുത്ത് താമസമാക്കി .
ടൌണിലെ കണ്ണായ സ്ഥലം കെ.കെ റോഡ് ,പുനലൂര്‍ റോഡ് എന്നിവയ് ക്കിടയില്‍ ഇരുവശത്തും റോഡ് സൌകര്യമുള്ള പ്ലോട്ട്,നെടുമല ആത്മാവ് കവലയിലെ ഇരുപത്തി അഞ്ചു ഏക്കര്‍ തെങ്ങിന്‍ തോപ്പ് ,കുറുംകണ്ണിയില്‍ റബര്‍ തോട്ടം എന്നിവയും രാമകൃഷ്ണപിള്ളയ്ക്ക് കിട്ടി. മഞ്ഞപ്പള്ളി രാമകൃഷണ പിള്ള ,താളിയാനില്‍ രാമകൃഷണ പിള്ള എന്നിങ്ങനെ രണ്ടു രാമകൃഷ്ണ പിള്ള മാര്‍ ഒരു കാലത്ത് പൊന്കുന്നത്ത് തിളങ്ങി നിന്നു .കെ.വി സ്കൂളുകള്‍ കൃഷണ വിലാസം ബാങ്ക് എന്നിവ മഞ്ഞപ്പള്ളി എന്ന പിശുക്കന്‍ തുടങ്ങിയപ്പോള്‍, പഠന കാലത്ത് തന്നെ സ്കൂളില്‍ ചിട്ടി തുടങ്ങിയ പുന്നാം പറമ്പില്‍ രാമകൃഷ്ണ പിള്ള എന്ന ദാനശീലന്‍ (കര്‍ണ്ണന്‍ ,)അതിനൊന്നും തുനിഞ്ഞില്ല എന്ന് സഹപാഠി ആയിരുന്ന മുണ്ടക്കയം ചോറ്റിയിലെ ചന്ദ്രശേഖര പിള്ള സാര്‍ .അദ്ദേഹമാണ് പൊന്‍കുന്നത്തെ രാജേന്ദ്ര മൈതാനത്തിനു ആ പേര്‍ നല്‍കിയത്. .
താളിയാനില്‍ ഭവനത്തിന് എതിരെയുണ്ടായിരുന്ന (ഇപ്പോള്‍ ആര്‍ .ടി ,ഓ ആയിരുന്ന രാജപ്പന്‍ നായര്‍ താമസിക്കുന്ന )സഹോദരന്‍ ബംഗ്ലാവില്‍ ഡോ .കൃഷ്ണപിള്ള വക വീട്ടില്‍ ഒരുകാലത്ത് പി.ടി പുന്നൂസ് ,റോസമ്മ പുന്നൂസ് ദമ്പതികള്‍ വാടകയ്ക്ക് താമസിച്ചിരുന്നു .അവരെയും പാര്‍ട്ടിയെയും പലപ്പോഴും സാമ്പത്തികമായി
രാമകൃഷ്ണ “പിള്ളേച്ചന്‍ സഹായിച്ചു പോന്നു.
ബി.ടി രണദിവെയുടെ കുപ്രസിദ്ധമായ കല്‍ക്കട്ടാ തീസ്സിസ്സിന്റെ (തോക്കിന്‍ കുഴ്ലിലൂടെ അധികാരം )കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ പന്തളം കാരന്‍ എം എന്‍ ഗോവിന്ദന്‍ നായര്‍ ,സഹപ്രവര്‍ത്തകന്‍ തൃശ്ശൂര്‍ കാരന്‍ സി അച്ചുത മേനോന്‍ എന്നിവര്‍ക്ക് ഷെല്‍ട്ടര്‍ എന്ന ഒളി ത്താവളങ്ങള്‍ സംഘടിപ്പിച്ചു കൊടുത്തത് രാമകൃഷ്ണപിള്ളയും മാതൃ സഹോദര പുത്രന്‍ കൈപ്പട്ടൂര്‍ രാഘവന്‍ വല്യച്ചനും ആയിരുന്നു എന്ന് ശാന്ത .പക്ഷെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മന്ത്രിമാരെ കാണാനോ എന്തെങ്കിലും നേട്ടം കൈവാരിക്കാനോ അദ്ദേഹം ശ്രമിച്ചില്ല .എരുമേലി ഹെല്‍ത്ത് സെന്ററിലേയ്ക്ക് സ്ഥലം മാറ്റം കിട്ടിയതിനു പിന്നില്‍ അക്കാലം കേരള പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ ചെയര്‍ പെര്സന്‍ ആയിരുന്ന സഖാവ് റോസമ്മ പുന്നൂസിന്റെ ഒരു ഫോണ്‍ വിളി മാത്രമായിരുന്നു എന്ന് നന്ദി പൂര്‍വ്വം ഓര്‍മ്മിക്കുന്ന
പൊന്‍കുന്നം കണ്ട ഏറ്റവും വലിയ ദാനശീലന്‍ ആയിരുന്നു പുന്നാം പറമ്പിലെ രാമകൃഷ്ണപിള്ള .നവതിയില്‍ എത്താറായ കമലാലയം കമലമ്മ ചേച്ചിയുടെ വാചകം കടമെടുത്താല്‍ “പാല്‍ ചോദിച്ചാല്‍, കറവ പശുവിനെയും ക്ടാവിനെയും കൊടുത്തു വിടുന്ന ദാനശീലന്‍ .ധര്‍മ്മിഷ്ടന്‍” ആനുവേലിലെ അപ്പുകുട്ടന്‍, ബംഗ്ലാവിലെ ബാലന്‍ എന്നിവര്‍ ശാന്തി നികേതന്‍ ആശുപത്രിയ്ക്ക് റോഡരുകില്‍ സ്ഥലം വേണമെന്ന് പറഞ്ഞപ്പോള്‍ ഒട്ടും മടിക്കാതെ ആ പ്രദേശത്തെ ഏറ്റവും ആകര്‍ഷകമായ ആറു ഏക്കര്‍ വസ്തുവും നല്ല വീടും (മാടപ്പള്ളി കുന്നു)വിട്ടു കൊടുത്ത ഔദാര്യവാന്‍ .
പാവപ്പെട്ട നിരവധി കുട്ടികളെ പഠിപ്പിച്ചു .അവരില്‍ ചിലര്‍ ഉന്നത പോലീസ് ഓഫീസര്‍ ആയി .ചിലര്‍ പ്രിന്‍സിപ്പാള്‍ മാര്‍ ആയി .ചിലര്‍ വന്‍ ബിസിനസ് കാര്‍ ആയി .ചിലര്‍ കലാരംഗത്ത് പ്രശസ്തര്‍ ആയി .
അദ്ദേഹം താമസ്സിച്ചിരുന്നതിനു ചുറ്റുമുള്ള “താളിയാനില്‍” ഭാഗം മുഴുവന്‍ രാമകൃഷ്ണപിള്ള സ്വന്തം വരുമാനം കൊണ്ട് പില്‍ക്കാലത്ത് വാങ്ങി.
മക്കള്‍ ഓരോരുത്തരും അടുത്തടുത്ത് താമസിക്കാന്‍ പുന്നന്റെ പറമ്പ് ,തോമാ മാപ്പിളയുടെ പറമ്പ് ,പുല്ലുവേലി (എ ..കെ ആന്റണിയുടെ അമ്മവീട് ))തുടങ്ങിയ പുരയിടങ്ങള്‍ വിലയ്ക്ക് വാങ്ങി കെ.വി എം എസ് ഹോസ്പിറ്റല്‍ റോഡ് തുടങ്ങുന്ന കവല പണ്ടുകാലത്ത് അദ്ദേഹത്തിന്‍റെ ഭവന നാമത്താല്‍ അറിയപ്പെട്ടു (താളിയാനില്‍ കവല).
തൊട്ടടുത്ത് താമസിച്ചിരുന്ന, ഭാര്യയുടെ പിതൃ സഹോദരന്‍ കമലാലയം പി.എന്‍.പിള്ള , കെ.വി.എം എസ് ഹോസ്പിറ്റല്‍ സ്ഥാപിച്ചതോടെ, കവല കെ.വി.എം.എസ് കവല എന്നറിയപ്പെട്ടു .ഇപ്പോള്‍ അയ്യപ്പ ഭക്തര്‍ക്ക്, എരുമേലിയ്ക്കുള്ള എളുപ്പവഴി, ഈ കവലയില്‍ എത്തി മണക്കാട്ട് ദേവി ക്ഷേത്രം വഴി മണ്ണംപ്ലാവ്–വിഴിക്കത്തോട് വഴി പോകുന്നതാണ് .താമസിയാതെ അത് ഹൈവേ ആകും .ചെറുവള്ളി എയര്‍ പോര്‍ട്ട് റോഡും ആയെന്നു വരു.
ം
ശാന്തയുടെ ഏക സഹോദരന്‍ പ്രസന്നകുമാര്‍ മുപ്പത്തി രണ്ടാം വയസ്സില്‍ അകാല മരണ മടഞ്ഞു .പെണ്‍മക്കള്‍ രണ്ടും വിവാഹിതരായതോടെ, കുടുംബ വീട് വില്‍ക്കാന്‍ ആലോചന വന്നു .മുത്തച്ഛന്‍ പണിയിച്ച പഴയ നീലകണ്‌ഠ വിലാസം നഷ്ടമാകുന്നത് ഞങ്ങളുടെ മകന് ഓര്‍ക്കാന്‍ കഴിയുമായിരുന്നില്ല.
കെട്ടിടങ്ങള്‍ പണിയിച്ച വ്യക്തി കണക്കില്‍ വ്യതിയാനം വരുത്തിയതിനാല്‍ വാസ്തു ശാസ്ത്ര പ്രകാരം ആ വീട് വിറ്റ്‌പോകും എന്നൊരു ജ്യോത്സ്യര്‍ 1968 ല്‍ പറഞ്ഞപ്പോള്‍ ഞാനും ശാന്തയും അതൊട്ടും വിശ്വസിച്ചിരുന്നില്ല .എന്നാല്‍ പില്‍ക്കാലത്ത് ഞങ്ങളുടെ മകന്‍ ആ വീട് വില കൊടുത്തു വാങ്ങി സ്വന്തമാക്കി . കുടുംബ സ്ഥാപകനെ സ്മരിയ്ക്കാന്‍ വീട്ടുപേര്‍ താളിയാനില്‍ എന്നത് “നീലകണ്‌ഠ നിലയം” എന്ന് മാറ്റി .നാല് തലമുറകള്‍ ക്കൊപ്പം ജീവിക്കാന്‍ ഭാഗ്യം കിട്ടിയ എന്‍റെ പിതാവും അഞ്ചു വര്‍ഷക്കാലം ആ വീട്ടില്‍ താമസിച്ചു നൂറ്റി മൂന്നാമത്തെ വയസ്സില്‍ അന്തരിച്ചു .ശബരിമലയ്ക്ക് വടക്ക് നിന്ന് വരുന്ന അയ്യപ്പഭക്തര്‍ വീടിനു മുമ്പിലെ പടിപ്പുര കണ്ടു ഏതോ കോവില്‍ എന്ന് കരുതി പലപ്പോഴും നാണയങ്ങളും അപൂര്‍വ്വമായി നോട്ടുകളും പടിപ്പുര വാതിലില്‍ നിക്ഷേപിക്കും .
ഏറ്റവും ഇമ്പം തരുന്ന പദം സ്വന്ത പേര്‍ എന്ന ഡീല്‍ കാര്‍ണഗി വാക്യം ഞാന്‍ അംഗീകരിക്കുന്നില്ല .എന്‍റെ അറുപഴഞ്ചന്‍ പേരിനേക്കാള്‍ എനിക്കിമ്പം തരുന്ന പേര്‍ മറ്റോരു പേര്‍ ആണ് രണ്ടക്ഷരം മാത്രമുള്ള പേര്‍ .ഏറ്റവും കൂടുതല്‍ തവണ ഞാന്‍ ഉച്ചരിച്ച പേര്‍ .
ഒരു ചെറു ക്ലൂ തരാം .
അതാണല്ലോ ഇപ്പോള്‍ പതിവ് .
ആദ്യ അക്ഷരം എന്‍റെ പേരില്‍ ഉണ്ട് ദീര്‍ഘത്തില്‍ ആണെന്ന് മാത്രം .രണ്ടാമത്തെ അക്ഷരം ചിന്ത യില്‍ ഉണ്ട് ചിരിയില്‍ ഇല്ല .സര്‍ജിക്കല്‍ കത്തിയേന്തും കരങ്ങളുടെ പിന്നില്‍ ഉള്ള മാനസിക സംഘര്‍ഷം ഇരുപത്തി നാലും മണിക്കൂറും പേറിയിരുന്ന,കുലം കുത്തി ഒഴുകിയിരുന്ന ജീവിത വെള്ളപ്പാച്ചിലിനിടയില്‍,
ശരത്കാല നിമ്ന പോലെ നിത്യം ശാന്തമായൊ ഴുകാന്‍ സഹായിച്ച, കൂടെ വഴികാട്ടിയായി മുന്നില്‍ നിന്ന ശാന്ത സ്വഭാവിയായ പ്രിയ പ്രേയസിയുടെ പേര്‍ .
അതെ “ശാന്ത” എന്ന പേര്‍ തന്നെ .
.
.
Subscribe to:
Posts (Atom)