മൂന്നു സന്യാസിശ്രേഷ്ടരും
==================
കേരള നവോത്ഥാന നായകരെ കുറിച്ച് പറയുമ്പോള് ആദ്യം പറയപ്പെടുന്ന മൂന്നു പേരുകള് ആണ് ചട്ടമ്പി സ്വാമികള് ,ശ്രീനാരായണ ഗുരു ,അയ്യങ്കാളി എന്നിവര് .ശ്രീനാരായണ ഗുരു എസ്എന്. ഡി. പി എന്ന സമുദായ സംഘടനയുടെ സ്ഥാപകരില് ഒരാള് .അയ്യങ്കാളി സാധു ജനപരിപാലന സംഘം എന്ന മറ്റൊരു സമുദായ സംഘടനയുടെ സ്ഥാപകന് .എന്നാല് ചട്ടമ്പി സ്വാമികള് സമുദായ സംഘടന ഒന്നും സ്ഥാപിച്ചില്ല .പക്ഷെ മന്നത്ത് പദ്മനാഭന് എന്ന നായര് സമുദായ ആചാര്യന് സ്ഥാപിച്ച സമുദായ സംഘടനയുടെ ആത്മീയ ഗുരുവായി ഉയര്ത്തപ്പെട്ടു .ശ്രീ മന്നത്ത് പദ്മനാഭന്റെ സമകാലീനര് ആയി ചട്ടമ്പി സ്വാമികള്ക്ക് പുറമേ മറ്റു ചില സന്യാസിമാര് ഉണ്ടായിരുന്നു .നീലകണ്ട തീര്ത്ഥപാദസ്വാമികള് ,വാഴൂര് തീര്ത്ഥപാദ സ്വാമികള് ,കൊട്ടാരക്കര സദാനന്ദ സ്വാമികള് എന്നിങ്ങനെ.അവര്ക്ക് കിട്ടാതെ പോയ അംഗീകാരം
പക്ഷെ ചട്ടമ്പി സ്വാമികള്ക്ക് സമാധിയ്ക്ക് ശേഷം നല്കപ്പെട്ടു.
കേരള ഭാഷാ ഇന്സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ,ഡോ .എന് ചന്ദ്ര ശേഖരന് നായര് എഴുതിയ” മന്നത്ത് പദ്മനാഭന്” എന്ന ജീവചരിത്ര ഗ്രന്ഥം (നവംബര് 2015) നമുക്കൊന്ന് വായിക്കാം 180 പേജുകള് വരുന്ന ആ ഗ്രന്ഥത്തില് ഒരിടത്ത് പോലും ചട്ടമ്പി സ്വാമികളുടെ പേര് വരുന്നില്ല .ഗ്രന്ഥ കര്ത്താവിനെ നമുക്ക് കുറ്റം പറയാന് സാധിക്കില്ല .മന്നം ജീവിതകാലത്ത് ഒരിക്കല് പോലും ചട്ടമ്പി സ്വാമികളെ കണ്ടിരുന്നില്ല .ചട്ടമ്പി സ്വാമികള് ആകട്ടെ എന് എസ് എസ് സ്ഥാപകന് ,ആചാര്യന് ആയ മന്നത്തിനെ കണ്ടിട്ടില്ല .അദ്ദേഹത്തിന്റെ പ്രിയ കാരണവര് ചവറയിലെ കുമ്പളത്ത് ശങ്കുപിള്ള ആയിരുന്നു
കൊട്ടാരക്കര സധാനന്ദ സ്വാമികളുടെ കാര്യം ഒരിടത്ത് മാത്രം പറയുന്നു .ആയിരൂരിലെ ഹിന്ദുമഹാ സമ്മേളനത്തിന്റെ “അഗ്രാസനത്വം വഹിച്ച” പണ്ഡിതനും വാഗ്മിയും കര്മ്മ യോഗിയും എന്ന നിലയില് മാത്രം (പുറം 14).അഗ്രാസനത്വം പലരും വഹിച്ചു .പക്ഷെ സ്ഥാപകര് രണ്ടുപേര് മാത്രം .വാഴൂര് തീര്ത്ഥപാദ സ്വാമികളും സദാനന്ദ സ്വാമികളും ആണ് സ്ഥാപകര് .വിധ്യാധി രാജ ചട്ടമ്പി സ്വാമികളുടെ പേരില് തെറ്റായി അറിയപ്പെടുന്ന മത സമ്മേളനത്തില് ഒരിക്കല് പോലും ചട്ടമ്പി സ്വാമികള് പങ്കെടുത്തില്ല .കാരണം അദ്ദേഹം പ്രഭാഷകന് ആയിരുന്നില്ല
ഇനി തീരത്ഥപാദ സ്വാമികളെ കുറിച്ച് എഴുതിയത് കാണുക (പുറം 12)
പെരുന്ന കരയോഗമന്ദിരത്തിനു കല്ലിടാന് സമയം കുറിച്ച് കൊടുത്ത ജ്യോത്സര് .അന്ന് (എന്ന് പറഞ്ഞാല് ?സമയം കുറിച്ച് കൊടുത്ത ദിവസം)
ലക്ഷണം നോക്കി സ്വാമി അവര്കള് പറഞ്ഞ അഭിപ്രായം മന്നത്തിന്റെ കുറിപ്പില് നിന്നും ഇപ്രകാരം ഉദ്ധരിക്കാം .”വളരെ ക്ലേശങ്ങളും പ്രതിബന്ധങ്ങളും കാണുന്നുണ്ടെങ്കിലും മന്ദിരം പണി പൂര്ത്തിയാകും. ഇതിന്റെ മൂന്നു വശങ്ങളിലും ഇതിനേക്കാള് എത്രയോ വലിപ്പമുള്ള സഹോദരി സ്ഥാപനങ്ങള് ഉണ്ടാകും “
വാഴൂര് സ്വാമികള് മുഹൂര്ത്തം കുറിച്ച് നല്കുക മാത്രം അല്ല ചെയ്ത്.സ്ഥാനം നിശചയിച്ചു ശരിയായ മുഹൂര്ത്ത ത്തില് കല്ലിടുകയും അന്നേരത്തെ ലക്ഷണം നോക്കി ഫലം പറയുകയും ആണ് ചെയ്തത് (“ഇതിന്റെ” ,”ഇതിനേക്കാള്” എന്നീ പദങ്ങള് ശദ്ധിക്കുക )
വാസ്തവത്തില് വാഴൂര് സ്വാമികള് വെറും ഒരു സമയം നോക്കി ജ്യോല്സര് മാത്രം ആയിരുന്നോ
മന്നത്തിന്റെ ആദ്യകാല സഹായികള് എന്ന തലക്കെട്ടില് അഞ്ചാം അദ്ധ്യായത്തില് എം എന് നായര് ,ടി പി വേലുക്കുട്ടി മേനോന് .എം പി മന്മഥന് എന്നീ മൂന്നു പേരുടെ വിവരങ്ങള് ആണ് ഗ്രന്ഥകര്ത്താവ് നല്കുന്നത് (പുറം 74-81) ഇവിടെ വാഴൂര് തീര് ത്ഥപാദ സ്വാമികളെയും ശിഷ്യ മഹിളാ മന്ദിരം സ്ഥാപക വാഴൂര് നിവേദിത ശ്രീമതി ചിന്നമ്മയെയും ഒഴിവാക്കി .വാസ്തവത്തില് അവര് ഇരുവര്ക്കുമായി ഒരു അദ്ധ്യായം തന്നെ നല്കേണ്ടിയിരുന്നു .കാരണം യഥാര്ത്ഥ നായര് നവോത്ഥാന നായകര് അവര് ഇരുവരും ആയിരുന്നു .ചട്ടംപിസ്വാമികള്ക്ക് കാര്യമായ യാതൊരു പങ്കും വഹിക്കാന് കഴിഞ്ഞില്ല എന്നതാണ് വസ്തുത
1903-ല് തിരുവനന്തപുരം നായര് സമാജം എന്നൊരു സംഘടന സി .കൃഷ്ണപിള്ള സ്ഥാപിച്ചു .രണ്ടുകൊല്ലം കഴിഞ്ഞ് അത് “കേരളീയനായര്” സമാജമാക്കപ്പെട്ടു .പല സ്ഥലങ്ങളിലും ശാഖകള് തുടങ്ങി 1912-ല് കമ്പനി നിയമപ്രകാരം അത് രജിസ്റര് ചെയ്യപ്പെട്ടു .സി.വി.രാമന്പിള്ള,മള്ളൂര് ഗോവിന്ദപിള്ള എന്നിവരെല്ലാം അതില് അംഗങ്ങള് ആയി. അടുത്ത വര്ഷത്തെ പൊതുസമ്മേളനത്തില് വാഴൂര് സ്വാമികള് മുഖ്യപ്രഭാഷകനായിരുന്നു .എല്ലാ നായര് ഉദ്യോഗസ്ഥരും ഒരുമാസത്തെ ശമ്പളം ,എല്ലാ പെന്ഷകാരും ഒരു മാസത്തെ പെന്ഷന്, മറ്റുള്ള ആളുകള് ഒരു മാസത്തെ വരുമാനം സമുദായത്തിന് നല്കി ഒരു ഫണ്ട് ഉണ്ടാക്കണം എന്ന ആശയം സ്വാമികള് നല്കി അതിന്റെ പലിശ കൊണ്ട് തൊഴില്ശാലകള് ഓരോ കരയോഗത്തിന് കീഴിലും ഉണ്ടാക്കണം .തല്സ്ഥാനത്തെ ഉദ്യോഗസ്ഥര് നൂറു രൂപാവീതം എടുത്ത് ഒരു ക്ലബ് രൂപീകരിക്കണം എന്നും സ്വാമികള് ഉല്ബോധിപ്പിച്ചു
ഉപസംഹാരപ്രസംഗത്തില് അദ്ധ്യക്ഷന് സി.കൃഷ്ണപിള്ള പറഞ്ഞത് “ശ്രീ തീര്ത്ഥപാദസ്വാമികള് നമ്മുടെ സമുദായത്തില് ജനിച്ചത് നമുക്ക് ഏറ്റവും അഭിമാനകരമായി തീരും “ എന്നായിരുന്നു (പുറം 483). സമുദായത്തിന് ഒരനുഷ്ടാനക്രമം രൂപീകരിക്കാന് സ്വാമിയെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു.തുടര്ന്നു ആറുമാസക്കാലം സ്വാമികള് തിരുവനന്തപുരത്ത് താമസ്സിച്ച് നിരവധി പ്രഭാഷണങ്ങളും ചര്ച്ചകളും കൂടി ആലോചനകളും നടത്തി നായര് സമുദായത്തെ ഉദ്ധരിക്കാന് പരിപാടികള് ആസൂത്രണം ചെയ്തു .സി.വി.രാമന്പിള്ള ,ഡോ.വി.എസ്.വല്യത്താന് ,ഡോ.മണക്കാട്ട് കൃഷ്ണപിള്ള മുതലായവരുമായി സ്വാമികള് വിശദമായ ചര്ച്ചകള് നടത്തി .”യഥാര്ത്ഥമതം” എന്ന പേരില് കൊ .വ 1088 വൃശ്ചികം 25(ഏ.ഡി 1913ഡിസംബര് )നു നടത്തിയ പ്രഭാഷണം ഏറെ പ്രശംസ പിടിച്ചു പറ്റി.
തുടര്ന്നു സ്വാമികള് “നായര് പുരുഷാര്ത്ഥസാധിനി” എന്നൊരു നായര് സഭ രൂപീകരിക്കാന് വേണ്ട നടപടികള് കൈക്കൊണ്ടു ,കൃസ്ത്യാനികള്ക്ക് ബൈബിള് മുസ്ലിമുകള്ക്കു ഖുറാന് എന്നിവ പോലെ പ്രാമാണികമായ ഹിന്ദുമത ഗ്രന്ഥങ്ങള് വേദം ആയിരിക്കെ അവ പഠിക്കാനുള്ള അവകാശം എല്ലാ ഹിന്ദുക്കള്ക്കും ഒരു പോലെ അക്കാലം വരെ ഉണ്ടായിരുന്നില്ല .സ്ത്രീകള്ക്കും അതിനനുവാദം നല്കിയിരുന്നില്ല .ചാതുര്വര്ന്ന്യം ഗുണകര്മ്മാണൂസാനി ആണെന്നുള്ള നിയമം മാറ്റി ജന്മസിദ്ധമാനെന്ന വ്യവസ്ഥ ബ്രാഹ്മണര് കൊണ്ട് വന്നപ്പോള്, വേദപഠനം ബ്രാഹ്മണ കുത്തകയാക്കി ശൂദ്രര്ക്കും സ്ത്രീകള്ക്കും അത് നിഷേധിച്ചു .അതിനാല് നായര്ക്കു മതപഠനം സാധ്യമായിരുന്നില്ല .വൈദീകമായ സംസ്കാരം, അനുഷ്ടാനം എന്നിവ നായര്ക്കു ലഭ്യമായിരുന്നില്ല (പേജ് 499 ).അവരെ ബ്രാഹ്മണ ശുശ്രൂഷയ്ക്കായി മാറ്റി നിര്ത്തി .സ്വകുടുംബങ്ങളിലെ സ്ത്രീകളെ “സംബന്ധം” എന്ന പേരില് അവര്ക്ക് വിട്ടുകൊടുത്തു .ചുരുക്കത്തില് ബ്രാഹമണപൂജ മാത്രമായിരുന്നു നായരുടെ മതാനുഷ്ടാനം .
പുരോഹിതാധിപത്യം കൊടുകുത്തിവാണ അക്കാലത്ത്, അതിനോടെതിരിടാന് വാഴൂര് സ്വാമികള് തുടങ്ങിയ സഭയാണ് “നായര്പുരുഷാര്ത്ഥസാധിനി”.ബ്രഹ്മസമാജം,ആര്യസമാജം ,ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയവ പ്രവര്ത്തനം തുടങ്ങിയതും ഇതേ ലക്ഷ്യത്തിനു വേണ്ടിയായിരുന്നു .എന്നാല് കേരളത്തില് ഈഴവര് ഒഴിച്ച് മറ്റാരു ഹിന്ദു വിഭാഗവും സംഘടിത ശ്രമം തുടങ്ങിയിരുന്നില്ല .ഈഴവര് ബ്രാഹ്മണര് വേണ്ടാത്ത സ്വന്തം ക്ഷേത്രങ്ങള് ഉണ്ടാക്കാന് തുടങ്ങി .എന്നാല് നായന്മാര് അതിനൊന്നും ശ്രമിച്ചില്ല. പട്ടര്ക്കും പോറ്റിയ്ക്കും ശാപ്പാട് കൊടുത്ത് വഴിപാട് കഴിച്ച് അവര് തൃപ്തിപ്പെട്ടു പോന്നു (പേജ് 502) .നീലകണ്ട തീര്ത്ഥപാദര് ഇക്കാലത്ത് “ആചാര്യപദ്ധതി “എന്നൊരു പുസ്തകമെഴുതി. തുടര്ന്നായിരുന്നു സ്വാമികളുടെ സഭാസ്ഥാപനം .സി.കൃഷ്ണപിള്ള,എന് .രാമന്പിള്ള എന്നിവരുടെ സഹായത്തോടെ സ്വാമികള് സഭയുടെ വിശദമായ നിയമാവലി തയ്യാറാക്കി .(503-506).ഗായത്രി –പ്രണവമന്ത്രങ്ങള് എല്ലാ ദിവസവും ജപിക്കണം എന്ന് ആവശ്യപ്പെടുന്ന നിയമാവലി .നാട്ടില് ക്ഷേത്രം ഉള്ളതുപോലെ വീട്ടില് ഒരു പൂജാമുറി വേണം എന്ന ആശയം സ്വാമികള് മുന്നോട്ടുവച്ചു .സ്ത്രീകള്ക്കും സ്വാമികള് അംഗത്വം നല്കി .അവര്ക്കും വെദാധികാരം ഉണ്ടെന്നു സ്വാമികള് വാദിച്ചു സ്ഥാപിച്ചു.പഴയനിയമത്തെ വലിച്ചെറിഞ്ഞ സ്വാമികള് നായര്ക്കുവേണ്ടി ഒരു “പുതിയ നിയമം”തന്നെ രചിച്ചു പുതിയ ആകാശവും പുതിയ ഭൂമിയും (513) സൃഷ്ടിച്ചു .ഓര്മ്മിക്കുക ചട്ടമ്പി സ്വാമികള് “വേദാധികാരനിരൂപണം” എഴുതിയത് എട്ടുവര്ഷം കഴിഞ്ഞു 1921- ല്,സമാധി ക്ക് മൂന്നു വര്ഷം മുമ്പ് മാത്രം
ബ്രാഹ്മണ പുരോഹിതവര്ഗ്ഗതിന്റെ അടിത്തറ തോണ്ടുന്ന സംരംഭം ആയിരുന്നു വാഴൂര് സ്വാമികളുടെത് .അക്കാലത്തെ (1913) ഏറ്റവും വലിയ വിപ്ലവം .ഉഗ്രന് പീരങ്കി വെടി.എമണ്ടന് വെടി .തുടര്ന്നു ബ്രാഹ്മണരില് നിന്ന് സ്വാമികള്ക്ക് നിരവധി എതിര്പ്പുകള് നേരിടേണ്ടി വന്നു .കൊല്ലം മുതല് കന്യാകുമാരി വരെ സഞ്ചരിച്ച് സ്വാമികള് നിരവധി പേരെ സഭയില് ചേര്ത്തു.വെളിയില് ഒച്ചപ്പാടുണ്ടാക്കാതെ ആയിരുന്നു സ്വാമികളുടെ പ്രവര്ത്തനങ്ങള്. കേരളനായര് സമാജം കാര്യമായ സഹകരണം നല്കിയില്ല .സി.കൃഷ്ണപിള്ള അന്തരിക്കയും പിന്നീടു നേതൃത്വമത്സരം തുടങ്ങുകയും ചെയ്തതായിരുന്നു കാരണം .പിന്നീട് സ്വാമികള് “നായര്” എന്ന പദം ഒഴിവാക്കി വെറും “പുരുഷാര്ത്ഥസാധിനി” എന്നപേരില് സഭയെ സമാധിപര്യന്തം കൊണ്ട് നടന്നു .ഈ സഭ വഴി നായര് സമുദായത്തില് വൈദീകമായ ഈശ്വരാനുഷ്ടാനക്രമം നടപ്പിലാക്കാന് സ്വാമികള്ക്ക് കഴിഞ്ഞു(പേജ് 513).
സഭയില് ചേരുന്ന കാര്യം കാട്ടി സ്വാമികള് മന്നത്തിനയച്ച കത്തിന് മന്നം നല്കിയ മറുപടി “അവിടുന്നു നിശ്ചയിക്കുന്ന ഏതു സംഘത്തിലും ചേരുന്നത്തിനു എന്റെ അനുവാദം വേണ്ട ....സ്വാമിജിയുടെ സംഘത്തില് ഞാന് ചേര്ന്ന് കഴിഞ്ഞു ..”.(28.4.1088 –ലെ മറുപടി .പേജ് 514)
സ്വാമികളും മന്നവും
1910 –ല് സ്വാമികള് പുതുപ്പള്ളിയില് താമസിക്കുമ്പോള് കൈനക്കര കുമാരപിള്ള സ്വാമികളെ ചങ്ങനാശ്ശേരിയിലേക്ക് ക്ഷണിച്ചു .അവര് സമുദായകാര്യങ്ങള് ചര്ച്ചചെയ് രുന്നു .അന്ന് മജിസ്ട്രേട്ട് കോടതിയിലെ വക്കീലായിരുന്ന മന്നത്ത് പത്മനാഭപിള്ള പൊതു രംഗത്ത് പ്രവേശിച്ചിരുന്നില്ല. സ്വാമികളുമായി അവിടെ വച്ചുള്ള പരിചയം മന്നത്തെ സമുദായ പ്രവര്ത്തനങ്ങളിലേക്ക് ആകര്ഷിച്ചു .തുടര്ന്നു പെരുന്നയില് മന്നം നായര് കരയോഗം തുടങ്ങി .അതില് സ്വാമികള് പലതവണ പ്രഭാഷണം നടത്തി. ശ്രീകൃഷ്ണന് അര്ജുനനെ എന്ന പോലെ സ്വാമികള് സമുദായ പ്രവര്ത്തങ്ങളില് മന്നത്തെ ഉപദേശിച്ചു പോന്നു .കരയോഗത്തിലെ അന്തചിദ്രം,ഭാര്യ കല്യാണി അമ്മയുടെ അകാല മരണം ,കാലക്ഷേപമായ വക്കീല് പണിയില് നിന്നുള്ള പിന്മാറ്റം ഇവയാല് കഷ്ടപ്പെട്ടിരുന്ന മന്നത്തിന് ആശ്വാസം നല്കാന് സ്വാമികള് സദാ തയാറായിരുന്നു (പേജ് 520) സ്വാമിജിയെ ചങ്ങനാശ്ശേരിയില് തന്നെ താമസ്സിപ്പിക്കണം എന്നാഗ്രഹിച്ചു മന്നം .അതിനായി മഠം പണിയാന് പിരിവിനിറങ്ങിയ മന്നത്തെ ചേര്ത്തലയിലുള്ള പത്മനാഭന് തമ്പി,ഏറാട്ട് പരമേശ്വരന് പിള്ള എന്നിവര്ക്ക് കത്ത് മുഖേന പരിചയപ്പെടുത്തിയത് സ്വാമികള് ആയിരുന്നു (പേജ് 518).
കൊല്ലവര്ഷം 1088 ( AD 1913)ധനു 12നു പെരുന്ന കരയോഗമന്ദിരം ഉത്ഘാടനം ചെയ്യപ്പെട്ടു .ദിവാന് ബഹദൂര് ഏ.ഗോവിന്ദപ്പിള്ള ആയിരുന്നു ഉല്ഘാടകന് .രണ്ടു സമ്മേളനം
രണ്ടിലും സ്വാമികള് ആദ്യവസാനം പങ്കെടുത്തു മന്നം ആയിരുന്നു കാര്യദര്ശി.സ്വാമികള് അമരക്കാരനായും മന്നം തുഴച്ചില്കാരനായും പ്രവര്ത്തിച്ചതിനാല് എല്ലാം വന്വിജയമായി .1911-15 കാലഘട്ടത്തില് സ്വാമികളും മന്നവും ഇരുമെയ്യും ഒരു മനസ്സുമായി പ്രവര്ത്തിച്ചു.ആധ്യാത്മഭാരതി കെ.ചിന്നമ്മയും അവരോടൊപ്പം ഉണ്ടായിരുന്നു
അവര് നായര് വനിതകളുടെ സര്വതോമുഖമായ വളര്ച്ചയ്ക്കായി പരിശ്രമിച്ചു .മന്നം “സത്” പ്രക്രുതിയും ചിന്നമ്മ “ചിത്” പ്രകൃതിയും താന് “ ആനന്ദ” പ്രകൃതിയും ആണെന്നും ഈ “സച്ചിന്ദാനന്ദപ്രകൃതി” എന്നും നിലനില്ക്കട്ടെ എന്നും സ്വാമികള് ആഗ്രഹിക്കുന്നതായി ഒരു കത്തില് കാണാം (പേജ് 524). 1912-ല് സ്ഥാപിതമായ പെരുന്ന നായര് സമാജത്തെ തുടര്ന്നു ചങ്ങനാശ്ശേരി താലൂക്ക് നായര്സമാജം സ്ഥാപിക്കപ്പെട്ടു .1090-തുലാം (1915) 15-നു നായര് സര്വ്വീസ് സൊസ്സൈറ്റി രൂപീകൃതമായി .അതില് ചങ്ങനാശ്ശേരി പരമേശ്വരന് പിള്ള മുതലായ പ്രമാണിമാര് ചേര്ന്നപ്പോള്, സ്വാമികളും മന്നവുമായി അകന്നു .മതപരമായ കാര്യങ്ങളില് ചങ്ങനാശ്ശേരിയും മറ്റും അശ്രദ്ധാലുക്കള് എന്നായിരുന്നു സ്വാമികളൂടെ കണ്ടെത്തല് .മതത്തെ കേന്ദ്രമാക്കി വേണം സംഘടന വളരാന് എന്ന് സ്വാമികള്.അതിനാല് സ്വാമികള് ക്രമേണ എന്.എസ.എസ്സില് നിന്നും അകന്നു.
ചട്ടമ്പി സ്വാമികളുടെ ഷഷ്ട്യബ്ദി സ്മാരകമായി എഴുമറ്റൂരില് സ്വാമികള് ആശ്രമം സ്ഥാപിച്ചു(1914). ആശ്രമ നടത്തിപ്പിനായി 25-വകുപ്പുകള് ഉള്ള നിയമാവലി എഴുതി തയ്യാറാക്കിയത് സ്വാമികള് .അതില് ആശ്രമാദ്ധ്യക്ഷന് നീലകണ്‌ഠ തീര്ത്ഥ പാദര് എന്ന് എഴുതിവച്ചതും സ്വാമികള് ..ചട്ടമ്പി സ്വാമികള് ,നീലകണ്‌ഠ തീര്ത്ഥപാദര് എന്നിവരെ ആശ്രമപ്രസ്ഥാനം, ഗ്രന്ഥരചന എന്നിവയിലേക്ക് ആനയിച്ചത് സ്വാമികള് ആയിരുന്നു എന്നത് പ്രത്യേകം എടുത്തു പറയണം .(പേജ് 583).ഭാവി ശിഷ്യപരമ്പരകള് ചെയ്യേണ്ട കാര്യങ്ങള് സ്വാമികള് എടുത്തുകാട്ടി .അതുപ്രകാരമാണ് ചട്ടമ്പി സ്വാമികള് “കുലപതി” ആയി അവരോധിക്കപ്പെട്ടത്. സ്വാമികളാല് “തീരത്ഥപാദീയസമാജം” എന്നൊരു സംഘടനയും സ്ഥാപിക്കപ്പെട്ടു . .സ്വാമികള്ക്ക് തന്നെ കുലപതിയായി ഇരിക്കാന് സര്വ്വവിധ യോഗ്യതകളും ഉണ്ടായിരിക്കെ, തന്റെ ഗുരു ആയിരിക്കണം കുലപതി എന്ന് സ്വാമികള് തീരുമാനിച്ചു .സതീര്ത്ഥ്യനെ ആശ്രമ അദ്ധ്യക്ഷന് ആക്കുകയും ചെയ്തു എന്നത് കാണുക .ധനപരമായ കാര്യങ്ങളില് അവര്ക്ക് ബാദ്ധ്യത ഉണ്ടാകാത്ത വിധമായിരുന്നു നിയമാവലി .നീലക്ണ്ടര്ക്ക് ഗ്രന്ഥരചനകള് നല്കി .അങ്ങനെയാണ് ചട്ടമ്പി സ്വാമികളുടെ പേരില് പുസ്തകങ്ങള് ഇറങ്ങിയത് .പ്രചരിപ്പിച്ചത് തീരത്ഥപാദസ്വാമികളും (പേജ് 591). ഈശ്വരപൂജ നടത്താന് ആര്ക്കും അവകാശം ഉണ്ടെന്നു സ്വാമികള് പുസ്തങ്ങള് വഴിയും പ്രചരിപ്പിച്ചു .സന്യാസം സര്വ്വാധികാരം എന്നും അദ്ദേഹം പ്രചരിപ്പിച്ചു . ജാതിബ്രാഹ്മണമതത്തോടുള്ള വെല്ലുവിളി ശരിക്കും ഉയര്ത്തിയത് തീരത്ഥപാദര് എന്ന് ഇതില്നിന്നെല്ലാം മനസ്സിലാക്കാം .(പേജ്599).തുടര്ന്നു സവര്ണ്ണ ഹിന്ദുക്കള് പ്രക്ഷോഭണം തുടങ്ങി.അമ്പലപ്പാട്ടാശാന് ചെന്നിത്തലയില് അമ്പലം അശുദ്ധമാക്കി എന്നെല്ലാം ബ്രാഹ്മണ പുരോഹിതര് ബഹളം ഉണ്ടായി .ദിവാന് അതുപ്രകാരം ഒരു സര്ക്കുലര് ഇറക്കി സ്വാമികള് എതിര്പ്പ് പ്രകടിപ്പിച്ചു നിരവധി സ്ഥലങ്ങളില് പ്രസംഗിച്ചു .ക്രമേണ എതിര്പ്പെല്ലാം കെട്ടടങ്ങി .ദിവാന് പത്തി മടക്കി .സ്വാമികള് വിജയിച്ചു .എഴുമാറ്റൂരില് സ്കൂള്,അഞ്ചല്, റോഡുകള് എന്നിവ സ്ഥാപിക്കാന് സ്വാമികള് കാരണക്കാരനായി. തുടര്ന്ന് ആയിരൂരും ഒരാശ്രമം തുടങ്ങി .പറ്റിയ അദ്ധ്യക്ഷനെ കിട്ടാ ഞ്ഞതിനാല് അത് പിന്നീട് നിന്ന് പോയി
താമസിയാതെ നായര് സമുദായത്തിന് ഒരു മതാചാര്യന് വേണം എന്ന് പലരും ആഗ്രഹിച്ചു .നീലകണ്ട തീര്ത്‌ഥപാദരെ പലരും മനസ്സില്ക ണ്ടു.എന്നാല് തിരുവനന്തപുരം നായന്മാര് അത് സമ്മതിച്ചില്ല .സ്വാമികള്ക്കും അതില് താല്പ്പര്യം ഇല്ലായിരുന്നു .”നാണൂഗുരു സ്വാമി ഈഴവര്ക്ക് വേണ്ടി വേല ചെയ്തെങ്കില്, അതിനെ അറിയുന്നതിനും ആദരിക്കുന്നതിനും അവരുടെ കൂട്ടത്തില് പുരുഷത്വമുള്ള ആണുങ്ങള് വളരെയുണ്ടായിരുന്നു .ഇപ്പോള് ഉണ്ടുതാനും” പരമഹംസര് എഴുതി (പേജ് 663) ചട്ടമ്പി സ്വാമികളെ മതാചാര്യനായി അവരോധിക്കണം എന്ന് നീലകണ്ടര് അഭിപ്രായപ്പെട്ടു .എന്.എസ്.എസിന് ഐകകന്ട്യേന ഒരാചാര്യനെ കണ്ടെത്താന് കഴിഞ്ഞില്ല .പരമഹംസസ്വാമികള് മതബോധനത്തില് മാത്രം പിന്നീട് താല്പ്പര്യം കാട്ടി.
കോട്ടയം ഗൌരി അമ്മക്കേസ്(1919)
മറിയപ്പള്ളി സ്വദേശിയായ ഗൌരിയമ്മ എന്ന ബാലിക പള്ളത്ത് ഒരു കോണ്വന്റ്റ് സ്കൂളില് പടിക്കുന്നകാലം .അവിടെ ഉണ്ടായിരുന്ന ഒരു മദാമ്മ ഇന്സ്പെക്ട്രസ്സ് അവളെ മതം മാറ്റാന് ശ്രമിച്ചു .എതിര്പ്പുണ്ടായപ്പോള്, മദാമ്മ ബാലികയെ കോട്ടയം സി.എം.എസ് കോളെജിനടുത്ത് പ്രിന്സിപ്പാള് ആസ്കിത്ത് സായ്പ്പിന്റെ ബംഗ്ലാവില് കൊണ്ടുപോയി ഒളിപ്പിച്ചു .വിവരമറിഞ്ഞ് രക്ഷിതാക്കള് അവിടെ എത്തി .പാതിരികൂടിയായ പ്രിന്സിപ്പാള് അവളെ വിട്ടുകൊടുത്തില്ല.തുടര്ന്നു ഹിന്ദു-ക്രൈസ്തവ ഏറ്റുമുട്ടല് നടന്നു .കോടതിയില് കേസ് ആയി.പ്രായപൂര്ത്തിയായതിനാല്കു ട്ടിയ്ക്ക് സ്വയം തീരുമാനം എടുക്കാമെന്നായിരുന്നു കോടതി വിധി . ഇടത്തിപ്പറമ്പില് കേശവക്കുറുപ്പ് എന്ന പ്രമാണിയുടെ ഇടപെടലിനാല് ഹിന്ദുക്കള് വിജയിച്ചു .മതം മാറ്റം നടന്നില്ല .
ഹിന്ദു മതത്തെ കുറിച്ചുള്ള അജ്ഞത ആണ് മതം മാറ്റത്തെ കുറിച്ചു ചിന്തിക്കാന് കാരണമെന്ന് ഗൌരിഅമ്മയില് നിന്നറിഞ്ഞ സ്വാമികള് ഹിന്ദു മതത്തെ കുറിച്ചു ബോധവല്ക്കരിക്കാന് പൊതുജനത്തിനു വേണ്ടി പ്രഭാഷണ പരമ്പരകള് തുടങ്ങി .തുടര്ന്നു ഹിന്ദു പണ്ടിതമാരെ ക്ഷണിച്ചു വരുത്തി തിരുനക്കര ക്ഷേത്ര മൈതാനിയില് പ്രഭാഷണ പരമ്പരകള് നടത്തി .ക്രിസ്തു ഒരു മിഥ്യ എഴുതിയ ടാഗൂര്ക്കാഹന് ച്ന്ദ്രവര്മ്മാജി തുടങ്ങി നിരവധി പണ്ഡിതന്മാര് കോട്ടയത്തെത്തി.മതം മാറിയ ഒട്ടേറെപ്പേര് തിരികെ ഹിന്ദുമതം സ്വീകരിച്ചു വീട്ടിലേക്കു മടങ്ങി .
1921-ല്സ്വാമികള് ആദ്ധ്യാത്മിക മിഷന് തുടങ്ങി .ചട്ടമ്പിസ്വാമികള് “മിഷന്” എന്ന പേരിനെ എതിര്ത്തു.സ്വാമികള് വക വച്ചില്ല .ചങ്ങനാശ്ശേരി താലൂക്കിലെ പതിനാലു പകുതികളിലും അന്പതില് പരം കരകളിലും സ്വാമികള് പൊതുയോഗങ്ങള് നടത്തി ഹിന്ദുക്കളെ ബോധവല്ക്കരിച്ചു മതം മാറ്റം തടഞ്ഞു .മിക്കയിടത്തും സൂര്യവാരപാ൦ശാല തുടങ്ങി. തിരുനക്കര ആല്ത്തറയില് എല്ലാ ഞായരാഴ്ചയിലും മതപ്രസംഗം നടത്തി .
സി.എം.എസ് കോളേജിലെ നിര്ബന്ദ്ധിത
ബൈബിള് പഠനം
-------------------------------------------
അക്കാലത്ത് സി.എം.എസ് കോളേജില് ഹിന്ദു കുട്ടികളും ബൈബിള് പഠിക്കണം എന്ന പരിഷ്കാരം വന്നു .ഹിന്ദൂ മതത്തെയും അവതാരപുരുഷന്മാരെയും ആ ക്ലാസ്സുകളില് കളിയാക്കിയിരുന്നു .കുട്ടികള് പരാതിയുമായി പ്രിന്സിപ്പലിനെ കണ്ടു .പ്രയോജനം ഉണ്ടായില്ല .അവര് സ്വാമിജി നടത്തിയിരുന്ന ഗീതാ ക്ലാസ്സുകളില് പങ്കെടുത്ത് പ്രതിക്ഷേധിച്ചു.പത്രങ്ങളില് വാര്ത്തകള് വന്നു ബൈബിള് പഠനം നടത്താന് സര്വ്വകലാശാല അംഗീകാരം നല്കിയിരുന്നില്ല .അധ്യാത്മിക മിഷന് പ്രവര്ത്തനഫലമായി ഹിന്ദു കുട്ടികളെ ഒഴിവാക്കാന് കോളെജിനു സമ്മതിക്കേണ്ടി വന്നു .തുടര്ന്നു സ്വാമികളെ കോട്ടയം കാര് ഒരു ഹിന്ദു അപ്പസ്തോലനായി കണക്കാക്കി വന്നു .1933 ല് ചങ്ങനാശ്ശേരി ആനന്ദാ ശ്രമത്തിലെ ശ്രീനാരായണ തീരത്ഥസ്വാമികുമൊത്തു മിശ്രഭോജനപരിപാടികള് നടപ്പിലാക്കി .മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാന് വിവാഹമാഹാസഭ രൂപവല്ക്കരിച്ചു .ജാതിവൈഷ്യമ്യം ഒഴിവാക്കുക ആയിരുന്നു ലക്‌ഷ്യം .വിവാഹത്തിനുമുമ്പ് യുവാക്കള്ക്ക് ബോധവല്ക്കരണ ക്ലാസ്സുകള് നടത്താനും ശ്രമിച്ചു .എന്നാല് അവ വിജയം കണ്ടില്ല .പുന്നക്കുളം ശ്രീനീലകണ്ടതീര്ഥപാദസ്വാമികളുടെ സമാധിയിലുള്ള ശിവക്ഷേത്രത്തില് എല്ലാ ഹിന്ദൂ ക്കള്ക്കും സ്വാമിജി പ്രവേശനം അനുവദിച്ചു .തുടര്ന്നാണ് കുമ്പളത്ത് ശങ്കുപ്പിള്ള കരുനാഗപ്പള്ളിയിലെ മിക്ക ക്ഷേത്രങ്ങളിലും ഹരിജനങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയത് .ക്ഷേത്രപ്രവേശാന്വേഷണകമ്മറ്റി മുമ്പാകെ അതനുവദിക്കണം എന്ന് ആവശ്യപ്പെടാന് നിരവധി പ്രമുഖരെ സ്വാമികള് പ്രേരിപ്പിച്ചു .ക്ഷേത്രങ്ങളില് മതസംസ്കാരപ്രസ്ഥാനം
തുടങ്ങണമെന്ന സ്വാമികളുടെ ആവശ്യം എടുത്തു പറയേണ്ട ഒന്നത്രേ .സവര്ണ്ണ വര്ഗ്ഗത്തില്പെട്ട മറ്റൊരു ആചാര്യനും സ്വാമികളെ പോലെ ക്ഷേത്രപ്രവേശന ത്തിനു വേണ്ടി വാധിചിട്ടില്ല (പേജ് 950)
പത്തനംതിട്ട പുല്ലാട്ട് തെങ്ങിന് തോട്ടത്തില് കൃഷ്ണന് നായര് (1911) ആയിരുന്നു സ്വാമികളുടെ പ്രഥമ ശിഷ്യന് .1935-ല് ശിഷ്യനായതോടെ അദ്ദേഹം ശ്രീവിദ്യാനന്ദ തീര്ത്ഥപാദസ്വാമികള് ആയി. അതേവര്ഷം കോട്ടയത്ത് വച്ച് സമസ്തകേരള നായര്സമ്മേളനം നടത്തപ്പെട്ടു .അതില് വായിക്കാന് സ്വാമികള് എഴുതി നല്കിയ പ്രസംഗഭാഗം കാണുക
മറ്റുമതക്കാര് അവരില് ഒരാള് ആകുവാന് നമുക്ക് അവസരം നല്കുന്നു .നമ്മുടെ മതത്തില് ചേരാന് മറ്റുള്ളവര്ക്കും നാം അവസരം നല്കണം .സമുദായനാമത്തില് ഇനി അധികകാലം പിടിച്ചു നില്ക്കാനാവില്ല .വര്ഗ്ഗീയ നാമം മതനാമത്തില് ലയിപ്പിക്കണം .ഹിന്ദുക്കള് മുഴുവന്,ഹരിജനം ഉള്പ്പടെ, ഒരു വര്ഗ്ഗം ആകണം .ഹരിജനങ്ങള്ക്ക് അഭയം നല്കണം .അവര്ക്കായി സര്ക്കാരില് നിന്ന് സ്ഥലം പതിച്ചു വാങ്ങി കോളനികള് നിര്മ്മിച്ചു കൊടുക്കണം .അത്തരം സ്ഥലങ്ങള്, സ്വാമിയാര് മഠം വക സ്ഥലങ്ങള് പോലെ, ഹരിജനങ്ങള്ക്ക് പാട്ടത്തിനു കൊടുക്കണം.
1936-ല് ചെറുവള്ളിയില് ആയുര്വേദാചാര്യ പണ്ഡിറ്റ് സി.രാമകൃഷ്ണന്നായര് വൈദ്യന്റെ വസതിയില് വച്ച് സ്വാമികള് സമാധിയായി .
അമരക്കാരന് ആചാര്യന്
തീര്ത്ഥപാദര് അര്ഹിച്ച ബഹുമതികളും സ്ഥാനങ്ങളും മന്നത്തിനും ചട്ടമ്പിസ്വാമികള്ക്കായി അവരുടെ ആരാധകര് വീതം വച്ചുനല്കി.ഒരു സര്വ്വസംഗപരിത്യാഗിയായ സന്യാസിവര്യന് മാത്രമായിരുന്നു ചട്ടമ്പിസ്വാമികള് .സമുദായപരിഷ്കര്ത്താവോ സംഘാടകനോ നവോത്ഥാന നായകനോ പ്രഭാഷകനോ ഒന്നുമായിരുന്നില്ല അദ്ദേഹം . എന്നാല് ശിഷ്യന് അതെല്ലാം ആയിരുന്നു .വലിയ ഒരു വിപ്ലവകാരിയും .ചുരുക്കത്തില് യഥാര്ത്ഥനായര് നവോത്ഥാന നായകന് തീര്ത്ഥപാദര് തന്നെ .ആദ്യനായര് സമുദായസംഘാടകനും .മന്നം അദ്ദേഹത്തിന്റെ പിന്ഗാമി മാത്രം .തീര്ത്ഥപാദര് എന്ന അമരക്കാരന്റെ പിന്നില് ഇരുന്ന ഒരു തുഴച്ചില്ക്കാരന് മാത്രം
തീര്ത്ഥപാദസ്വാമികളുടെ സംഭാവനകള്
----------------------------------------------------------------
വൈക്കം സി.കെ നാരായണപിള്ളയെ(പിന്നീട് ദയാനന്ദസ്വാമികള് )
കൊണ്ട് ചിറക്കടവിലും ചെറുവള്ളിയിലും ഓരോ സ്കൂള്
തൊടുപുഴ സി.കെ നാരായണപിള്ള (പിന്നീടു സ്വാമി നാരായണന് ) യെകൊണ്ട് ആനിക്കാട് മുക്കാലിയില് സ്കൂള്
നിരവധി സമ്മേളനങ്ങള് സംഘടിപ്പിച്ചുള്ള ബോധവല്ക്കരണ പ്രഭാഷണ പരമ്പരകള്
പന്തളത്തും അടൂരും ആശ്രമങ്ങള്
അടൂരില് സംസ്കൃത സ്കൂള്
അനാഥബാല മന്ദിരം (1930)
ശ്രീമതി കെ.ചിന്നമ്മയെ കൊണ്ട് പെന്ള്ളിക്കൂടം
പില്ക്കാലത്ത് മഹിളാമന്ദീരം (തിരുവനന്തപുരത്ത്)
ഓരോ കരയിലും (നായര്)പുരുഷ-സ്ത്രീ സമാജങ്ങള്
ആശ്രമങ്ങള് -വാഴൂര്,അയിരൂര് എഴുമറ്റൂര്
മഠത്തില് രാമപണിക്കര് വഴി കൊടുങ്ങൂരില് ആണ്- പെണ് പള്ളിക്കൂടങ്ങള്
ബ്രാഹ്മണസംബന്ധം ഒഴിവാക്കല്
കേരളീയ നായര് സമാജ പ്രവര്ത്തനം
“നായര് പുരുഷാര്ത്ഥസാധിനി” പ്രവര്ത്തനം-1910
(മന്നത്തിന് മുമ്പ് )
പുസ്തകരചനകള്
മതപരിവര്ത്തനിത്തെതിരെ ഉള്ള പ്രവര്ത്തനം
പെരുന്ന “മാരണത്ത് കാവ് വെട്ടി വെളുപ്പിച്ച് പെരുന്ന കരയോഗകെട്ടിടം
ചാകോമ്പതാലിലെ “മങ്ങാട്ട് കാവ്” വെട്ടി കൃഷി പ്രോത്സാഹനം .
പച്ചക്കറി കിഴങ്ങ് കൃഷി പ്രോത്സാഹനം
ചീട്ടുകളി ,ചതുരംഗം എന്നിവയെ ഒഴിവാക്കാന് യുവാക്കളെ പ്രേരിപ്പിക്കല്
ഗ്രാമീണ റോഡ് നിര്മ്മാണം
ഹരിജനങ്ങള്ക്ക് ക്ഷേത്രം തുറന്നു കൊടുക്കല്
അനാചാര നിര്മാര്ജനം (താലികെട്ട് കല്യാണം ,
പുളികുടി അടിയന്തിരം,പതിനാറടിയന്തിരം എന്നിവയുടെ ധൂര്ത്ത്
തടയല് )
ഉപരിപഠനത്തിനു സാമ്പത്തിക സഹായം
പോസ്റ്റ് ഓഫീസ് സ്ഥാപനം
സര്ക്കാര് ആയുര്വേദ വൈദ്യശാല സ്ഥാപനം
ഇംഗ്ലീഷ് ഡിസ്പെന്സറികള് സ്ഥാപിക്കല്
പ്രൈമറി-മിഡില്-ഹൈസ്കൂളുകള് (പില്ക്കാലത്ത് അത് വാഴൂര് കോളേജ്)
ഭജനമഠം സ്ഥാപനം
അധിക വായനയ്ക്ക്
----------------------------------
1.തീര്ത്ഥപാദസ്വാമികള് -രണ്ടു ഭാഗം –ശ്രീ വിധ്യാനന്ദ തീരത്ഥപാദ സ്വാമികള് & പണ്ഡിറ്റ് സി.രാമകൃഷ്ണന് തീരത്ഥപാദാ ശ്രമം വാഴൂര് 1980
2.കേരള നവോതഥാനം -പി.ഗോവിന്ദപിള്ള –ചിന്ത 2009
3.ആരാണീ മനോ ന്മണീയം സുന്ദരന് പിള്ള –ഡോ എം .ജി ശശിഭൂഷന് -പി.എസ് നടരാജപിള്ള മെമ്മോറിയല് സ്കൂള് ശതാബ്ദി സോവനീര് 2008
4.ചട്ടമ്പി സ്വാമികള് പ്രൊഫ .സി.ശശിധരക്കുരുപ്പ് ,കറന്റ് 2015
5.പരമഭട്ടാരശ്രീ ചട്ടമ്പി സ്വാമികള് പറവൂര് കെ. ഗോപാലപിള്ള ,കറന്റ് 2010
6.പി.എസ് നടരാജപിള്ള (ജീവചരിത്രം –മനോന്മണീ യം സുന്ദരന് പിള്ള )പി.സുബ്ബയ്യാപിള്ള –കേരള സാംസ്കാരിക വകുപ്പ് -1991
7.കാനം ശങ്കര പ്പിള്ള ,യഥാര്ത്ഥ നായര് നവോത്ഥാന നായകര് ,കമല ദളം ,2018 നവംബര് തുടങ്ങി ആറു ലക്കങ്ങള്